ഭൂമിയുടെ കേന്ദ്രബിന്ദു മനുഷ്യനല്ലെന്നും പ്രകൃതിയിലെ അനേകകോടി ചരാചരങ്ങളില്‍ ഒന്നുമാത്രമാണ് അവനെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് ഓരോ പരിസ്ഥിതിദിനവും.ന്യജീവികളുടെ കള്ളക്കടത്തിനെ പ്രതിരോധിക്കുക (fight against the illegal trade in willdlife) എന്നതാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ  മുദ്രാവാക്യം. ഇതിലെ വൈല്‍ഡ്‌ലൈഫ് എന്ന ഇംഗ്ലീഷ് വാക്ക് കേവലം ജീവികളില്‍ മാത്രമൊതുങ്ങുന്നതല്ല, പകരം സസ്യങ്ങളും വൃക്ഷങ്ങളും കൂടി  ഉള്‍പ്പെടുന്നതാണ്. 

1973 മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്ന പ്രമേയവും ഓരോ വര്‍ഷവും സ്വീകരിച്ചു തുടങ്ങി. ഭൂമുഖത്തെ ജൈവവൈവിധ്യത്തെയും സന്തുലിതാവസ്ഥയെയും തകിടം മറിക്കുന്ന കുറ്റകൃത്യമാണ് വന്യജീവിക്കടത്തല്‍.

വന്യജീവികളുടെ ജീവനോടെയും അല്ലാതെയുമുള്ള അനധികൃത കയറ്റുമതി ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. പകരം രാജ്യാന്തരതലത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെട്ടിട്ടുള്ളത്. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറവും പടര്‍ന്നു കിടക്കുന്ന വേട്ടക്കാരുടെയും വില്‍പനക്കാരുടെയും ശൃംഖല പ്രകൃതിയുടെ നിലനില്‍പിനു തന്നെ ഭീഷണിയാണ്. 

ആന, കടുവ, പുലി, കാണ്ടാമൃഗം, പാമ്പ്, ഈനാംപേച്ചി, വെള്ളിമൂങ്ങ, ഇരുതലമുരി, നക്ഷത്ര ആമ ഉള്‍പ്പെടെയുള്ള സമുദ്രജീവികള്‍ അങ്ങനെ വേട്ടയാടലിനും കയറ്റുമതിക്കും വിധേയരാകുന്ന മൃഗങ്ങളുടെ പട്ടിക നീളുകയാണ്.  മരുന്നുനിര്‍മാണം , ഐശ്വര്യം കൊണ്ടുവരുമെന്ന മൂഢവിശ്വാസം, ഓമനമൃഗങ്ങളായി വളര്‍ത്തല്‍, ഭക്ഷണ ആവശ്യങ്ങള്‍ക്ക്, ആഡംബരോപാധികളായി  അങ്ങനെ മനുഷ്യന്റെ സുഖത്തിനു മാത്രമായി മൃഗങ്ങള്‍ വേട്ടയാടപ്പെടുന്നു. 

കൊമ്പിനു വേണ്ടിയാണ് ആനകള്‍ വേട്ടയാടപ്പെടുന്നതെങ്കില്‍ കൊമ്പിനു ഔഷധഗുണം ആരോപിച്ചാണ് കാണ്ടാമൃഗങ്ങളെ കൊല്ലുന്നത്. പുലികളും കടുവകളും ത്വക്ക്‌വിപണന കേന്ദ്രങ്ങളില്‍ വില്‍പ്പനച്ചരക്കുകളായി മാറും.വെള്ളിമൂങ്ങയും നക്ഷത്ര ആമയും ഐശ്വര്യദായകങ്ങളായി പരിഗണിക്കപ്പെടും. 

ലോകത്ത് ഏറ്റവും കൂടുതല്‍ വന്യജീവിക്കടത്തലിനു വിധേയമാകുന്ന ജീവി ഈനാംപേച്ചിയാണ്. വലിപ്പക്കുറവും ഒളിപ്പിച്ചു കടത്താനുള്ള എളുപ്പവും ഈ സാധുജീവിയെ കള്ളക്കടത്തുകാര്‍ക്ക് പ്രീയപ്പെട്ടതാക്കുന്നത്. ചൈനയിലും വിയറ്റ്‌നാമിലെയും ഭക്ഷ്യവിപണിയില്‍ ഈനാംപേച്ചിയുടെ മാംസത്തിന് ആവശ്യക്കാരേറെയാണ്. 

പ്രകൃതിസമ്പത്തിന്റെ കാര്യത്തില്‍ അനുഗൃഹീതമായ രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ കൈയേറ്റേവും സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും പരിസ്ഥിതിയുടെ സംരക്ഷണത്തെ പലപ്പോഴും തകരാറിലാക്കി.ആനകളെ കൊന്നൊടുക്കുന്നതും കാസിരംഗയില്‍ കാണ്ടാമൃഗങ്ങള്‍ കൊല്ലപ്പെടുന്നതും വാര്‍ത്തയല്ലതായി. ആരോഗ്യമുള്ള പരിസ്ഥിതി പൗരന്റെ അവകാശമാണെന്ന സാമാന്യമര്യാദ പോലും ലംഘിക്കപ്പെട്ടു.

വന്യജീവികളുടെ വില്‍പനയും കള്ളക്കടത്തും തടയാനുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടുകയും കുറ്റകൃത്യങ്ങള്‍ക്ക് കടുത്തശിക്ഷ ഉറപ്പു വരുത്തുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് മാഞ്ഞുതുടങ്ങിയ  ചെയ്യുകയാണ് പ്രകൃതിയുടെ ചിത്രത്തെ സംരക്ഷിക്കാനുള്ള പോംവഴി.