യേശുദേവന്‍ ജനിച്ചത് ഏതു നൂറ്റാണ്ടിലായാലും അദ്ദേഹം മുഴുവന്‍ നൂറ്റാണ്ടുകളുടെയും നാഥനായി നിലകൊള്ളുന്നു. ജൂതനായി ജനിച്ചവനായാലും എല്ലാ വംശക്കാര്‍ക്കും രക്ഷകനാകുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്നവനായാലും മുഴുവന്‍ രാഷ്ട്രങ്ങളിലെ ജനങ്ങളും യേശുദേവന്റെ അപദാനങ്ങള്‍ ഏറ്റുപാടുന്നു. മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാവുകള്‍ മാത്രം പരിചയമുള്ള മലയാളികള്‍ക്ക് ചുട്ടുപൊള്ളുന്ന വേനലിലും ക്രിസ്മസ് ആഘോഷിക്കുന്ന ജനവിഭാഗങ്ങള്‍ കൗതുകം തന്നെയാണ്. ക്രിസ്മസ് എന്താണെന്നുപോലുമറിയാതെ ക്രിസ്മസ്ട്രീ ഒരുക്കുന്ന ചൈനയിലെ ജോലിക്കാര്‍ വേറിട്ടൊരു കാഴ്ച തന്നെ. ലോകരാഷ്ട്രങ്ങള്‍ നമുക്കായൊരുക്കിയ അത്തരം ക്രിസ്മസ് വിശേഷങ്ങളിലേക്ക്

xmasഏതു മരത്തെയും ക്രിസ്മസ് ട്രീയാക്കുന്ന അര്‍ജന്റീനക്കാര്‍

മലയാളികളെപ്പോലെത്തന്നെ അര്‍ജന്റീനക്കാരും ആഹ്ലാദാരവങ്ങളോടെ ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങുന്നവരാണ്. നവംബര്‍ മാസത്തില്‍ തന്നെ ഇവിടെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നു.

അതിമനോഹരമായും വര്‍ണശബളമായും വീടുകള്‍ അലങ്കരിക്കുന്നതില്‍ ഇവര്‍ ഏറെ ശ്രദ്ധിക്കുന്നു. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള തോരണങ്ങള്‍കൊണ്ട് വീടിന്റെ വാതിലുകള്‍ അലങ്കരിക്കുന്നു. ഡിസംബര്‍ 8-ാംതീയതി തന്നെ ക്രിസ്മസ് ട്രീ അലങ്കരിച്ചുവെക്കുന്നു. മഞ്ഞുതുള്ളികളാണോയെന്നു തോന്നിക്കുന്ന തരത്തില്‍ വെളുത്ത പഞ്ഞികള്‍ കൊണ്ടു നിര്‍മിച്ച ബോളുകള്‍ ക്രിസ്മസ് ട്രീയില്‍ തൂക്കിയിടുന്ന പതിവ് ഇവര്‍ക്കുണ്ട്. ഏതുമരത്തിലും ഇവര്‍ ക്രിസ്മസ്ട്രീ ഒരുക്കും.

ക്രിസ്മസ് കാര്‍ഡുകള്‍ കൈമാറുന്ന രീതി അര്‍ജന്റീനയില്‍ വളരെ അപൂര്‍വമാണ്. ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ഇവര്‍ കാര്‍ഡുകള്‍ നല്‍കാറുള്ളൂ.

ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരമാണ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങള്‍ നടക്കുന്നത്. ക്രിസ്താനികള്‍ പള്ളിയില്‍ കുര്‍ബാന സ്വീകരിക്കുന്നു. വിഭവസമൃദ്ധമായ ഭക്ഷണവും ഇവര്‍ ഒരുക്കുന്നു. റോസ്റ്റഡ് ടര്‍ക്കി, റോസ്റ്റഡ് പോര്‍ക്ക്, സാലഡ്, ക്രിസ്മസ് ബ്രഡ്, പുഡ്ഡിംഗ് എന്നിങ്ങനെ നാവില്‍ വെള്ളമൂറുന്ന വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടാവും അര്‍ജന്റീനക്കാരുടെ ലിസ്റ്റില്‍.

christmas 2015

christmas 2015വേനലവധിക്കാലത്തെ ക്രിസ്മസ്

വേനലവധിയുടെ തുടക്കത്തില്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നവരാണ് ആസ്‌ട്രേലിയയിലെ കുട്ടികള്‍. ഡിസംബര്‍ മാസത്തിലെ രണ്ടാംവാരം മുതല്‍ ഫിബ്രവരി ആദ്യവാരം വരെയുള്ള ചൂടുകാലത്താണ് ഇവരുടെ ക്രിസ്മസ് ആഘോഷങ്ങള്‍.

ആസ്‌ട്രേലിയക്കാര്‍ വീടുകളുടെ മുന്‍വാതിലുകളില്‍ പുഷ്പചക്രങ്ങള്‍ വെച്ചുപിടിപ്പിക്കുന്നു. ക്രിസ്മസ്ട്രീയും വിവിധ വര്‍ണ്ണങ്ങളിലുള്ള ലൈറ്റുകളും ഇവര്‍ വീടുകളിലും ഉദ്യാനങ്ങളിലും ഒരുക്കി നിര്‍ത്തുന്നു. ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരം കരോള്‍ ഗാനങ്ങളാലപിക്കുന്ന രീതിയും ഇവിടെയുണ്ട്.

ചെറിയ പച്ച ഇലകളും ക്രീം നിറത്തിലുള്ള പൂക്കളുമുണ്ടാകുന്ന ക്രിസ്മസ് ബുഷ് എന്ന ഒരു പ്രത്യേകതരം ചെടി ഉപയോഗിച്ച് ഇവര്‍ വീടുകള്‍ അലങ്കരിക്കുന്നു. വേനല്‍ക്കാലത്ത് ഈ ചെടിയുടെ പൂക്കള്‍ ഒരാഴ്ചയിലേറെക്കാലം തിളങ്ങുന്ന ചുവപ്പുനിറമായി മാറും. മെഴുകുതിരി വെളിച്ചത്തില്‍ അണി നിരക്കുന്ന കരോള്‍ സംഘങ്ങളും പരേഡുകളും ഇവരുടെ ആഘോഷത്തിന്റെ ഭാഗമാണ്.

ആസ്‌ട്രേലിയക്കാരുടെ ക്രിസ്മസ് വിഭവങ്ങളില്‍ കടല്‍മത്സ്യങ്ങള്‍ക്കാണ് പ്രാധാന്യം. ഉച്ചയൂണിനുള്ള വിഭവങ്ങളില്‍ ചെമ്മീനും ഞണ്ടുമൊക്കെ ഉപയോഗിച്ചു തയ്യാറാക്കുന്ന ബാര്‍ബിക്യൂ ഒഴിച്ചുകൂടാനാവാത്തതാണ്.

christmas 2015പ്രണയം തുളുമ്പുന്ന ക്രിസ്മസ് ദിനം

ജപ്പാന്‍കാര്‍ക്ക് ക്രിസ്മസ് മതപരമായ ഒരാഘോഷമേയല്ല. പരസ്പരം സന്തോഷവും സാഹോദര്യവും പങ്കുവെയ്ക്കുന്ന ദിനമാണ് ഇവര്‍ക്ക് ക്രിസ്മസ്. ദമ്പതികള്‍ പരസ്പരം സ്‌നേഹം പങ്കുവെയ്ക്കുന്ന ഈ ദിനം നമ്മുടെ വാലന്റൈന്‍സ് ദിനത്തെ അനുസ്മരിപ്പിക്കുന്നു. ഒരു തീന്‍മേശയിലിരുന്ന് ദമ്പതികള്‍ക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ ഹോട്ടലുകളില്‍ നേരത്തെ തന്നെ ബുക്ക് ചെയ്യേണ്ടി വരും.

christmas 2015ഹോട്ടലുകളില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന കാലമാണ് ജപ്പാന്‍കാരുടെ ക്രിസ്മസ്‌കാലം. പൊരിച്ച കോഴിയാണ് പ്രധാനവിഭവം. പരമ്പരാഗതമായ ക്രിസ്മസ് വിഭവം കേക്ക് തന്നെയാണ്. സ്‌ട്രോബറിപ്പഴങ്ങളും ക്രീമും കൊണ്ട് തയ്യാറാക്കിയ രുചികരമായ ക്രിസ്മസ് കേക്കാണ് വിഭവങ്ങളില്‍ പ്രധാന ആകര്‍ഷണം.

ജപ്പാനില്‍ ക്രിസ്മസ് അവധി ദിനമല്ല.സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം സാധാരണപോലെ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് ഇവിടുത്തെ പ്രത്യേകത. 

christmas 2015ഒരുശതമാനം മാത്രം ക്രിസ്ത്യാനികളുള്ള ചൈന

ചൈനയില്‍ ക്രിസ്മസിനെക്കുറിച്ച് വളരെ ചുരുക്കം പേര്‍ക്കുമാത്രമേ അറിവുള്ളൂ. പ്രധാനപ്പെട്ട പട്ടണങ്ങളില്‍ മാത്രമേ ക്രിസ്മസ് ആഘോഷങ്ങള്‍ പതിവുള്ളൂ. ക്രിസ്മസ് ട്രീ, അലങ്കാരവിളക്കുകള്‍, മറ്റുള്ള തോരണങ്ങള്‍ എന്നിവയെല്ലാം തെരുവുകളില്‍ നമുക്ക് കാണാം.

ചൈനയിലെ ക്രിസ്മസ് ട്രീ പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കടലാസ് മാലകള്‍, കടലാസ് പുഷ്പങ്ങള്‍ കടലാസ് വിളക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് ക്രിസ്മസ്ട്രീ അലങ്കരിക്കുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പതിവില്ല.

ചൈനയിലെ ഏറ്റവും വിചിത്രമായ സംഗതി അവിടെ പ്ലാസ്റ്റിക് ക്രിസ്മസ് മരങ്ങളും തോരണങ്ങളും നിര്‍മിക്കുന്നവര്‍ക്ക് അതൊക്കെ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന ധാരണയില്ലെന്നതാണ്.

ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരങ്ങളില്‍ വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ ആപ്പിളുകള്‍ പരസ്പരം കൈമാറുന്ന സമ്പ്രദായം ചൈനയിലുണ്ട്. ചൈനയിലെ ക്രിസ്മസ് രാവികള്‍ക്ക് ശാന്തമായ രാത്രി എന്നാണര്‍ത്ഥം. ഇതേ അര്‍ത്ഥം തന്നെയാണ് ആപ്പിള്‍ എന്ന പദത്തിനും. പാതിരാക്കുര്‍ബാന കൈക്കൊള്ളാന്‍ പോകുന്ന ക്രിസ്ത്യാനികള്‍ ചൈനയിലുമുണ്ട്.

christmas 2015ബ്രസീലുകാരുടെ അമിഗോ സീക്രെട്ടോ

ബ്രസീലുകാരുടെ ക്രിസ്മസ് ആചാരങ്ങളില്‍ മിക്കതും പോര്‍ട്ടുഗലില്‍ നിന്ന് സ്വന്തമാക്കിയിട്ടുള്ളതാണ്. ഇവരുടെ ക്രിസ്മസ് വിനോദങ്ങള്‍ ഏറെ പ്രശസ്തമാണ്. കുഞ്ഞു ജീസസിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയും ആട്ടിടയനുമൊക്കെയടങ്ങുന്ന നാടകരൂപത്തിലുള്ള കലാരൂപം ഇവരുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകുന്നു.

christmas 2015

ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങള്‍ നല്‍കുന്ന രീതി ബ്രസീലുകാരുടെ രസകരമായ വിനോദങ്ങളിലൊന്നാണ് അമിഗോ സീക്രെട്ടോ എന്നാണ് ഈ സീക്രട്ട് ഫ്രണ്ടിന്റെ പേര്. ഡിസംബര്‍ മാസം മുഴുവന്‍ അപെലിഡോസ് എന്ന പേരില്‍ തന്റെ സുഹൃത്തിന് സമ്മാനങ്ങള്‍ കൈമാറാം. ക്രിസ്മസ് ദിനത്തില്‍ മാത്രമാണ് സമ്മാനപ്പൊതികളുമായി കാണാമറയത്ത് ഒളിച്ചിരുന്ന ആ സുഹൃത്ത് ആരായിരുന്നുവെന്നത് വെളിപ്പെടുത്തുന്നത്.

ബ്രസീലില്‍ ജോലി ചെയ്യുന്നവര്‍ക്ക് 13-ാം ശമ്പളം വര്‍ഷാവസാനം നല്‍കുന്നുണ്ട്. ഡിസംബര്‍ മാസത്തില്‍ സാധാരണ ലഭിക്കുന്ന ശമ്പളത്തിനുപുറമെ ഒരു മാസത്തെ അധിക വേതനം കൂടി നല്‍കുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാനാണ് ഈ അധിക ശമ്പളം. പോര്‍ക്ക്, ടര്‍ക്കി, സാലഡ്, ഉണങ്ങിയ പഴങ്ങള്‍ എന്നിവയടങ്ങിയതാണ് ബ്രസീലുകാരുടെ ക്രിസ്മസ് വിഭവങ്ങള്‍. ഐസ്‌ക്രീം കൊണ്ടുള്ള രുചികരമായ ക്രിസ്മസ് ഡെസേര്‍ട്ടുകളും ഒഴിച്ചുകൂടാനാവാത്തതാണ്.