'മുമ്പില്‍ പോകുന്നവന്‍ വിടുവായനാണെങ്കില്‍ പിറകില്‍ പോകുന്നവന്‍ പൊട്ടക്കണ്ണന്‍ ആയിരിക്കും''പഴയൊരു നായാട്ടു പഴഞ്ചൊല്ലാണിത്. ഇലയനങ്ങാതെ മയങ്ങുന്ന കാട്ടിലൂടെ ചപ്പിലക്കിലുക്കം പോലുമില്ലാതെ പതിഞ്ഞു നീങ്ങണം..തലക്കു ചുറ്റിലും ഒരായിരം കണ്ണും കാതും  വേണം.. ആ നിമിഷം വരെ കാടിന്റെ താളക്രമത്തില്‍ ഇണചേര്‍ന്നു നിന്ന ഒരു ആനയോ കാട്ടുപൊത്തോ, മ്ലാവോ കരടിയോ, അകലവും കോണും കൃത്യമായി അളന്നുകൊണ്ട് എരിഞ്ഞ വെടിമരുന്നില്‍നിന്നു കുതിച്ചുപാഞ്ഞ  കൂര്‍ത്ത ഇരുമ്പിന്‍ കഷണങ്ങള്‍ തുളച്ചു കയറി 'വെടിത്തറയില്‍' ഇടറി വീഴുമ്പോള്‍ കാട് ഒന്നായിളകുന്നു. അതിന്റെ സമവാക്യങ്ങള്‍ മാറുന്നു.

കൊളോണിയല്‍ കാലങ്ങള്‍ തൊട്ടു രേഖപ്പെടുത്തിയ നായാട്ടു ചരിത്രം നമുക്കുണ്ടെങ്കിലും ആര്‍ക്കുമറിയാതെ കാടിനെ പോറലേല്‍പ്പിച്ചു കൊണ്ട് നടന്ന ഇത്തരം നാടന്‍ നായാട്ടുകള്‍ നിരവധി.
കേരളത്തിലെ കാടുകളില്‍ നായാട്ടിനു ആക്കം കൂടിയത് വനം കുടിയേറ്റങ്ങളുടെ കഥകള്‍ പറഞ്ഞ അറുപതുകളിലും എഴുപതുകളിലും ആയിരുന്നു. അതില്‍ പലതിനും അതിജീവനത്തിന്റെ 'ന്യായീകരണങ്ങള്‍' ഉണ്ടായിരുന്നു. കേരളത്തിന്റെ സ്വന്തം 'നായാട്ടു വീരന്മാരില്‍' ഇന്നും മുഴങ്ങുന്ന പേരുകളാണ് കോതമംഗലം-കവളങ്ങാട്ടു ഭാഗത്തെ കുടിയേറ്റക്കാരായ 'ടി.എം.ഇട്ടനും' മകനായ 'ഇട്ടന്‍ മാത്തുക്കുട്ടിയും', പിന്നെ ഒരേ ഒരു പെണ്ണ് നായാട്ടുകാരിയായ 'മറയൂര്‍ കുട്ടിയമ്മയും'. പാലായില്‍നിന്നു ചിന്നാറിലേക്ക് കുടിയേറിയ വട്ടവയലില്‍ കുടുംബാംഗമായ കുട്ടിയമ്മയുടെ  കെട്ടിയവന്‍ തേവന്‍ വിഭാഗത്തില്‍പെട്ട കറുപ്പയ്യയും നായാട്ടു ചരിത്രത്തില്‍ തന്റെതായ ഇടം പിടിച്ചിട്ടുണ്ട്.

പണ്ടൊക്കെ ഓരോ നായാട്ടുസംഘത്തിനും കാട്ടില്‍ വ്യക്തമായ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നു. പരസ്പരം മത്സരിക്കാതെയുള്ള ഒരുതരം കീഴ്‌വഴക്കം. അറുപതുകളുടെയും എഴുപതുകളിലെയും  വനംകയ്യേറ്റത്തിന്റെ വേലിയേറ്റത്തില്‍ ഒലിച്ചു പോയത് വലിയൊരു വിഭാഗം വന്യജീവിസമ്പത്തായിരുന്നു. പ്രത്യേകിച്ചും ആന, കാട്ടുപോത്ത്, മാനുകള്‍ തുടങ്ങിയവ. പിന്നെ മരുന്നിനായി മുള്ളന്‍പന്നിയും, ഉടുമ്പും, കൂരാനും മലമ്പാമ്പും  കരടിയുമൊക്കെ.. 
1972 വന്യജീവി സംരക്ഷണനിയമം നിലവില്‍ വന്നതിനു ശേഷവും ഏതാണ്ട് തൊണ്ണൂറുകളുടെ മദ്ധ്യം വരെ നായാട്ടുകള്‍ ഏറെക്കുറേ സജീവമായിരുന്നു. മുന്‍പ് ആനക്കൊമ്പിനു മാത്രമുണ്ടായിരുന്ന രഹസ്യവിപണി പതുക്കെ കേരളത്തില്‍ കാട്ടിറച്ചിക്കും കൈവന്നു.

ശോഷിച്ചുവന്ന വന്യജീവിവൈവിധ്യത്തിന്റെ  സമ്പത്ത് കണക്കിലെടുത്ത് തന്നെ വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗങ്ങളെയും പക്ഷികളെയും മറ്റു ജീവജാലങ്ങളെയും പ്രാധാന്യമനുസരിച്ച് ആറു  ഷെഡ്യൂളുകളായി തിരിച്ചു അതീവസംരക്ഷണം ഉറപ്പു വരുത്തി. ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ വിശേഷ ദിവസങ്ങള്‍ക്കു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മലയോരമേഖലകളില്‍ നായാട്ടുകാര്‍ കാടുകയറുമായിരുന്നു. അത് ഇപ്പോഴും വനപാലകരുടെ കണ്ണെത്താത്ത പല പോക്കറ്റുകളിലും തുടര്‍ന്ന് പോരുന്നു. ഉണക്ക ഇറച്ചി കുടുംബങ്ങളിലും സുഹൃത്തുക്കളിലുമെത്തി. ആരും ഒന്നും പുറത്തു പറഞ്ഞില്ല. എല്ലാം അറിയാമെങ്കിലും.

കാട്ടിറച്ചിക്ക് പട്ടണങ്ങളിലെ ചില തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ സ്ഥിരം ഡിമാന്‍ഡ്് കൈ വന്നു. സ്ഥിരം ആവശ്യക്കാരും. ഇടനിലക്കാര്‍ കാടരുകിലെ നായാട്ടുകാര്‍ക്ക് കാട്ടുപോത്തിനും, പന്നിക്കും, മ്ലാവിനും, കൂരാനും വില പറഞ്ഞു തുടങ്ങി. പല ചെറുകിട നായാട്ടുകാരും കെണി വച്ചും കുഴി കുത്തിയും പന്നിയെയും, മാനിനേയും ഇറച്ചിയാക്കി വിപണിയിലെത്തിച്ചു. വെളുക്കുന്നതിനു മുന്‍പ് പോലീസിന്റെയും വനപാലകരുടെയും പട്രോളിംഗ് സംഘത്തിന്റെ കണ്ണ് വെട്ടിച്ചു, പാല്‍ വണ്ടിയിലും, പത്രവണ്ടിയിലും, പച്ചക്കറി ചാക്കുകളിലും  കാട്ടിറച്ചി കാടിറങ്ങി പട്ടണങ്ങളില്‍ എത്തി. അതിപ്പോഴും നേരിയ തോതില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് ഹൈ റേഞ്ച് മേഖലകളില്‍. 

ആനക്കൊമ്പിന് മാര്‍ക്കറ്റ് എന്നുമുണ്ടായിരുന്നു. അന്‍പതുകളില്‍ ആനയെ വേട്ടയാടി കൊമ്പ് എടുത്തു രാത്രിയില്‍ നേര്യമംഗലം പാലത്തിനടുത്ത് റോഡരുകില്‍ കുഴിച്ചിട്ടു പുലര്‍ച്ചെ ലോറിയില്‍ തമിഴ്‌നാട് കടത്തിയ വിവരം ടി.എം.ഇട്ടന്റെ' നായാട്ടു കുറിപ്പുകളില്‍ ഉണ്ട്. ഒരു പക്ഷെ ആനവേട്ടയുടെ ഏറ്റവും ഭീകരമായ മുഖം നമ്മള്‍ അറിഞ്ഞത് ഇക്കഴിഞ്ഞ വര്‍ഷമാണ്. മലയാറ്റൂര്‍- വാഴച്ചാല്‍ മേഖലകളില്‍ വളരെ നേരത്തെ തന്നെ ആനവേട്ട നിലനിന്നിരുന്നു. ചാലക്കുടി കുട്ടമ്പുഴ കേന്ദ്രീകരിച്ചു പാരമ്പര്യമായി ആനനായാട്ടു നടത്തിപ്പോന്നിരുന്ന കുടുംബങ്ങള്‍ താമസിച്ചിരുന്നു.
  

 പ്രധാനമായും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരുപറ്റം ഇടനിലക്കാര്‍ക്ക് കേരളത്തിലെ ആനവേട്ടക്കാരുടെ പേരുകള്‍ കാണാപ്പാഠമായിരുന്നു. നായാട്ടു നടത്തി ഗതി പിടിക്കാതെ ഒടുവില്‍ എല്ലാം അവസാനിപ്പിച്ചു കൃഷിപ്പണിയും മറ്റുമായി കഴിഞ്ഞിരുന്നവരെ ഉള്‍പ്പടെ ഈ ഏജന്റുമാര്‍ നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടിയിരുന്നു. കാരണം ആനക്കൊമ്പിനു മുംബൈ. ഡല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് നിലക്കാത്ത ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതെല്ലാം ഒടുവില്‍ കലാശിച്ചത് കേരളത്തിലെ എണ്ണം പറഞ്ഞ കരിവീരന്മാരുടെ നാശത്തിലേക്കായിരുന്നു.

 ഒരു വര്‍ഷം കൊല്ലപ്പെടുന്ന ആഫ്രിക്കന്‍ ആനകളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യയില്‍ ആനക്കൊമ്പിനായി വേട്ടയാടപ്പെടുന്ന ഇന്ത്യന്‍ ആനകളുടെ എണ്ണം അതിന്റെ പത്തു ശതമാനത്തില്‍ താഴെയേ വരൂ എന്നിരുന്നാലും അതില്‍ അധികം ആരും ശ്രദ്ധിക്കാത്ത ഒരു ഭീകരമുഖമുണ്ട്. ആഫ്രിക്കന്‍ ആനകള്‍ക്ക് ആണിനും പെണ്ണിനും കൊമ്പുണ്ട് എന്ന വസ്തുത ഇന്ത്യന്‍ ആനയുമായി തട്ടിച്ചു നോക്കുമ്പോള്‍ നമ്മുടെ കൊമ്പന്മാര്‍ മാത്രം കൊല്ലപ്പെടുന്നതിലൂടെ ഇന്ത്യന്‍ ആനകളില്‍ ആണ്‍ -പെണ്‍ അനുപാതം അപകടകരമാം വണ്ണം തകിടം മറയുന്നത് കാണാം. ആദിവാസികള്‍ ഉള്‍പ്പടെ കാടറിയുന്നവര്‍ ഏറെയും അഭിപ്രായപ്പെടുന്ന ഒരു കാര്യമാണ് കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ നമ്മുടെ കൊമ്പന്മാര്‍ ഏറെ കുറഞ്ഞു പോയി എന്ന സത്യം.
  

 കേരളത്തില്‍നിന്നുള്ള വന്യജീവികളുടെ അനധികൃതമായ വിപണന സാധ്യത കാട്ടിറച്ചിയെയും ആനക്കൊമ്പിനെയും പോലെ തന്നെ മറ്റ് അനേകം ചെറുജീവികളിലും സജീവമാണ്. അതില്‍ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍ പോലും പെടാത്ത വണ്ടുകളും ഷഡ്പദങ്ങളും, ചെറിയ ഇനം പാമ്പുകളും, മത്സ്യങ്ങളും ഉള്‍പ്പെടും. ഒരു കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന രണ്ടുജീവികളായിരുന്നു വെള്ളിമൂങ്ങയും, ചുരുട്ട മണ്ടേലിയും[സാണ്ട് ബോവ]. പിന്നീടു അവയുടെ ഡിമാന്‍ഡ് കുറഞ്ഞെങ്കിലും ഇന്നും സജീവമായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലെക്കും കേരളത്തില്‍നിന്നും പലതരം ആമകള്‍, കീരി, ഈനാംപേച്ചി, കാട്ടുമൈന, കുട്ടിത്തേവാങ്ക് തുടങ്ങിയ വന്യജീവികളെ വിദഗ്ധമായി കടത്തുന്നുണ്ട്.

ഈനാംപേച്ചിയുടെ ശല്‍ക്കങ്ങള്‍ ചൈനയിലേക്കാണ് കയറ്റി അയക്കപ്പെടുന്നത് എന്നു പറയപ്പെടുന്നു.  കേരളത്തിലെ കോള്‍പാടങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് തമ്പടിക്കുന്ന തമിഴ്‌നാട്ടില്‍നിന്നെത്തുന്ന 'നരിക്കുറവ' വിഭാഗത്തില്‍പെട്ട ആദിവാസികള്‍ ഈ മാര്‍ക്കറ്റുകളുടെ സജീവ കണ്ണിയായി നിലനില്‍ക്കുന്നു. നാം ഉപയോഗിക്കുന്ന ആര്‍ട്ടിസ്റ്റ് ബ്രഷിനു വേണ്ട ഇത്രയും നാരുകള്‍ എവിടെ നിന്ന് വരുന്നു? ഒരു കാലത്ത് ഏതൊരു പറമ്പിലും കാണാമായിരുന്ന കീരികളുടെ വാലിലേയും ദേഹത്തെയും രോമങ്ങളാണ് ബ്രഷുകളായി ചായക്കൂട്ടുകള്‍ ആവാഹിക്കുന്നത് എത്ര ആര്‍ട്ടിസ്റ്റുകള്‍ ആദ്യം അറിയുന്നുണ്ട്?

കേരളത്തിലെ അഥവാ പശ്ചിമഘട്ടമലനിരകളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വമായ ചിത്രശലഭങ്ങളായ PARRIS PEACOCK, MALABAR TREE NIMPH, SOUTHERN BIRD WING, BLUE MORMON തുടങ്ങിയവയും പലതരം പുല്‍ച്ചാടികളും, വണ്ടുകളും [JEWEL BEETLES]  തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഭദ്രമായി പായ്ക്ക് ചെയ്യപ്പെടുന്നുണ്ട് എന്ന് ഗൗരവകരമായി കാണേണ്ട വിഷയമാണ്. അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ജൈവവൈവിധ്യ സമ്പത്താണ് ഇവയൊക്കെ.  
ഇന്ത്യന്‍ നക്ഷത്രആമകളുടെ മാര്‍ക്കറ്റ് മറ്റേതിനെക്കളും വിശാലമാണ്. മരിച്ചുപോകാതെ വളരെ ഭദ്രമായി പായ്ക്ക് ചെയ്തു എളുപ്പത്തില്‍ അന്യരാജ്യങ്ങളിലേക്ക് കടത്താം എന്നതും ഒരു നക്ഷത്ര ആമക്ക് അനധികൃത മാര്‍ക്കറ്റില്‍ നല്ലവിലയുണ്ടെന്നത്  ഈ വിപണിയെ പ്രത്യേകിച്ചും സജീവമായി നിലനിര്‍ത്തുന്നുണ്ട്.

പ്രത്യേകിച്ചും മലേഷ്യ, ഇന്തോനേഷ്യ, തായ്ലാന്‍ഡ് തുടങ്ങിയ ഏഷ്യന്‍ വിദേശരാജ്യങ്ങളിലേക്കുള്ള വിപണനമാണ് ബെംഗളൂരു -ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റാക്കറ്റുകള്‍ സജീവമായി നിലനിര്‍ത്തി വരുന്നത്.  കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നാനൂറിനു മുകളില്‍ നക്ഷത്ര ആമകളെയാണ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിച്ചെടുത്തു അവയുടെ തനതായ ആവാസവ്യവസ്ഥയായ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടിട്ടുള്ളത്. ബെംഗളൂരു ആസ്ഥാനമായി നക്ഷത്ര ആമകളെ വിരിയിച്ചെടുക്കുന്ന അനധികൃത ഹാച്ചറികളും കണ്ടെത്തിയിട്ടുണ്ട്.

ഉള്‍ക്കാടുകളില്‍നിന്നും നമ്മുടെ കോള്‍ നിലങ്ങളിലും പ്രത്യേകിച്ച് വിഴിഞ്ഞം മുതലായ തുറമുഖങ്ങളില്‍നിന്നും പിടികൂടി അനധികൃതമായി കയറ്റി അയക്കപ്പെടുന്ന അപൂര്‍വമായ ആമകളാണ്  COCHIN FOEST CANE TURTLE, LEATHER BACK TURTLE, SOFT SHELL TURTLE തുടങ്ങിയവ. ഇരിഞ്ഞാലക്കുട - മുകുന്ദപുരം കോള്‍ നിലങ്ങളില്‍നിന്നും ധാരാളം കാരാമകളെയും വെള്ളാമകളെയും, കുരുത്തിയിലും വലയിലും കൊരുക്കുന്ന ഏതുതരം ആമകളും ഇറച്ചിയായി സമീപ പ്രദേശങ്ങളിലെ കള്ളുഷാപ്പുകളിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.

ഈയിടെ നേര്യമംഗലം കാടുകളില്‍നിന്ന് അനധികൃതമായി വിപണിയില്‍ എത്തിക്കാന്‍ ശ്രമിച്ച CANE TURTLE കളെ വനം വകുപ്പ് പിടികൂടിയിരുന്നു.പശ്ചിമഘട്ടത്തിന്റെ കാതലായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേരളത്തില്‍ ഇത്തരം ജൈവവൈവിധ്യശോഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നത് പുതിയ തലമുറയുടെ അറിവിലേക്കും ചിന്തയിലേക്കും എത്തേണ്ടത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വന്യതയുടെ വരദാനമായ ഇത്തരം അപൂര്‍വ ജീവിസമൂഹത്തിന് ഇവിടെ നിലനില്‍ക്കേണ്ടതിന്റെ അവകാശമാണ് നാം ആദ്യം തിരിച്ചറിയേണ്ടത്, മനസ്സിലാക്കേണ്ടത്.

(ലേഖകന്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്)