കാഴ്ചവട്ടത്ത് പിടിതരാതെ മറയുന്നവയാണ് മലമുഴക്കി വേഴാമ്പലുകൾ. നമ്മുടെ സംസ്ഥാനപക്ഷി. മനുഷ്യസാന്നിധ്യമുള്ളിടത്തുനിന്ന്‌ അകന്നുകഴിയുന്നവ. മലമുഴക്കിയുടെ പിറവിമുതലുള്ള ജീവിതചക്രത്തിന്റെ അപൂർവ ദൃശ്യങ്ങൾ ഒന്നരവർഷത്തോളമെടുത്ത് മാതൃഭൂമി ന്യൂസ് ചിത്രീകരിച്ചു. തമിഴ്‌നാട്ടിലെ മസനഗുഡിക്കടുത്ത് ശിങ്കാര എന്ന കാപ്പിത്തോട്ടത്തിൽ നിന്നായിരുന്നു തുടക്കം. environmental day

അച്ഛൻ വേഴാമ്പലിന്റെയും അമ്മ വേഴാമ്പലിന്റെയും ജീവിതം അധികം ബുദ്ധിമുട്ടില്ലാതെ ചിത്രീകരിച്ചു. എന്നാൽ, കുഞ്ഞുവേഴാമ്പലിനെ ചിത്രീകരിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. മസനഗുഡിയിലെ കൂട്ടിൽ മുട്ട വിരിയാതിരുന്നതാണ് കാരണം. ഇതോടെ വേഴാമ്പലിന്റെ കൂടുതേടിയുള്ള നീണ്ട യാത്ര. വാഴച്ചാൽ വനാന്തരങ്ങളും തേക്കടിയും കടന്ന് വാൽപ്പാറയ്ക്കടുത്താണ്‌ വരട്ടുപ്പാറയിലെ കാട്ടുമാവിലുള്ള കൂട് കണ്ടെത്തിയത്. 19 ദിവസം കൂടിന്  താഴെ ക്യാമറയുമായി കാത്തിരുന്നു. ഒടുവിൽ കുഞ്ഞുവേഴാമ്പൽ പുറത്തേക്ക്.

പുലർച്ചെ അച്ഛനും അമ്മയും തീറ്റതേടാൻ പോയപ്പോഴായിരുന്നു  ദർശനം നൽകിയത്. കണ്ണുകൾക്ക് ചുറ്റും മഞ്ഞ വലയങ്ങളുള്ള പെൺ വേഴാമ്പൽ. കൂടിനുള്ളിൽ നിന്ന് അവർ പുറത്തുവന്നത് ഏറെ പണിപ്പെട്ടാണ്. പുറത്തേക്ക് ചാടുമ്പോൾ ആ കണ്ണുകളിൽ ഭയവും  വിസ്മയവും തെളിഞ്ഞുകണാമായിരുന്നുവെന്ന് സംഘത്തെ നയിച്ച കൊച്ചിയിലെ സ്പെഷൽ കറസ്‌പോണ്ടന്റ് ബിജു പങ്കജ് ഓർക്കുന്നു. 

നാഷണൽ ജ്യോഗ്രഫിക് ചാനലിന്റെയും രാജ്യത്തെ ഏതാനും പക്ഷിനിരീക്ഷകരുടെയും കൈവശം മാത്രമുള്ള അപൂർവദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസിന് ലഭിച്ചത്. ബിനുതോമസാണ്‌ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.

മുട്ടവിരിയിക്കാൻ ഇത്തവണ വേഴാമ്പൽ എത്തിയില്ല

വേഴാമ്പലിന്റെ ജീവിതം ചിത്രീകരിച്ച മസനഗുഡിയിലെ കൂട്ടിൽ മുട്ട വിരിയിക്കാനായി വേഴാമ്പലുകൾ ഇത്തവണ വന്നില്ല. ചുറ്റുമുള്ള കാപ്പിത്തോട്ടത്തിലെ മനുഷ്യസാന്നിധ്യമാകാം കൂടൊഴിവാക്കാൻ പക്ഷികളെ പ്രേരിപ്പിച്ചിത്. ഉയരമുള്ള മരങ്ങളിലെ അനുയോജ്യമായ പൊത്തുകളാണ് വേഴാമ്പൽ കൂടൊരുക്കാനായി ഉപയോഗിക്കുക. തൊട്ടടുത്തുതന്നെ പഴങ്ങൾ കിട്ടാനുള്ള സാഹചര്യങ്ങളും വേഴാമ്പലിന്റെ വംശവർധനയ്ക്ക്‌ ആവശ്യമാണ്.