സുകുമാരനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് മകനും നടനുമായ ഇന്ദ്രജിത്ത്. അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിക്കാന്‍ കഴിഞ്ഞേനെയെന്ന് ഇന്ദ്രജിത്ത് പറയുന്നു. 

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താന്‍ അച്ഛനും അമ്മയ്ക്കും അനിയന്‍ പൃഥ്വിരാജിനുമൊപ്പം കുഞ്ഞുനാളില്‍ പോയ ഒരു യാത്ര ഇപ്പോഴും മനസ്സിലുണ്ടെന്ന് പറയുന്നു ഇന്ദ്രജിത്ത്. മലയാളികള്‍ വില്ലനായും നായകനായും സഹനടനായും വെള്ളിത്തിരയില്‍ കണ്ട് ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്ത സുകുമാരന്റെ വ്യത്യസ്തമായ ഒരു മുഖം പരിചയപ്പെടുത്തുകയാണ് ഇന്ദ്രജിത്ത്. 

'അച്ഛന്‍ മരിച്ചത് ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. എന്നെ സംബന്ധിച്ച് എന്ത് സംശയം തീർക്കാനും അച്ഛന്‍ ഉണ്ടായിരുന്നു. എന്തും തുറന്ന് പറയാവുന്ന ആളായിരുന്നു അച്ഛന്‍. നല്ല വിവരമുള്ള ഒരാള്‍. അച്ഛന്റെ പുസ്തകശേഖരം ഞങ്ങളുടെ വീട്ടിലെ മൂന്ന് മുറികള്‍ നിറയെ ഉണ്ടായിരുന്നു. ഒരുപാട് വായിക്കുമായിരുന്നു. എന്ത് വിഷയത്തെക്കുറിച്ചും നന്നായി സംസാരിക്കാനുള്ള ഒരു അറിവ് ഉണ്ടായിരുന്നു. കുഞ്ഞുങ്ങളായിരുന്ന ഞങ്ങള്‍ക്ക് അത് മനസ്സിലാക്കി തരാനുള്ള കഴിവും ഉണ്ടായിരുന്നു. അതേസമയം തന്നെ ഞങ്ങള്‍ക്കൊപ്പം കളിക്കാന്‍ കൂടും.

വളരെ ലളിത ജീവിതം നയിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഒരു അംബാസിഡർ കാറിലായിരുന്നു അന്ന് യാത്ര. ഹവായി ചപ്പല്‍ മാത്രമേ ഇടാറുള്ളൂ. ഞങ്ങള്‍ ചോദിക്കാറുണ്ട് അച്ഛനോട് ചെരുപ്പ് മാറ്റിക്കൂടേ എന്ന്. അപ്പോള്‍ പറയും, ഹാ ഇതു മതിയെടാ... നാളെ നീ വാങ്ങിച്ചിട്ടോ... അച്ഛന്‍ ആ സമയത്ത് അങ്ങനെ ജീവിച്ചത് കൊണ്ടാകാം അച്ഛന്‍ മരണശേഷവും എനിക്കും അമ്മയ്ക്കും പൃഥ്വിക്കും വലിയ അല്ലലില്ലാതെ ജീവിക്കാനായത്. അച്ഛന്റെ നാട് മലപ്പുറത്തെ എടപ്പാളിലാണ്. അച്ഛന്റെ അച്ഛന്‍ പോസ്റ്റ്മാസ്റ്ററായിരുന്നു. ഇടത്തരം കുടുംബത്തില്‍ നിന്നാണ് വന്നത്. അച്ഛന്‍ പഠിച്ച് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി സിനിമയില്‍ വന്ന് പിന്നെ എല്‍.എല്‍.ബി എടുത്തു. കുറേ പഠിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എല്ലാ അര്‍ഥത്തിലും ഒരു നല്ല മനുഷ്യന്‍, ഒരു നല്ല അച്ഛന്‍.'-ഇന്ദ്രജിത്ത് പറഞ്ഞു.

Content Highlights: Indrajith Sukumaran about father Sukumaran Father's day 2021