നാം അനുഭവിക്കുന്ന ശുദ്ധജലക്ഷാമം ആഗോളതാപനവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന വസ്തുത അടുത്തകാലത്താണ് നമുക്കു ബോധ്യപ്പെട്ടത്. ഇന്ത്യയിലെ വരള്ച്ചയും ശുദ്ധജലക്ഷാമവും ഇന്ത്യയുടെതന്നെ സൃഷ്ടിയാണെന്നു പറയുന്നതിനുപകരം വ്യാവസായികരാജ്യങ്ങള് സൃഷ്ടിക്കുന്ന വായുമലിനീകരണത്തിന്റെ ഇരകളാണെന്നു പറയേണ്ടതായിവരും. ആഗോള ശുദ്ധജലലഭ്യത കുറഞ്ഞുകൊണ്ടിരിക്കുമ്പോള് അതിന്റെ കാരണമായി ശാസ്ത്രജ്ഞര് പറയുന്നത്, വര്ധിച്ചതോതിലുള്ള ജനസംഖ്യയും അശാസ്ത്രീയമായ ജല ഉപഭോഗവുമാണെന്ന ഈ വാദം ശരിയാണോ എന്നു പരിശോധിക്കാനുള്ള  അവസരംകൂടിയാണ് മാര്ച്ച് 22-ന്റെ ലോകജലദിനം.

ഭൂമിയില് കാണുന്ന 97 ശതമാനം ജലവും ഉപ്പുകലര്ന്ന് ഉപയോഗശൂന്യമായി കടലിലകപ്പെട്ടിരിക്കുമ്പോള് വെറും മൂന്നുശതമാനം മാത്രമാണ് ശുദ്ധജലമായി നമുക്ക് നിത്യോപയോഗാവശ്യത്തിനായി കിട്ടുന്നത്.  എന്നാല്, ഈ ശുദ്ധജലത്തിന്റെ മൂന്നില് രണ്ടുഭാഗവും മഞ്ഞുമലകളില് ഘനീഭവിച്ച് കുടുങ്ങിക്കിടക്കുകയാണ്. ബാക്കി ഘനീഭവിക്കാത്ത ഭൂജലം മാത്രമാണ് നമുക്ക് ഉപയോഗപ്രദമായി നില്ക്കുന്നത്. ഇതുപോലും കൂടുതല് മലിനീകരിക്കപ്പെടുകയും അമിതമായ ചൂടുകാരണം ഭൂമിയില്നിന്ന് ബാഷ്പമായിപ്പോകുന്ന ജലം കരയിലെക്കാള് കൂടുതലായി കടലില് മഴയായി പതിക്കുകയും ചെയ്യുന്നത് ഭൂമിയില് ജലക്ഷാമത്തിനിടവരുത്തുകവഴി മനുഷ്യനെ ദോഷകരമായി ബാധിക്കുന്നു.  

ജലത്തിന്റെ ലഭ്യത കുറയുന്നുവെന്നു മാത്രമല്ല അതിലടങ്ങിയിട്ടുള്ള വിഷാംശങ്ങളുടെ അളവ് കൂടിവരുന്നത് ജലത്തിന്റെ സ്വാഭാവികമൂല്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അമൂല്യമായ ജലത്തിന്റെ മൂല്യം കുറയാന്തുടങ്ങിയതാണ് മലിനീകരണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ജലദുരന്തം. നാമുപയോഗിക്കുന്ന ജലത്തിന്റെ മൂല്യം തിട്ടപ്പെടുത്താന് പറ്റാതായത് ജലത്തിന്റെ പ്രകൃതിദത്തമായ ജീവകണമുള്ളതുകൊണ്ടാണ്. അതുകൊണ്ടാണ് ജലം അമൂല്യമാണെന്നു പറയുന്നത്.      

നമ്മുടെ ജലക്ഷാമത്തിന് പ്രധാന കാരണം ജനസംഖ്യാവര്ധനയാണെന്ന അശാസ്ത്രീയനിലപാടുമായി അമേരിക്കയടക്കമുള്ള വികസിതരാഷ്ട്രങ്ങള് വാദിക്കുമ്പോള് ജനസംഖ്യ കുറഞ്ഞതും വായുമലിനീകരണം ഒരുശതമാനം മാത്രമുള്ളതുമായ രാജ്യങ്ങളില് വായുമലിനീകരണത്തിന്റെ ഫലമായുണ്ടാവുന്ന അന്തരീക്ഷ അസന്തുലിതാവസ്ഥയും കാലാവസ്ഥാവ്യതിയാനവും അതുവഴി ജലക്ഷാമവും ഉണ്ടാകുന്നുവെന്ന് വിശദീകരിക്കാന് അവര്ക്ക് കഴിയുന്നില്ല.

ഭൂമിയിലുള്ള ജലത്തിന്റെ അളവ് സ്ഥിരമാണെന്നും ബാഷ്പീകരണവും വര്ഷപാതവുംവഴി താത്കാലികമായി ജലനിക്ഷേപത്തില് മാറ്റമുണ്ടാവുമെങ്കിലും ഭൂമിയിലെ ജലം കോടാനുകോടി കൊല്ലങ്ങളായി സ്ഥിരമാണെന്നതാണ് വസ്തുത. മനുഷ്യന് ഭക്ഷണം പാകംചെയ്യുമ്പോഴും കുളിക്കുമ്പോഴും കൃഷിചെയ്യുമ്പോഴും അവ ഭൂമിയില്നിന്ന് സ്ഥിരമായി നഷ്ടപ്പെടുന്നില്ല. അവ ഭൂമിയില്ത്തന്നെ പുനര്നിക്ഷേപിക്കപ്പെടുകയും ഭൂമിയുടെ സമ്പത്തായി എല്ലാക്കാലത്തും നിലനില്ക്കുകയും ചെയ്യുന്നു. ഭൂമിയില് എത്ര ആളുകള് ജീവിച്ചാലും ശരി ആ ആളുകള്ക്കെല്ലാംതന്നെ ജലം ഉപയോഗിക്കാനുള്ള അവകാശം പ്രകൃതി ദാനമായി ഭൂമിക്കു നല്കിയിട്ടുണ്ട്. ഭൂമിയിലുള്ള ജലം ഇങ്ങനെ പുനര്നിക്ഷേപിക്കപ്പെടുന്നിടത്തോളം കാലം ജലക്ഷാമംവഴിയുള്ള ദുരന്തങ്ങളുണ്ടാവുകയില്ല.     
 ജലം അമൂല്യമാണോ?

നാം ഭക്ഷണം കഴിക്കാന് ഹോട്ടലുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ കൈകഴുകാന് പോവുമ്പോള് തൊട്ടുമുകളില് എഴുതിവെച്ചിരിക്കുന്നത് കാണാം ‘ജലം അമൂല്യമാണ്, അത് പാഴാക്കരുത്’ എന്ന്.  ഈ പരസ്യവാചകം ഒട്ടിച്ചുവെക്കുന്നത് ജലം വില്പന നടത്തുന്ന ഏതെങ്കിലും കുപ്പിവെള്ളക്കമ്പനികളാണ്. ജലക്ഷാമംകൊണ്ടും അതിന്റെ മാലിന്യംകൊണ്ടും കൂടുതല് സന്തോഷിക്കുന്നതും ലാഭമുണ്ടാക്കുന്നതും ഇത്തരം കമ്പനികളാണ്.

40 വര്ഷംമുമ്പ് ഇത്തരത്തിലുള്ള ഒരു വാചകവും ആരും എഴുതിവെച്ചിരുന്നില്ല. കാരണം, ജലം സര്വവ്യാപിയും പ്രകൃതിയില്ത്തന്നെ സ്വതന്ത്രമായി നിലനില്ക്കുന്നതും എല്ലാവര്ക്കും ഇഷ്ടാനുസരണം ഏതുസമയത്തും ഉപയോഗിക്കാവുന്നതുമായ  പൊതുസ്വത്തായിരുന്നു. അന്ന് ജലം അമൂല്യമായിരുന്നു. അതായത്, ആര്ക്കും അതിന്റെ മൂല്യത്തില് സ്വകാര്യതയില്ലായിരുന്നുവെന്നുമാത്രമല്ല, എല്ലാവരുടേതുമായിരുന്നു ജലം.

കമ്പോളത്തില് മറ്റെല്ലാ സാധനങ്ങളുടെയും മൂല്യം തീരുമാനിക്കുന്നതുപോലെ ചോദനപ്രദാനശക്തികളല്ല ജലത്തിന്റെ മൂല്യം തീരുമാനിക്കുന്നത്. ജലത്തിന്റെ മൂല്യം അവ മലിനമാകാതിരിക്കുമ്പോഴാണുണ്ടാവുന്നത്. ജലം മലിനമാക്കിയതോടുകൂടി അതിന്റെ മൂല്യം നഷ്ടപ്പെടുകയും കമ്പോളത്തില്നിന്ന് വിലനല്കിമാത്രം വെള്ളം വാങ്ങാവുന്ന അവസ്ഥ വരികയും ചെയ്തു. അമൂല്യമായ ജലം പ്രകൃതിയുടെ ഉടമസ്ഥതയിലാണുള്ളത്. ഭൂമിയില് ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്ക്കും പുഴുക്കള്ക്കും പാറ്റകള്ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന വസ്തുവായതിനാലാണ് ജലം അമൂല്യമായിത്തീരുന്നത്. ജലം മലിനീകരിക്കപ്പെട്ടതോടുകൂടി അതിനെ ശുദ്ധീകരിക്കാൻ സ്വകാര്യകമ്പനികള് നിക്ഷേപങ്ങള് നടത്തുകയും ജലത്തിന്റെ സാമൂഹികസ്വഭാവം നഷ്ടപ്പെടുകയും അവ വാണിജ്യ ഉത്പന്നമായി മാറുകയും ചെയ്തു. ഇത് ജലത്തെ ഒരു അസറ്റാക്കി മാറ്റി.

ഇവയില് നിക്ഷേപിക്കുന്നവര്ക്ക് വന്ലാഭം വന്നതോടുകൂടി അവ വ്യവസായമായിത്തീരുകയും കുടിവെള്ളം കമ്പോളത്തില് വില്പനയ്ക്കെത്തുകയും ചെയ്തു. എക്സ്റ്റേണല് പൊല്യൂഷന് സ്വഭാവം അനുഭവപ്പെടുന്നതോടുകൂടി മലിനീകരണം തീരെക്കുറഞ്ഞ വികസിതരാഷ്ട്രങ്ങളില്പ്പോലും ജലക്ഷാമമുണ്ടാവുകയും ജലവ്യവസായം കൂടുതല് ലാഭമാവുകയും കൂടുതല് സാധാരണക്കാര് ജലലഭ്യതയില്നിന്ന് അന്യവത്കരിക്കപ്പെടുകയും ചെയ്യുന്നു. 60-ഉം 70-ഉം വര്ഷംമുമ്പേ അമൂല്യവും പ്രകൃതിയുടെ സമ്പത്തുമായ ജലത്തിന് സാമൂഹികമൂല്യം നഷ്ടപ്പെട്ടപ്പോള് അവ സാധാരണക്കാരില്നിന്ന് അകന്നുപോവുകയും ജലം ഒരു വില്പനച്ചരക്കായി മാറുകയും ചെയ്തു.

ഈ വര്ഷത്തെ ജലദിനത്തിന്റെ മുദ്രാവാക്യംതന്നെ ‘ജലവും തൊഴിലും’ (water and job) എന്നാണ്. ഈയൊരു ബന്ധം പലപ്പോഴും വര്ധിച്ചുവരുന്നത് ജലം അശുദ്ധമാവുമ്പോള് മാത്രമാണ്. മലിനീകരിക്കപ്പെട്ടിട്ടുള്ള ജലത്തെ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് വന്കിട കമ്പനികള് വരികയും കൂടുതലാളുകള്ക്ക് തൊഴിലവസരം നല്കുന്ന ഒരു മേഖലയായി ജലവ്യവസായം വര്ധിക്കുകയും ചെയ്തു. 

മരുന്നുവ്യവസായം കഴിഞ്ഞാല് ഏറ്റവും കൂടുതല് നിക്ഷേപം വരുന്ന മേഖലയായി മാറിയിരിക്കയാണ് ജലവ്യവസായം. ഓരോ വാട്ടര് ട്രീറ്റ്മെന്റ് പ്ലാന്റേഷന് കമ്പനിയും വെള്ളക്കുപ്പികളുടെ വില തീരുമാനിക്കുന്നത് ജലത്തിന്റെ ശുദ്ധിയും കുപ്പികളുടെ ക്വാളിറ്റിയും നോക്കിയാണ്. ഒരുലിറ്റര് വെള്ളത്തിന് 1.15 ഡോളർ മുതല് അഞ്ചുഡോളര് വരെ അമേരിക്കയില് വില ഈടാക്കുന്നു. ഒരു ഗ്യാസ് കുറ്റി ഉപയോഗിക്കുന്നതിന്റെ ഇരട്ടിവിലയോളം ഒരു ലിറ്റര് വെള്ളത്തിന് വില കൊടുക്കേണ്ടിവരുന്നു.

അമേരിക്കന് സമ്പദ് വ്യവസ്ഥയുടെ മൊത്ത ദേശീയവരുമാനത്തില് ഒരുശതമാനം മാത്രമേ ജലവ്യവസായത്തിന് നല്കുന്നുള്ളൂവെങ്കിലും 109.8 ബില്യണ് ഡോളര് ഈ വ്യവസായം അമേരിക്കയ്ക്ക് സംഭാവന ചെയ്യുന്നുണ്ട്. ഏകദേശം 1,45,604 പേര്ക്ക് നേരിട്ടും 1,62,445 പേര്ക്ക് വെള്ളവിതരണമേഖലയില്നിന്നും 1,91,732 പേര്ക്ക് അനുബന്ധമേഖലയില്നിന്നും തൊഴിലവസരം നല്കുന്നുവെന്നാണ് ഇന്റര്നാഷണല് ബോട്ടില്ഡ് വാട്ടര് അസോസിയേഷന് ഓഫ് അമേരിക്കയുടെ കണക്ക്. ഇന്ത്യയില് വെള്ളം പ്ലാസ്റ്റിക് കുപ്പിയിലാക്കിത്തുടങ്ങിയത് 1990-കളുടെ ആദ്യത്തിലാണ്. ബിസ്ലേരി, പെപ്സി, കൊക്കകോള, പാര്ലെ തുടങ്ങിയ കമ്പനികള് ഇന്ത്യയില് മൊത്തം ബോട്ടില്ഡ് വാട്ടറിന്റെ 65 ശതമാനവും കൈകാര്യംചെയ്യുന്നു. വായുമലിനീകരണവും ഉഷ്ണവും വരള്ച്ചയും വര്ധിക്കുന്നതനുസരിച്ച് ഈ വ്യവസായവികസനം ത്വരഗതിയിലാവുകയും ചെയ്യുന്നു.

കാലാവസ്ഥ മാറുന്നതനുസരിച്ച് 60 കിലോഗ്രാമുള്ള ഒരാള് രണ്ടുലിറ്റര് വെള്ളവും 10 കിലോഗ്രാം ഭാരമുള്ള ഒരാള് ഒരുലിറ്റര് വെള്ളവും ദിനംപ്രതി ഉപയോഗിക്കുന്നു. എന്നാല്, 10 വര്ഷത്തിനുശേഷം വീണ്ടും മാറി. ഒരാള് ശരാശരി ഒരു മാസം 10 ലിറ്റര് ബോട്ടില്ഡ് വാട്ടര് ഉപയോഗിക്കുന്നുവെന്നാണു കണക്ക്. പല സാമ്പത്തികമാന്ദ്യമുണ്ടായിട്ടും ലോക കമ്പോളത്തില് ജലവ്യവസായത്തിനുമാത്രം ഒരു കുറവും പറ്റാതെ ലാഭമുണ്ടാക്കുന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നു. ഇന്നു നാം ഉപയോഗിക്കുന്ന ജലത്തിന്റെ 10 ശതമാനംമാത്രമേ ശുദ്ധീകരിക്കുന്നുള്ളൂ. ബാക്കി 90 ശതമാനവും ഇനിയും ശുദ്ധീകരിക്കാനുള്ളതാണ്.

അതുകൊണ്ടുതന്നെ പല വ്യവസായരാജാക്കന്മാരും ഈ മേഖലയില് നിക്ഷേപം നടത്തുന്നതിനുവേണ്ടി മുന്നോട്ടുവരുന്നുണ്ട്.  വര്ധിച്ചുവരുന്ന ജനസംഖ്യയും ജലക്ഷാമവും തമ്മില് ഒരു ബന്ധവുമില്ലെന്നും വികസ്വരരാഷ്ട്രങ്ങള് സൃഷ്ടിച്ചിട്ടുള്ള കാലാവസ്ഥാദുരന്തങ്ങളാണ് ഇത്തരം രാജ്യങ്ങളിലുള്ള ജലക്ഷാമമെന്നും തിരിച്ചറിയാന് ഈ വര്ഷത്തെ ജലദിനം നമ്മെ സഹായിക്കട്ടെ.