പൊതുസ്ഥലത്ത് പുകവലിക്കുന്നത് നിരോധിച്ചത് അത് മറ്റുള്ളവരുടെ ആരോഗ്യത്തിനു ഹാനികരമായതുകൊണ്ടാണ്. എന്നാല്‍ ചിലര്‍ പുകവലിക്കുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാകാവുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ദോഷമാണ് നമ്മുടെ നാട്ടില്‍ വ്യാപകമായി തുറന്നയിടങ്ങളില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നത് കൊണ്ടുണ്ടാകുന്നത്! അധികാരികള്‍ അത് നിരുത്സാഹപ്പെടുത്തുന്നില്ല എന്നു മാത്രമല്ല ചില തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഈ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്! 

കേരളത്തില്‍ എവിടെയും കാണാവുന്ന കാഴ്ചയാണ്, വഴിയരികിലും തുറന്ന പറമ്പുകളിലും ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്. ഏതാനും ചിലര്‍ പുകവലിക്കുന്നതിനേക്കാള്‍ എത്രയിരട്ടി പുകയും ചാരവുമാണ് ഇതുണ്ടാക്കുന്നത് എന്നാലോചിച്ചു നോക്കുക. പുകയും ചാരവും മാത്രമാണെങ്കില്‍പ്പോലും ഇത് നാട്ടുകാരുടെ ആരോഗ്യത്തിനു ദോഷംചെയ്യുന്നതാണ് എന്നറിയാത്തവര്‍ ചുരുങ്ങും. 

മാത്രമല്ല, ചവറുകള്‍ തുറന്നയിടങ്ങളില്‍ കത്തിക്കുന്നത് ആഗോളതാപനത്തിനു തന്നെ സഹായകമാകുന്നുണ്ട് എന്ന് ശാസ്ത്രീയപഠനങ്ങള്‍ പറയുന്നു. ചുറ്റുപാടുമുള്ളവര്‍ക്ക് അര്‍ബുദം വരാനും ഇത് കാരണമാകാമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കത്തിക്കുന്നത് കരിയിലയും കടലാസും മറ്റുമാണെങ്കില്‍ പുകയും ചാരവും പടരുന്നതുകൂടാതെ വായുവിലേക്ക് കാര്‍ബണ്‍ മോണോക്‌സൈഡും നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്‌സൈഡുകളും, ശ്വസിക്കാവുന്ന ധൂളിയും പരക്കുന്നു. 

മിക്കപ്പോഴും തീയിടുന്നത് ഉണങ്ങിയ വസ്തുക്കള്‍ മാത്രമായിരിക്കില്ല. ഇങ്ങനെ ഉണങ്ങാത്ത വസ്തുക്കള്‍ കത്തിക്കുമ്പോള്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ, കുറഞ്ഞ താപനിലയില്‍ - അതായത് 250-700 ഡിഗ്രിയില്‍ - ആണ് കത്തുന്നത്. ഇത് പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ദോഷംചെയ്യുന്ന അനേകം വാതകങ്ങള്‍ പുറത്തുവിടും എന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഡയോക്‌സിനുകള്‍, ഫ്യൂറാനുകള്‍, ജൈവരാസവസ്തുക്കള്‍, ഹൈഡ്രജന്‍ ക്ലോറൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫറിന്റെയും നൈട്രജന്റെയും ഓക്‌സൈഡുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടും. 

ജൈവവസ്തുക്കളാണെങ്കില്‍ കമ്പോസ്റ്റുചെയ്യുക, പ്ലാസ്റ്റിക്കും ലോഹവുംകൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ പുനഃചംക്രമണം ചെയ്യുക എന്നിങ്ങനെയാണ് വേണ്ടത്. ഗ്രാമങ്ങളില്‍ ചപ്പുചവറുകള്‍ അത്ര പ്രശ്‌നമല്ല. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഗൗരവതരമാണ്. 

നഗരമാലിന്യങ്ങള്‍ എന്തെല്ലാമാണെന്നും അവയെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും നോക്കാം. നഗരമാലിന്യങ്ങളെ പലതായി തരംതിരിക്കാം. ആദ്യമായി, അവയെ സ്രോതസ്സനുസരിച്ചു് ഗാര്‍ഹികം (domestic), വാണിജ്യപരം (commercial), സ്ഥാപനപരം (institutional), വ്യാവസായികം (industrial) എന്നിങ്ങനെ തരംതിരിക്കാം. വസ്തുക്കളുടെ സ്വഭാവമനുസരിച്ചും തരംതിരിവാകാം-

1. ഭക്ഷണ അവശിഷ്ടങ്ങള്‍.
2. കടലാസ്, തുണിക്കഷണങ്ങള്‍, കാഡ്ബോഡ് കഷണങ്ങള്‍, തുടങ്ങി കാലക്രമേണ സ്വയം ദ്രവിച്ചോ അഴുകിയോ ഇല്ലാതാകുന്നതും കത്തിക്കാവുന്നവയുമായവ.
3. ചാരവും അവശിഷ്ടങ്ങളും, അതായത്, പാചകംചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി തീ കത്തിക്കുന്നതിന്റെ അവശിഷ്ടങ്ങള്‍.
4. യന്ത്രഭാഗങ്ങള്‍, ടയറുകള്‍, മരക്കൊമ്പുകള്‍, തുടങ്ങിയ വലുപ്പമുള്ള വസ്തുക്കള്‍.
5. പാതകള്‍ വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന പൊടി, മൃഗങ്ങളുടെ കാഷ്ടം, കരിയില എന്നിങ്ങനെയുള്ള മാലിന്യങ്ങള്‍.
6. ചത്ത പട്ടി, പൂച്ച, പക്ഷി, തുടങ്ങിയ മൃഗങ്ങള്‍.
7. കെട്ടിടം പണിഞ്ഞതിനു ശേഷവും കെട്ടിടം കേടുപാടുകള്‍ തീര്‍ക്കുമ്പോഴും പൊളിക്കുമ്പോഴും അവശേഷിക്കുന്ന കല്ല്, മണല്‍, സിമന്റ്, വലിയ കട്ടകള്‍, ഇരുമ്പിന്റെ ഭാഗങ്ങള്‍, എന്നിങ്ങനെയുള്ള വസ്തുക്കള്‍.
8. തടി, പ്ലാസ്റ്റിക് തുടങ്ങി ഭക്ഷ്യവസ്തുക്കള്‍ വരെയുള്ള വ്യവസായശാലകളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍.
9. ആശുപത്രി മാലിന്യങ്ങള്‍. ഇതില്‍ ശരീരഭാഗങ്ങള്‍, മരുന്നുകള്‍, ഉപയോഗിച്ച സിറിഞ്ചുകള്‍, സൂചികള്‍ തുടങ്ങിയ അപകടകരമായ മാലിന്യങ്ങള്‍ ഉള്‍പ്പെടുന്നു. 

ആദ്യത്തെ തരത്തിലുള്ളവ പൊതുവെ അത്ര ദോഷംചെയ്യുന്നവയല്ല. അവ സംസ്‌ക്കരിക്കാനും വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍ തുറസ്സായ സ്ഥലത്ത് വെറുതെ കൂട്ടിയിട്ടാല്‍ അഴുകി ദുര്‍ഗ്ഗന്ധം വമിക്കുകയും കീടങ്ങള്‍, തെരുവുപട്ടികള്‍ തുടങ്ങിയവയെ ആകര്‍ഷിക്കുകയും രോഗങ്ങള്‍ പരത്താന്‍ സഹായിക്കുകയും ചെയ്യും.

നാമിപ്പോള്‍ ചെയ്യുന്നത് എല്ലാത്തരം മാലിന്യങ്ങളും ഒരുമിച്ചു കൂട്ടിയിടുകയാണ്, പലപ്പോഴും പ്ലാസ്റ്റിക് കൂടുകളില്‍. ഇത് തരംതിരിക്കുക എന്നത് വളരെ ദുഷ്‌കരമാണ്, വളരെ മനുഷ്യാദ്ധ്വാനം ആവശ്യമുള്ളതുമാണ്. ഇങ്ങനെ എല്ലാത്തരം മാലിന്യങ്ങളും വഴിയോരത്തോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ കൂട്ടിയിടുക, അല്ലെങ്കില്‍ തുറസ്സായ സ്ഥലത്തിട്ട് തീയിടുക എന്നതാണ് മിക്ക നഗരങ്ങളിലും നാം ഇപ്പോള്‍ ചെയ്തുവരുന്നത്. 

ഇത് തികച്ചും അശാസ്ത്രീയവും അപകടകരവുമായ നടപടിയാണെന്നതിന് സംശയമില്ല. ആദ്യമായി, പൊതുവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിടുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍. ആ പ്രശ്‌നങ്ങളില്‍ ഏറ്റവും ലളിതമായത് മാലിന്യങ്ങള്‍ അഴുകിയുണ്ടാകുന്ന ദുര്‍ഗ്ഗന്ധമാണ്. മിക്ക നഗരങ്ങളിലും മാലിന്യം സംസ്‌ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കു തടസ്സമാകുന്നത് മാലിന്യം ദുര്‍ഗന്ധം വമിപ്പിക്കുന്നു എന്നതാണ്. തിരുവനന്തപുരത്തെ വിളപ്പില്‍ശാല ഇതിനൊരു ഉദാഹരണം മാത്രം.

ഇനിയുമുണ്ട് പ്രശ്‌നങ്ങള്‍. പലതരം രോഗാണുക്കള്‍ക്കും അവയെ വഹിക്കുന്ന സൂക്ഷ്മജീവികള്‍ക്കും യഥേഷ്ടം വളരാനുള്ള സാഹചര്യമൊരുക്കുകയാണ് അവയിലൊന്ന്. കേരളത്തില്‍ പടര്‍ന്നുപിടിച്ച പല രോഗങ്ങള്‍ക്കും കാരണമായത് ഇത്തരം മാലിന്യക്കൂമ്പാരങ്ങളാണ്. അതുകൂടാതെ കുറേക്കൂടി വലിയ ജന്തുക്കലായ എലി, പട്ടി തുടങ്ങിയവയും ഈ കൂമ്പാരങ്ങളെ ആശ്രയിച്ചു വളരുന്നു. തെരുവുനായ്ക്കളെ പോറ്റിവളര്‍ത്തുന്നത് മാലിന്യക്കൂമ്പാരങ്ങളാണ്. മാലിന്യസംസ്‌ക്കരണത്തിന് ഫലപ്രദമായ മാര്‍ഗ്ഗം സ്വീകരിക്കാതെ കുറേ തെരുവുനായ്ക്കളെ കൊന്നതുകൊണ്ട് ആ പ്രശ്‌നം പരിഹരിക്കാനാവില്ല. അങ്ങനെ നമ്മെയിന്ന് കഷ്ടപ്പെടുത്തുന്ന പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിനുള്ള തുടക്കം മാലിന്യസംസ്‌ക്കരണമാണ്.

മാലിന്യങ്ങള്‍ ഗൗരവമായ പ്രശ്‌നമാകാന്‍ തുടങ്ങിയത് നഗരവല്‍ക്കരണത്തോടെയാണ്. ഗ്രാമവാസികളായിരുന്ന കാലത്ത് ധാരാളം തുറന്ന സ്ഥലവും കുറഞ്ഞതോതില്‍ വിഭവങ്ങളുപയോഗിക്കുന്ന ചെറിയ ജനസംഖ്യയുമായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല, അക്കാലത്ത് ഉപയോഗിച്ചിരുന്ന പദാര്‍ത്ഥങ്ങള്‍ മിക്കതും ജൈവപദാര്‍ത്ഥങ്ങളായിരുന്നു. അവ പ്രകൃതിയില്‍ സ്വയം അഴുകി മറ്റു ജീവജാലങ്ങള്‍ക്കു് വളരാന്‍ സഹായിക്കുന്നവയുമായിരുന്നു. 

പണ്ടുകാലത്ത് മിക്ക രാജ്യങ്ങളിലെയും ജീവിതരീതി പ്രകൃതിക്ക് വളരെ അനുയോജ്യമായിരുന്നു എന്നതുകൊണ്ടുതന്നെ മാലിന്യം ഒരു പ്രശ്‌നമേയല്ലായിരുന്നു. നഗരവല്‍ക്കരണം ജനങ്ങളെ ചെറിയ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചപ്പോള്‍ത്തന്നെ മാലിന്യം വലിയ പ്രശ്‌നമായിത്തുടങ്ങി.  വ്യാവസായികവിപ്ലവവും ഉയര്‍ന്ന തോതില്‍ വിഭവങ്ങള്‍ ഉപഭോഗം ചെയ്തുള്ള ജീവിതരീതിയും വന്നതോടെ മാലിന്യപ്രശ്‌നം ഗുരുതരമായി. ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍നിന്നു വരുന്നവരെ അവരുടെ വസ്ത്രങ്ങളുടെ നാറ്റത്തില്‍നിന്നു തിരിച്ചറിയാമെന്ന് ഇംഗ്ലിഷ് സാമൂഹ്യപരിഷ്‌ക്കര്‍ത്താവായിരുന്ന എഡ്വിന്‍ ചാഡ്വിക് 1872 ല്‍ പ്രസ്താവിച്ചിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. അക്കാലത്ത് ബര്‍ലനില്‍ മാലിനജലമൊഴുകിപ്പോകാനായി നല്ല ഓടകള്‍തന്നെ ഇല്ലായിരുന്നുവത്രെ. 

അതുകൊണ്ട് നമുക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ പരിസരം മലിനമുക്തമാക്കാന്‍ കഴിയും. അതിന് മാലിന്യങ്ങള്‍ എങ്ങിനെയാണ് കൈകാര്യംചെയ്യേണ്ടതെന്ന് ഈ പ്രശ്‌നത്തെ നമ്മളേക്കാള്‍ വളരെ മുമ്പേ അഭിമുഖീകരിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്ത പാശ്ചാത്യരാജ്യങ്ങളെ നോക്കി പഠിച്ചാല്‍ മതി.

urban waste management

മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പല തലങ്ങളുണ്ട്. ഇവയില്‍ ഏറ്റവും അഭിലഷണീയമായത് തുടങ്ങി ഏറ്റവും അനഭിലഷണീയമായതു വരെ നമുക്കു പരിശോധിക്കാം. മാലിന്യം ഉല്പാദിപ്പിക്കാതിരിക്കുക എന്നതാവണമല്ലോ ഏറ്റവും അഭിലഷണീയമായത്. ഇതെങ്ങനെ സാധിക്കുമെന്ന് സംശയം തോന്നാം. രൂപകല്പനയില്‍ മുതല്‍ ഉത്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ഈ ആവശ്യം മനസ്സില്‍വയ്ക്കുന്നത് സഹായകമാകും. 

ഉദാഹരണമായി, ബുദ്ധിമുട്ടില്ലാതെ സംസ്‌ക്കരിക്കാനാകുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും വില്പനയ്ക്കായി അയയ്ക്കുമ്പോള്‍ സംസ്‌ക്കരിക്കാന്‍ പ്രയാസമുള്ള വസ്തുക്കള്‍ ഒഴിവാക്കുന്നതും ഒടുവില്‍ ഉപയോക്താവിന്റെ കൈവശമെത്തിക്കഴിഞ്ഞും കാര്യമായ മാലിന്യം വരുത്തിവയ്ക്കാതെ നോക്കുന്നതും ഇക്കാര്യം മനസ്സിലുണ്ടെങ്കില്‍ കുറെയൊക്കെ നടപ്പിലാക്കാന്‍ രൂപകല്പനയുടെ സമയത്തും ഉല്പാദന-വിപണന സമയങ്ങളിലും സാധിക്കുന്നതാണ്.

മറ്റുള്ളവര്‍ക്ക് രോഗങ്ങളുണ്ടാക്കും എന്ന പേരില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടും വഴിയോരങ്ങളിലും പറമ്പുകളിലും എല്ലാത്തരം ചപ്പുചവറും കൂട്ടിയിട്ടു തീയിടുന്നത് നിരോധിക്കാത്തത് വിരോധാഭാസമല്ലേ? ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുകവലിയിലൂടെ ഉണ്ടാകുന്ന പുകയും ചാരവും എത്രയോ ചെറുതാണ്! സര്‍ക്കാരുകളും മുനിസിപ്പാലിറ്റികളും ഇതിനൊരു പരിഹാരമുണ്ടാക്കുന്നില്ലെങ്കില്‍ പൊതുജനം തന്നെ മുന്നിട്ട് ഇറങ്ങേണ്ടിയിരിക്കുന്നു. 

എന്നുതന്നെയല്ല, മാലിന്യരഹിതനഗരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. സര്‍ക്കാരിനു മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്. അതുകൊണ്ട്, രോഗങ്ങളില്‍നിന്നും തെരുവുനായ്ക്കളില്‍നിന്നും രക്ഷ വേണമെങ്കില്‍ നമ്മളോരോരുത്തരും സാമൂഹ്യബോധത്തോടെ പെരുമാറുകയും ഉത്തരവാദിത്തത്തോടെ നാം ഉല്പാദിപ്പിക്കുന്ന മാലിന്യം ശരിയായ രീതിയില്‍ സംസ്‌ക്കരിക്കാനായി സഹകരിക്കുകയും ചെയ്യേണ്ടതുണ്ട്.

അതിനെന്താണ് വേണ്ടത്? ആദ്യമായി, മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം. പ്ലാസ്റ്റിക് സഞ്ചികളാണ് ഏറ്റവുമധികം ദോഷം ചെയ്യുന്ന വസ്തുക്കള്‍. ഓരോതവണ കടയില്‍ പോകുമ്പോഴും ഒരു പ്ലാസ്റ്റിക് സഞ്ചി മേടിക്കുന്നതിനു പകരം കയ്യില്‍ ഒരു തുണിസഞ്ചി കരുതിയാല്‍ അതു ആവര്‍ത്തിച്ചുപയോഗിക്കാമല്ലോ. അതല്ലേ നാം കുറച്ചുകാലം മുമ്പുവരെ ഉപയോഗിച്ചിരുന്നത്? സ്വന്തം വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ ഒരു സഞ്ചി വാഹനത്തില്‍ സ്ഥിരമായി വച്ചേക്കുക. അത് പ്ലാസ്റ്റിക് ആയാല്‍പ്പോലും ഓരോതവണ ഒരു പുതിയ സഞ്ചി മേടിക്കുന്നതിലും ഭേദമാണ്. പണ്ടൊക്കെ കടക്കാര്‍ കട്ടികുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍ വെറുതെ തരുമായിരുന്നു. ഇപ്പോള്‍ അത്തരം സഞ്ചികള്‍ ഉപയോഗിക്കാനാവാത്തതിനാല്‍ സഞ്ചിയുടെ വിലയായി ഒരു രൂപയോ അതിലധികമോ മേടിക്കുന്നുണ്ട്. അതു ലാഭിക്കുകയും ഒപ്പം നാട്ടിലെ മാലിന്യപ്രശ്‌നം കുറയ്ക്കാനായി സഹായിക്കുകയുമാവാം. ഇതുപോലെ, കുപ്പികള്‍ ടിന്നുകള്‍, തുടങ്ങി പല വസ്തുക്കളും പുനരുപയോഗിക്കാനാവുന്നതാണ്. മുമ്പ് എല്ലാവരും ചെയ്തുകൊണ്ടിരുന്നതുമാണ്. 

പേനമുതല്‍ വാഹനം വരെ ഉപയോഗശേഷം കളയുക എന്ന സംസ്‌ക്കാരം വന്നതോടെയാണ് മാലിന്യങ്ങള്‍ നിയന്ത്രണാതീതമായത്. നമ്മുടെ ശീലങ്ങള്‍ തിരികെ പഴയുതുപോലെയാക്കിയാല്‍ മാലിന്യത്തിന്റെ അളവ് വളരെയേറെ കുറയ്ക്കാനാകും. ഉദാഹരണമായി, ഒരുവശത്ത് എഴുതുകയോ അച്ചടിക്കുകയോ ചെയ്ത കടലാസുകള്‍ മറുവശത്ത് കുറിപ്പുകളെഴുതാനും അത്യാവശ്യത്തിന് ഒരു പകര്‍പ്പെടുത്തു വയ്ക്കാനുമെല്ലാം ഉപയോഗിക്കാവുന്നതാണ്, ചിലരെല്ലാം അങ്ങനെ ചെയ്യുന്നുമുണ്ട്. 

അങ്ങനെ വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നത് മെനക്കേടോ നാണക്കേടോ ആണെന്ന ചിന്തയാണ് പലരെയും അതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. അത്തരം ചിന്തകള്‍ മാറ്റിവച്ച്, ഉപഭോഗം കുറയ്ക്കുന്നതാണ് ഇന്നത്തെ ആവശ്യമെന്നും അതാണ് എല്ലാവരുടെയും കടമ എന്നും ചിന്തിച്ചാല്‍ത്തന്നെ മാലിന്യത്തിന്റെ അളവിന് കുറവുണ്ടാകും.

മാലിന്യങ്ങള്‍ തരംതിരിച്ച് വയ്ക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അങ്ങനെത്തന്നെ അവ ശേഖരിച്ച് ഓരോന്നും ഓരോ രീതിയില്‍ സംസ്‌ക്കരിക്കുകയുമാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ മാലിന്യത്തിന്റെയും അതുമായി ബന്ധപ്പെട്ട തെരുവുനായ്ക്കളുടെയും പ്രശ്‌നം നമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ പരിഹരിക്കാനാകും. 

നാമിത് ഇപ്പോള്‍ തുടങ്ങിയില്ലെങ്കില്‍ ഇനിയും ഈ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയും രോഗങ്ങള്‍ പടരുകയും ചെയ്യും. ടൈഗര്‍മോത്ത് എന്ന ജീവി പരത്തുന്ന പുതിയ രോഗം പടരുന്നതായി അടുത്തകാലത്തുവന്ന വാര്‍ത്ത സൂചിപ്പിക്കുന്നത് പുതിയ രോഗങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നാണ്. 

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി രോഗങ്ങളുടെ വിതരണത്തിലും അവ പരത്തുന്ന ജീവികളുടെ വിതരണത്തിലും മാറ്റമുണ്ടാകും എന്ന് കാലാവസ്ഥാവ്യതിയാനത്തിനുള്ള അന്തര്‍സര്‍ക്കാര്‍ സമിതി (Intergovernmental Panel on Climate Change, IPCC) മുന്നറിയിപ്പു നല്‍കിയിട്ടു വര്‍ഷം പത്താകാന്‍ പോകുന്നു.

നമ്മുടെ നാട്ടില്‍ സര്‍ക്കാരായാലും ജനങ്ങളായാലും 'ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല' എന്ന മട്ടിലിരിപ്പാണ്. നമ്മുടെ ഈ നിസ്സംഗത മാറ്റിവച്ച് വേണ്ടതു ചെയ്തില്ലെങ്കില്‍ നാം തന്നെയാവും അനുഭവിക്കാന്‍ പോകുന്നത്.

(തിരുവനന്തപുരം 'സെന്റര്‍ ഫോര്‍ എത്ത് സയന്‍സ് സ്റ്റഡീസി'ല്‍ നിന്ന് റിട്ടയര്‍ചെയ്ത ശാസ്ത്രജ്ഞനാണ് ലേഖകന്‍)