ഒരു മണിക്കൂര്‍ കൂടി നടന്നാല്‍ മതി, കെണികളും മറ്റ് ആയുധങ്ങളും ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ഥലം എത്തും'. ജലെസിങ് തന്റെ കൂടെ നടക്കുന്ന ഫോറസ്റ്റ് ഗാര്ഡിനോടു മുരണ്ടു... ഞങ്ങള്‍ ഏതാണ്ടു 15 കിലോമീറ്റര്‍ കൊടും കാട്ടിനകത്താണ്. ആനകളും പുലികളും കടുവയും വിഹരിക്കുന്ന നിബിഡവനം. വഴി കാട്ടുന്നത് വിലങ്ങിട്ട ഒരു കടുവ വേട്ടക്കാരന്..!
കുറച്ചു ദിവസങ്ങള്‍ മുന്‍പ് അയാള്‍ ഇതേ വഴിയില്‍കൂടി വന്നിരുന്നു, അപ്പോള്‍ മറ്റ് മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു കൂട്ടിന്. അവര്‍ സഞ്ചരിച്ച വഴികളിലൂടെ ഇപ്പോള്‍ ഞങ്ങളും പോകുകയാണ് വിലങ്ങിട്ട ജലെസിങ്ങ് ഒപ്പമുണ്ട്. അപകടങ്ങള്‍ പ്രതീക്ഷിക്കാം, അത് ചിലപ്പോള്‍ കാട്ടു മൃഗങ്ങളാവാം. അതല്ലെങ്കില്‍, മറ്റൊരു വേട്ടക്കാരന് ആവാം, കാരണം വിലങ്ങിട്ടവന് മുഴുവന്‍ സത്യം പറയണമെന്നില്ല. പറയാറുമില്ല.

ജലെസിങ്ങും കൂട്ടാളികളും വെറും വേട്ടക്കാരല്ല. നല്ല പക്കാ പ്രൊഫഷനല്‍ കടുവാ വേട്ടക്കാര്‍! രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കടുവാ വേട്ടകള്‍ നടത്തിയിട്ടുണ്ട് ഇവരുടെ സംഘം. ജലെസിങ് പറഞ്ഞതനുസരിച്ചാണെങ്കില്‍, അയാള്‍ക്ക് ഏതാണ്ടു 30 വര്‍ഷമായി ഈ പണി തന്നെ. ഒരിക്കലും പിടിക്കപ്പെടാതെ പല കാടുകളില്‍ കയറി കടുവകളെയും പുലികളെയും കൊന്നൊടുക്കി. അവയുടെ ഭാഗങ്ങള്‍ കള്ളക്കടത്തായി രാജ്യാതിര്‍ത്തിയില്‍ എത്തിച്ചു വിറ്റു ജീവിക്കുന്ന ഒരു കൂട്ടം നാടോടികളാണ് ഇവര്‍.
'സാബ്... ഏക് ബീഡി...' ജലെ കുറച്ചു സമയമായി ബീഡി ചോദിക്കുന്നു. നടപ്പ് തുടങ്ങിയിട്ടു മൂന്നുനാലു മണിക്കൂര്‍ ആയി. ആരും ഒന്നും കഴിച്ചിട്ടില്ല, ഇത്ര ദൂരം നടപ്പും വിചാരിച്ചില്ല... ശരി, ഇനി കുറച്ചു വിശ്രമം ആവാം. ജലെ തന്റെ ബീഡി കത്തിച്ചു... ഒരു പാറപ്പുറത്തിരുന്നു, ബീഡി വലിക്കുന്നതിനിടയില്‍ ചുറ്റും നോക്കുന്നുണ്ട്... ഒരു തരം കെണിയില്‍ അകപ്പെട്ട കടുവയുടെ ഭാവം മുഖത്ത്.
ഒരു കൈ വിലങ്ങിലാണ്, ...അതിന്റെ അറ്റം ഒരു വനപാലകന്റെ കൈയില്‍ കെട്ടി സുരക്ഷിതമാക്കി. കാട്ടില്‍ ഇവനെ വിശ്വസിക്കാന്‍ പറ്റില്ല, ഓരോ കാടും അവന് സ്വന്തം തട്ടകമാണ്, ഒരു നിമിഷം മതി അവന് കാട്ടില്‍ മറയാന്‍.
'ചുറ്റുമൊന്നു നോക്കിക്കോ ... ഇവന്മാരേ സൂക്ഷിക്കണം... ഇവന് നമ്മളെ ചിലപ്പോള്‍ കുടുക്കിലാക്കും. ഒരു വീരപ്പന് തരം കെണി'. ഒരു ഗാര്‍ഡ് ഉറക്കെ പറഞ്ഞതു പലരുടേയും മനസ്സായിരുന്നു.ഒരു കടുവാവേട്ടക്കാരനെ ഒരിക്കലും വിശ്വസിക്കാന്‍ വയ്യ. പ്രത്യേകിച്ച്, കാട്ടില്‍വെച്ചു പിടിക്കപ്പെട്ട ഒരുത്തനെ. ചതി എപ്പോഴും പ്രതീക്ഷിക്കാം.
'എന്താ പ്ലാന്‍...? ഇനി എങ്ങോട്ട് നടക്കണം?' ജലെയോട് ചോദിച്ചു. ജലെ തന്റെ വിലങ്ങിട്ട കൈ കാട്ടിലേക്ക് ചൂണ്ടി. അവിടെ വഴിയൊന്നും കാണാന്‍ ഇല്ല. ഈ ഇല്ലാ വഴികളാണ് ഇനി വഴി.
ജലെ തന്റെ ബീഡിവലി തുടര്‍ന്നു,
ജലെ സിങ്ങും കൂട്ടരും, ഹരിയാനയില്‍നിന്നു കടുവാവേട്ടയ്ക്കായി ഇവിടെ വന്നതാണ്. കോടികള്‍ മറിയുന്ന അന്താരാഷ്ട്ര വന്യജീവി കള്ളക്കടത്തിന്റെ ഇന്ത്യന്‍ ശൃംഖലയുടെ തുടക്കം ഇവരില്‍ നിന്നാണ്. തലമുറകളായി കൈമാറിക്കിട്ടിയ വേട്ടയുടെ കഴിവുകള്‍ ഇവരിലുണ്ട്. കാട് ഇവര്‍ക്ക് നാടിനേക്കാള്‍ സുപരിചിതം. കൊടുംകാട്ടിനുള്ളില്‍ കടുവകളുടെ നടപ്പാതകള്‍ കണ്ടെത്താന്‍ ഇവര്‍ക്കു സവിശേഷ സിദ്ധി തന്നെയുണ്ട്.
ദിവസങ്ങളോളം ഈ പാതകള്‍ നിരീക്ഷിച്ച ശേഷം, പ്രത്യേകതരം കെണികള്‍ വെച്ച് ഇവര്‍ കടുവകളെ കുടുക്കിലാക്കും. കെണിയില്‍ വിണ കടുവകളെ നീണ്ട ഇരുമ്പുകുന്തങ്ങള് ഉപയോഗിച്ചു കൊലപ്പെടുത്തും. അവയുടെ തുകലും അസ്ഥികളും മറ്റ് ശരീര ഭാഗങ്ങളും കൈക്കലാക്കി ഇവര്‍ കടന്നുകളയും.

നമ്മുടെ രാജ്യത്തെ പല കടുവാ സങ്കേതങ്ങളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഒരിക്കല്‍ വേട്ടയ്ക്കായി കാട്ടില്‍ കയറിയാല്‍ ഒരു കടുവയോ പുലിയോ വീണുകിട്ടാതെ ഇവര്‍ പുറത്തിറങ്ങില്ല. ദിവസങ്ങള്‍ വനപാലകരുടെ ശ്രദ്ധയില്‍ പെടാതെ ഇവര്‍ കാട്ടില്‍ ഉണ്ടും ഉറങ്ങിയും കടുവ പോലും അറിയാതെ അവനെ നിരീക്ഷിച്ചും കഴിയും..! വന്യജീവിശാസ്ത്രത്തില് ഡോക്ടറേറ്റ് നേടിയവരെ പോലും അമ്പരപ്പിക്കുന്ന ഈ കഴിവാണ് ഇവരുടെ ഏറ്റവും വലിയ ആയുധം.
വിശ്രമം തീര്‍ന്നു. ഉണങ്ങി വരണ്ട നദിയിലൂടെ ജലെ കാട്ടിത്തന്ന ദിശയില്‍ ഞങ്ങള്‍ വീണ്ടും രണ്ടു സംഘങ്ങളായി നടപ്പ് തുടര്‍ന്നു. മുമ്പേ പോകുന്ന സംഘത്തിന് സുരക്ഷ ഉറപ്പാക്കുന്ന ദൗത്യമാണ്. രാവിലെ മുതല്‍ കാട്ടുപോത്തുകളും മ്ലാവുമൊക്കെ വഴിയിലുണ്ട്. ഇവിടെ അധികം പേടിക്കേണ്ടത് ആനകളെയാണ്. എന്റെ കൈയില്‍ ഇപ്പോള്‍ ആകെയുള്ള ആയുധം ഒരു മുളവടിയാണ്. തട്ടി വീഴാതെ കുത്തി നടക്കാന്‍ ഉപകരിച്ചേക്കും. ആനയോടു ഇത് പോരാ... വല്ലോ പുലിയോ കടുവയോ വന്നാല്‍? ജലെ തന്നേ ശരണം!
'ഇതൊക്കെ വീരപ്പന്റെ രാജ്യമായിരുന്നു... ഇവിടെ കുറച്ചു മുകളിലായി ഒരിക്കല്‍ വീരപ്പനും സംഘവും വനപാലകരെ ആക്രമിച്ചിട്ടുണ്ട്...' മുതിര്‍ന്ന ഒരു വനപാലകന് തന്റെ ഓര്‍മകള്‍ അയവിറക്കി. (ആനേം പുലിയേം പേടിച്ചിട്ടു നടക്കാന്‍ വയ്യാ.. അപ്പോളാ ഇയാള്‍ വീരപ്പന്റെ ഉപകാരസ്മരണ നടത്തുന്നത്...!)
നദി ഒരു തിരുവിലെത്തിയപ്പോള് ജലേ നിന്നു... ഒന്നു ചുറ്റും നോക്കി, മുമ്പില്‍ കണ്ട ഒരു മരത്തില്‍ സൂക്ഷിച്ചു നോക്കി ഒന്നു രണ്ടു നിമിഷം നിശ്ചലനായി. പിന്നെ മറുകരയില്‍ ഉള്ള പൊന്തക്കാട്ടിലേക്ക് വിരല്‍ ചൂണ്ടി. 'ആ വലിയ കല്ലിന്റെ കീഴിലാണ് ഞങ്ങള്‍ താമസിച്ചത്. അതിനകത്ത് ആയുധങ്ങളും പാത്രങ്ങളും മറ്റും ഒളിപ്പിച്ചിട്ടുണ്ട്.
ഇടത്തു വശത്തുകൂടി കയറിയാല്‍ ഗുഹയുടെ മുമ്പില്‍ എത്താം...'നദിയുടെ തിട്ടില്നിന്നു നോക്കിയാല്‍ അസാധാരണമായി ഒന്നും കാണാന്‍ ഇല്ല. കുറച്ചു പൊന്തക്കാടുകള്‍. അപ്പുറം വലിയ മൂന്നാല് പാറകള്‍. അത്രമാത്രം. ഒരു സംഘം നദീതടത്തില്‍ നിന്നു, മറ്റേ കൂട്ടര് ജലെയുമായി നിശ്ശബ്ദം മുകളിലേക്ക് കയറി. അപകടമോ ആക്രമണമോ എപ്പോഴും പ്രതീക്ഷിക്കണം. കാട്ടില്‍ കയറി കടുവയെ കൊല്ലുന്ന കൂട്ടര് ഒളിച്ചു താമസിക്കുന്ന സ്ഥലം തീര്‍ച്ചയായും കുഴപ്പം പിടിച്ചതാണ്.
മുകളില്‍ എത്തിയപ്പോള്‍ കണ്ടു, ആരോ തമ്പടിച്ചതിന്റെ അവശിഷ്ടങ്ങള്‍. തീ കത്തിച്ച സ്ഥലം, ഒന്നു രണ്ട് ഒഴിഞ്ഞ തീപ്പെട്ടികള്‍, ബാറ്ററിക്കൂടുകള്, പിന്നെ കുറച്ചു പത്രക്കടലാസുകളും. നാലുപേര്‍ കുറെ നാള് ഒളിച്ചു താമസിച്ച സ്ഥലമാണ് എന്നു പറയാന്‍ പറ്റില്ല.
ജലെ തന്റെ ഒളിസ്ഥലം വിശദമായി കാട്ടിത്തന്നു. രണ്ടു പാറകള്‍ക്ക് ഇടയില്‍ ഉള്ള ഈ സ്ഥലം വളരെ സുരക്ഷിതമാണ്. കടുവയോ പുലിയോ വന്നാല്‍ 'തേടിയ കടുവയെ ഗുഹയില്‍ കിട്ടി' എന്നു പറഞ്ഞ് ഇവര്‍ സന്തോഷമായി നേരിടും. ആനയ്ക്കാവട്ടെ ഇങ്ങോട്ട് എത്തിപ്പെടാനും കഴിയില്ല.
ഗുഹയില്‍ നിന്നു നോക്കിയാല്‍ നദിയും പരിസരവും നന്നായി കാണാം, വളരെ തന്ത്രപ്രധാനമായ ഒളിസ്ഥലം തന്നെ! ചിലപ്പോള്‍ വര്‍ഷങ്ങളായി ഈ കൂട്ടര് ഇവിടെ കടുവാ വേട്ടയ്ക്കു വരുന്നുണ്ടായിരിക്കാം. ആദ്യമായിട്ടാണ് ഈ കാട്ടില്‍ വരുന്നതെന്ന് ഇവന് പറഞ്ഞതു പച്ചക്കള്ളം ആവാനാണ് വഴി.
ജലെ നിലത്തിരുന്നു. ഒരു പ്രത്യേക സ്ഥലത്തു നിന്നു കുറച്ച് ഉണങ്ങിയ ഇലകള്‍ മാറ്റി. എന്നിട്ട് പാറയ്ക്കടിയില്‍ നിന്ന് ഒരു കല്ല് നീക്കി.
ഒരു പ്ലാസ്റ്റിക് ചാക്ക് സാവധാനം വലിച്ചെടുത്തു. ചാക്കില്‍ ഇരുമ്പ് ഉരയുന്ന ശബ്ദം. ഒരു ധീരനായ ഒളിപ്പോരാളി തന്റെ താവളം കാട്ടിത്തരുന്ന മുഖഭാവത്തോടെ, ജലെ തന്റെ ആയുധങ്ങള്‍ ഓരോന്നായി പുറത്തേക്കെടുത്തു.

ഒരു വലിയ കാല്ക്കെണി. ('ഖട്ക' എന്നു പേരുള്ള ഈ കെണിയാണ് ഇവരുടെ പ്രധാന ആയുധം. കടുവ നടക്കുന്ന വഴിയില്‍ ഇതാണ് വെക്കുക). മൂന്നു നാല് വലിയ കൂര്‍ത്ത ഇരുമ്പു കത്തികള്‍, രണ്ടു കുന്താഗ്രങ്ങള്, ചങ്ങലകള്‍, കുറച്ചു നട്ടും ബോള്‍ട്ടും... അങ്ങനെ ഒന്നൊന്നായി പലതും പുറത്തേക്ക് വരാന്‍ തുടങ്ങി. തീര്‍ന്നില്ല... ഉപ്പ്, അരി, ഗോതമ്പു പൊടി, മുളകു പൊടി, പാത്രങ്ങള്‍... കണ്മുമ്പില് കണ്ടിട്ടും വിശ്വസിക്കാന്‍ വയ്യ! 'ദൈവമേ ... ഇനി ഇവന്റെ കെട്ടിയോളും പിള്ളേരും കൂടി അകത്തു കാണുമോ!'. റേഞ്ച് ഓഫീസര്‍ക്ക് മറ്റൊന്നും പറയാന്‍ ഇല്ലായിരുന്നു.

അഞ്ചാറു വര്‍ഷമായി, ഞാന്‍ പലതരം വേട്ടക്കാരെ കണ്ടിരിക്കുന്നു. ഇത് ആദ്യമായിട്ടാണ് ഇതു പോലൊരു കടുവാവേട്ടക്കാരനൊപ്പം അവന്റെ ഒളിത്താവളത്തില്‍ എത്തുന്നത്. ഓരോ നിമിഷവും വിലപിടിച്ചതാണ്. ഒന്നും വിടാതെ ഞാന്‍ മൂവി ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു.
ജലെ ഇപ്പം തികച്ചും ശാന്തനാണ്.പിടിക്കപ്പെട്ടു എന്ന സത്യം അയാള്‍ മനസ്സിലാക്കി എന്നു വ്യക്തം. വീണ്ടും ഒരു ബീഡി കൂടി അയാള്‍ ആവശ്യപ്പെട്ടു, അതും പുകച്ചുകൊണ്ട് അയാള്‍ ചുമ്മാ ചുറ്റും നോക്കിക്കൊണ്ടിരുന്നു. വനപാലകര്‍ ഓരോ തെളിവുകളും ഒരുമിച്ചു കൂട്ടിത്തുടങ്ങി. ഞാന്‍ ജലെയുടെ മുഖത്തു തന്നെ നോക്കിക്കൊണ്ടിരുന്നു. ആ മുഖത്ത് ഒരു തരം നിസ്സംഗത മാത്രം.
വയര്‍ലസ്സ് സന്ദേശമനുസരിച്ചു ഭക്ഷണവും വെള്ളവും എത്തിയിരുന്നു. കഴിഞ്ഞ രാത്രിയില്‍ രണ്ടു മണിക്കൂറേ ഉറങ്ങിയിട്ടുള്ളൂ. പിന്നെ രാവിലെ മുതല്‍ വെറും വയറ്റിലുള്ള നടത്തമാണ്. തുടര്‍ന്നുള്ള നടപടികള്‍ മാറ്റി വെച്ച് എല്ലാവരും ഓരോ തേക്കിലയെടുത്ത് കുമ്പിള്കൂട്ടി ചോറും പരിപ്പും കഴിക്കാന്‍ ഇരുന്നു. കാട്ടില്‍ സാധാരണ ഇതാണ് അവസ്ഥ. ജലെയും ഞാനും ഒരുമിച്ചാണ് നിലത്തു ചമ്രം പടിഞ്ഞിരുന്നത്. മനപ്പൂര്‍വമാണ്, അവിടെ ഇരുന്നത്. കാരണം എനിക്ക് അയാളോടു കൂടുതല്‍ സംസാരിക്കണം. ഇപ്പോള്‍ അയാള്‍ ഏറെക്കുറെ ശാന്തനാണ്. സംസാരിക്കാന്‍ പറ്റിയാല്‍ നല്ല കാര്യം.
'ബോസ്... പണി തീര്‍ന്നു, അല്ലേ..? 'ഞാന്‍ കണ്ണിറുക്കി ജലെയോട് ചുമ്മാ ഒരു ചോദ്യം ചോദിച്ചു.ജലേ കഴിപ്പു നിര്‍ത്തി, എന്നെ ഒന്നു നോക്കി. ചാര നിറത്തിലുള്ള അയാളുടെ കണ്ണുകള്‍ ചെറുതായി തിളങ്ങി എന്നു തോന്നി. ചോറും, പരിപ്പും പറ്റിപ്പിടിച്ച മീശ തുടച്ചുകൊണ്ട് അയാള്‍ എന്നെ അടിമുടി നോക്കി ഒന്നു ചിരിച്ചു. 'ശരിയാ... കൊച്ചനേ... ഇത്തവണ പണി പാളി. മാത്രമല്ല, പണി കിട്ടുകേം ചെയ്തു;
ഇല്ലായിരുണങ്കില് ഞങ്ങള്‍ ഇപ്പം സാധനങ്ങള്‍ (ഒരു നാലു കടുവകള്‍ ചുരുങ്ങിത് എന്നു വായിക്കുക) കൊണ്ടു ട്രെയിന്‍ കയറിയേനേ. നിങ്ങള്‍ ഒന്നും അറിയില്ലായിരുന്നു, എത്ര വര്ഷമായിട്ടു ഞങ്ങള്‍ ഈ പണി ചെയ്യുന്നതാ... ആ പുച്ഛം കലര്‍ന്ന മറുപടിച്ചിരി എന്നോടു മാത്രമല്ല രാജ്യത്തെ മുഴുവന്‍ വനപാലകരോടുമുള്ള വെല്ലുവിളിയായിരുന്നു.
ജലെ രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെട്ടു, ഒരു ബീഡി കൂടി വേണം, പിന്നെ വിലങ്ങ് കുറച്ച് അയയ്ക്കണം. രണ്ടും സാധിച്ചു കൊടുത്തു, കൂടാതെ ഒരു കുപ്പി വെള്ളവും കൊടുത്തു. ചുറ്റും വനപാലകര്‍ കാവലുണ്ട്. മുട്ടില്കൂടി കയറി വന്ന ഒരു തൊങ്ങന്‍ പുഴുവിനെ തോണ്ടിക്കളഞ്ഞിട്ട്, സാവധാനം ആസ്വദിച്ച് ഒരു പുക വിട്ട്, പാറമേല്‍ ചാഞ്ഞിരുന്ന് ജലെ എന്നെ നോക്കി. പിന്നെ പതുക്കെ സംസാരിക്കാന്‍ തുടങ്ങി...
ഞങ്ങള്‍ ഹരിയാനക്കാരാണ്. അവിടെ 'കാല്ക്ക' എന്ന സ്ഥലമാണ് സ്വദേശം. അപ്പനപ്പൂപ്പന്മാരായി കടുവാ വേട്ടക്കാരാണ്. ഇതല്ലാതെ മറ്റൊരു പണിയും അറിയില്ല -ജലേ പറഞ്ഞു. അസാധാരണമായ ആ ജീവിതം ചുരുങ്ങിയ വാക്കുകളില്‍ അയാള്‍ ഇങ്ങനെ വരച്ചിട്ടു.
ഏല്ലാ വര്‍ഷവും ഒന്നോ രണ്ടോ തവണ ഞങ്ങള്‍ കാടു കയറും. ഓരോ തവണയും ഒന്നോ രണ്ടോ 'പട്ടാവാല'യെ (വരയന്‍ പുലി = കടുവ ) അല്ലെങ്കില്‍ 'ചുഗ്ഗാവാല'യെ (പുള്ളിപ്പുലി) കൊണ്ടു പുറത്തു വരികയും ചെയ്യും -അതു പറയുമ്പോള്‍ അയാള്‍ നിസ്സംഗനായിരുന്നു. അസാധാരണമായോ അസ്വാഭാവികമായോ ഒന്നും അയാള്‍ക്ക് അതില്‍ തോന്നുന്നില്ല. അവകാശവാദങ്ങളുമില്ല! കടുവയെ കാണാന്‍ പോലും കിട്ടാത്തവരാണ് സാധാരണക്കാര്‍. ഇവര്‍ കാട്ടില്‍ കയറിയാല്‍ അവനെയും കൊണ്ടേ ഇറങ്ങൂ.
'ഇത്തവണത്തെ കാര്യം പറ' -ഞാന്‍ കൂടുതല്‍ ചോദിക്കാന്‍ തുടങ്ങി.കൂടെയുണ്ടായിരുന്ന ജഗ്ദീഷ് എന്നവന് കുറച്ചു മാസം മുമ്പ് അരുണാചല്‍ പ്രദേശില്‍ വെച്ചു പോലീസിന്റെ വലയില്‍ പെട്ടു. കൈയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം പോലീസ് പിടിച്ചെടുത്തു. ജാമ്യം കിട്ടാന്‍ കുറച്ചു കാശും ചെലവായി. മൊത്തം നഷ്ടം. തിരിച്ചു ഹരിയാനയ്ക്ക് പോയി. പുതിയ കെണികള്‍ ഉണ്ടാക്കാനും ചെലവിനും വലിയ തുക വേണ്ടിയിരുന്നു. ഒരു സ്ഥിരം കച്ചവടക്കാരന് കാശു തന്നു. മൊത്തം നാല് കടുവാത്തോലിന് ഓര്‍ഡറും തന്നു. കൂടാതെ കുറച്ച് അസ്ഥികളും വേണം. അതു കൊണ്ട് ഇത്തവണ ഇങ്ങോട്ട് പോന്നു.
അതെന്താ ഇവിടം തിരഞ്ഞെടുക്കാന്‍ കാരണം ?വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു ഗാങ് ഇവിടെ വന്നിരുന്നു. ഒത്തിരി കടുവകള്‍ ഇവിടെ ഉണ്ട് എന്നവര്‍ പറഞ്ഞു. ഒരു നല്ല മാപ്പും ഉണ്ടാക്കി തന്നു. അതു പ്രകാരമാണ് ഇവിടെ എത്തിയത്. ഒരു സ്ഥലം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, പിന്നെ കാട്ടില്‍ കയറാനുള്ള തയ്യാറെടുപ്പുകള്‍ നടത്തും. കുറച്ചു ദിവസം കഴിയാന്‍ വേണ്ട സാധനങ്ങള്‍ കരുതും. ചായപ്പൊടി, പഞ്ചസാര, മസാലപ്പൊടികള്‍ കൂട്ടിക്കലര്‍ത്തിയ ഒരു കൂട്, ആവശ്യത്തിനുള്ള ബാറ്ററികള്‍, അരി, ഗോതമ്പു പൊടി, ഉപ്പ്.. അങ്ങനെ പലതും. ബീഡിയും (പറ്റിയാല്‍ നല്ല ഇടുക്കി ഗോള്‍ഡ് നിറച്ചത്) ആവശ്യത്തിനു കരുതും. ഇതെല്ലാം ഒരു ചാക്കിലാക്കി വയ്ക്കും
ആരും അറിയാതെ കാട്ടില്‍ കയറണം. അതിനും ഉണ്ട് മാര്‍ഗങ്ങള്‍. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു ചെറിയ സംഘം, കുറച്ചു പ്ലാസ്റ്റിക് പൂക്കളും വില കുറഞ്ഞ കമ്പിളി പുതപ്പുകളുമായി കാടിനടുത്തുള്ള ഗ്രാമങ്ങളില്‍ ഊരുചുറ്റും. കച്ചവടമല്ല പ്രധാന ലക്ഷ്യം. ഇത് ഒരു തന്ത്രമാണ്. വേട്ടക്കാര്‍ ഇതിനിടെആരും കാണാതെ കാട്ടില്‍ മറയും. ഇതാണ് പതിവ് രീതി.
ഞങ്ങള്‍, ഒരു ദിവസം ഉച്ചയ്ക്ക്, അണക്കെട്ടിനടുത്ത് എത്തി. അവിടെ ഉണ്ടായിരുന്നവര്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയം നോക്കി കാട്ടില്‍ കയറി. ഏതാണ്ട് 15 കിലോമീറ്റര്‍ നടന്ന് ഇവിടെ എത്തി, പിന്നെ ഒളിച്ചു താമസിക്കാന്‍ പറ്റിയ ഒരു സ്ഥലം നോക്കി. അങ്ങനെയാണ് ഈ പാറക്കെട്ട് കണ്ടുപിടിച്ചത്.
ഒരു കാര്യം ഇവര്‍ ഒരിയ്ക്കലും മറക്കില്ല. പ്രാര്‍ഥിക്കാന്‍. എല്ലാ തമ്പുകളിലും രാവിലെ തന്നെ പൂജ നടത്തും. വിജയകരമായ ഓരോ വേട്ടയ്ക്കും വില്‍പ്പനയ്ക്കും ശേഷം അമ്പലത്തില്‍ പ്രത്യേക ബലിയും നടത്തും. 'കാല്‍ക്കാ മാത' എന്നു വിളിക്കുന്ന ദുര്‍ഗാദേവിയാണ് കുലദേവത. ഒരു കാര്യം മാത്രമേ എനിക്കു മനസിലാക്കാന്‍ വിഷമം തോന്നിയുള്ളൂ. സ്വന്തം വാഹനമായ കടുവയെ കൊല്ലാന്‍ ദേവി സഹായിക്കുമോ എന്ന കാര്യം!??
വിശ്രമം കഴിഞ്ഞു, വീണ്ടും നടത്തം. ഇനി ലക്ഷ്യം കടുവയെ പിടിക്കാന്‍ കെണി വച്ച സ്ഥലമാണ്. സമയം ഉച്ച കഴിഞ്ഞതു കൊണ്ട് മൃഗങ്ങളുടെ വിഹാരം കുറവുണ്ട്. ജലേ പറഞ്ഞ പ്രകാരം കുറച്ചു മുകളില്‍ ഒരു പാറക്കെട്ട് ഉണ്ട്. അവിടെ ഒരു ചെറിയ ഉറവയും. അതിനടുത്താണ് കെണി വെച്ചിരിക്കുന്നത്.ഇവന് പറയുന്ന സ്ഥലത്ത് അങ്ങനെ ഒരു ഉറവ ഉണ്ടാകാന്‍ വഴിയില്ല. കൂടെ വന്ന വനപാലകന് പറഞ്ഞു. അവിടം മുഴുവന്‍ പാറക്കെട്ടാണ്. മഴക്കാലത്ത് വെള്ളം ഒഴുകും. പക്ഷേ ഈ വേനലില്‍ വെള്ളം കാണാന്‍ വഴി ഇല്ല.
ജലേ പറഞ്ഞ സ്ഥലത്ത് എത്തി.
നട്ടുച്ച. ചുറ്റും ഉണങ്ങി വരണ്ട കാട്. മുമ്പില്‍ ചെരിഞ്ഞ ഒരു പാറക്കെട്ട്. മഴക്കാലത്തു വെള്ളം ഒഴുകുന്ന സ്ഥലമാണ്. ഇപ്പോള്‍ വേനല്‍ കഴിയാന്‍ പോകുന്നു. ഒരു തുള്ളി വെള്ളം എങ്ങും കാണാനില്ല.'ഡാ... ഉറവ എവിടെയാ... ചുമ്മാ കള്ളം പറഞ്ഞു ചുറ്റിക്കാനാണോ ഭാവം?' വനപാലകരിലൊരാള്‍ കയര്‍ത്തു. നഹി സാബ്, വെള്ളം ദാ അവിടെ ആ കല്ലിന്റെ പുറകില്‍ ഉണ്ട് -ജലേ ഉണങ്ങി വരണ്ടു പൊള്ളിക്കിടക്കുന്ന പാറ ചൂണ്ടിക്കാട്ടി പറഞ്ഞു. ഒരു വനപാലകന് ജലേയേയും കൊണ്ട് മുമ്പോട്ടു നടന്നു.
മറ്റുള്ളവര്‍ നിശബ്ദരായി ചുറ്റും നിരീക്ഷിച്ചു കൊണ്ടിരുന്നു. അപകടം കടുവയോ, കടുവ വേട്ടക്കാരോ ആയി വരാമല്ലോ!
ജലേ ആ പൊള്ളിക്കിടന്ന പാറപ്പുറത്തു കൂടെ കുറച്ചു ദൂരം നടന്നു. രണ്ടു ചെറിയ കല്ലുകള്‍ക്കിടയില്‍ കുത്തിയിരുന്നു. പിന്നെ കാണുന്നത് അയാള്‍ വെള്ളം കയ്യില്‍ കോരി കുടിക്കുന്നതും തല തണുപ്പിക്കുന്നതുമാണ്!അടുത്തു ചെന്നു നോക്കിയപ്പോള്‍ ഞങ്ങള്‍ അദ്ഭുതപ്പെട്ടു പോയി. നല്ല തണുത്ത ഒരു നീരുറവ! ഒരു ചെറിയ വിള്ളലില്‍ കൂടി അതങ്ങനെ ഒഴുകുകയാണ്. കുളിര്മയുള്ള ശുദ്ധ ജലം! ഈ വെള്ളം കുടിക്കാനാണ് കടുവ വരുന്നത്.

ഉദ്യോഗസ്ഥരെ നയിക്കുന്നു
ഇപ്പം തോന്നിത്തുടങ്ങി. ജലേ ശരിക്കും ഒരു പുലി തന്നെ... പാറക്കെട്ടിനടുത്ത്, മറ്റൊരു ഒളിസ്ഥലം. അവിടെ ഒളിപ്പിച്ചു വച്ച ഒരു കടുവാക്കെണി. അയാളതു കാട്ടിത്തന്നു. ഉറവയില്‍ നിന്ന് ഏതാണ്ട് 20 മീറ്റര്‍ മാത്രം ദൂരത്താണ് ഈ ഒളിസ്ഥലം. 'ഇതാ, ഇവിടെയാണ് ഞാന്‍ നാലു ദിവസം കാത്തിരുന്നത്. എന്നും മൃഗങ്ങള്‍ വന്നിരുന്നു. കരടികള്‍, കാട്ടുപന്നികള്‍, ഒരു പുലി... പിന്നെ ഒരു നല്ല വരയനും. ഏതാണ്ട് എട്ടടി നീളം വരും. എല്ലാ ദിവസവും ഉച്ച കഴിഞ്ഞാണ് അവന് വെള്ളം കുടിക്കാന്‍ വന്നിരുന്നത്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ഇനം. അവനെ പിടിക്കാന്‍ വേണ്ടിയാണ് ഇവിടെ തന്നെ കെണി വച്ചത്.
ഒരു വേട്ടക്കാരന്റെ എല്ലാ കൗശലങ്ങളും ജലേയുടെ കണ്ണുകളില്‍ തിളങ്ങി. കൊള്ളാം, നല്ല സമയോം സ്ഥലോം! ഒരു കണ്ടന് കടുവ ദാഹിച്ചു വലഞ്ഞു വെള്ളം കുടിക്കാന്‍ സ്ഥിരം വരുന്ന സ്ഥലത്തു നിന്നാണ് കൊച്ചുവര്‍ത്തമാനം പറയുന്നത്! മൊത്തം നാലു കെണികള്‍ വച്ചിരുന്നു. എല്ലാ കാര്യങ്ങളും പ്ലാന്‍ അനുസരിച്ചു പോകുമ്പോഴാണ് ഒരു കെണി ആന ചവിട്ടി ഒടിച്ചത്. അത് നന്നാക്കാന്‍ ഒരു ദിവസം എടുത്തു. ബീഡിയും 'ഇടുക്കി ഗോള്‍ഡും' സ്റ്റോക്ക് തീര്‍ന്നു. അതുകൊണ്ടു ഒന്നു പുറത്തിറങ്ങി കുറച്ചു സാധനം വാങ്ങിക്കാന്‍ തീരുമാനിച്ചു. അന്നാണ് ഞങ്ങള്‍ പിടിയിലായത്. പോകണ്ട എന്നു ഞാന്‍ പറഞ്ഞതാണ്. പക്ഷേ വലിക്കാതെ പറ്റില്ലല്ലോ. പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന് ഇപ്പോള്‍ ജലേയ്ക്ക് മനസ്സിലായതു പോലെ...
പലയിടത്തായി സ്ഥാപിച്ചിരുന്ന ബാക്കി മൂന്നു കെണികള്‍ കൂടി ഞങ്ങള്‍ വീണ്ടെടുത്തു. എല്ലാം സ്ഥിരമായി കടുവ വരുന്ന സ്ഥലങ്ങള്‍ തന്നെ! ഇപ്പോള്‍ ഞങ്ങള്‍ അവസാനത്തെ സ്ഥലത്താണ്. ജലേയും കൂട്ടുകാരനും കൂടി കുഴിച്ചിട്ട ഒരു ചങ്ങല പുറത്തെടുക്കുന്നിടത്ത്! ഏതാണ്ട് മൂന്നടി ആഴം കാണും കുഴിക്ക്. കെണിയില്‍ കോര്‍ത്ത ചങ്ങല അതില്‍ അടിച്ചുറപ്പിച്ചിരിക്കുന്നു. കാല് കെണിയില്‍ കുടുങ്ങിയാല്‍ കഥ തീര്‍ന്നതു തന്നെ. കടുവ അല്ല ആന വലിച്ചാല്‍ പോലും ഇതു പുറത്തു വരില്ല. എല്ലാത്തിലുമുണ്ട് ജലേയ്ക്ക് ഒരു പ്രൊഫഷണല്‍ ടച്ച്!

സത്യം പറയാമല്ലോ, ഇവന്മാരുടെ മൊത്തം തയ്യാറെടുപ്പുകള്‍ കണ്ടാല്‍ ബഹുമാനം കൂടുകയേ ഉള്ളൂ. നാലക്ഷരം എഴുതാനും വായിക്കാനും അറിയാത്തവരാണ്, തീവണ്ടി കയറി ഭാഷ അറിയാത്ത സ്ഥലത്തു വന്ന് കൊടുംകാട്ടില്‍ കയറി പത്തു ദിവസം വനപാലകര്‍ കാണാതെ കടുവാ വേട്ട നടത്തിയത്. എല്ലാ മുക്കിലും മൂലയിലും രഹസ്യമായി കുറ്റവാളികളെ തപ്പിനടക്കുന്ന പോലീസിനേം വെട്ടിച്ചു വിലസിയത്.
ഈ കാടിനുള്ളില്‍ ഇവരുടെ അതിജീവനതന്ത്രങ്ങള്‍, മൃഗങ്ങളെ പിന്തുടരാനുള്ള കഴിവ്, അവയുടെ സ്വഭാവരീതികളെകുറിച്ചുള്ള തനതായ പഠനങ്ങള്‍... ഇതൊക്കെ ആരെയും അമ്പരപ്പിക്കും വിധം വിസ്മയകരമാണ്. ഇവരുടെ ഈ കഴിവുകള്‍, വന്യജീവി സംരക്ഷണത്തിനാണ് ഉപയോഗിക്കുന്നതെങ്കില്‍ എത്ര വലിയ കാര്യമായിരിക്കും അത്!
ജലേ ചങ്ങല പുറത്തെടുത്തു. കടുവയ്ക്കു കെണി വെക്കുന്ന വിധം വിശദമായി കാട്ടിത്തന്നു. സുമാര്‍ അഞ്ചു മിനിറ്റിനുള്ളില്‍ കെണി മണ്ണിനടിയില്‍ ഒളിപ്പിച്ചു. പുറമേ ഒന്നും കാണില്ല. ഉണങ്ങിയ മണ്ണും പുല്ലും ഇലകളും മാത്രം. ഒരു ചെറിയ ഉണക്ക ചില്ല ഒടിച്ചു കെണിയുടെ സൈഡില്‍ വെച്ചിട്ടുണ്ട്. വെറുതെ മണ്ണിന് മുകളില്‍. ഞാന്‍ ഒന്നും വിടാതെ പഠിക്കുകയാണ്. ഇത്തരം ക്ലാസ്സുകള്‍ ഇനി ഒരിയ്ക്കലും കിട്ടില്ലല്ലോ!
'കടുവ നടന്നു വരുമ്പം, ദാ... ഇങ്ങനെ ഒരു ഉണക്ക കമ്പ് വഴിയില്‍ കിടന്നാല്‍, അവന് അത് ഒഴിവാക്കി കാല് മുമ്പോട്ടു വയ്ക്കും, അത് കൃത്യം കെണിയ്ക്ക് നടുക്കായിരിക്കും!' ജലേയുടെ വിശദീകരണം. അതൊരു വെളിപാടായിരുന്നു! വളരെ ചെറിയ ഇത്തരം സൂത്രങ്ങളാണ് ഇവരുടെ വലിയ രഹസ്യങ്ങള്‍!. ഇതൊക്ക കണ്ടത് കൊള്ളാം, പക്ഷേ ഈ പണികള്‍ ഇവിടെ തന്നെ മറന്നേക്കണം... ഫീല്‍ഡ് ഡയറക്ടര്‍ ബി.ജെ. ഹോസ്മട്ട് എല്ലാവരോടുമായി പറഞ്ഞു.
ഇല്ല.. ഞാന്‍ ഒന്നും മറന്നില്ല. മാത്രമല്ല, മുഴുവന്‍ റെക്കോഡും ചെയ്തു കഴിഞ്ഞു! (കഴിഞ്ഞ കുറച്ചു മാസങ്ങളായി പല കടുവാ സങ്കേതങ്ങളിലും ഈ വീഡിയോകള്‍ മുന്‍നിര വനപാലകര്‍ക്കു കാട്ടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. കെണി വൈക്കുന്ന വിധം ഉള്‍പ്പടെ). സമയം സന്ധ്യയാകാറായി. ഇനി ഇവിടെ നില്‍ക്കുന്നത് നല്ലതല്ല. തൊണ്ടി സാധനങ്ങള്‍ എല്ലാം കിട്ടി. ഒരു ചാക്കു നിറയെ തെളിവുകള്‍! തിരിച്ചു നടത്തം തുടങ്ങി. ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ നടന്നപ്പോള്‍ ജീപ്പ് കണ്ടു. ഹാവൂ!
ജീപ്പില്‍ ജലേ പുറകില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വയര്‍ലെസ്സ് സന്ദേശം എത്തി. വഴിയില്‍ ആനക്കൂട്ടം ഇറങ്ങിയിട്ടുണ്ട്. ജീപ്പിന്റെ വേഗത കുറഞ്ഞു. ചുറ്റും കാടിന്റെ നിശബ്ദത മാത്രം. ജീപ്പിന്റെ ഹെഡ് ലൈറ്റില്‍ കാണാം, പുള്ളിമാനുകള്‍ കൂട്ടമായി വഴിയില്‍ ഇറങ്ങിവരുന്നു. പുറകെ, ഏതു വളവിലും കടുവയോ പുലിയോ കാണാം...
'ഇവന്റെ കണ്ണ് ഇനി മൂടി കെട്ടിക്കോ, നമ്മുടെ കടുവയ്ക്ക് കണ്ണു കിട്ടണ്ടാ..' കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു. ശരിയാണ്, ഇവന് കിടുവാണ്. ഒരു കടുവയെ കണ്ടാല്‍ ആദ്യം ഇവന് ചിന്തിക്കുക അതിനെ എങ്ങനെ കൊല്ലാം എന്നാണ്. എത്ര ലക്ഷത്തിന്റെ മുതലാണ് എന്നും!
?? ജലേയ്ക്കും കൂട്ടര്‍ക്കും കോടതി മൂന്നു വര്‍ഷം തടവ് വിധിച്ചു. ഇവര്‍ ഇപ്പോള്‍ കര്‍ണാടകത്തില്‍ ജയിലില്‍ ആണ്. സാധാരണ ഇത്തരം കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടു പോകാറുണ്ട്. ഒരിക്കല്‍ ജാമ്യം കിട്ടിയാല്‍, ഇവര്‍ മുങ്ങും. കോടതി അതു മനസിലാക്കി നേരെ വിധി നടപ്പാക്കി.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാല്‍ ഇവര്‍ എന്താവും ഇനി ചെയ്യുക? ഒന്നും പറയാന്‍ പറ്റില്ല. മറ്റൊരു തൊഴിലും ഇവര്‍ക്കറിയില്ല. നമുക്കാണെങ്കില്‍ കാടുകളില്‍ കടുവയും പുലിയും ആനയും ഒക്കെ നിലനില്ക്കുകയും വേണം. അത് അടുത്ത തലമുറയോടുള്ള കടപ്പാടാണല്ലോ. ആയതിനാല്‍ ഇത്തരം കണ്ടുമുട്ടലുകള്‍ ഇനിയും ഉണ്ടാകാന്‍ തന്നെയാണ് സാധ്യത...
Jose Louies , Head - Enforcement Assistance & LAW. Wildlife Trust of India