ഫാദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട അനുഭവം എന്ന് പറയാമോ എന്നറിയില്ല. ജനിക്കാതെ, പാതിവഴിയില്‍ വിട്ടുപിരിഞ്ഞ കുഞ്ഞിന്റെ ഓര്‍മയാണ്. ഫാദേഴ്‌സ് ഡേയില്‍ മാത്രമല്ല ഓരോ ദിവസവും എനിക്ക് പിതൃത്വം സമ്മാനിക്കാതെ പോയ കുരുന്നിന്നെ ഓര്‍ക്കാറുണ്ട്. പൂര്‍ണമാകാതെ പോയ പിതൃത്വത്തെ ഓര്‍ത്ത് കണ്ണും കനവും കരയാറുണ്ട്.

 ഭാര്യയ്ക്ക് ചെറിയ വയറുവേദനയും ബ്ലീഡിംഗും ഉണ്ടായപ്പോള്‍ ഡോക്ടറെ കാണാമെന്ന് കരുതി പോയതാണ്. ബ്ലഡും യൂറിനും ടെസ്റ്റ് ചെയ്ത് റിസല്‍ട്ടുമായി ഉച്ചയ്ക്ക് ശേഷം വരാന്‍ പറഞ്ഞു. വൈകിട്ട് വരാമെന്ന് കരുതി വീട്ടിലേക്ക് മടങ്ങിയെങ്കിലും അസഹ്യമായ വേദന കാരണം ഡോക്ടര്‍ പറഞ്ഞതിലും നേരത്തെ ആശുപത്രിയിലേക്കോടി. 

റിസള്‍ട്ട് വന്നു. നിങ്ങള്‍ അച്ഛനും അമ്മയുമാകാന്‍ പോകുന്നു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. മാതാപിതാക്കളാകാന്‍ ഞങ്ങളിരുവരും ഒരുങ്ങിയിരുന്നില്ല എന്നത് സത്യം. അപ്രതീക്ഷിതമായി അറിഞ്ഞ വാര്‍ത്തയില്‍ സന്തോഷം അലതല്ലി. അതെ, ഞാനൊരു അച്ഛനാകാന്‍ പോകുന്നു. ഞങ്ങള്‍ അടുത്ത തലമുറയുടെ സൃഷ്ടാക്കളാകുന്നു. പക്ഷെ സന്തോഷത്തിന് ആയുസ് കുറവായിരുന്നു.
അതിവേദന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സ്‌കാനിംഗിന് ഡോക്ടറുടെ നിര്‍ദേശം. ആനന്ദത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന എന്റെയടുത്തേക്ക് ഡോക്ടര്‍ ഓടിയെത്തി. ട്യൂബുലര്‍ പ്രഗ്‌നന്‍സിയാണ്. ഫലോപ്പിയന്‍ ട്യൂബ് ബ്രേക്കായി പോയി. ഇനി രക്ഷയില്ല. സര്‍ജറി ചെയ്ത് ബ്രേക്കായ ട്യൂബടക്കം റിമൂവ് ചെയ്യണം. 

സന്തോഷം കരച്ചിലിന് വഴിമാറി. കണ്‍സെന്റ് ഒപ്പിട്ട് അവളെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് യാത്രയാക്കുമ്പോള്‍ നാല് കണ്ണുകള്‍ നിറഞ്ഞൊഴുകി. ഓപ്പറേഷന്‍ തീയറ്ററിന് മുന്നില്‍ കാത്തുനിന്ന എന്റെ മുന്നിലേക്ക് ചോരത്തുള്ളികളുടെ വാര്‍ത്തയുമായി ഡോക്ടറെത്തി. . താങ്കളുടെ ഭാര്യ സുഖമായിരിക്കുന്നു എന്നൊരു ആശ്വാസവാക്കും. വാതിലടഞ്ഞതിന് പിന്നാലെ അടക്കി വച്ചിരുന്ന സങ്കടം നിലവിളിക്ക് വഴിമാറി. ചങ്കുപൊട്ടി നിലവിളിച്ചു. പുരുഷന്മാര്‍ കരയാമോ എന്ന സമൂഹത്തിന്റെ ചോദ്യമൊന്നും അവിടെ ഉണ്ടായിരുന്നില്ല. 

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എനിക്കെന്റെ ആദ്യ കുഞ്ഞെന്നാല്‍ ചിതറിക്കിടക്കുന്ന ചോരത്തുള്ളികളാണ്. ഓരോ ഫാദേഴ്‌സ് ഡേയും ആ നോവാണ്.

Content Highlights: Father's day 2021 a father remembers his lost child