ലോകത്തിലെ പകുതിയോളം തൊഴിലാളികള് ജലവുമായി ബന്ധപ്പെട്ട ജോലികള് ചെയ്യുന്നുവെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു. എന്നാല്, ഇവര്  തൊഴില്നിയമങ്ങളാല് ശരിയായ രീതിയില് സംരക്ഷിക്കപ്പെടുന്നില്ല. 2016-ലെ ലോക ജലദിനവുമായി ബന്ധപ്പെട്ട് യു.എന്. ഉയര്ത്തുന്ന ‘വെള്ളവും തൊഴിലും’ എന്ന ആശയം ലോകമൊട്ടാകെ ചര്ച്ചചെയ്യപ്പെടുന്നതും ഇതുകൊണ്ടുതന്നെ. 


വെള്ളത്തിന്റെ ലഭ്യതയും ശുദ്ധിയും തൊഴിലാളികളുടെ ജീവിതനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് സാമൂഹികാവസ്ഥയെയും സാമ്പത്തികരംഗത്തെയും നേരിട്ട് ബാധിക്കുകയും ചെയ്യും. കേരളത്തിന്റെ ജലസമൃദ്ധമായ ഭൂപ്രകൃതി ലോകജലദിനചിന്തകള്ക്ക് ചില കൂട്ടിച്ചേര്ക്കലുകള് ആവശ്യപ്പെടുന്നുണ്ട്.   കേരളത്തിന്റെ സാമൂഹികജീവിതത്തെ നേരിട്ട് ബാധിക്കുന്ന നമ്മുടെ ജലാശയങ്ങള് ഉള്ക്കാഴ്ചയില്ലാത്ത വികസനംമൂലം ശ്വാസംമുട്ടുകയാണ്. നമ്മുടെ കായലുകളും പുഴകളും തോടുകളുമെല്ലാം തിരിച്ചുപിടിക്കാന് പറ്റാത്തവിധം മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്.       


വികസനവും പരിസ്ഥിതിയും ശരിയായരീതിയില് പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാന് കഴിയാത്ത സംസ്ഥാനമാണ് കേരളം. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുപോലും ഭൂമിശാസ്ത്രപരമായ പരിമിതികൾ. ഇന്ത്യയിലെ ശരാശരി ജനസാന്ദ്രതയെ അപേക്ഷിച്ച് രണ്ടര ഇരട്ടിയോളമാണ് കേരളത്തിലെ ജനസാന്ദ്രത. ഇതുമൂലമുണ്ടാകുന്ന സ്ഥലദൗര്ലഭ്യം, വാഹനബാഹുല്യം, റോഡുകളുടെ വികസനത്തിലെ അപര്യാപ്തത എന്നിവകൂടി പരിഗണിക്കുമ്പോള് തീര്ച്ചയായും നമ്മള് വർഷങ്ങള്ക്കു മുന്പുതന്നെ ജലപാതകളുടെ വികസനത്തില് കൂടുതല് ശ്രദ്ധ ചെലുത്തേണ്ടിയിരുന്നു. എന്നിട്ടും നമ്മുടെ വികസനനയങ്ങളിലെല്ലാം ജലാശയങ്ങളും ജലപാതകളും ഉപേക്ഷിക്കപ്പെട്ടു. ജലമാര്ഗങ്ങള് ഭൂരിഭാഗവും റോഡുകളാക്കിമാറ്റി.


   റോഡ്, റെയില് മാര്ഗങ്ങളിലൂടെയുള്ള ചരക്കുനീക്കത്തെ അപേക്ഷിച്ച് വളരെ ചെലവുകുറഞ്ഞതാണ് ജലമാര്ഗത്തിലൂടെയുള്ള ചരക്കുനീക്കം. റോഡിലൂടെ ചരക്കുഗതാഗതത്തിന് ഒരു കിലോമീറ്ററിന് ശരാശരി 1.5 രൂപയാവുമ്പോള് റെയില് ഗതാഗതത്തിന് ഇത് ഒരു രൂപയാണ്. എന്നാല് ജലമാര്ഗത്തില് ശരാശരി 30 പൈസ മതി; റോഡില് ചെലവാകുന്നതിന്റെ അഞ്ചിലൊന്ന് മാത്രം. കാര്യമായ മലിനീകരണമില്ലെന്ന ഗുണം വേറെയും. തിങ്ങിനിറഞ്ഞ റോഡുകള്, പൊറുതിമുട്ടിക്കുന്ന ഗതാഗതക്കുരുക്ക്, പുകതുപ്പുന്ന വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം,   കുറയുന്ന പൊതുജനാരോഗ്യം, ഉയരുന്ന രോഗങ്ങളുടെ തോത് ഇവയൊക്കെ പരിഗണിച്ചിട്ടും നമ്മള് ഗതാഗതത്തിനായി ഇനിയും ജലപാതകളെ ആശ്രയിക്കുന്നില്ല.  കാലങ്ങളായി നാം നടപ്പിലാക്കുന്ന വികസനനയത്തിന്റെ ഉള്ക്കാഴ്ചയില്ലായ്മയാണ് ഇവിടെ വെളിപ്പെടുന്നത്. 


 ഉള്നാടന് ജലഗതാഗതത്തിന്റെ ഏറ്റവും മികച്ച മാതൃകകള് നിലനിന്ന കേരളത്തിലാണ് ഈ പിന്നോട്ടുപോക്ക് സംഭവിച്ചത്. കായലുകളും തോടുകളുമടക്കം 2000 കിലോമീറ്ററോളം വരുന്ന ജലഗതാഗതമാര്ഗങ്ങള് ഇപ്പോഴും കേരളത്തിലുണ്ട്. ഇവയൊക്കെയും ആവശ്യമെങ്കില് ഗതാഗതത്തിനായി ഉപയോഗപ്പെടുത്താവുന്നവയുമാണ്. കേരളത്തിന്റെ പടിഞ്ഞാറന് തീരത്തെയും ഇടനാട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളെയും ജലമാര്ഗത്തിലൂടെ കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കാനും കഴിയും. എന്നിട്ടും വികസനത്തിന്റെ വഴികളിലൊന്നും ജലഗതാഗതം പരിഗണിക്കപ്പെടുന്നില്ല.

ഇന്ത്യയുടെ വികസനത്തില് ഉള്നാടന് ജലപാതകളുടെ പങ്ക് വളരെ വലുതാണെന്ന് അടുത്തിടെ പ്രധാനമന്ത്രി  ഓര്മപ്പെടുത്തിയിരുന്നു. ചൈനയും കൊറിയയും ചരക്കുനീക്കത്തിനും യാത്രയ്ക്കും 40 ശതമാനത്തിലധികം ജലമാര്ഗം ഉപയോഗിക്കുന്നു.

ഇന്ത്യയില് ഇപ്പോള് ചരക്കുനീക്കത്തിനും യാത്രയ്ക്കുമായി ജലഗതാഗതമാര്ഗങ്ങള് ഉപയോഗപ്പെടുത്തുന്നത് 3.5% മാത്രമാണ്. എന്നാല്, ഇത് 2019-ഓടെ 15% ആക്കി വർധിപ്പിക്കാനാണ് കേന്ദ്രസര്ക്കാറിന്റെ ശ്രമം. റെയില്പ്പാതയും റോഡും വികസിപ്പിക്കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ ചെലവില് ജലപാതകള് വികസിപ്പിക്കാന് കഴിയും. അറ്റകുറ്റപ്പണികള്ക്കുംമറ്റും കുറഞ്ഞ ചെലവ് മതി.   


225 കോടി രൂപ മുടക്കി നിര്മാണം പൂര്ത്തിയാക്കിയ ദേശീയജലപാത-മൂന്നിന്റെ അവസ്ഥ നോക്കിയാല് ജലഗതാഗതമാര്ഗങ്ങളോട് നമ്മള് കാട്ടുന്ന അവഗണന എത്ര കുറ്റകരമാണെന്ന് ബോധ്യപ്പെടും.