തിരക്കുകളെല്ലാമൊഴിഞ്ഞ് അച്ഛന്‍ വീട്ടില്‍ കാണപ്പെട്ട കുറേ ദിവസങ്ങളുണ്ട്. വായനയും വര്‍ത്തമാനങ്ങളും പിന്നെ ആദ്യമായ് അസ്ഹറുദീനും ജഡേജയും സച്ചിനും സിദ്ധുവുമെല്ലാം ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞ കാലം. സാധാരണ  അച്ഛന്റെ വല്ലപ്പോഴുമുളള അവധി ദിനം തന്നെ അനുജനും എനിക്കും സ്‌കൂള്‍ ഉള്ള ദിവസമായിരിക്കും. വൈകുന്നേരം ഓടിയെത്തിയാല്‍ മിക്കപ്പോഴും നാട്ടിലെ സര്‍വീസ് സഹ ബാങ്ക്, കലാസമിതി തുടങ്ങിയ എന്തെങ്കിലും കാര്യങ്ങളില്‍ അച്ഛന്‍ ഇറങ്ങിയിട്ടുണ്ടാവും. 

പക്ഷേ ഇടക്ക് തിരക്കുകളില്ലാതെ അച്ഛന്‍ വീട്ടില്‍ തന്നെയിരുന്നു. കിക്കറ്റ് സംസാരിക്കുക പോലുമില്ലാത്ത അച്ഛന്‍ ന്യൂസിലന്‍ഡ് ഇന്ത്യ ഏകദിന പരമ്പര മുഴുവന്‍ കണ്ടു. ആദ്യമായി അച്ഛന്റെ കൂടെയിരുന്ന് കളി കാണാന്‍ പഠിച്ചു. ലെഗ് ബിഫോര്‍ വിക്കറ്റിന്റെയും റണ്‍ സ്റ്റാറ്റിറ്റിക്‌സിന്റെയും കഥയൊക്കെ അച്ഛന്‍ വിവരിച്ചു. 

ജഡേജയും സച്ചിനും ഗ്രൗണ്ടില്‍ തകര്‍ക്കുമ്പോള്‍ ഞങ്ങള്‍ പഴയ വീട്ടിലെ  ഇടനാഴിയില്‍ ആവേശം കൊണ്ടു.
പുസ്തകങ്ങള്‍ അടുക്കിപ്പെറുക്കി. നോട്ടുബുക്കില്‍ സ്ഥിതിവിവരക്കണക്കുണ്ടാക്കി. പറമ്പില്‍ നടന്നു. അച്ഛമ്മക്കും അമ്മക്കുമൊപ്പം കയ്പ പന്തലുണ്ടാക്കിയും ചേമ്പിന് തടമിട്ടും മഴയത്ത് കുളിച്ചും നടന്നു.

ചിത്രഗീതവും സീരിയലും ചിത്രഹാറും സുരഭിയും കണ്ടു.എന്താ അച്ഛന്‍ പത്രത്തില്‍ പോവാത്തതെന്ന് ചോദിച്ചില്ല.അച്ഛനെയിങ്ങനെ കൂടെ കിട്ടുന്നതിന്റെ സുഖത്തിലായിരുന്നു.പിന്നീടാണ് ആത്മസംഘര്‍ഷങ്ങളുടെ നാളുകളാണ് അച്ഛന്‍ അന്ന് ചിരി നിറച്ച് തള്ളിനീക്കിയതെന്ന് അറിഞ്ഞത്.നിലപാടിന്റെ പേരില്‍ അഭിപ്രായ ഭിന്നതയുടെ പേരില്‍ രണ്ടുപതിറ്റാണ്ടിനപ്പുറം കൈയ് മെയ് മറന്ന് ജീവിതം മറന്ന് പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന നാളുകളായിരുന്നു അത്. പക്ഷേ ഞങ്ങള്‍ക്കത് നിധി പോലത്തെ അപൂര്‍വ്വമായി കിട്ടിയ അച്ഛന്‍ ദിനങ്ങളായിരുന്നു. ഇന്ന് അച്ഛന്റെ ഓര്‍മ്മ നാള്‍

Content Highlights: Writer Nidheesh Nadery remembers his father