ച്ഛന്റെ പിറന്നാളാണ്. അറുപത്തിയഞ്ച് വയസ്സായി, താടിയും മീശയും മുക്കാലും നരച്ചു. ഓര്‍മ്മയില്‍ മുഴുവന്‍ അച്ഛന് കഷണ്ടിയുണ്ട്,വല്ലാതെ നരച്ചിട്ടില്ല.പണ്ടേ മെലിഞ്ഞിട്ടാണ്,ഇപ്പോ വീണ്ടും നേര്‍ത്തു.എന്തെങ്കിലും വിശേഷങ്ങള്‍ക്ക്,(അതും വളരെ അപൂര്‍വ്വമാണ്)പോവാന്‍ ഒരുങ്ങുമ്പോ മാത്രം മീശ പിരിച്ചുവയ്ക്കും,ആ  ഒറ്റനിമിഷം കൊണ്ട് ഞാന്‍ വീണ്ടും അച്ഛന്റെ ഫാന്‍ഗേള്‍ ആവും. ഒരുക്കം എന്നുപറയാനൊന്നുമില്ല, ഷര്‍ട്ടും ഡബിള്‍ മുണ്ടും കഞ്ഞിമുക്കി തേയ്ക്കും ചെരിപ്പ് കഴുകി ഉണക്കും തീര്‍ന്നു എല്ലാക്കാലത്തേയും ഒരുക്കം. മിനിമലിസം ഞാന്‍ പകര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട അച്ഛന്റെ ഗുണമാണ്. ഒരുസമയം ഒറ്റ ജോഡി ഷര്‍ട്ടും മുണ്ടും മാത്രമേ കാണൂ,വേറെ ഉണ്ടെങ്കിലും തയ്പ്പിക്കുകയോ തൊടുകയോ ചെയ്യില്ല,ഇപ്പോഴും കഴിഞ്ഞവര്‍ഷം വാങ്ങിക്കൊടുത്ത തുണികള്‍ അലമാരയില്‍ കാണും. അച്ഛനെ ഓര്‍മ്മിപ്പിക്കുന്ന എന്തുണ്ട് എന്നൊന്ന് ഓര്‍ത്തുനോക്കിയതാണ്. റബ്ബര്‍ത്തോട്ടങ്ങളാണ് ഓര്‍മ്മപ്പെരുംകൂട്ടം ആദ്യം മുന്നിലിട്ടുതന്നത്.

ടാപ്പിംഗ് തൊഴിലാളിയായിരുന്നു അച്ഛന്‍ നീണ്ടകാലം. പുലര്‍ച്ചെ നാലുമണിക്ക് വയറിലും തൂക്കുപാത്രത്തിലും നിറയെ കട്ടഞ്ചായയും മടിക്കുത്തില്‍ ബീഡിയും നെറ്റിയില്‍ കെട്ടിയ ഹെഡ്‌ലാമ്പുമായി പണിക്ക് പോവുന്ന അച്ഛന്‍ ഉച്ചയോടെ തിരിച്ചെത്തും.വൃത്തിയാക്കലാണ് പിന്നെ.  ഒതുക്കിലിരുന്ന് ദേഹത്തെ ഒട്ടുപാല് കളയുന്ന പണി മണിക്കൂറുകള്‍ നീളും, ദേഹം മുഴുവന്‍ സമൃദ്ധമായുള്ള ചുരുണ്ട രോമങ്ങളില്‍ പറ്റിയ റബ്ബര്‍പാല്‍ പറിച്ചെടുക്കുമ്പോള്‍ അച്ഛന്‍ മുഖം ചുളിക്കും,ചുണ്ടില്‍ കൈകളുടെ പിന്തുണയില്ലാതെ തന്നെ ബീഡി നിന്നെരിയും. എന്നത്തേയും പോലെ ഞാന്‍ അടുത്തിരിക്കും, വിയര്‍പ്പും ബീഡിപ്പുകയും റബ്ബര്‍പ്പാലും കലര്‍ന്ന അച്ഛന്‍മണം എന്നെവന്ന് തൊടും.ഒപ്പം അച്ഛന്റെ കരുത്തുള്ള, കനമുള്ള ശബ്ദവും വരും, അച്ഛന്റെ കുട്ടി ഇതൊക്കെ കൊണ്ടുവയ്ക്ക്, ടാപ്പിംഗ് കത്തി നോക്കി എടുക്കേ,മൂര്‍ച്ചയുണ്ട് കയ്യ് മുറിയ്ക്കരുത് എന്നൊക്കെ കൂട്ടത്തില്‍ പറയും. (ആ  ശബ്ദം തേടി തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ വരും,പ്രിയ ജനാധിപത്യ വിശ്വാസികളേ എന്ന് അച്ഛന്റെ തെളിഞ്ഞ ശബ്ദം മൈക്കിലൂടെ കേള്‍ക്കുമ്പോള്‍, കേട്ടോ എന്റെ അച്ഛനാണ് എന്ന് കൂട്ടുകാരികളെ കേള്‍പ്പിച്ച് ഞാന്‍ അഭിമാനത്തോടെ തലയുയര്‍ത്തും. ഒച്ചയടച്ച് ഇരട്ടിമധുരം ചവച്ച് അച്ഛന്‍ പാതിരയ്ക്ക് കേറിവരുമ്പോള്‍,ഒരു നാട് നന്നാക്കല് എന്ന് അമ്മ പിറുപിറുക്കും)

ഇടയ്ക്ക് തോട്ടത്തിലേക്ക് ഞാനും അമ്മയും കൂടെപ്പോവും,പാലൂറ്റാനും ഷീറ്റടിക്കാനും സഹായിക്കാന്‍.ഒരു മരത്തില്‍ നിന്ന് അടുത്ത മരത്തിലേക്ക് അച്ഛന്‍ മിന്നല്‍ പോലെ പറന്നെത്തുന്നത് ഞാന്‍ വിസ്മയത്തോടെ നോക്കിനില്‍ക്കും.അല്പമൊന്ന് കുനിഞ്ഞ് ശ്രദ്ധയോടെ മരത്തില്‍ വരയിടുന്നത്, ഒറ്റകൈ കൊണ്ട് ഉണങ്ങിയ ഒട്ടുപാല്‍ താളത്തോടെ വലിച്ചെടുത്ത് അരയില്‍ കെട്ടിയ കുട്ടയിലിടുന്നത്,പെരുവിരലുപയോഗിച്ച് ചിരട്ടയിലെ പാല്‍ വൃത്തിയായി വടിച്ചെടുക്കുന്നത് ഒക്കെ പിന്നാലെ നടന്ന് കാണും. അച്ഛനെന്താ ഈ പണി തന്നെ പഠിക്കാന്‍ കാര്യം?ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് പണികഴിഞ്ഞു വന്നാലും ദിവസം ബാക്കിയല്ലേ മോളേ,സംഘടനാപ്രവര്‍ത്തനം ആവാം,വെറുതെ അങ്ങാടിയില്‍ പോവാം,നാലാളെ കാണാം.അത്രയൊക്കെ പോരേ എന്ന് മറുചോദ്യം വന്നു. അത്രയൊക്കെ മതിയല്ലേ എന്ന് ഞാനും അച്ഛനോട് ചേര്‍ന്നുനിന്നു.

പത്ത് നാല്‍പ്പത്തിയഞ്ച് വയസ്സായതോടെ കാഴ്ച്ച കുറഞ്ഞു,ടാപ്പിങ് ചെയ്യാന്‍ വയ്യാതായി.ആ കാലത്താണ് അച്ഛനെ നിരാശനായി കണ്ടത്.അത് അച്ഛന്‍ പ്രതീക്ഷിച്ചിരുന്നില്ല.എന്നെങ്കിലും ഒരിക്കല്‍ ആ മരങ്ങളെ തൊടാതെ,പാല്‍ മണം  ശ്വസിക്കാതെ കഴിയേണ്ടി വരുമെന്ന്.എന്നിട്ടും പ്ലാസ്റ്റിക്  ഇടാറായില്ലേ,ഇപ്പൊ എത്ര ഷീറ്റുണ്ട് എന്നൊക്കെ ഏതെങ്കിലും ടാപ്പിംഗ് തൊഴിലാളിയെ കാണുമ്പോള്‍ താത്പര്യത്തോടെ തിരക്കി.എനിക്കുറപ്പുണ്ട്,ടാപ്പിംഗ് കത്തി തിരിച്ചേല്‍പ്പിച്ച ദിവസം അച്ഛന്റെ കണ്ണ് നനഞ്ഞിരിക്കും.
റബ്ബര്‍ തോട്ടങ്ങള്‍ എന്നെ അച്ഛനെ ഓര്‍മ്മിപ്പിക്കുന്നു, ആ ഇലപ്പടര്‍പ്പ് എന്റെ അച്ഛനെ വെയിലേല്‍ക്കാതെ കാത്തു എന്നോര്‍ക്കുമ്പോള്‍, മരങ്ങള്‍ക്കിടയില്‍ അച്ഛന്‍ ചെലവിട്ട അധ്വാനത്തിന്റെ ദിനങ്ങള്‍ ഓര്‍ക്കുമ്പോള്‍, ക്രമത്തില്‍ വളരുന്ന ആ കാടിനോട് അച്ഛന്റെ കുട്ടിക്ക് പിന്നെയും സ്‌നേഹം തോന്നും.പിറന്നാള്‍ ആശംസിക്കാന്‍ വിളിക്കാന്‍ പേടിയാണ്,വല്ലാതെ കളിയാക്കില്ലേ എന്നെ,ഓ,പിറന്നാള്‍ എന്ന് പുച്ഛിച്ചു കളയില്ലേ.... ഈ കുറിപ്പ് അച്ഛന്‍ കാണില്ലല്ലോ എന്ന ധൈര്യത്തിലാണ് എഴുതുന്നത്.
അച്ഛന് അച്ഛന്റെ കുട്ടിയുടെ പിറന്നാള്‍ ഉമ്മകള്‍...?? ആരൊക്കെ ഉണ്ടെങ്കിലും ഇപ്പോഴും എനിക്ക് ഈ  ലോകത്ത് ഏറ്റവും ഇഷ്ടം അച്ഛനെയാണ്.അച്ഛന് അതറിയില്ല,അറിയുകയും വേണ്ട.

Content Highlights: Father's Day 2021 Praveena Narayanan writes about her father