കാവുകള്‍ക്ക് പരിസ്ഥിതിയുമായി  അഭേദ്യമായ ബന്ധമാണുള്ളത്. കൂട്ടംകൂട്ടമായി പലതരത്തിലുള്ള വൃക്ഷങ്ങളും വള്ളികളും കുറ്റിച്ചെടികളും നിറഞ്ഞ് പലതരത്തിലുള്ള ജീവികളുടെ ആവാസകേന്ദ്രമായി നിലകൊള്ളുകയാണ് കാവുകള്‍. പക്ഷെ കാവുകള്‍ക്ക് മതങ്ങളുമായി ബന്ധപ്പെട്ട ഒരു കാഴ്ചയാണ് നമുക്ക് തരാനാവുന്നത്. മതങ്ങളെക്കാളും മനുഷ്യരുമായാണ് കാവുകളെ ബന്ധപ്പെടുത്തേണ്ടത്.

കാവുകള്‍ സംരക്ഷിത പ്രദേശങ്ങളാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും കാവുകള്‍ മതങ്ങളുമായി ബന്ധപ്പെടുത്തി സംരക്ഷിക്കപ്പെട്ടിരുന്നു. പാവനമായ പരിവേഷം നല്‍കപ്പെട്ടതു കൊണ്ട് കടന്നുകയറ്റം ഉണ്ടാകാതെ നിലകൊള്ളാന്‍ കാവുകള്‍ക്കായി.

ചരിത്രരേഖകളില്‍ യൂറോപ്പിലെ എസ്റ്റോണിയയില്‍ 2500ഓളം കാവുകളുണ്ടെന്നാണ് കണക്ക്. സാങ്കേതികമായി വികസിതരാഷ്ട്രമാണെങ്കിലും പാവനപ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടുകയും പ്രാദേശിക ആചാരങ്ങള്‍ പാലിക്കപ്പെടുകയും ചെയ്യുന്നുണ്ട് അവിടെ. 2008-ല്‍ രൂപം നല്‍കിയ ഒരു ദേശീയ പദ്ധതിയിലൂടെ ഇത്തരം ഇടങ്ങള്‍ നിലനിര്‍ത്താനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു ഈ രാജ്യത്തെ ഭരണകൂടം.

ആഫ്രിക്കന്‍ രാജ്യമായ ഘാനയിലും നിരവധി കാവുകളുണ്ട്. ഈ കാവുകള്‍ അനേകം ജീവികളുടെ അഭയകേന്ദ്രമാണ്. ചരിത്രപ്രധാനമായ ഘാനാ സാമ്രാജ്യ തലസ്ഥാനത്ത് അല്‍ഗാബാ (അര്‍ഥം: വനം)എന്ന കാവ് ഒരു വിഭാഗം ജനങ്ങളുടെ മതപരമായ ചടങ്ങുകളുടെ അനുഷ്ഠാന കേന്ദ്രമായിരുന്നു. ഘാനയിലെ കാവുകളെല്ലാം തന്നെ ഇപ്പോള്‍ ജനാധിപത്യ ഭരണകൂടത്തിന്റെ സംരക്ഷണത്തിലാണ്.

ജപ്പാനില്‍ കാവുകള്‍ പ്രധാനമായും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരാധനാലയങ്ങളും ബലിപീഠങ്ങളുമൊക്കെ തന്നെ ഇത്തരം കാവുകള്‍ക്കടുത്തോ കാവുകള്‍ക്കുള്ളിലോ പണി കഴിപ്പിച്ചിരിക്കുന്നു.

മലേഷ്യയില്‍ മരങ്ങള്‍ നടുന്ന ഒരാചാരം തന്നെ നിലനിന്നിരുന്നു. വീടുകള്‍ക്കടുത്തും പരിസരങ്ങളിലും മരങ്ങള്‍ വളര്‍ത്തി അവര്‍ പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ചു. അങ്ങോളമിങ്ങോളം നിരവധി കാവുകള്‍ നിറഞ്ഞ ഒരു രാജ്യമാണ് മലേഷ്യ. ശ്മശാനഭൂമികള്‍ പരിശുദ്ധമെന്ന് കരുതിയതു കൊണ്ട് വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തുന്ന ശീലം നാട്ടുകാര്‍ക്കുണ്ടായി. ആ സ്ഥലങ്ങള്‍ ചെറുകാടുകളായി മാറുകയും ചെയ്തു.

ഇന്ത്യയിലാവട്ടെ രാജ്യത്താകമാനം അനവധി കാവുപ്രദേശങ്ങളുണ്ട്. 2002-ന് മുമ്പ് കാവുകള്‍ സംരക്ഷണ നിയമപരിധിക്കുള്ളില്‍ ഉള്‍പ്പെട്ടിരുന്നില്ല. അതിനു ശേഷം കാവുകളേയും വനസംരക്ഷണ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചു. ഹിന്ദുമതം മാത്രമല്ല ബുദ്ധ, ജൈന, ഇസ്ലാം മതങ്ങളുമായി ബന്ധപ്പെട്ട നിരവധി കാവുകള്‍ നമ്മുടെ നാട്ടില്‍ കാണാം. എല്ലാ മതങ്ങളും പ്രകൃതിസംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നത് പ്രശംസനീയം തന്നെയാണ്. പക്ഷെ ഇക്കാര്യം വര്‍ത്തമാനകാലത്തില്‍ എത്ര മതങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നത്‌ ഒരു ചോദ്യം തന്നെയാണ്.

14000ത്തോളം കാവുകള്‍ ഇന്ത്യലൊട്ടാകെ ഉണ്ടെന്നാണ് കണക്ക്. ജീവജാലങ്ങളുടേയും സസ്യജാലങ്ങളുടേയും വൈവിധ്യം കാണപ്പെടുന്ന കാവുകള്‍ പ്രകൃതിയില്‍ വലിയൊരു ആവാസവ്യവസ്ഥയാണ് പ്രദാനം ചെയ്യുന്നത്.

കേരളത്തിലെ കാവുകള്‍

സംസ്ഥാന വനംവകുപ്പ് 300ഓളം കാവുകളുടെ സംരക്ഷണം അതിന്റെ കീഴിലാക്കിയിട്ടുണ്ട്. കേരളത്തില്‍ ഹിന്ദുമതവുമായുള്ള ബന്ധത്തിലാണ് കാവുകളുടെ നിലനില്‍പ്പ്. മതവിശ്വാസങ്ങളുടെ വിലക്കുകള്‍ പ്രവേശനം നിരോധിച്ചത് കാവുകള്‍ക്ക് രക്ഷയായി. വിശാലമായ അളവില്‍ ഭൂമി സസ്യജാലങ്ങളാല്‍ നിറഞ്ഞ് സംരക്ഷിക്കപ്പെട്ടു.

കേരളത്തിലെ കാവുകളിലധികവും സര്‍പ്പക്കാവുകളാണ്. പ്രകൃത്യാരാധന ലോകത്തിലെ മിക്കയിടത്തും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ സര്‍പ്പക്കാവുകള്‍ പല തരം പാമ്പുകളുടേയും പല്ലികളുടേയും പക്ഷികളുടേയും തവളകളുടേയും അഭയകേന്ദ്രമായി.

വലിയൊരു കുടുംബത്തിന്റെ അല്ലെങ്കില്‍ ഒരു തറവാടിന്റെ വകയായാണ് കാവുകള്‍ സംരക്ഷിക്കപ്പെട്ടിരുന്നത്. അവിടത്തെ ജലാശയങ്ങളും പാവനമായി കരുതപ്പെട്ടിരുന്നത്‌ കൊണ്ട് ഇവിടത്തെ ജലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടാതിരിക്കുന്നതിനും മലിനമാകാതിരിക്കുന്നതിനും കാരണമായി.

മരങ്ങളില്‍നിന്ന് പൊഴിഞ്ഞു വീഴുന്ന ഇലകളും ചില്ലകളും അവിടെത്തന്നെ മണ്ണില്‍ ലയിച്ച് വളമായി കൂടുതല്‍ മരങ്ങള്‍ തഴച്ചു വളരാന്‍ സഹായകമായി. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും പക്ഷിക്കൂട്ടവും ചീവീടുകളും ഇവിടത്തെ പച്ചപ്പും കുളിര്‍മയും ആവോളം ആസ്വദിച്ച് ഇവിടെ താമസമാക്കി.

പ്രധാനമായും കാവുകളുടെ എണ്ണത്തില്‍ കുറവു വരാനുള്ള കാരണം വലിയ തറവാടുകളുടെ ഭാഗം വെയ്ക്കലോ തറവാടുകള്‍ നശിപ്പിക്കപ്പെട്ടതോ ആവാം. കാവുകള്‍ നീക്കം ചെയ്ത് അവിടെ വീടുകള്‍ പണിതത് മറ്റൊരു കാരണമായി. കുറെയൊക്കെ നശിപ്പിക്കപ്പെടാനുള്ള കാരണം പ്രകൃതിക്ഷോഭങ്ങളാവാം.

കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത

ഭൂമിയിലെ ജീവികളുടെ നിലനില്‍പ്പ് പരസ്പരപൂരകമാണ്. എല്ലാ ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം എന്നത് അനിവാര്യതയാണ്. കാവുകള്‍ ആ ആവശ്യം നിറവേറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചുകൊണ്ട് നിലനില്‍ക്കുന്നു. അതു മാത്രമല്ല മണ്ണൊലിപ്പ് തടയുന്നതില്‍ കാവുകളിലെ മരങ്ങള്‍ സഹായിക്കുന്നു. ഭൂമിയിലെ ജീവജാലങ്ങളുടെ ഒരു പ്രധാന ആവാസകേന്ദ്രം എന്ന നിലയില്‍ കാവുകള്‍ നശിക്കാതെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

അപൂര്‍വമായ സസ്യസമ്പത്ത് കാവുകളില്‍ കാണപ്പെടുന്നു. അപൂര്‍വയിനം സസ്യങ്ങള്‍ നാമാവശേഷമാകാതിരിക്കാന്‍ കാവുകള്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. കാവുകളെ ഒരു ചെറിയ ഭൂമിയായി വേണമെങ്കില്‍ കരുതാവുന്നതാണ്. കാരണം വിവിധ ചെടികളും ജീവികളും നല്ലൊരന്തരീക്ഷവും പ്രദാനം ചെയ്യുന്ന കാവുകള്‍ നമ്മുടെ ജീവന് നല്കൂന്നത് പുനര്‍ജീവനമാണെന്ന് മറക്കാതിരിക്കുന്നത് നമുക്ക് നന്ന്.