കാശിയിലെ ഒരു കടവില്‍ തനിച്ചിരിക്കുകയായിരുന്നു ഞാന്‍. മുന്നില്‍ ഗംഗ ഒഴുകുന്നു. അതിന്റെ തീരത്തെ ഘട്ടങ്ങളില്‍ പൂജകളുടെയും പിതൃക്രിയകളുടെയും തിരക്ക്. മണികര്‍ണികാഘട്ടിലും ഹരിശ്ചന്ദ്രഘട്ടിലും എരിയുന്ന ചിതകളില്‍നിന്നുയരുന്ന പുക ആ പുണ്യസ്ഥലത്തെ പൊതിഞ്ഞുനില്‍ക്കുന്നു. എങ്ങും മരണത്തിന്റെയും വിശ്വാസത്തിന്റെയും കാഴ്ചകള്‍, മണങ്ങള്‍.
 
രണ്ടാമത്തെ തവണയാണ് ഞാന്‍ കാശിയില്‍  വരുന്നത്. ചരിത്രസ്ഥലങ്ങളിലും തീര്‍ഥഘട്ടങ്ങളിലും എല്ലാം കേവലമനുഷ്യനായല്ല, കഥാപാത്രമായി അലയാനാണ് എന്റെ യോഗം. 'വാനപ്രസ്ഥം' എന്ന സിനിമയിലെ ചില രംഗങ്ങള്‍ ചിത്രീകരിക്കാനായിരുന്നു ആദ്യത്തെ തവണ വന്നത്. അതിലെ കുഞ്ഞുക്കുട്ടന്‍ എന്ന കഥാപാത്രം പിതൃക്രിയകള്‍ ചെയ്യാനാണ് കാശിയില്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം, ഇപ്പോള്‍, എന്റെ മനസ്സില്‍തന്നെ തോന്നിയ ഒരു കഥയെ അടിസ്ഥാനപ്പെടുത്തി എടുക്കുന്ന 'സ്വപ്നമാളിക' എന്ന ചിത്രത്തിലെ ഡോ. പല്ലാട്ട് അപ്പുനായര്‍ എന്ന കഥാപാത്രമായി വീണ്ടുമൊരിക്കല്‍ ഞാന്‍ ഈ പുരാതന നഗരിയില്‍ എത്തിയിരിക്കുന്നു. അപ്പുനായരും അച്ഛന് തര്‍പ്പണം ചെയ്യാനാണ് എത്തുന്നത്!
 
കാശിയില്‍ വന്ന രണ്ടുതവണയും ഞാന്‍ അച്ഛന് തര്‍പ്പണം ചെയ്തു. എന്റെയച്ഛനല്ല, കഥാപാത്രങ്ങളുടെ അച്ഛന്. 'വാനപ്രസ്ഥ'കാലത്ത് എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു, തികഞ്ഞ ആരോഗ്യത്തോടെ. എന്നാല്‍ ഇപ്പോള്‍ അച്ഛന്‍ ഇല്ല. കാശിയിലെ ആ കടവില്‍ അപ്പുനായരായി ഇരിക്കുമ്പോള്‍ എന്തുകൊണ്ടോ ഞാന്‍ എന്റെ അച്ഛനെ ഓര്‍ത്തു. ഒരുപക്ഷേ, ചുറ്റുപാടുകളും ഞാന്‍ കാശിയില്‍ അണിഞ്ഞെത്തിയ കഥാപാത്രങ്ങളുടെ യാദൃച്ഛികമായ സമാനതകളുമാവാം ഈ ഓര്‍മകളെ കൊണ്ടുവന്നത്.
 
എന്റെ ഓര്‍മകള്‍ ചിട്ടയില്ലാത്തവയാണെന്നും അവ തീര്‍ത്തും സ്വാഭാവികമായി വന്നുപോവുന്നവയാണെന്നും ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. ഒന്നിനെക്കുറിച്ചും ഞാന്‍ മനഃപൂര്‍വം ഓര്‍ക്കാറില്ല. ഒരു മേഘത്തൂവലുപോലെ, അല്ലെങ്കില്‍ കണ്ണിന്റെ ആഴങ്ങളില്‍ പൊടിഞ്ഞ് കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണീര്‍ത്തുള്ളിപോലാണ് ഓര്‍മകള്‍ എന്നില്‍ പ്രവര്‍ത്തിക്കുന്നത്. കാശിയില്‍ ഇരിക്കുമ്പോള്‍ അച്ഛന്‍ എന്റെയുള്ളില്‍ ഒരു കണ്ണുനീര്‍ത്തുള്ളിയായി.
 
പലര്‍ക്കും പലതരത്തിലുള്ള വികാരമാണ് അച്ഛന്‍. ചിലര്‍ക്ക് ബഹുമാനം, മറ്റു ചിലര്‍ക്ക് പേടി, ചിലര്‍ക്ക് ആശ്വാസം, ഇനിയും ചിലര്‍ക്ക് കരുത്ത്. അമ്മ കടലോളം പോന്ന വാത്സല്യമാവുമ്പോള്‍ അച്ഛന്‍ ആശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ, സംരക്ഷണയുടെ തണലാവുന്നു എന്നതാണ് എന്റെ അനുഭവം. എനിക്ക് അച്ഛന്‍ തണുപ്പായിരുന്നു. അടുത്തിരുന്നാലും എത്രയൊക്കെ അകലെയായാലും എനിക്ക് ആ തണുപ്പ് ഫീല്‍ ചെയ്യുമായിരുന്നു. ഇപ്പോഴും, അച്ഛന്‍ വിടപറഞ്ഞിട്ടും, എന്നെ ആ തണുപ്പ് പൊതിഞ്ഞുനില്‍ക്കുന്നത് ഞാനറിയുന്നു, ആ തണുപ്പിന് നേരിയ നോവുകൂടിയുണ്ട്.
 
അച്ഛന്റെ വളരെ പഴകിയ ഓര്‍മകള്‍ എന്നിലില്ല. എന്റെ കാഴ്ചകള്‍ ഉറച്ചുതുടങ്ങിയ കാലത്ത് അച്ഛന്‍ വളരെ തിരക്കുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു. ഓഫീസിന്റെ തിരക്കുകള്‍ വീട്ടിലേക്കുകൂടി നീട്ടിയ 'വര്‍ക്ക്‌ഹോളിക്'. രാത്രി വൈകുവോളം ഓഫീസ് ഫയലുകളും നിയമപേപ്പറുകളും നോക്കിയിരിക്കുന്ന അച്ഛന്റെ രൂപം ഇന്നും കണ്ണില്‍ക്കാണാം. ഫയലുകളുടെയും ടാഗുകള്‍കൊണ്ട് കെട്ടിയ പേപ്പറുകളുടെയും മണമായിരുന്നു അക്കാലത്ത് അച്ഛന്. സ്വന്തം ജോലിയോട് അത്രമാത്രം അച്ഛന്‍ ഇഴുകിചേര്‍ന്നിരുന്നു.
 
മക്കളെക്കുറിച്ച്‌ വാശികളോ, നിര്‍ബന്ധങ്ങളോ ഇല്ലാത്തയാളായിരുന്നു അച്ഛന്‍. യൗവനത്തിലെ എന്റെ എല്ലാ കുസൃതികളെയും അതിന്റെതായ സരസതയോടെയും, പ്രായത്തെയും അതിന്റെ സ്പന്ദനങ്ങളെയും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റോടെയും അച്ഛന്‍ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്തു. പതിനെട്ടാമത്തെ വയസ്സില്‍ ഞാന്‍ യാദൃച്ഛികമായി സിനിമയിലേക്ക് വഴിതിരിയവെ അച്ഛന്‍ എതിര്‍ത്തില്ല. ആ കാലത്തിന്റെ പശ്ചാത്തലത്തില്‍, ഞങ്ങളുടെ കുടുംബസാഹചര്യങ്ങളില്‍നിന്നുകൊണ്ടുള്ള ആ എതിര്‍പ്പില്ലായ്മ അത്ഭുതകരമായിരുന്നു. സിനിമ എന്ന മേഖലയുടെ അനിശ്ചിതത്വത്തെക്കുറിച്ച്‌ അറിയാത്ത ആളൊന്നുമായിരുന്നില്ല അച്ഛന്‍. ഏതുവഴി പോകും എവിടെയെത്തും എന്നൊന്നും അറിയില്ലല്ലോ. എന്നിട്ടും അച്ഛന്‍ തടഞ്ഞില്ല. ഇത്രമാത്രം ചോദിച്ചു
 
'ഡിഗ്രി കഴിഞ്ഞിട്ടു പോരെ?'
ആ ചോദ്യത്തില്‍ വിലക്കിന്റെ കണ്ണികളോ കയറുകളോ ഒട്ടുമില്ലായിരുന്നു. ഒരു അഭിപ്രായത്തിന്റെ ആരോഗ്യകരമായ പങ്കുവെക്കല്‍ മാത്രമായിരുന്നു അത്. ഡിഗ്രി പൂര്‍ത്തിയാക്കാതെതന്നെ ഞാന്‍ സിനിമയിലേക്ക് തിരിഞ്ഞുനടക്കാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛന്‍ ആ മോഹവും അഭിപ്രായവും പിന്‍വലിച്ചു. അച്ഛന്റെയുള്ളില്‍ തീര്‍ച്ചയായും പേടിയും ആശങ്കയും ഉണ്ടായിട്ടുണ്ടാവുമായിരിക്കാം. അത് പുറത്തേക്ക് കാണിക്കാത്തതായിരിക്കാം.
ഇന്ന് എന്റെ മകന്‍, ഞാന്‍ അന്ന് എടുത്തപോലെ ഒരു തീരുമാനമെടുത്താല്‍, അതിനെ അച്ഛനെപ്പോലെ ശാന്തമായി  എനിക്ക് നേരിടാന്‍ സാധിക്കുന്ന കാര്യം സംശയമാണ്. ഞാന്‍ ഒന്ന് പതറും, തീര്‍ച്ച
.
സിനിമയില്‍ ഞാന്‍ സജീവമായതോടെ വീട്ടില്‍ വരുന്നത് അപൂര്‍വമായി. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള യാത്രയായി ജീവിതം. മൊബൈല്‍ ഇല്ലാത്ത കാലമാണ് എന്നോര്‍ക്കണം. ആ ജീവിതവുമായി ഇണങ്ങിച്ചേരുന്നതിനു മുന്‍പ്, അച്ഛന്റെ സാമീപ്യം ഇല്ലാതാവുന്നതിന്റെ വേദന എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാല്‍, വീട്ടില്‍ വരുമ്പോള്‍ ചിരിയും തമാശകളുമായി അച്ഛനോടൊപ്പം അല്‍പ്പസമയം ഇരുന്നാല്‍മതി അത്രയും ദിവസത്തെ അകന്നുനില്‍ക്കലിന്റെ വേദന ഇല്ലാതാകാന്‍. തുറന്ന് സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന അച്ഛന്റെ പ്രകൃതം നമ്മിലേക്ക് സ്‌നേഹത്തിന്റെ ചാര്‍ജ് ചൊരിയുന്നതായിരുന്നു.
 
വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ എന്റെ അഭിനയത്തിരക്കുകള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തി. മലയാളി എന്നെ താരത്തിന്റെ സിംഹാസനങ്ങളിലൊന്നില്‍ പ്രതിഷ്ഠിച്ചു. അപ്പോഴും, അതിലൊന്നും പരിധിവിട്ട് മയങ്ങാതെ, ഭ്രമിക്കാതെ സ്വാഭാവികമായി മുന്നോട്ടുപോവാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന് അച്ഛനായിരുന്നു. അച്ഛന്റെ അടുത്ത് എത്തുമ്പോള്‍ ഞാന്‍ കോളേജുകാലത്തെ, അല്ലെങ്കില്‍ അതിനും മുന്‍പുള്ള ലാലു ആയി മാറും. നിറയെ വാത്സല്യവും തമാശകളും കുറുമ്പുകളുമായി ഞാനും അച്ഛനും മുടവന്‍മുകളിലെ വീട്ടില്‍ നിറഞ്ഞുകവിയും. എന്റെമേല്‍ ചാര്‍ത്തപ്പെട്ട എല്ലാ അലങ്കാരങ്ങളെയും ഞാന്‍ ആ നിമിഷങ്ങളില്‍ മറക്കും. ഇതാണ് എന്റെ യഥാര്‍ത്ഥ അവസ്ഥ എന്നും മറ്റുള്ളതൊക്കെ വരികയും പോകുകയും ചെയ്യുന്നതാണ് എന്നും തിരിച്ചറിയും. അഭിനയത്തിന്റെ നിമിഷങ്ങള്‍ കഴിഞ്ഞാല്‍, ആര്‍ക്ക്‌ലൈറ്റിന്റെ വെളിച്ചത്തില്‍നിന്നും മാറിയാല്‍ ഞാന്‍ അച്ഛന്റെ ലാലുവിലേക്ക് തിരിച്ചുപോവാന്‍ ശീലിച്ചു. അതെനിക്ക് വ്യക്തി ജീവിതത്തില്‍ വലിയ ഗുണം ചെയ്തു. ഒന്നിലും അഹങ്കരിക്കാതിരിക്കാനും ഈ ഭൂമിയില്‍ത്തന്നെ ചവിട്ടിനില്‍ക്കാനും പഠിപ്പിച്ചു.
 
മരണംവരെ 'മോഹന്‍ലാല്‍ എന്ന താരത്തിന്റെ അച്ഛന്‍' എന്ന നിലയിലേക്ക് എന്റെ അച്ഛന്‍ ഒരിക്കലും മാറുകയോ ഭ്രമിക്കുകയോ ചെയ്തിട്ടില്ല. ജീവിതചര്യകളില്‍ മാറ്റം വരുത്തിയില്ല. സൗഹൃദങ്ങളെ ഇളക്കി പ്രതിഷ്ഠിച്ചില്ല. അച്ഛന്‍ അച്ഛന്റെ വഴിയിലൂടെ തന്നെ യാത്ര തുടര്‍ന്നു; സുഹൃത്തുക്കളും സായാഹ്നസവാരിയും തമാശകളും പൊട്ടിച്ചിരികളുമൊക്കെയായി. എന്റെ അച്ഛന്‍ എന്ന നിലയില്‍ സ്വാഭാവികമായി ലഭിച്ച പരിഗണനകള്‍ മാത്രമേ അദ്ദേഹം ആസ്വദിച്ചുള്ളു. ഒരിക്കലും ആ അവസ്ഥയെ ദുരുപയോഗം ചെയ്തില്ല. ഇന്ന്, അറിയപ്പെടുന്ന ഒരു നടന്‍ എന്ന നിലയിലുള്ള സ്വീകാര്യതയെ ഞാനും ദുരുപയോഗം ചെയ്യാറില്ല. അത് അച്ഛന്‍ പറയാതെ, പ്രവൃത്തിയിലൂടെ എന്നിലേക്ക് പകര്‍ന്ന നന്മയാണ്. അതും എനിക്ക് ജീവിതത്തില്‍ ഒരുപാട് ഗുണം ചെയ്തു.
 
അസുഖം വന്ന് കിടപ്പാകുന്നതിന്റെ തൊട്ടുള്ള ദിവസങ്ങളില്‍പ്പോലും അച്ഛന്‍ സൗഹൃദങ്ങളെ തേടി നടക്കാന്‍ പോവുകയും ബസ്സില്‍ യാത്ര ചെയ്യുകയും ചെയ്തിരുന്നു. സമയത്തിന്റെയും സംസാരത്തിന്റെയും ചിട്ടയും കൃത്യതയും അച്ഛന്‍ ജീവിതത്തില്‍ മുഴുവന്‍ പാലിച്ചു. വീട്ടിലാണെങ്കിലും മിതഭാഷിയായിരുന്നു അദ്ദേഹം. പക്ഷേ, ആ വാക്കുകളില്‍ പറയാനുള്ളത് പറഞ്ഞിരിക്കും. ശമ്പളം കിട്ടിയാല്‍ മുഴുവന്‍ തുകയും അമ്മയുടെ കൈയില്‍ ഏല്‍പ്പിക്കും. പിന്നെ അതിന്റെ കണക്കുകൂട്ടലും ചെലവു വരവുകളുമൊന്നും നോക്കാന്‍ അച്ഛനെക്കിട്ടില്ല. മുകളിലെ നിലയില്‍ സ്വന്തം ഫയലുകളും പുസ്തകങ്ങളുമായി ഇരിക്കാനായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടം.
 
എവിടേക്കെങ്കിലും പോവുന്നുണ്ടെങ്കില്‍ തലേദിവസംതന്നെ അച്ഛന്‍ അതിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ ചെയ്തുവെക്കും. കാറില്‍ ഫുള്‍ടാങ്ക് ഡീസല്‍  അടിപ്പിക്കും. ടയറിലെ കാറ്റ് ചെക്ക് ചെയ്യിക്കും. കൃത്യസമയത്ത് ഇറങ്ങണം എന്നുള്ളതും നിര്‍ബന്ധമാണ്. ഇല്ലെങ്കിലാണ് അച്ഛന്റെ ക്ഷോഭം പുറത്തുവരിക. അച്ഛന്റെ ചിട്ടയൊത്തുള്ള ജീവിതം എനിക്കു കിട്ടിയിട്ടേയില്ല. ജോലിയുടെ വ്യത്യാസം മാത്രമാണ് അതിന്റെ കാരണം എന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായാലും ഇങ്ങനൊക്കെയേ ഫ്രെയിം ചെയ്യപ്പെടുമായിരുന്നുള്ളൂ.
 
വലിയ വലിയ കാര്യങ്ങളെക്കാള്‍ കുഞ്ഞുകാര്യങ്ങളില്‍ വ്യാപരിക്കാന്‍ വെമ്പുന്ന മനസ്സായിരുന്നു അച്ഛന്. വാച്ചുകള്‍, കൊച്ചുപേനാക്കത്തി, പേനകള്‍ എന്നിവയുടെ ശേഖരം അച്ഛന്‍ ജീവിതം മുഴുവന്‍ തുടര്‍ന്നു. എവിടെ കണ്ടാലും അവ വാങ്ങും. വാങ്ങി വീട്ടില്‍ കൊണ്ടുവന്നുവെക്കുക മാത്രമല്ല, നിത്യവും തുടച്ചു വൃത്തിയാക്കി തിളക്കം വരുത്തിെവക്കും. വലിയ വലിയ സര്‍ക്കാര്‍ ഫയലുകള്‍ പഠിച്ചു, നിയമവഴികളെക്കുറിച്ചാലോചിച്ചു തലപുകച്ചിരുന്ന അച്ഛന്‍തന്നെയാണ് ഈ കുഞ്ഞുകാര്യങ്ങളുമായി സല്ലപിച്ചിരിക്കുന്നത് എന്നത് എന്നില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ആര്‍.കെ. ലക്ഷ്മണിന്റെ ആത്മകഥയിലെ ഒരു രംഗം അത് വായിച്ച ഒരു സുഹൃത്ത് എന്നോട് പറയുകയുണ്ടായി. ജനകീയമായ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വിഷയമെടുത്ത് അതിനെ ആക്ഷേപഹാസ്യമായി മാറ്റുന്നതിലെ സംഘര്‍ഷങ്ങളിലൂടെയും സമ്മര്‍ദത്തിലൂടെയും പരമാവധി കടന്നുപോകുന്നതാണ് ലക്ഷ്മണിന്റെ പകലുകള്‍. തുടര്‍ന്ന് വീട്ടില്‍ വന്നാല്‍ പിരിമുറുകിക്കിടക്കുന്ന മനസ്സിന്റെ ചുറ്റുകളെ അഴിച്ചു  അയവുവരുത്താന്‍ അദ്ദേഹം ഇത്തരം കുഞ്ഞുകാര്യങ്ങളില്‍ വ്യാപരിക്കുമായിരുന്നുവത്രെ. മോട്ടോര്‍ വൈന്‍ഡ് ചെയ്യുക, പൈപ്പ് അഴിച്ചു നന്നാക്കുക തുടങ്ങിയ ജോലികള്‍. അത് കേട്ടപ്പോള്‍ ഞാന്‍ അച്ഛനെ ഓര്‍ത്തു. ഒരുപക്ഷേ, അച്ഛന്‍  തന്റെ ജോലിയുടെ പിരിമുറുക്കങ്ങളെ അഴിച്ചുമാറ്റുകയായിരുന്നുവോ ഈ കുഞ്ഞുകാര്യങ്ങളിലൂടെ?
 
ലോകത്തിന്റെ ഏതു ഭാഗങ്ങളില്‍ പോയാലും അച്ഛനുവേണ്ട വാച്ചുകളും പേനയും കുഞ്ഞുപേനാക്കത്തികളും ഞാന്‍ വാങ്ങിസൂക്ഷിക്കും. അവ കൊണ്ടുവന്നുകൊടുക്കുമ്പോള്‍ അച്ഛന്‍ കുഞ്ഞുങ്ങളെപ്പോലെ ചിരിക്കും. അവയെ അരുമയോടെ ലാളിക്കും. ഇപ്പോള്‍ എന്റെ മകന്‍ അപ്പുവും ഇത്തരം ശേഖരങ്ങള്‍ തുടങ്ങിയിരിക്കുന്നു. വാച്ചും പേനയും പേനാക്കത്തിയുമൊക്കെത്തന്നെ വസ്തുക്കള്‍. അവന്‍ അതേക്കുറിച്ച്‌ ആവേശത്തോടെ പറയുമ്പോള്‍, അവന്റെ തിളങ്ങുന്ന കണ്ണുകളിലൂടെ ഞാന്‍ വീണ്ടും അച്ഛനെ കാണുന്നു.
 
സന്തോഷമായാലും സങ്കടമായാലും സംഘര്‍ഷങ്ങളായാലും ഒന്നും അമിതമായി പുറത്തുകാണിക്കാത്ത ആളായിരുന്നു അച്ഛന്‍. ഒരു നോട്ടത്തിലൂടെ, ചെറിയ തലോടലിലൂടെ, കൈകൊണ്ടുള്ള ചെറിയ ഒരു ചേര്‍ത്തുപിടിത്തത്തിലൂടെ മനസ്സിലുള്ളതെല്ലാം അച്ഛന്‍ ഞങ്ങളിലേക്ക് കൈമാറുമായിരുന്നു.
 
എന്റെ ജ്യേഷ്ഠന്‍ മരിച്ചപ്പോഴാണ് അച്ഛന്‍ ഏറ്റവുമധികം ദുഃഖിച്ചത്‌; തകര്‍ന്നുപോയത്. പക്ഷേ, അപ്പോഴും അദ്ദേഹം നിലവിട്ട് കരയുകയോ പതറിവീഴുകയോ ചെയ്തില്ല. എല്ലാറ്റിനേയും സ്വന്തം ഉള്ളിലൊതുക്കി, തലോടിയും നെഞ്ചോട് ചേര്‍ത്തുപിടിച്ച്‌ ഞങ്ങളെ ആശ്വസിപ്പിക്കുന്ന അച്ഛനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പക്ഷേ, ആ തലോടല്‍ പൊള്ളുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. ആ നെഞ്ചില്‍ സങ്കടത്തിന്റെ ഒരു സമുദ്രം ഇരമ്പുന്നത് ചേര്‍ന്നുനില്‍ക്കുമ്പോള്‍ എനിക്ക് കേള്‍ക്കുമായിരുന്നു. അപ്പോഴും കൊടുങ്കാറ്റില്‍ ഉലയാത്ത ഒരു ദീര്‍ഘവൃക്ഷംപോലെ അച്ഛന്‍ ഞങ്ങള്‍ക്കു മധ്യേ ഉറച്ചുനിന്നു.
 
അച്ഛന്റെ ഈ സ്വഭാവം ഞാന്‍ ജീവിതത്തിലേക്കും അഭിനയത്തിലേക്കും പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് അതിനെ ഞാന്‍ മനഃപൂര്‍വം പകര്‍ന്നപ്പോള്‍, അഭിനയത്തിലേക്ക് ഞാനറിയാതെതന്നെ അത് ഒഴുകിവരികയായിരുന്നു.സങ്കടത്തിന്റെയും ആന്തരിക സംഘര്‍ഷത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ അഭിനയിക്കേണ്ടിവരുമ്പോള്‍ ഞാന്‍ ഒരിക്കലും അമിതമായ പ്രകടനങ്ങളിലേക്കു പോവാറില്ല. ഒറ്റ നോട്ടത്തില്‍, സ്പര്‍ശത്തില്‍ ഭാവം ഒതുക്കാന്‍ ശ്രമിക്കും. പലരും ഇത് നിരീക്ഷിച്ചു സൂചിപ്പിച്ചിട്ടുണ്ട്. കാരണം എനിക്കറിയില്ല എന്നാണ് പറയാറുള്ളതെങ്കിലും, പിന്നീടതിനെപ്പറ്റി ആലോചിച്ചപ്പോള്‍ എന്റെ അഭിനയജന്മത്തിലേക്ക് അച്ഛന്‍ തന്നതാണ് അത് എന്ന് തോന്നുന്നു. അച്ഛന്‍പോലും അറിയാതെ എനിക്കു തന്ന സിദ്ധിയും സമ്മാനവും.
 
എന്റെ സിനിമയിലെ വളര്‍ച്ചകളിലും ലഭിച്ച ബഹുമതികളിലും മതിമറന്നാഹ്ലാദിക്കുന്ന അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ആഹ്ലാദത്തിനും അഭിനന്ദനങ്ങള്‍ക്കുമെല്ലാം ഒരു മിതത്വവും പരിധിയുമുണ്ടായിരുന്നു. എന്നാല്‍, സുഹൃത്തുക്കള്‍ക്കിടയില്‍ എന്റെ വളര്‍ച്ചയെക്കുറിച്ചുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചിരുന്നു എന്ന് ഞാന്‍ അറിഞ്ഞു. അതറിഞ്ഞപ്പോള്‍ ഒരു മകന്‍ എന്ന നിലയില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.
 
അച്ഛനായിട്ടല്ല, മകനായിട്ടാണ് ഞാന്‍ ഏറെയും അഭിനയിച്ചത്. എന്റെ അച്ഛനായി തിലകന്‍ചേട്ടനും വേണുചേട്ടനും (നെടുമുടി വേണു) പലതവണ അഭിനച്ചിട്ടുണ്ട്.. ഇവര്‍ രണ്ടുപേരുമായി ചേര്‍ന്ന് അഭിനയിക്കുമ്പോഴും എനിക്ക് മകന്‍ എന്ന കഥാപാത്രത്തെ സംതൃപ്തിയോടെ നടിച്ച്‌ ഫലിപ്പിക്കാന്‍ സാധിച്ചു. അതിന്റെ കാരണങ്ങള്‍ കൃത്യമായും സൂക്ഷ്മമായും പറയാന്‍ എനിക്കു സാധിക്കില്ല. ഇവര്‍ രണ്ടുപേരും അച്ഛനായി മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ ഞാനറിയാതെതന്നെ ഒരു മകനായിപ്പോകുന്നു എന്നതാണ് സത്യം. ഇവര്‍ രണ്ടാളോടും എനിക്കുള്ള സ്‌നേഹവും ബഹുമാനവും ഒരു മകന് അച്ഛനോടുള്ളതുപോലെ നെഞ്ചില്‍ തൊട്ടുനില്‍ക്കുന്നതായതുകൊണ്ടാവാം.
 
അച്ഛന്റെ അന്ത്യഘട്ടങ്ങളില്‍ ഞാന്‍ പരദേശി, ബാബാ കല്യാണി, ആഗ് എന്നീ സിനിമകളില്‍ അഭിനയിക്കുകയായിരുന്നു. ഒറ്റപ്പാലത്തുനിന്നും കൊച്ചിയില്‍നിന്നും ബോംബെയില്‍നിന്നും ഓരോ തവണയും ഞാന്‍ ഓടി ആശുപത്രിയില്‍ എത്തി. ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിന്റെ തണുത്ത മുറിയില്‍ കയറി അച്ഛനെ കണ്ടു. അച്ഛന്‍ ബോധത്തിനും അബോധത്തിനും ഇടയിലുള്ള ഏതൊക്കെയോ ഇടനാഴികളിലായിരുന്നു. എന്നെ ചിലപ്പോള്‍ തിരിച്ചറിഞ്ഞു, ചിലപ്പോള്‍ തിരിച്ചറിഞ്ഞില്ല. ഞാന്‍ അച്ഛന്റെ കൈപിടിച്ചിരുന്നു, കരയാതിരിക്കാന്‍ ശ്രമിച്ചു.. അപ്പോഴും ഉള്ളില്‍ എവിയെയൊക്കെയോ ഉറവപൊട്ടുന്ന കണ്ണീരിന്റെ തള്ളല്‍ ഞാനറിഞ്ഞു.
 
ഒടുവില്‍ ഒരുദിനം രാത്രി അച്ഛന്‍ പോയി. ഞാന്‍ അരികെ ഉണ്ടായിരുന്നു. അമ്മയെ ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.. പക്ഷേ, സാധിച്ചില്ല. ഇത്രയും വര്‍ഷം കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ഒരാള്‍ പെട്ടെന്ന് ജീവിതത്തില്‍നിന്ന് അപ്രത്യക്ഷമാവുന്നതിന്റെ വേദന അമ്മയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
 
മുടവന്‍മുകളിലെ വീട്ടിലെ മുറിയില്‍ അച്ഛനെ നിലത്തിറക്കി കിടത്തിയപ്പോള്‍ ഒരു വീട് മുഴുവന്‍ അനാഥമായതുപോലെ എനിക്കുതോന്നി. ഒരു വിളക്ക് കെട്ടതുപോലെ. അച്ഛന്റെ പേനകളും പേനക്കത്തികളും പുസ്തകങ്ങളും ഫയലുകളും വെച്ച മുറികളില്‍ ഞാന്‍ ചെന്നുനിന്നു. അവയില്‍നിന്ന് അച്ഛന്റെ ഗന്ധം വാര്‍ന്നുപോയിട്ടില്ല. അച്ഛന്‍ പോയതറിയാതെ അന്നും അച്ഛന് തപാലുകള്‍ വന്നുകൊണ്ടിരുന്നു. അവ ഞാന്‍ കൈപ്പറ്റി. തുറന്നുനോക്കിയില്ല.
 
ഒടുവില്‍ അച്ഛനെ ചിതയിലേക്കെടുത്തു. കുളിച്ച് ഈറനുടുത്ത്, കത്തുന്ന കൊള്ളിയില്‍നിന്നും അച്ഛന്റെ ശരീരത്തിലേക്ക് തീ പകരുമ്പോള്‍ എന്റെയുള്ളില്‍, എത്രയോ സിനിമകളില്‍ ഞാന്‍ കൊളുത്തിയ നിരവധി ചിതകള്‍ വീണ്ടും എന്തിനോ കത്തിത്തെളിഞ്ഞു. ഇത് അത്തരത്തിലുള്ള ഒരു ചിത്രീകരണനിമിഷമാവണേ എന്ന് ഒരുനിമിഷം എന്റെ മനസ്സ് പ്രാര്‍ഥിച്ചുവോ? അച്ഛനെ തിരിച്ചുകിട്ടാനുള്ള ഒരു മകന്റെ മനസ്സിന്റെ സ്വാഭാവിക പ്രാര്‍ഥനയാവാം അത്.
 
അപ്പോഴേക്കും ചിത കത്തിപ്പിടിച്ചിരുന്നു. അതിന്റെ ചൂടില്‍ ഞാന്‍ ഉരുകിനിന്നു. അപ്പോള്‍ ആരോ തണുത്ത കൈത്തലംകൊണ്ട് തോളില്‍ സ്പര്‍ശിക്കുംപോലെ. ആ സ്പര്‍ശത്തിന് ഒരു ആശ്വസിപ്പിക്കലിന്റെ ഛായ. അച്ഛന്റെ സ്പര്‍ശവും ഇതുപോലെത്തന്നെയായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു.
 
(മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)
 
Content highlights: Actor Mohan lal remembering his father Fathers day 2021