നിനക്കോര്‍മ്മയുണ്ടോ ?നമ്മുടെ വീടിനു ചുററും നിറയെ തൊട്ടാവാടിച്ചെടികളായിരുന്നു. ഒരു പിടി നീലിച്ച ഓര്‍മ്മകള്‍ സമ്മാനിച്ച് വല്ലപ്പോഴും മാത്രം വിരിയുന്ന അവയുടെ പൂക്കള്‍ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. അതിന് തൊട്ടാവാടി ഒരിക്കലും ഒരു പരാതിയും പറഞ്ഞില്ല. പാവം, നീലപ്പൂക്കളുമായി, തൊടുമ്പോള്‍ നാണം കുണുങ്ങി അതങ്ങനെ പരിഭവങ്ങളില്ലാതെ കഴിഞ്ഞുകൂടി. പക്ഷേ നമ്മള്‍ രണ്ട് പേരും തൊട്ടാവാടിയെ സ്‌നേഹിച്ചിരുന്നു...കുട്ടിക്കാലത്ത് എപ്പോഴും പരിഭവങ്ങള്‍ മാത്രം പറഞ്ഞ് നടന്നിരുന്ന നീ തൊട്ടാവാടിയെ നോക്കി പഠിച്ചില്ല. നിനക്കതിന് കഴിഞ്ഞില്ല...നിനക്കെന്നും എല്ലാത്തിനോടും പരിഭവമായിരുന്നു...

manjadiവൈകുന്നേരങ്ങളില്‍ മഴയും വെയിലും ഒരുമിച്ചെത്തുമ്പോള്‍ വീടിന് ചുറ്റുമെത്തുന്ന പെരുന്തുമ്പികളായിരുന്നു മറ്റൊരു വിരുതന്‍മാര്‍. വലിയ ചെമ്പന്‍ നിറമുളള തുമ്പികളെ ഞങ്ങള്‍ വിളിച്ചിരുന്നത്  പെരുന്തുമ്പിയെന്നായിരുന്നു. എത്ര പിടിക്കാന്‍ നോക്കിയാലും പിടി തരാതെ അതങ്ങനെ പാറിപ്പറന്ന് നടക്കും. കൈയിലൊതുക്കാന്‍ എത്ര പ്രാവശ്യം നോക്കിയെന്നോ? എന്തിനായിരുന്നു  അവയ്ക്കിത്ര ധൃതി, ആരോടായിരുന്നു ഇത്ര മത്സരം? ആരെക്കുറിച്ചും ചിന്തിക്കാതെ അങ്ങനെ പാറിപ്പറന്ന് നടക്കാന്‍ എന്തുകൊണ്ട് തുമ്പിയെ കണ്ടും നീ പഠിച്ചില്ല? ആകാശത്തങ്ങനെ വെയിലേറ്റ് കൂട്ടമായി പാറിപ്പറക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അന്നെത്ര കൊതിച്ചിരുന്നു. ഇന്നും....അതല്ലേ ശരി.....എന്തിനാണത് പറയാന്‍ മടിക്കുന്നത്. 

ക്ലാസിലെന്നും സ്‌ളെയ്റ്റ് മായിക്കാന്‍ കൂടുതല്‍ വെള്ളത്തണ്ട് കൊണ്ടു പോകാറുളളത് ഞാനായിരുന്നു. മതിലിന്റെ ഓരത്ത് നിന്ന് പൊട്ടിച്ചെടുക്കുമ്പോള്‍ വെള്ളത്തണ്ടില്‍ നിന്നും മുഖത്തേക്ക് ഇത്തിരി വെള്ളം തെറിക്കും. അതിന്റെ മണം നിനക്കത്ര രസിക്കാറില്ല. ചെളികലര്‍ന്ന മണ്ണിന്റെ വാസന. സ്‌ളെയ്റ്റിലെ തെറ്റും ശരിയും എത്ര വേഗമാണ് വെള്ളത്തണ്ട് മായിച്ചു കളഞ്ഞത്. എഴുതിയതിന്റെ അടയാളമൊന്നും ഒരിറ്റുപോലും ബാക്കി വെയ്ക്കാതെ അങ്ങനെ തെറ്റും ശരിയും മായ്ച്ചു കളയാന്‍ എന്നോടെപ്പോഴും വെള്ളത്തണ്ട് പറയാറുണ്ടായിരുന്നു. എവിടെ കേള്‍ക്കാന്‍....ഇന്നെന്തോ നീ അത് ഓര്‍ത്തുപോയോ? ഇപ്പോഴും ആ മതിലിനരികിലെ മഷിത്തണ്ടിന് അത്ര പെട്ടെന്ന് എല്ലാം മായ്ച്ച് കളയാന്‍ കഴിയുന്നുണ്ടോ? ഞാന്‍ പോയാല്‍ നിന്നോട് പിണക്കമായിരിക്കും.....പറഞ്ഞതൊന്നും കേള്‍ക്കാത്ത നിന്നെ മഷിത്തണ്ടിന് ഇഷ്ടമായിരിക്കില്ല.

തൊടിയില്‍ പോയി മഞ്ചാടിപ്പെറുക്കലായിരുന്നു നിന്റെ പ്രധാനപ്പെട്ട മറ്റൊരു നേരമ്പോക്ക്. ഞവര പോലുളള ഒരു കായയുടെ അകത്താണ് മഞ്ചാടിക്കുരു ഉണ്ടാകാറുളളത്. കാണുമ്പോള്‍ വാരിയെടുത്ത് ഒഴിഞ്ഞ മഷിക്കുപ്പി വൃത്തിയാക്കി ഞാനതില്‍ നിറയെ മഞ്ചാടി നിറച്ചു വെക്കുമായിരുന്നു. കണ്‍മഷിയിട്ട കുന്നിമണിയോട് മഞ്ചാടിക്കിത്തിരി അസൂയഉണ്ടായിരുന്നില്ലെ...ഇല്ലായിരുന്നു...അവര്‍ക്കിടയില്‍ ഒരിക്കലും അങ്ങനെയൊന്നുമില്ലായിരുന്നു..കലഹിക്കാതെ അവരാ തൊടിയില്‍ വീണും മുളച്ചും...അങ്ങനെ കഴിഞ്ഞു...ക്ലാസില്‍ പുത്തനുടുപ്പിട്ട് വന്ന കൂട്ടകാരിയോട് അസൂയ തോന്നിയ നീ അവരെ നോക്കാതെ തിരിച്ച് നടന്നു....lane

പച്ച കലര്‍ന്ന മയില്‍പ്പീലി നിറത്തില്‍ അന്നാദ്യമായാണ് ആ പൂമ്പാറ്റ നിന്റെ മുറ്റത്ത് വന്നത്....നിനക്കെന്തോ അതിനെ പിടിക്കാന്‍ തോന്നിയില്ല...അത് പാറിക്കോട്ടെ....കാരണം അവയ്ക്ക്  ഈ ഭൂമിയില്‍ ലഭിച്ചത് നിമിഷങ്ങള്‍ മാത്രമല്ലെ....വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ആയുസ്സായി കിട്ടിയിട്ടും നുകരാന്‍ പോകുന്ന പൂവിനെ കുറിച്ച് മാത്രം തേടി അലഞ്ഞ പൂമ്പാറ്റകള്‍ ഇന്നിന്റെ മാത്രം കാവലാളുകളാണ്..അവര്‍ക്ക് നാളേകളില്ല....എന്നിട്ടും നീ ഒരിക്കലും ഇന്നില്‍ ജീവിക്കാന്‍ പഠിച്ചില്ല...നമുക്കെപ്പോഴും വരാനിരിക്കുന്നതിനെ പറ്റിയുളള ആര്‍ത്തി മാത്രമായിരുന്നു.....

ഇന്ന് നീ തിരിച്ച് നടക്കുകയാണ് തൊട്ടാവാടിയുടെ ക്ഷമ പഠിക്കാന്‍, തുമ്പിയെപ്പോലെ പാറിപ്പറക്കാന്‍, മഷിത്തണ്ടില്‍ നിന്നും എല്ലാ മായ്ക്കാനുളള കണ്‍കെട്ട് വിദ്യയുടെ രഹസ്യമറിയാന്‍.....എനിക്കതെല്ലാം ഇപ്പോള്‍ വേണമെന്ന് തീവ്രമായി തോന്നുന്നു..ലഹരി തേടി നടക്കുന്ന നീലിച്ച ഞരമ്പുകള്‍ വലിഞ്ഞെരിയുന്ന ഒരു ഭ്രാന്തിയായി നീ തിരിച്ച് നടക്കുകയാണ്....പക്ഷേ ഇപ്പോഴുമുണ്ടാകുമോ അവരെല്ലാം അവിടെ...അതോ ശ്വാസംമുട്ടിക്കുന്ന കോണ്‍ക്രീററ് കാടായി  മാറിയിരിക്കുമോ ആ ഇടമെല്ലാം?