രൊറ്റ ഇര പോലും ആക്രമിക്കപ്പെടുന്നതിന് മുന്‍പ് ഭീഷണി ഇല്ലാതാക്കാനുള്ള സക്രിയമായ ഇന്റലിജന്‍സ് സംവിധാനമാണ് നമുക്ക് വേണ്ടത്. ഫീല്‍ഡില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ വച്ച് വിലയിരുത്തപ്പെടുകയും നടപടികള്‍ക്ക് വേണ്ട വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നു'' മധ്യ ആഫ്രിക്കന്‍ രാജ്യത്തെ മൃഗവേട്ട തടയുന്നതിനുള്ള പുതിയ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ലഫ്. കേണല്‍ ഫെ. പട്ടാളത്തിന്റേതിന് സമാനമായിരുന്നു അവരുടെ വാക്കുകള്‍.

അത്ര കണിശവും രഹസ്യാത്മകവുമായിരുന്നു നടപടിക്രമങ്ങള്‍. ലോകമെങ്ങും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കന്‍ പ്രത്യേക ദൗത്യ സേനയ്ക്കുവേണ്ടി നിരവധി ഒളിയുദ്ധങ്ങള്‍ നയിച്ചിട്ടുള്ള ആളാണ് മൃദുഭാഷിയായ ഈ വനിത. ആഫ്രിക്കയിലെ കുപ്രസിദ്ധമായ ആനക്കൊമ്പ് വേട്ടയും മൃഗവേട്ടയും തടയാനുള്ള ടെന്‍ ബൊമ എന്ന പേരിലുള്ള ദൗത്യത്തെ നയിക്കുകയാണ് ഇന്നവര്‍.സംഘടിത മൃഗവേട്ടയുടെയും അതിനെതിരായ മൃഗസംരക്ഷകരുടെ പോരാട്ടത്തിന്റെയും പുതിയ കാലമാണിത്. പോരാട്ടം കനത്തുവരികയാണ് ഇന്ന്.

കാടിനു വേണ്ടി വന്യമായി പൊരുതുക എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുമ്പോള്‍ പ്ലാസ്റ്റിക് പുനരുപയോഗിച്ചും ചെടികള്‍ നട്ടും മാത്രം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല. പകരം ഭൂമിയുടെ നിലനില്‍പിന്റെയും വന്യജീവി സമ്പത്തിന്റെ തുടര്‍ച്ചയെ ലക്ഷ്യം വച്ചുള്ളതാകണണം.

ഭക്ഷണത്തിനുവേണ്ടിയാണ്  മൃഗങ്ങളെ വേട്ടയാടുന്നെന്ന ധാരണയുടെ കാലം കഴിഞ്ഞു. വന്യമൃഗങ്ങള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ സുസംഘടിതവും ശ്രേണിബദ്ധവുമാണ്. ഇതിന്റെ ഇങ്ങേത്തലയ്ക്കലാണ് വേട്ടക്കാരന്റെ സ്ഥാനം. കൂട്ടത്തില്‍ ഏറ്റവും കുറച്ചു പ്രതിഫലം ലഭിക്കുന്നതും ഇയാള്‍ക്കാണ്. എന്നാല്‍ ശീതീകരിച്ച മുറിയില്‍ സര്‍വസുഖസൗകര്യങ്ങളുടെയും നടുവില്‍ ഇരുന്ന് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും വേറെ ആളുകളാണ്. മൊബൈല്‍ഫോണുകളും തല്‍സമയ മെസേജിങ് സംവിധാനങ്ങളും വാട്ട്‌സ് ആപ്പും നെറ്റ് ബാങ്കിങ് സൗകര്യങ്ങളും ഇവര്‍ യഥേഷ്ടം ഉപയോഗിക്കുന്നു. വേട്ടക്കാരന്‍ ജീവന്‍പോലും പണയപ്പെടുത്തി വേട്ടക്കിറങ്ങുന്നു. 

ആനക്കൊമ്പുവേട്ടയുടെ തലവനെ കണ്ടത്താന്‍ ആഫ്രിക്കയിലേക്കു പോകണ്ട കാലം കഴിഞ്ഞു. ഇതിനുദാഹരണമാണ് ആനക്കൊമ്പു വേട്ടക്കാരെ പിന്തുടര്‍ന്നു കേരളാ വനം വകുപ്പ് അടുത്തിടെ നടത്തിയ അന്വേഷണം. ആനക്കൊമ്പുകളുടെ അനധികൃത വ്യാപാരത്തിന് നേതൃത്വം കൊടുത്തിരുന്നത് ഡല്‍ഹി സ്വദേശിയായ ഉമേഷ് അഗര്‍വാളിലേക്കായിരുന്നു അന്വേഷണസംഘം എത്തിയത്. 

കരകൗശലവ്യാപാരിയെന്ന വ്യാജമേല്‍വിലാസത്തിലാണ് ഇയാള്‍ ആനക്കൊമ്പുകള്‍ കടത്തിയിരുന്നത്. ഇടനിലക്കാരുടെയും കരകൗശല തൊഴിലാളികളും ചേര്‍ന്ന വലിയൊരു സംഘം ഇയാള്‍ക്കു കീഴില്‍ ജോലി ചെയ്തിരുന്നു. കോടിക്കണക്കിനു രൂപ മൂല്യമുള്ള 450 കിലോ ആനക്കൊമ്പാണ് ഇയാളുടെ പക്കല്‍നിന്ന് പിടിച്ചെടുത്തത്. 

അനധികൃത കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണ് വന്യജീവി കള്ളക്കടത്തിന്റെ സ്ഥാനം. തടി, മത്സ്യം, വന്യമൃഗങ്ങള്‍ അവയെ ഉപയോഗിച്ചുള്ള ഉപഉല്‍പന്നങ്ങള്‍ എന്നിവയുടെ അവനധികൃത വ്യാപാരം 50-150 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ആനകളെയും കടുവകളെയും മൃഗശാലകളില്‍ സംരക്ഷിച്ചു കൂടെയെന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ജീവിവർഗത്തെ സംരക്ഷിക്കുകയല്ല വന്യജീവി സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. പകരം അടുത്ത തലമുറയ്ക്കു വേണ്ടി ഭൂമിയെ കരുതലോടെ സംരക്ഷിക്കുക എന്നതു കൂടിയാണ്. 

കാഴ്ചക്കു ഭംഗിയുള്ള ഒരു മൃഗം എന്നതിലുപരി ആവാസവ്യവസ്ഥയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന തലത്തിലാണ് കടുവയെ നാം പരിഗണിക്കേണ്ടത്. മരങ്ങള്‍ കൂടിച്ചേര്‍ന്ന ഇടം മാത്രമല്ല വനം. മരം വെട്ടുന്നതിനു പകരം മറ്റൊരു മരം നടുന്നത് വനനശീകരണത്തിനു പരിഹാരവുമല്ല. പ്രകൃത്യാലുള്ള വനത്തെ സംരക്ഷിക്കുകയാണു വേണ്ടത്. അത്തരത്തില്‍ നിലനില്‍ക്കാന്‍ വനത്തിന് കടുവയുടെയുടെയും മറ്റും സാന്നിദ്ധ്യം അത്യന്താപേഷിതമാണു താനും. 

ലോകം നിറയെ ആവശ്യക്കാരുള്ളതാണ് വനം-വന്യജീവി ഉല്‍പന്നങ്ങള്‍. നിര്‍ഭാഗ്യമെന്നു പറയട്ടെ ജീവനുളളതും അല്ലാത്തതുമായ ഇത്തരം ഉല്‍പന്നങ്ങളുടെ മികച്ച ഉറവിടമാണ് ഇന്ത്യ. ചൈനയിലെ പാരമ്പര്യ ഔഷധങ്ങളുടെ പ്രധാന ചേരുവയാണ് കടുവകളുടെ അസ്ഥികള്‍. ആഡംബരത്തിന് ആനക്കൊമ്പു കൊണ്ട് നിര്‍മിച്ച ശില്‍പങ്ങള്‍ ശേഖരിക്കുന്നവരും വിശിഷ്ടമെന്ന് കരുതി ഈനാംപേച്ചിയുടെ ശല്‍കങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ സൂപ്പ് കഴിക്കുന്നവരുമുണ്ട്. പോക്കറ്റ് പെറ്റുകളായി വളര്‍ത്താന്‍ ഇന്ത്യന്‍ നക്ഷത്ര ആമകളെ ഓണ്‍ലൈനില്‍ തിരയുന്നവരുമുണ്ട്. വന്യജീവി കള്ളക്കടത്തുകാരനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പലപ്പോഴും താഴെത്തട്ടിലെ വേട്ടക്കാരനില്‍ അവസാനിക്കാരാണു പതിവ്.  

ഈ ഇടപാടുകള്‍ വിവിധ കാരണങ്ങളാല്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുന്നവയാണ്. അനധികൃത രീതികളിലൂടെ പണം കൈമാറ്റം ചെയ്യുന്നതിന് പുറമേ പലപ്പോഴും വ്യാജ കറന്‍സികളാണ് ഉപയോഗിക്കുന്നത്. വന്യജീവികളുടെ അനധികൃത വില്‍പ്പനയിലൂടെ അടിഞ്ഞുകൂടുന്ന പണത്തിന് യാതൊരു വിധത്തിലുള്ള നികുതികളും അടക്കാറുമില്ല. മൊത്തത്തില്‍ ഈ നൂറു കോടി ഡോളറിന്റെ ഈ ബിസിനസ് ലോകത്ത് കള്ളപ്പണം കുമിഞ്ഞുകൂടുന്നത്തതിന്റെ പ്രധാന ഉറവിടമാണ്.

പ്രശ്നം ഇവിടെ അവസാനിക്കുന്നില്ല. ഉദാഹരണത്തിന് ഒരു കിലോ കാണ്ടാമൃഗത്തിന്റെ കൊമ്പിന് ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള അനധികൃത വിപണിയില്‍ പത്തു ലക്ഷത്തിലധികം രൂപ ലഭിക്കും. എന്നാല്‍ രസാവഹമായ കാര്യം പണത്തിനു പകരം തോക്കുകള്‍, മയക്കുമരുന്നു തുടങ്ങിയവയാണ് പ്രതിഫലമായി നല്‍കുന്നത് എന്നതാണ്. ഇങ്ങനെ ലഭിക്കുന്ന ആയുധങ്ങളും മറ്റും  ഉയര്‍ന്ന വിലക്ക് ഇന്ത്യന്‍ വിപണിയില്‍ തന്നെ വിറ്റഴിക്കും. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, ജനങ്ങളുടെ സുരക്ഷ, വരും തലമുറകളുടെ ഭാവി എന്നിങ്ങനെ വിവിധ മേഖലകളെ ദോഷകരമായി ബാധിക്കും. 

ഞാന്‍ 250 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു എന്റെ വില്‍പ്പനക്കാരന് 3000 രൂപയ്ക്ക് വില്‍ക്കാന്‍ സാധിക്കും. സാധനത്തിന്റെ മൊത്തവിലയുടെ 25 ശതമാനം തുക എനിക്ക് ഓഡറിനൊപ്പം മുന്‍കൂറായി ലഭിക്കും. അതിനാല്‍ തന്നെ ഇതൊരു ലാഭകരമായ ബിസിനസാണ്.  ഇന്ത്യയിലെ ഒരു യുവ വന്യജീവിക്കച്ചവടക്കാരന്റെ വാക്കുകളാണിവ. ചാറ്റ് റൂംസ്, വാട്സ് അപ്പുമാണ് ഇയാള്‍ മറ്റ് കച്ചവടക്കാരുമായും ഇടനിലക്കാരുമായും ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന ലാഭത്തിനു പുറമേ റിസ്‌ക് കുറയ്ക്കാനും സാധിക്കും എന്നതാണ് ഇവയുടെ മെച്ചം. നിരവധി യുവാക്കളാണ് ഈ മേഖലയിലേയ്ക്ക് കടന്നു വരുന്നത്. 

വന്യജീവി കടത്തും വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. പിടിക്കപ്പെടുകയാണെങ്കില്‍ കഠിനമായ ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതം പേലെ ഒരു സംരക്ഷിത പ്രദേശത്ത് എരിയുന്ന സിഗരറ്റുമായി പ്രവേശിക്കുന്നത് കുറ്റകരമാണ്. സെക്ഷന്‍ 31 പ്രകാരം ഒരു സംരക്ഷിത പ്രദേശത്ത് കാട്ടുതീക്ക് കാരണക്കാരനാകും എന്ന നിലയില്‍ നിങ്ങള്‍ ശിക്ഷിക്കപ്പെട്ടേക്കാം. വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം ജാമ്യമില്ലാ കുറ്റമാണിത്. തടവും പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്.

ഒരു കടുവ, പുള്ളിപ്പുലി, ആന അല്ലെങ്കില്‍ ഒരു പെരുമ്പാമ്പ് എന്നിവയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവിന് സാധ്യതയുണ്ട്. ഇന്ത്യയില്‍ നിയമം ശക്തമാണ് എന്നാല്‍ അത് ശരിയായി നടപ്പിലാക്കാന്‍ സാധിക്കുന്നില്ല എന്നുമാത്രം. സംശയിക്കപ്പെടുന്നവര്‍ പലപ്പോഴും നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയാണ് പതിവ്.

 Jose Louies,  Head   - Enforcement Assistance &  LAW Wildlife Trust of India