കായിക കേരളത്തിന്റെ വിലപിടിപ്പുള്ള താരമാണ് എന്നും ഒളിമ്പ്യന്‍ പി. ടി. ഉഷ. തന്റെ കായികലോകത്തേക്കുള്ള വളര്‍ച്ചയില്‍ ഒപ്പം നിന്ന കൈപിടിച്ചു നടത്തിയ അച്ഛന്‍ ഇ.പി.എം. പൈതലിനെ പറ്റി മനസ്സു തുറക്കുകയാണ് പി. ടി. ഉഷ

കുട്ടിക്കാലത്ത് ഞാന്‍ മത്സരങ്ങളിലൊക്കെ പങ്കെടുക്കുമ്പോള്‍ അച്ഛന് വലിയ പേടിയായിരുന്നു. ഓടുമ്പോള്‍ വീണ് എന്റെ കൈയോ കാലോ ഒടിയുമോയെന്ന ഭയം. അക്കാര്യം എപ്പോഴും പറയുമായിരുന്നു. പിന്നീട് ഞാന്‍ സബ്ജില്ലാ മത്സരങ്ങളിലൊക്കെ പങ്കെടുക്കാന്‍ തുടങ്ങിയതോടെ അച്ഛന്‍ പരിശീലനത്തിന് മുന്നിട്ടിറങ്ങിത്തുടങ്ങി. 

അതിരാവിലെ വിളിച്ചുണര്‍ത്തി എന്നെയും അനിയത്തി പുഷ്പയെയും കൂട്ടി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോവും. പെരുമാള്‍പുരം ഹൈസ്‌കൂള്‍ മൈതാനം. ഒരുവശത്ത് സ്‌കൂള്‍. മറുവശത്ത് കശുമാവിന്‍തോട്ടം. നന്നേരാവിലെയാണ് ഓട്ടം. നായ്ക്കളുടെ ശല്യം ഉണ്ട്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അച്ഛന്‍ കൈയില്‍ ഒരു വടി കരുതും. അനിയത്തിക്കും ഒരു വടി കൊടുക്കും. അച്ഛനും അനിയത്തിയും വടികളുമായി നായ്ക്കളെ ആട്ടിയോടിക്കും. എനിക്ക് കാവലിരിക്കും. 

അന്നൊക്കെ വീട്ടില്‍ പശുക്കളുണ്ട്. എല്ലാദിവസവും നല്ലയളവില്‍ പാല്‍ കുടിക്കാറുണ്ടായിരുന്നു ഞാന്‍. സ്പോര്‍ട് സ്‌കൂളില്‍ ചേര്‍ന്നതോടെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടിവന്നു. അന്ന് അച്ഛന്‍ എന്റെ കൈയില്‍ നല്ല വലിപ്പമുള്ള ഒരു ഉരുണ്ട ഗ്ലാസ് തന്നു. അത് നിറയെ പാല്‍ എല്ലാ ദിവസവും കുടിക്കണമെന്നും പറഞ്ഞു. ആ ഗ്ലാസ് ഇപ്പോഴും എന്റെ പക്കലുണ്ട്. അച്ഛനിപ്പോള്‍ ഈ ലോകത്തില്ല. എങ്കിലും അച്ഛന്‍ തന്ന കരുതല്‍ എന്നും കൂടെയുണ്ട്.

Content Highlights: P. T. Usha remembering her father Fathers day 2021