'ഞാനൊരാള്‍ മാത്രം വിചാരിച്ചാല്‍ എന്തു പ്രയോജനം? '- പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരുപാടു പേരില്‍ ഒരാളല്ലേ നിങ്ങളും? സൈലന്റ് വാലി ദേശീയോദ്യാനത്തിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനായ ശില്‍പ്പ .വി. കുമാര്‍ നിങ്ങളോട് ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണിത്.

silpa
ശില്‍പ്പ .വി. കുമാര്‍

കാടും പരിസ്ഥിതിയും കാലങ്ങളോളം നശിക്കാതെ നിലനില്‍ക്കാന്‍ ബുദ്ധിപരമായ ഇടപെടല്‍ ആവശ്യമാണെന്ന് നമ്മെ ഓര്‍മപ്പെടുത്തുകയാണ് ഈ ഫോറസ്റ്റ് ഓഫീസര്‍.

? കേരളത്തില്‍ പരിസ്ഥിതി സംരക്ഷണവുമായി  ബന്ധപ്പെട്ട സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത് സൈലന്റ് വാലിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലൂടെയാണല്ലോ.  പരിസ്ഥിതിയും വികസനവുമായുള്ള സന്തുലിതമായ കാഴ്ചപ്പാട് ഇവിടെ നമുക്ക് കാണാന്‍ കഴിയുമോ?

* തീര്‍ച്ചയായും. വികസനത്തിന്റെ പേരില്‍  പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത് സൈലന്റ് വാലിയിലാണ്. ഇന്ത്യയിലാകമാനം പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തു പകരുന്നതില്‍ ഇവിടുത്തെ പ്രക്ഷോഭങ്ങള്‍ മാതൃകയായിട്ടുണ്ട്. പരിസ്ഥിതിയെ തകിടം മറിക്കാതെ പ്രകൃതിവിഭവങ്ങളെ ബുദ്ധിപരമായ രീതിയില്‍ കാലങ്ങളോളം സംരക്ഷിച്ചു നിലനിര്‍ത്താനുതകുന്ന തരത്തിലുള്ള വികസനത്തെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടത്.

ഒരു അണക്കെട്ടിന് എതിരെയുളള പ്രതിഷേധം ഉയര്‍ന്നുവന്ന് മനുഷ്യനാണോ കുരങ്ങനാണോ പ്രധാനം  എന്ന വലിയ ചോദ്യത്തിലെത്തുകയും  ഒടുവില്‍ അനുഭവത്തിലൂടെ ജനങ്ങള്‍ തന്നെ അതിന്റെ ഉത്തരം കണ്ടെത്തുകയും ചെയ്തുവെന്നതാണ് സൈലന്റ് വാലി പ്രക്ഷോഭങ്ങളുടെ ആകെത്തുക. കുരങ്ങും കാടുമില്ലെങ്കില്‍ മനുഷ്യനില്ല എന്ന വലിയൊരു തിരിച്ചറിവ് ജനങ്ങളിലുണ്ടായി. പരിസ്ഥിതി സംരക്ഷണമാണ് യഥാര്‍ത്ഥ വികസനമെന്നാണ് സൈലന്റ് വാലി കാണിച്ചുതരുന്നത്. 

silent vally
സൈലന്റ് വാലിയിലേക്കുള്ള യാത്രാമദ്ധ്യേ . ഫോട്ടോ:  ശിവ ചന്ദ്രു

? കാടും പരിസ്ഥിതിയും സംരക്ഷിക്കപ്പടേണ്ടതാണെന്ന അവബോധം സൃഷ്ടിക്കാന്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?

* സൈലന്റ് വാലി ദേശീയോദ്യാനം നിലനില്‍ക്കുന്നത് വന്‍ ജനപങ്കാളിത്തത്തോടെ തന്നെയാണ്. ജനങ്ങളുടെ ശക്തമായ പ്രതിഷേധവും സമരവും ഈ ദേശീയോദ്യാനത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സംഘടനകള്‍ക്ക് പ്രോത്സാഹനമായി നിലകൊണ്ടത് ഇവിടുത്തെ പ്രവര്‍ത്തനങ്ങളാണ്. കുറേക്കാലം മുമ്പുവരെ വനസംരക്ഷണം വനം വകുപ്പിന്റെ മാത്രം ചുമതലയായാണ് എല്ലാവരും ധരിച്ചുവെച്ചിരുന്നത്. എന്നാല്‍ പങ്കാളിത്ത വനപരിപാലനം നടപ്പിലാക്കിയതോടെ (പി.എഫ്.എം) ഈ ധാരണ വിചിന്തനം ചെയ്യപ്പെട്ടു.  

ആദിവാസി സമൂഹത്തെയും വനത്തിന് ചുറ്റും താമസിക്കുന്നവരെയും ഉള്‍പ്പെടുത്തി ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റി (ഇ.ഡി.സി.) അഥവാ വി.എസ്.എസ് വനസംരക്ഷണ സമിതികള്‍ ഞങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.  പൊതുജനങ്ങളുടെ സഹകരണത്തോടെ കാട് സംരക്ഷിക്കണമെന്നും, പകരം അവര്‍ക്ക് തൊഴിലും, വരുമാനമാര്‍ഗ്ഗവും നല്‍കണമെന്നുമുള്ള അടിസ്ഥാന തത്ത്വത്തിലാണ് പി.എഫ്.എം വിഭാവനം ചെയ്തിട്ടുളളത്. വനസംരക്ഷണത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ അത്തരം സമിതികള്‍ ഒട്ടറേ പ്രാധാന്യം വഹിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയും സൈലന്റ് വാലിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

silpa
2015 ലെ ലോക പരിസ്ഥിതി ദിനത്തില്‍ മുക്കാലിയിലെ മോഡല്‍
റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുട്ടികളോടൊപ്പം.

? അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിയ്ക്ക്  അനുകൂലമായിരിക്കുമെന്ന് കരുതുന്നുണ്ടോ?

* ഈ പദ്ധതിയുടെ പ്രോജക്ട് പ്രൊപ്പോസല്‍ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ആധികാരികമായി  അഭിപ്രായം പറയാന്‍ കഴിയില്ല. എന്നിരുന്നാലും നമുക്ക് മറക്കാന്‍ കഴിയാത്ത ചില വസ്തുതകളുണ്ട്. വികസനം മുന്‍ നിര്‍ത്തിയുള്ള ഏതു പദ്ധതിയും അതീവശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കാടിനും ജൈവവൈവിദ്ധ്യങ്ങള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.

ഔദ്യോഗിക ജീവിതത്തിനിടയിലുണ്ടായ അനുഭവങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ഞാന്‍ 2011 ലാണ്  ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍  പ്രവേശിച്ചത്. ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയിലായിരുന്നു രണ്ടുവര്‍ഷം പരിശീലനം നടത്തിയത്. ആദ്യമായി നിയമനം ലഭിച്ചത് സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് ഡിവിഷനില്‍ തന്നെ ആയിരുന്നു. ഫോറസ്റ്റ് ഓഫീസറായതിനു ശേഷമുണ്ടായ ഓരോ ദിവസവും എനിക്ക് വേറിട്ട അനുഭവമാണ്.  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന നിലയില്‍ ചെയ്യേണ്ടിവരുന്ന ജോലികള്‍ ഏറെ വ്യത്യസ്തമാണ്.  ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ട്രൈബല്‍ വെല്‍ഫയര്‍, വനസംരക്ഷണം, പരിസ്ഥിതിയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍ എന്നിവയെല്ലാം അവയില്‍ ചിലത് മാത്രം. 99 ശതമാനവും പുരുഷന്‍മാര്‍ ജോലി ചെയ്യുന്ന ഈ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു വനിതാ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഞാന്‍ അനുഭവിച്ചിട്ടില്ല.  എന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് എനിക്ക് നല്ല പിന്തുണയും പ്രോത്സാഹനവുമാണ് ലഭിക്കുന്നത്. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയില്‍ ഫോറസ്റ്റ് ഓഫീസറാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തുഷ്ടയാണ്.

silent
സൈലന്റ് വാലിയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ:  ശിവ ചന്ദ്രു

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ സൈലന്റ് വാലിയില്‍ ഏതെങ്കിലും തരത്തിലുള്ള മനുഷ്യസ്പര്‍ശമേറ്റതിന് തെളിവോ രേഖയോ ഇല്ലെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മനുഷ്യരുടെ ഇടപെടല്‍ ഇവിടുത്തെ ജൈവവൈവിദ്ധ്യം നശിപ്പിക്കുന്നതില്‍ എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ട് ?

വംശനാശ ഭീഷണി നേരിടുന്ന നിരവധി സസ്യ- ജന്തുജാലങ്ങള്‍ അധിവസിക്കുന്ന നിത്യഹരിത വനമേഖലയാണ് സൈലന്റ് വാലി. ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ ആദിവാസികള്‍ മാത്രമായിരുന്നു ഈ മഴക്കാടുകളില്‍ അധിവസിച്ചിരുന്നത്. കച്ചവട സംസ്‌കാരത്തിന്റെ ആവിര്‍ഭാവത്തോടെ മനുഷ്യരുടെ കാലടികള്‍ ഈ മണ്ണില്‍ പതിഞ്ഞു. സിങ്കോണ, കാപ്പി, തേയില തുടങ്ങിയവ വെച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1847 ല്‍ സൈലന്റ് വാലിയിലെ നൂറ് കണക്കിന് ഏക്കറുകള്‍ വെട്ടി കത്തിച്ച് കാപ്പിത്തോട്ടം ഉണ്ടാക്കാന്‍ നടന്ന ശ്രമങ്ങളാണ് മനുഷ്യരുടെ ഭാഗത്തുനിന്നുണ്ടായ അപകടകരമായ ആദ്യത്തെ ഇടപെടല്‍.  പക്ഷേ അവിടെയും പ്രകൃതി ജയിക്കുകയും കൈയേറ്റക്കാര്‍  തോല്‍ക്കുകയും ചെയ്തു. പിന്നീട് ഡാം നിര്‍മിക്കുന്നതിനു മുന്നോടിയായി വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റുകയും കത്തിക്കുകയും ചെയ്തു. പൊതുജനങ്ങളുടെയും നാട്ടുകാരുടെയും വ്യാപകമായ പ്രതിഷേധം കാരണം ഈ നീക്കവും വിജയിച്ചില്ല.

silent vally
സൈലന്റ് വാലിയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ:  ശിവ ചന്ദ്രു

? പൊതുജനങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടു വരണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?

* നമുക്കുചുറ്റിലും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളാണ് പരിസ്ഥിതിയെ ഏറെ ദോഷകരമായി ബാധിക്കുന്നത്. കണ്ണു തുറന്നു ചുറ്റുപാടിലേക്കൊന്നു നോക്കിയാല്‍ യാഥാര്‍ത്ഥ അവസ്ഥ മനസ്സിലാകും.  ചവറുമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് റോഡുകളും പുഴകളുമെല്ലാം മലിനീകരിക്കപ്പട്ടു.  നമുക്ക്  വേണ്ടാത്തതെല്ലാം 'കാട്ടില്‍ കളയുക' എന്നതാണല്ലോ ഇന്നത്തെ പ്രവണത. മണ്ണാറക്കാടുനിന്ന് അട്ടപ്പാടിയിലേക്ക് പോകുന്ന വഴിയായ അട്ടപ്പാടി ചുരത്തിന്റെ ഇരുവശവും കാടാണ്. വന്‍തോതില്‍ കോഴിമാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവന്നു തള്ളുന്നതു മൂലം പരിസരവാസികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന്് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്. പക്ഷേ ഇവിടെ പരിസ്ഥിതി മലിനീകരണത്തിനെതിരെ ഒരു നടപടിയുമെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 'ഞാനൊരാള്‍ മാത്രം വിചാരിച്ചാല്‍ എന്ത് പ്രയോജനം' എന്ന് നിങ്ങളും ചിന്തിച്ചു തുടങ്ങിയാല്‍ പ്രകൃതി നാശത്തിന്റെ വക്കില്‍ നിന്ന് ഒരിക്കലും കരകയറില്ല. 

? യുവതലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍

സൈലന്റ് വാലിയിലെ  നേച്ചര്‍ ക്യാമ്പിലെത്തിയ നൂറ് കണക്കിന് കുട്ടികളുമായും യുവജനങ്ങളുമായും അടുത്തിടപഴകിയിട്ടുണ്ട്.  പാരിസ്ഥിതിക അവബോധമില്ലാത്തവരാണ് യുവതലമുറയെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. മറിച്ച് ആ അവബോധം എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നതിലാണ് കാര്യം. എല്ലാവരും പരിസ്ഥിതി പ്രവര്‍ത്തകരോ, ആക്ടിവിസ്റ്റുകളോ ആവണമെന്നില്ല. പക്ഷെ നിത്യജീവിതത്തില്‍ പരിസ്ഥിതി ബോധമുളളവരായി പെരുമാറിയാല്‍ മതി.  അതുകൊണ്ടുതന്നെ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്.