ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. അതാണ് പിപ്പലാന്ത്രി ഗ്രാമത്തിന്റെ നിയമം.

പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ പിപ്പലാന്ത്രിക്ക് അത് ആഘോഷമാണ്. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ മാത്രമല്ല അവിടുത്തെ മണ്ണും വിണ്ണും പൂക്കളും പുഴകളും കിളികളുമെല്ലാം ആ ആഹ്ലാദത്തില്‍ പങ്കുചേരും. അതിനു കാരണമുണ്ട് ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. അതാണ് രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിന്റെ നിയമം.
ആറു വര്‍ഷം മുമ്പ് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് ഉണ്ടാക്കിയതാണ് ഇങ്ങനെയൊരു ചിട്ട. അതിനു ശേഷം ഒരുപാട് പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു; അവരുടെ കൂടപ്പിറപ്പുകളായി രണ്ടര ലക്ഷത്തിലേറെ മരങ്ങളും! ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണ് നടുന്നത്. ഇവ വെട്ടാന്‍ പാടില്ല. ഈ മരങ്ങളുടെ ഇലകളും ഫലങ്ങളും തന്നെ വേണ്ട വരുമാനം തരും.
ഗ്രാമത്തലവനായ ശ്യാംസുന്ദര്‍ പലിവാലിന്റെ മനസ്സില്‍ മുള പൊട്ടിയ ആശയമാണിത്. പലിവാലിന്റെ മകള്‍ കിരണ്‍ ചെറിയ പ്രായത്തില്‍ തന്നെ മരിച്ചിരുന്നു. അവളുടെ ഓര്മ നിലനിര്‍ത്താന്‍ 'കിരണ്‍നിധി യോജന' എന്നു തന്നെ മരം നടല്‍ പദ്ധതിക്ക് പേരിട്ടു.
പെണ്‍കുഞ്ഞ് പിറന്നാല്‍ ആ വീട്ടിലേക്ക് നൂറ്റിപ്പതിനൊന്ന് വൃക്ഷത്തൈകള്‍ എത്തിക്കും. ഇതുമാത്രമല്ല ഗ്രാമഭരണകൂടം ചെയ്യുക. ഗ്രാമവാസികളില്‍നിന്ന് 21,000 രൂപ പിരിച്ചെടുത്ത് കുഞ്ഞിന്റെ അച്ഛനു നല്‍കും. അച്ഛന് ആ പണത്തിനൊപ്പം പതിനായിരം രൂപ കൂടി ചേര്‍ത്ത് ബാങ്കില്‍ ഇരുപതു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായി ഇടണം. മകള്‍ക്ക് പരമാവധി വിദ്യാഭ്യാസം നല്‍കണം. അവളെ പ്രായപൂര്‍ത്തിയാകുംമുമ്പ് വിവാഹം കഴിപ്പിച്ചയയ്ക്കില്ലെന്ന ഉറപ്പും നല്‍കണം. അവളുടെ പേരില്‍ നട്ട മരങ്ങള്‍ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഇതൊക്കെയാണ് നിബന്ധനകള്‍.