ബ്രഹ്മപുത്ര തീരത്ത് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ നദീതട ദ്വീപാണ് മാജൂലി ദ്വീപ്. പ്രകൃതി സ്നേഹിയായ ജാദവ് പയേങ് എന്ന മനുഷ്യന്റെ ജീവിത കഥയുടെ നേര്‍ക്കാഴ്ച ഈ ദ്വീപില്‍ വന്നാല്‍ തൊട്ടറിയാം. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ നദീതട ദ്വീപായിരുന്നു മാജൂലി ദ്വീപ്. എന്നാല്‍ കാലക്രമേണയുണ്ടായ മണ്ണൊലിപ്പില്‍ 60 % ത്തോളം പ്രദേശം ഇല്ലാതായി.
35 വര്‍ഷം മുമ്പ് വെറും തരിശു നിലയമായിരുന്നു ആസാമിലെ ജോര്ഹാനടുത്തുള്ള ഈ ദ്വീപ്. എല്ലാ മഴയിലും മണ്ണടര്‍ന്ന് ഇല്ലാതായിക്കൊണ്ടിരുന്ന ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള ഒരു ചെറു ദ്വീപ്. എന്നാല്‍ ആ തരിശുഭൂമി ഇന്ന് സ്വപ്നതുല്യമായ ഒരു മനോഹര വനമാണ്. വന്യമൃഗങ്ങളും, പക്ഷികളും, മരങ്ങളും എല്ലാമുള്ള പച്ചപ്പിന്റെ സ്വര്‍ഗ്ഗ ഭൂമി.
550 ഹെക്ടര്‍ സ്ഥലത്ത് കാടുകളാല്‍ മൂടപ്പെട്ട പ്രദേശത്താണ് ഇന്ന് ഇവിടുത്തുകാരുടെ ജീവിതം. എങ്ങനെ ഇവിടം വനമായി മാറിയെന്നതിന് ഒറ്റ ഉത്തരമെയുള്ളു ജാദവ് പയേങ് എന്ന സാധാരണക്കാരനായ ഗ്രാമീണന്റെ പ്രയത്നം. 35 വര്‍ഷംകൊണ്ട് ജാദവ് ഒറ്റയ്ക്ക് നിര്‍മ്മിച്ചെടുത്തതാണ് 1360 ഏക്കറുള്ള ഈ വനം.
പലയിടത്തുനിന്നും ശേഖരിക്കുന്ന വിത്തുകള്‍ നനച്ചു വളര്‍ത്തിയെടുത്ത് മനോഹരമായ കാട് നിര്‍മിക്കുക എന്നത് അത്ര നിസാരമായ കാര്യമല്ല. അപ്രാപ്യമെന്ന് തോന്നുന്ന ആ സ്വപ്നവും ജാദവ് എന്ന പ്രകൃതി സ്നേഹി തന്റെ ജീവിതം നല്കി യാഥാര്‍ഥ്യമാക്കി. തരിശുനിലത്ത് പച്ചപ്പിന്റെ അമ്പരിപ്പിക്കുന്ന ലോകമാണ് ഇന്നിവിടം.