തിരുവനന്തപുരം: 'കൈയ്യും കെട്ടി നോക്കിയിരിക്കേണ്ടതല്ല ജനാധിപത്യം. ജനം ജാഗ്രതയോടെയിരിക്കണം. ആ ജാഗ്രതയാണ് വിളപ്പില്‍ശാല സമരം, സമരവിജയം.'

യാദൃശ്ചികമായി കേട്ട ഈ വാക്കുകള്‍ക്ക് പിന്നിലെ കഥ കേരളമാകെ കേട്ട്, കണ്ടറിഞ്ഞതാണ്. തിരുവനന്തപുരം നഗരത്തിന്റെ കുപ്പത്തൊട്ടിയായി മാറിയ വിളപ്പില്‍ ശാല എന്ന അതിസുന്ദര ഗ്രാമത്തില്‍ ഇപ്പോള്‍ എങ്ങും സന്തോഷമാണ്.

ആയുസ്സിന്റെ യാതന ഒരു പതിറ്റാണ്ട് കൊണ്ട് അനുഭവിച്ചു തീര്‍ത്തവര്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. 'ഇപ്പോ ഞങ്ങക്കെന്തര് കൊഴപ്പം.. സന്തോഷം തന്നെ..' എന്ന് പ്രതികരിച്ച പേരറിയാത്ത വീട്ടമ്മയെപ്പോലെ..

vilappilsala
മാലിന്യ നിക്ഷേപത്തിനു മുകളില്‍ വളര്‍ന്നു നില്‍ക്കുന്ന
മരങ്ങളും ചെടികളും. സംസ്‌കരണപ്ലാന്റും കാണാം.

പ്ലാന്റിന്റെ ഇപ്പോഴത്തെ അവസ്ഥ

മാലിന്യമെന്നറിയാത്ത വിധം കൂനകള്‍ കാടുകയറി. പ്ലാസ്റ്റിക്കുള്‍പ്പെടെ മാലിന്യം കുന്നുകളായി രൂപം പൂണ്ടു. ഇവിടെയും പിടിച്ചുകൂടിയ ചെടികളില്‍ പലതും കരിഞ്ഞുണങ്ങി. പ്ലാന്റിന്റെ അവസ്ഥ കാട്ടിത്തരുന്നത് വിളപ്പില്‍ ജനകീയ സമിതി സെക്രട്ടറി ഹരിറാം. 

നഗരത്തിന്റെ എല്ലാത്തരം മാലിന്യങ്ങളും തരം തിരിക്കാതെ തള്ളിയിരിക്കുന്ന ഈ നാട്ടില്‍ നിന്ന് ഇന്ന് വിശ്വസിച്ച് വെള്ളം കുടിക്കാം. എട്ടുകിലോമീറ്റര്‍ അപ്പുറമുള്ള കുണ്ടമണ്‍ കടവ് പാലം കടക്കുമ്പോള്‍ മുതല്‍, മൂക്കുപൊത്തിയാലും മറികടന്നെത്തുന്ന ദുര്‍ഗന്ധം ഇന്നില്ല. ജീവിക്കാന്‍ നിവൃത്തിയില്ലാതെ നാടുവിട്ടു പോയവര്‍ തിരിച്ചെത്തി. ആയിരം രൂപ മാത്രം സെന്റിന് വിലയുണ്ടായിരുന്ന അവസ്ഥ മാറി. ഇന്നവര്‍ മനുഷ്യരെപ്പോലെ ജീവിക്കുന്നു.

വിളപ്പില്‍ശാല ചവര്‍ സംസ്‌കരണ പ്ലാന്റിന് സമീപമുള്ള ബെഞ്ചമിന്‍, സുമന, ഗോപിനാഥപിള്ള, ജോണ്‍ എന്നിവര്‍ ജീവിതം പറയുന്നു


 


 


 

2000 ല്‍ തുടങ്ങുന്നതാണ് വിളപ്പില്‍ഗ്രാമവാസികളുടെ ദുരിതം. ഔഷധസസ്യത്തോട്ടത്തിനും പൂകൃഷിക്കും വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് നഗരസഭ മാലിന്യം തള്ളാന്‍ തുടങ്ങിയത് അപ്പോഴാണ്. എല്ലാം അനുഭവിച്ച പാവം മനുഷ്യര്‍ക്ക് പ്രതിഷേധിക്കുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. 2001 ജനുവരി 18നാണ് അത്തരത്തില്‍ ശ്രദ്ധേയ മുന്നേറ്റമുണ്ടായത്. പോലീസ് അതിക്രൂരമായി അടിച്ചമര്‍ത്തിയിട്ടും അവര്‍ തിരിച്ചുവന്നു, വര്‍ദ്ധിച്ച വീര്യത്തോടെ. പോരാട്ടം പത്താണ്ട് നീണ്ടു പിന്നീട്.

മരിച്ചാലും പിന്മാറില്ലെന്ന നെഞ്ചുറപ്പോടെ 2011 ജനുവരി ഒമ്പതിന് സമരമാരംഭിച്ച വിളപ്പില്‍ ജനകീയ സമിതിയും സര്‍ക്കാര്‍ നിലപാടിനെതിരെ സുധീരമായ നിലപാടെടുത്ത വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരിയും ജനകീയ പ്രതിരോധത്തിന്റെ തിളക്കമായി. അക്കൊല്ലം ഡിസംബര്‍ 21ന് പ്ലാന്റ് പൂട്ടി. ദിവസം 90 ടണ്‍ മാലിന്യം മാത്രം സംസ്‌കരിക്കാമെന്ന് പറയുന്നിടത്ത് ദിവസമെത്തിച്ചത് 203 ടണ്ണോളമായിരുന്നെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ അറിയിച്ചത്. ഇതില്‍ 114 ടണ്‍ മാത്രമാണ് ജീര്‍ണ്ണിക്കുന്നത്. ബാക്കിയത്രയും ഇപ്പോഴും അവിടെ കെട്ടിക്കിടപ്പുണ്ട്.

വിളപ്പില്‍ ജനകീയ സമിതി പ്രസിഡന്റ് എസ്.ബുര്‍ഹാന്‍ പോരാട്ടത്തിന്റെ കഥ പറയുന്നു. ഇന്നത്തെ ജീവിതം, മാലിന്യ സംസ്‌കരണത്തിലെ നിലപാട് തുടങ്ങിയവയും സംഭാഷണത്തില്‍.

കെട്ടടങ്ങിയ ദുര്‍ഗന്ധം ഇനിയും സഹിക്കാന്‍ വയ്യാത്തതിനാല്‍ നിലവിലെ മാലിന്യം മാറ്റണമെന്ന് ഇവര്‍ക്ക് അഭിപ്രായമില്ല. എന്ത് ചെയ്യണമെന്ന കൃത്യമായ അറിവുമില്ല. എല്ലാം അധികൃതര്‍ക്ക് വിടുകയാണ്. ഒരു കാര്യം മാത്രമുറപ്പ്. ഇനി പ്ലാന്റെന്ന പേരില്‍ ഇവിടെ കാലുകുത്താന്‍ സമ്മതിക്കില്ല...

പ്ലാന്റിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുന്ന സമരനേതാവ് മാധുരി