പാലക്കാട്: പ്ലാച്ചിമട നിശ്ശബ്ദമായിരുന്നു. കൊക്കകോള കമ്പനിയുടെ പൂട്ടിയിട്ട ഗേറ്റിനുമുന്നിൽ അത്യുഷ്ണത്തിൽ പുകഞ്ഞുകിടക്കുന്ന സമരപ്പന്തൽ. ഒരു വ്യാഴവട്ടംമുൻപ് ബഹുരാഷ്ട്രഭീമനായ കൊക്കകോളക്കെതിരെ മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിച്ച് സമരമുഖത്തുവന്നവർ ഇപ്പോഴും അവിടെയുണ്ട്.

കന്നിയമ്മ, വേവലാതികൾ പങ്കിടാനെത്തുന്ന ശാന്തി, പഞ്ചമി, രമേശൻ, ജലസമരത്തിന്റെ മുൻനിരയിലുള്ള വിളയോടി വേണുഗോപാൽ... അവർ പറഞ്ഞു, ‘ഞങ്ങൾക്ക് നീതി കിട്ടിയില്ല, കുടിവെള്ളവും’.


  കോളക്കമ്പനി അടച്ചുപൂട്ടിയിട്ട് 13 വർഷമായിട്ടും പ്ലാച്ചിമടക്കാർക്ക് കുടിക്കാൻ ശുദ്ധജലമില്ല. രാസവസ്തുക്കൾ നശിപ്പിച്ച മണ്ണിനും തൊഴിലിനും നഷ്ടപരിഹാരമില്ല. കമ്പനിമാലിന്യംകൊണ്ട് ജലം ദുഷിച്ച കിണറുകൾ ഇപ്പോഴും അതേപോലെ കിടക്കുന്നു.
ഒരുവർഷംമുൻപുവരെ ടാങ്കർലോറിയിലാണ് പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകള്ക്ക് കുടിവെള്ളം വന്നിരുന്നത്.


പിന്നെ, കുന്നങ്കാട്ടുപതി ശുദ്ധജലപദ്ധതിയിൽനിന്ന് വെള്ളം കിട്ടിത്തുടങ്ങി. പക്ഷേ, ഒന്നിടവിട്ട ദിവസങ്ങളിൽ ലഭിക്കുന്നത് കലക്കവെള്ളമാണെന്ന് വിജയനഗർ കോളനിയിലെ ശാന്തി പറഞ്ഞു. നെല്ലിമേട് ടാങ്കുപണിത് വെള്ളം ശുദ്ധീകരിച്ച് നൽകണമെന്ന ആവശ്യത്തിന് ആരും ചെവികൊടുക്കുന്നില്ല.  


 പെരുമാട്ടി പഞ്ചായത്തുകിണർ എക്കാലത്തും പ്ലാച്ചിമടയുടെ ദാഹശമനിയായിരുന്നു. കമ്പനി അതും മലിനമാക്കി. പലതവണ കോരിയിട്ടും വൃത്തിയാവാത്ത കിണറ്റിലേക്ക് നോക്കിയാൽ എണ്ണപ്പാട പൊതിഞ്ഞ കറുത്തുകൊഴുത്ത വെള്ളം കാണാം. ഏഴെട്ടു കിണർ കൊക്കകോള കമ്പനിക്ക് ഏറ്റവുമടുത്തുള്ള വിജയനഗർകോളനിയിലുണ്ട്. ഇതിൽനിന്നെല്ലാം വെള്ളമെടുത്തിട്ട് പത്തുകൊല്ലത്തിലധികമായി.


 കോളക്കമ്പനിയും ജനകീയസമരവും


 2004 ജനവരി 21 മുതൽ മൂന്നുദിവസം ഈ ഗ്രാമത്തിലാണ് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ലോകജലസമ്മേളനം നടന്നത്. വന്ദന ശിവ, ഹോസെ ബുവെ, സുകുമാർ അഴീക്കോട്, മേധാ പട്കർ തുടങ്ങിയവര് പങ്കെടുത്ത ലോകജലസമ്മേളനം ലോകശ്രദ്ധയാകർഷിച്ചു. 


അതിനും രണ്ടുവർഷംമുൻപ് 2002 ഏപ്രിൽ 22നാണ് കമ്പനിയുടെ ജലചൂഷണത്തിനെതിരെ പ്ലാച്ചിമടയിലെ ജനങ്ങൾ സമരം തുടങ്ങിയത്. 2000ൽ പ്രവർത്തനം തുടങ്ങിയ കൊക്കകോള പ്ലാന്റ് തങ്ങളുടെ ജലമൂറ്റുന്നതിലും ജലം മലിനപ്പെടുത്തുന്നതിലുമായിരുന്നു അവരുടെ പ്രതിഷേധം.    


പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ച കൊക്കകോള കമ്പനി നഷ്ടപരിഹാരം നൽകി പുറത്തുപോവുക, ഗ്രാമത്തെ വിഷലിപ്തമാക്കിയ കൊക്കകോള കമ്പനിയെ കുറ്റവിചാരണ ചെയ്യുക, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിന് ഗ്രാമസഭകൾക്ക് നിയമപരിരക്ഷയോടെ പരമാധികാരം നൽകുക, മലിനീകരണ നിയന്ത്രണ നിയമങ്ങളിലും പഞ്ചായത്തീരാജ് നിയമങ്ങളിലും മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായിട്ടായിരുന്നു ഈ ജനകീയ മുന്നേറ്റം. 


ഫലംകാണാത്ത പ്ലാച്ചിമട  ട്രൈബ്യൂണൽ ബിൽ


 2003ൽ സമരത്തിന്റെ ഫലമായി കമ്പനി അടച്ചുപൂട്ടി. പക്ഷേ, നാളിതുവരെ കമ്പനി  പ്ലാച്ചിമടയിൽ വരുത്തിയ നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകിയില്ല. 2011ൽ ഫിബ്രവരി 24ന് കേരള നിയമസഭ ‘പ്ലാച്ചിമട കൊക്കകോള വിക്ടിംസ് റിലീഫ് ആൻഡ് കോമ്പൻസേഷൻ ക്ലെയിംസ് സ്പെഷൽ ട്രൈബ്യൂണൽ ബിൽ’ പാസാക്കി. 


പ്ലാച്ചിമടയിലെ ജനങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ വ്യവസ്ഥയുണ്ടാക്കുന്ന ബിൽ പലതവണ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണങ്ങളാരാഞ്ഞ് മടക്കിയയച്ചു. സംസ്ഥാന സർക്കാരിന് ഇങ്ങനെയൊരു ബിൽ പാസാക്കാൻ അധികാരമില്ലെന്നാണ് കാരണംപറഞ്ഞത്.


 സംസ്ഥാന സർക്കാർ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ കാരണമൊന്നും പറയാതെ രാഷ്ട്രപതിയും മടക്കിയയച്ചതാണ് പ്ലാച്ചിമടക്കേറ്റ അവസാനത്തെ തിരിച്ചടി. 2016 ഫിബ്രവരിയിലാണ് രാഷ്ട്രപതി ബിൽ മടക്കിയത്. ബഹുരാഷ്ട്രഭീമനെ മുട്ടുകുത്തിച്ച ജനകീയശക്തിക്ക് സ്വന്തം ഭരണാധികാരികളുടെ അവഗണനക്കെതിരെ എങ്ങനെ പോരാടണമെന്നറിയുന്നില്ല.