ഡിസംബര്‍ സമ്മാനങ്ങളുടെ കാലമാണ്. ക്രിസ്മസും പുതുവത്സരവും അടുത്തടുത്ത് വരുമ്പോള്‍ പുതുവസ്ത്രമായും ആശംസാകാര്‍ഡായും മറ്റു വസ്തുക്കളായും പ്രിയപ്പെട്ടവരുടെ അടുത്തെത്തുന്നത് പണ്ടുമുതലേയുളള ആചാരങ്ങളാണ്. ചില ശീലങ്ങള്‍ നല്ലതാണെന്നു പറയുന്ന പോലെ പ്രിയപ്പെട്ടതെന്തെങ്കിലും കൊടുക്കുന്നവനും വാങ്ങുന്നവനും സന്തോഷമാണ്. പൂവിന്റെ ഒരു ഇതളായാല്‍ പോലും അതിനൊരു മനോഹാരിതയുണ്ട്. കാലം മാറിയപ്പോള്‍ നേരിട്ടു കൊടുക്കാന്‍ ആര്‍ക്കും നേരമില്ല. പോസ്‌റ്റോഫീസും പാര്‍സല്‍ സര്‍വീസ് കമ്പനികളും ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളും ഈ റോളുകളേറ്റെടുത്തു.

പരിചയമുളളവരുടെ സമ്മാനം മനോഹരമെങ്കില്‍ ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത ഒരാള്‍ സമ്മാനമായി ഒരു പുസ്തകം അയച്ചാലോ! ഫെയ്‌സ്ബുക്കില്‍ ഇപ്പോഴത്തെ ട്രന്റ് അതാണ്. ഗിഫ്റ്റ് എ ബുക്ക് എന്നു പേരിട്ടിട്ടുളള ഈ കളി വളരെ രസകരമായ ഒന്നാണ്. ഒരാള്‍ക്ക് ഒരു പുസ്തകമയച്ചാല്‍ ആറു പുസ്തകമെങ്കിലും തിരികെ കിട്ടുമെന്നതാണ് പ്രത്യേകത. 

സുഹൃത്തുക്കളാരെങ്കിലും ഇതിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് കമന്റിലൂടെ അറിയിക്കാം. വിവരങ്ങള്‍ അയാള്‍ ഇന്‍ബോക്‌സില്‍ മെയില്‍ ചെയ്തു തരും. സംഭവം ഇത്രെയുളളൂ, നിങ്ങള്‍ക്ക് അയാള്‍ ഒരു വിലാസം തരും. നിങ്ങള്‍ ആ വിലാസക്കാരന് ഒരാഴ്ചയ്ക്കുളളില്‍ പുസ്തകമയയ്ക്കണം. എന്നിട്ട് സുഹൃത്തിന്റെ പോസ്റ്റ് നിങ്ങള്‍ നിങ്ങളുടെ ടൈംലൈനിലേക്ക് പകര്‍ത്തണം. നിങ്ങളുടെ കൂട്ടുകാരാരെങ്കിലും താത്പര്യമുണ്ടെന്നു പറയുകയാണെങ്കില്‍ അയാള്‍ക്ക് നിങ്ങള്‍ കോപ്പി ചെയ്ത സ്റ്റാറ്റസിന്റെ ഉടമയുടെ വിലാസം കൊടുക്കണം. പിന്നീട് ഈ കൂട്ടുകാര്‍ അവരുടെ ടൈംലൈനില്‍ ഇതേ മട്ടില്‍ ഷെയര്‍ ചെയ്ത് ആരെങ്കിലും താത്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ വിലാസം കൊടുക്കണം. 

പലരും ഇതിനെ മണിചെയിന്‍ പോലെയുണ്ടെന്നൊക്കെ കളിയാക്കി. പക്ഷെ പുസ്തക കൈമാറ്റമാണ്, നല്ല കാര്യമാണെന്ന് പങ്കെടുക്കുന്നവര്‍ പറയുന്നു. ലോകത്തിന്റെ ഏതോ കോണില്‍ നിന്ന് നിങ്ങള്‍ക്കായി പുസ്തകം തിരഞ്ഞെടുത്ത് അയയ്ക്കുന്നു. തിരിച്ചും അങ്ങനെ തന്നെ. പുസ്തകത്തിന്റെ വിലയോ തൂക്കമോ ഇവിടെ പ്രശ്‌നമല്ല. 

എഫ് ബിയില്‍ ഇപ്പോഴെ തുടങ്ങിയിട്ടുളളൂവെങ്കിലും ഓര്‍ക്കുട്ടിലും ഗൂഗിള്‍ പ്ലസിലും വര്‍ഷങ്ങളായി ഇത്തരം സമ്മാനപദ്ധതികളുണ്ട്. പുസ്തകങ്ങള്‍ മാത്രമെ നല്‍കാറുളളൂവെന്ന നിബന്ധനയില്ലെന്നു മാത്രം. സ്‌കൂളിലെയും കോളേജിലെയും ക്രിസ്മസ് ഫ്രണ്ട് എന്ന ഗെയിമിനെപ്പോലെയുളള ഒന്നാണ് ഗൂഗിള്‍ പ്ലസിലെ 'പ്ലസിന്റെ സ്വന്തം സാന്തക്ലോസ്'. ഇതൊരു കൂട്ടായ്മയാണ്. അംഗങ്ങളാകുന്ന ഓരോരുത്തര്‍ക്കും ക്രിസ്മസിനു സമ്മാനം കിട്ടും. അയയ്ക്കുന്നവര്‍ കൂട്ടായ്മയിലെ അജ്ഞാതനായ ഒരു അംഗമാണ്.

അപരിചിതം ഈ സമ്മാനവഴികള്‍

2013ലാണ് 'പ്ലസിന്റെ സ്വന്തം സാന്തക്ലോസ്' എന്ന കൂട്ടായ്മ രൂപം കൊണ്ടത്. 2005-2006 കാലഘട്ടത്തിലെ ബ്ലോഗര്‍മാരും ഗൂഗിള്‍ ബസ്സിലേക്കും പിന്നീട് പ്ലസിലേക്കു ചേക്കേറിയവരുമാണ് ഇതിലെ തുടക്കക്കാര്‍. പ്ലസ് മീറ്റുകളും മറ്റുമായി ഇവര്‍ കൂടുതല്‍ പരിചയപ്പെട്ടു. കോഴിക്കോട് ഐഐഎമ്മിലെ ഗവേഷണവിദ്യാര്‍ഥി ശാശ്വത് സുരേഷാണ് കോളേജിലെ ക്രിസ്മസ് സാന്ത എന്ന ഗെയിമിനെക്കുറിച്ചു ഇവരോടു പറഞ്ഞത്.

അന്നു കൂട്ടായ്മയിലുളള നൂറു പേരുടെയും വിലാസങ്ങള്‍ ശേഖരിച്ചു. ഇവരില്‍ നിന്ന് സാന്തയേയും ക്രിസ്മസ് ബഡ്ഡിയേയും തിരഞ്ഞെടുത്തു. സമ്മാനം അയയ്ക്കുന്നയാള്‍ സാന്തയും ലഭിക്കുന്നയാള്‍ ബഡ്ഡിയുമാണ്. സാന്ത ആരെന്നറിയരുതെന്നതിനാല്‍ അംഗങ്ങള്‍ പ്രധാനമായും ഓണ്‍ലൈന്‍ വഴിയാണ് അയയ്ക്കുന്നത്. ഈ വര്‍ഷവും ഇരുന്നൂറിലധികം പേരാണ് സാന്തയേ കാത്ത് പേരു രജിസ്റ്റര്‍ ചെയ്തത്. അനിമേഷ് സേവ്യര്‍, രവീഷ് രവീന്ദ്രനാഥ്, നിവാസ് ബാബു, ഹാഫീസ് ഹാഷിം, രഹന ഖാലിദ് തുടങ്ങിയ മലയാളികളും സമ്മാനപ്പൊതി യഥാസമയം ബഡ്ഡികള്‍ക്കെത്തിക്കാനായി യത്‌നിക്കുന്നു.

അപരിചിതരുടെ സമ്മാനങ്ങള്‍ക്കായുളള കാത്തിരിപ്പിലെ തമാശയും വ്യത്യസ്തത ഇഷ്ടപ്പെടാനുളള മനസ്സുമാണ് ഇത്തരത്തിലുളള ഗെയിമുകള്‍ക്കു വേണ്ടത്. സമ്മാനപ്പൊതി കിട്ടാന്‍ ആഗ്രഹിക്കാത്ത ആരുമില്ല. കുട്ടിക്കാലത്ത് വീട്ടുകാരോ വിരുന്നുകാരോ കൊണ്ടു വരുന്ന കവറുകള്‍ അതിയായ സന്തോഷത്തോടെ വാങ്ങുന്ന ആ നിഷ്‌കളങ്കത ഒരു കാലത്തും മനുഷ്യനെ വിട്ടു പോകില്ല. അല്ലാതെ വളരെ ഗൗരവമായി ഇതൊക്കെ തട്ടിപ്പാണെന്നു മാത്രം പറയുന്നവരോട് മറുപടി നല്‍കാതെ അടുത്ത സമ്മാനത്തിനായി കാത്തിരിക്കുകയാണ് ഇത്തരം കൂട്ടായ്മകളിലെ കൂട്ടുകാര്‍.