നമ്മുടെ ജീവിതത്തിൽ അച്ഛന്മാർക്കുള്ള സ്വാധീനം ഓർത്തെടുക്കാനും അത് ആഘോഷിക്കാനും ആദരിക്കാനുമുള്ള ഒരുദിനം- അന്താരാഷ്ട്ര പിതൃദിനത്തെ അങ്ങനെ വ്യാഖ്യാനിക്കാം. 1908-ൽ അമേരിക്കയിൽ തുടങ്ങിയ ഈ ദിനാചരണത്തിന് പിന്നിൽ ചെറിയൊരു ചരിത്രമുണ്ട്. പശ്ചിമ വിർജീനിയയിലെ ഫെയർമോണ്ട് ഖനിയിൽ 1908 ജൂലായ് അഞ്ചിന് വലിയൊരു അപകടമുണ്ടായി. മണ്ണിനും പാറക്കഷ്ണങ്ങൾക്കുമടിയിൽപ്പെട്ട് നൂറുകണക്കിന് മനുഷ്യർ അന്ന് മരണപ്പെട്ടു. ഇങ്ങനെ മരണപ്പെട്ടവരുടെ, പ്രത്യേകിച്ചും അച്ഛന്മാരുടെ ഓർമ പുതുക്കാനായി ഒരു ദിനം വേണമെന്ന് അവിടുത്തെ മന്ത്രിയുടെ മകളായ ഗ്രെയ്സ് ഗോൾഡൻ ക്ലേറ്റൺ തീരുമാനിച്ചു. അവരുടെ ആഹ്വാനപ്രകാരം ജൂലായിലെ ഒരു ഞായറാഴ്ച എല്ലാവരും ഒത്തുകൂടി മരിച്ചവർക്കായി പ്രാർഥിച്ചു. എന്നാൽ പിന്നീട് വർഷാവർഷം ഈ ഓർമ പുതുക്കൽ നടക്കുകയോ അതിന് അന്താരാഷ്ട്ര പ്രശസ്തി കിട്ടുകയോ ചെയ്തില്ല.

1909-ൽ സൊനോറ സ്മാർട്ട് ഡോഡ് എന്ന അമേരിക്കൻ വനിതയാണ് ഈ ദിനാചരണത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തത്. പള്ളിയിൽ മദേഴ്സ് ഡേ സന്ദേശം കേൾക്കുന്നതിനിടയിലാണ് അച്ഛൻമാർക്കും ഒരു ദിവസം വേണമെന്ന ചിന്ത അവർക്കുണ്ടാകുന്നത്. മാതൃദിനാചരണത്തിന്റെ സ്ഥാപകയായ അന്നാ ജാർവിസിന്റെ ആശയങ്ങളിൽ ആകൃഷ്ടയായ സൊനോറ അച്ഛന്മാരെ ആദരിക്കണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങി. അതിന് അവർക്കൊരു കാരണവുമുണ്ടായിരുന്നു, തന്റെ അച്ഛൻ വില്യം സ്മാർട്ട്. ആറാമത്തെ കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ ഭാര്യ മരിച്ചതോടെ തന്റെ ആറു കുട്ടികളേയും വളർത്തി വലുതാക്കാൻ അദ്ദേഹം ഏറെ കഷ്ടപ്പെട്ടു. ഇങ്ങനെ ത്യാഗങ്ങൾ സഹിക്കുന്ന നിരവധി അച്ഛന്മാർ സമൂഹത്തിലുണ്ടെന്നും അവർ ആദരിക്കപ്പെടണമെന്നും സൊനോറ ഉറച്ചു വിശ്വസിച്ചു.

അങ്ങനെ പിതൃദിനം ആഘോഷിക്കാനായി ജൂണിലെ ഒരു ഞായറാഴ്ച മാറ്റിവെക്കണമെന്ന് അവർ മിനിസ്റ്റീരിയൽ അസോസിയേഷനോടും വൈ.എം.സി.എയോടും ആവശ്യപ്പെട്ടു. ജൂൺ അഞ്ചാണ് സൊനോറ മുന്നോട്ട് വെച്ച തീയതി. എന്നാൽ മാതൃദിനത്തിന് (മേയ്) തൊട്ടടുത്ത മാസം ഇങ്ങനെയൊരു ആഘോഷം നടത്താനുള്ള ഒരുക്കങ്ങൾക്ക് സമയമെടുക്കുമെന്ന് വാദിച്ച അസോസിയേഷൻ 1910 ജൂൺ 19-ന് പിതൃദിനമാചരിക്കാൻ തീരുമാനിച്ചു. അങ്ങനെ അന്ന് ആ പ്രദേശത്തെ എല്ലാ അച്ഛന്മാരേയും പൂക്കൾ, മധുരം എന്നിവ നൽകി എല്ലാവരും ആദരിച്ചു.

ഈ ആഘോഷത്തിന്റെ വിവരം വാഷിങ്ടൺ ഡി.സിയുടെ മുക്കിലും മൂലയിലുമെത്തി. അങ്ങനെ പിതൃദിനം ദേശീയ അവധി ദിനമാക്കണമെന്ന ആവശ്യങ്ങളുയർന്നു. പിന്നീട് ആറു വർഷങ്ങൾക്കിപ്പുറം അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസണും അദ്ദേഹത്തിന്റെ കുടുംബവും 1916-ൽ ഈ ദിനമാചരിച്ചു. എട്ടുവർഷങ്ങൾക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് കാൽവിൽ കോളിഡ്ജ് പിതൃദിനത്തിന് അനുകൂലമായി ഒരു പ്രമേയം പാസാക്കി. എന്നാൽ ഈ ദിനം അവധിദിനമാക്കാൻ വേണ്ടി പിന്നേയും കാത്തിരിക്കേണ്ടി വന്നു. 1966-ലാണ് ജൂണിലെ മൂന്നാം ഞായറാഴ്ച പിതൃദിനമായി ആഘോഷിക്കണമെന്നും അന്ന് അവധിയായിരിക്കുമെന്നും പ്രസിഡന്റ് ലിൻഡൻ ജോൺസൺ ഉത്തരവിറക്കിയത്. എന്നാൽ ഈ ഉത്തരവുകൾക്കെല്ലാം ഔദ്യോഗിക മാനം വന്നത് 1972- ൽ പ്രസിഡന്റ് റിച്ചാഡ് നിക്സണിന്റെ ഉത്തരവോടെയാണ്.

അമേരിക്കയിലാണ് ഫാദേഴ്സ് ഡേയ്ക്ക് തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ആഘോഷിക്കപ്പെടുന്ന ഈ ദിനം, മറ്റ് പല രാജ്യങ്ങളിലും വ്യത്യസ്തമായ തീയതികളിലാണ് ആഘോഷിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ സെന്റ് ജോസഫ് ഡേയാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നത്. സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ സെന്റ് ജോസഫ് ദിനം കൂടിയായ മാർച്ച് 19-നാണ് ഫാദേഴ്സ് ഡേ ആചരിക്കാറുള്ളത്. തായ്വാനിൽ ഓഗസ്റ്റ് 8-നും തായ്ലാൻഡിൽ മുൻ രാജാവായ ഭൂമിബോൽ അദുല്യദേജിന്റെ ജന്മദിനമായ ഡിസംബർ അഞ്ചിനുമാണ് ഫാദേഴ്സ് ഡേ ആചരിച്ചു പോരുന്നത്. ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഫിജി, പപ്പുവ ന്യൂഗിനി എന്നിവിടങ്ങളിൽ സെപ്റ്റംബറിലാണ് പിതൃദിനം കൊണ്ടാടുന്നത്.

Content Highlights: History of Fathers Day, Fathers Day 2021