ശ്ചിമ ഘട്ടത്തിലെ ചുവന്ന് പൊള്ളിയ മണ്ണിര പോലും മരിച്ചുവീഴുന്ന മണ്ണില്‍ കാവുകള്‍ക്കും സസ്യജാലങ്ങള്‍ക്കും തണല്‍ നല്‍കുകയാണ് വയനാട്ടിലെ പൊഴുതനയിടത്തില്‍ കെ.വി.ദിവാകരന്‍ എന്ന ജൈവമനുഷ്യന്‍. സ്വന്തം കൃഷിയിടത്തിന്റെ ഭൂരിഭാഗവും കുടചൂടി നില്‍ക്കുന്ന പച്ചപ്പുകള്‍ക്ക് നടുവില്‍ പോയകാലത്തിന്റെ ജൈവികതെയെക്കുറിച്ചാണ് എണ്‍പത് വയസ്സ് പിന്നിട്ട ഈ പ്രകൃതി സ്‌നേഹിക്ക് പറയാനുള്ളത്. കാവുകളും അനേകം സസ്യവൈവിധ്യങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു വയനാടെന്ന ദേശം. വീതിച്ചു കിട്ടിയ പുരയിടത്തില്‍ നിന്നും കാവുകളെ പിഴുതെറിഞ്ഞും മരങ്ങള്‍ അടിയെ മുറിച്ചുമാറ്റിയും മുന്നേറുന്നവര്‍ക്കിടയില്‍ തിരുത്താണ് ഈ മനുഷ്യന്റെ ജീവിതം. 

അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വന്‍മരങ്ങള്‍ തണല്‍ വിരിക്കുന്ന കാവുകളാണ്  ഇക്കാലത്തിനിടയില്‍ പകരം വെക്കാനില്ലാത്ത സമ്പാദ്യം. മരങ്ങളുടെ മൂല്യം എന്നതിലല്ല. ആകാശം മുട്ടെ വളര്‍ന്ന് വള്ളിപടര്‍പ്പുകള്‍ തൂങ്ങിയാടുന്ന ഈ ചെറുവനത്തിന്റെ ആവാസലോകത്തെക്കുറിച്ചാണ് ദിവാകരന്‍ ഇപ്പോഴും അഭിമാനം കൊള്ളുന്നത്. പഴയ ജനതയുടെ ജൈവവൈവിധ്യ സംരക്ഷണനത്തിന്റെ ജീവശാസ്ത്രം വേണ്ടുവോളമറിയുന്ന ഒരാള്‍ എന്നനിലയില്‍ ഈ കാവുകള്‍ കാത്തുവെക്കാന്‍ വരുന്ന തലമുറകള്‍ തയ്യാറാവണം.

അതിനുവേണ്ടിയുള്ള പാഠമായിരിക്കണം ഈ ജീവിതം എന്നാണ് സ്വന്തമായുള്ള വിലയിരുത്തല്‍. മാറുന്ന പ്രകൃതിയെക്കുറിച്ചും താളം തെറ്റുന്ന മഴക്കാലത്തെക്കുറിച്ചുമെല്ലാം ആകുലതപ്പെടുന്നവരോട് മാറിയ മുനഷ്യരെക്കുറിച്ചാണ് പറയാനുള്ളത്. സ്വാഭാവികമായ താളത്തിന് ക്രമം തെറ്റിയത് എവിടെ നിന്നാണ് എന്ന അന്വഷണമാണ് ഓരോ വയനാട്ടുകാരനും സ്വയം ചോദിക്കേണ്ടത്. കാല്‍ചുവട്ടില്‍ നിന്നും മണ്ണ് പോലും ഒലിച്ചുപോകുന്ന അവസ്ഥയിലും അവശേഷിക്കുന്ന ചെറുതുണ്ട് ജൈവവൈവിധ്യം പോലും പണയപ്പെടുത്തുന്ന രീതികള്‍ക്കെതിരെയുള്ള  പ്രതിഷേധത്തിന്റെ അടയാളം കൂടിയാണ് പൊഴുതനയിലെ തന്റെ കൃഷിയിടം. 

1970 ലാണ് പൊന്നാനിയില്‍ നിന്നും ദിവാകരന്‍ വയനാട്ടിലെത്തുന്നത്. ഇതിനിടയില്‍ റെയില്‍വേയിലും പിന്നീട് സെന്‍ട്രല്‍ വെയര്‍ഹൗസിലും ജോലി ലഭിച്ചു. ഡല്‍ഹിയിലും ബാംഗ്ലൂരിലുമൊക്കെയായിരുന്നു ജോലി. നഗരജീവിതത്തോട് ഇണങ്ങിയുള്ള ജീവിതത്തിലും പ്രകൃതി എന്ന അത്ഭുതലോകത്തേക്ക് തന്നെയായിരുന്നു ശ്രദ്ധമുഴുവന്‍. 

ചെറുപ്പം മുതലെ കാര്‍ഷികജീവിതത്തോടും മണ്ണിനോടും പുലര്‍ത്തിയ ശീലങ്ങള്‍ വെറുതെയിരിക്കാന്‍ അനുവദിച്ചില്ല.ജോലിയുടെ ഇടവേളകളിലെല്ലാം വയനാട്ടിലെ കൃഷിയിടത്തിലേക്ക് കുടുംബത്തോടൊപ്പം ഓടിയെത്തും.ഇക്കാലങ്ങളിലെല്ലാം കാവുസരംക്ഷണനത്തിനും സമയം കണ്ടെത്തി. 

സ്വന്തം കൃഷിയിടത്തിലെ 25 സ്ഥലത്തോളമുള്ള കാവിന് പുറമെ കുടംബസ്വത്തായുള്ള ഒന്നരയേക്കര്‍ വിസ്തൃതിയുള്ള പാമ്പിന്‍ കാവിനെയും പരിപാലിച്ചു.  നാലരപതിറ്റാണ്ടോളം വയനാട്ടില്‍ വേരാഴ്ത്തിയ ജീവിതത്തില്‍ പ്രകൃതി സ്‌നേഹത്തിന്റെ ഉറവകള്‍ പകര്‍ന്ന് പച്ചിലചാര്‍ത്തുകളില്‍ ശോഭനമായിരുന്നു ആ നിശബ്ദ വിപ്ലവം.

നട്ടുവളര്‍ത്തിയ മുളങ്കാടുകള്‍

കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ പണിതും വാണിജ്യാവശ്യത്തിനായും ആകെയുള്ള സ്ഥലമെല്ലാം  തരംമാറ്റാന്‍ പലരും മത്സരിക്കുന്നകാലത്ത് നാനാതരം മുളവര്‍ഗ്ഗങ്ങള്‍ക്കായി കൃഷിയിടത്തിന്റെ നല്ലൊരുഭാഗം തന്നെ ഈ പ്രകൃതി സ്‌നേഹി ഒഴിച്ചിട്ടുണ്ട്. പത്തോളം ഇനം മുളകള്‍ ഇവിടെ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നുണ്ട്. ആനമുളമുതല്‍ ബുദ്ധമുളവരെയുള്ളവയുണ്ട്. ഇവയൊന്നും വാണിജ്യാവശ്യത്തിനുള്ളതല്ല. ഇതെല്ലാം പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ആവാസലോകത്തെ കാണാന്‍ വേണ്ടിമാത്രമാണ്. 

അന്യം വന്നുകൊണ്ടിരിക്കുന്ന കൈതയോലചെടികളും ഈറ്റയും ഓടയുമെല്ലാം ഇതിന്റെ തണല്‍പറ്റി വളരുന്നു.അഞ്ചോളം വലിയ കുന്നുകള്‍ക്ക് നടുവിലാണ് പൊഴുതന ആനോം ദേശമുള്ളത്. മുന്‍കാലത്ത് സ്വയം പര്യാപ്തമായ കാര്‍ഷിക ഗ്രാമമായിരുന്നു ഈ നാട്. വയലും ചതുപ്പുകളും കണ്ണടയാത്ത ഉറവകളെല്ലാമായിരുന്നു ഈ ഗ്രാമത്തിന്റെ പ്രത്യേകത. ഒരുകാലത്തും ഇവിടെ വരള്‍ച്ചയൊന്നും വരാന്‍ പാടില്ലാത്തതാണ്. അത്രയുമധികം പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച സ്ഥലമാണിത്. എന്നാല്‍ വയലിന്റെ തരമാറ്റലും വാണിജ്യാവശ്യത്തിനായുള്ള മാറിയ കൃഷി രീതികളുമെല്ലാം ഈ ഗ്രാമത്തിന്റെ മുഖചിത്രം മാറ്റിയെഴുതുന്നു. 

ഇതിനിടയില്‍ അവശേഷിക്കുന്നത് ഈ കാവുകളും മുളങ്കാടുകളും നട്ടുവളര്‍ത്തിയ അനേകം മരങ്ങളുമാണ്. മുളങ്കാടുകള്‍ കൂടുതലായി സ്വന്തം കൃഷിയിടത്തില്‍ പോലും വെച്ചുപിടിപ്പിക്കുന്നതില്‍ പ്രാദേശികമായ ചെറിയ എതിര്‍പ്പുകള്‍ പോലുമുണ്ട്. വന്യമൃഗങ്ങള്‍ ഇവിടെ വന്ന് തമ്പടിച്ചുകളയുമോ എന്ന ഭയമാണ് ഇതിനുപിന്നില്‍. 

നട്ടുവളര്‍ത്തിയ മഴക്കാടുകള്‍ക്ക് നടുവില്‍ നിത്യവും കര്‍മ്മോത്സുകനാണ് ഈ പ്രകൃതി സ്‌നേഹി. ലാറി ബേക്കര്‍ ശൈലിയില്‍ നിര്‍മ്മിച്ച പ്രകൃതി സൗഹൃദ വീടിന്റെ മുറ്റത്തും അശോകമരവും വലിയ മാവുകളും കുടചൂടി നില്‍ക്കുന്നു. സന്ധ്യയാകുന്നതോടെ അനവധി പക്ഷികളും ഈ വൃക്ഷശിഖരങ്ങളില്‍ കൂടണയും.  ഇവര്‍ തമ്മിലുള്ള ഈ സൗഹൃദത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനടുത്തായി സ്വാഭാവികമായ ആവാസവ്യവസ്ഥയില്‍ പക്ഷികള്‍ കൊണ്ടിട്ട വിത്തുകള്‍ മുളച്ചുവളര്‍ന്ന മറ്റൊരു വിശുദ്ധവനവും ഇവിടെ വളരുന്നുണ്ട്.

ചെറുതവളകളും സസ്യജാലങ്ങളുമായി ഒരു കാവ് രൂപപ്പെട്ടുവരുമ്പോള്‍ അതിനെ അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് തന്നെ വളരാന്‍ വിടുകയാണ് . ഏതുവെയിലിലും ചൂട് അരിച്ചിറങ്ങാത്ത വീട്ടുമുറ്റത്തെ ഈ തണലില്‍ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ്.സ്വാമിനാഥന്‍ പോലും അതിഥിയായി വന്നിട്ടുണ്ട്. 

1992 സര്‍വീസില്‍ നിന്നും വിരമിച്ചതോടെ നാട്ടിലെ കൃഷിയിടത്തിലും സാമൂഹിക സാസ്‌കാരിക രംഗത്തെല്ലാം ഒരു പോലെ ദിവാകരന്‍  പ്രവര്‍ത്തിക്കുന്നു. കല്‍പ്പറ്റ പുത്തൂര്‍വയലിലുള്ള സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലെ പങ്കാളിയാണ്. വയനാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ ജൈവകൃഷിയുടെയും പരിസ്ഥിതി സംരക്ഷണനത്തിന്റെയുമെല്ലാം വിത്തുപാകുന്നതില്‍ ഈ കേന്ദ്രം എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിലെല്ലാം ആവേശത്തോടെ പങ്കെടുത്തു. സ്വന്തം കൃഷിയിടത്തിലും ഈ രീതികളെല്ലാം പരീക്ഷിച്ചു. നെല്ലും പച്ചക്കറികളും കരിമ്പുമെല്ലാം കൃഷിചെയ്തു. കാസര്‍ഗോഡ് കുള്ളനും വെച്ചൂര്‍ പശുവിനെയുമെല്ലാം വളര്‍ത്തി സീറോ ബജറ്റ് ഫാമിങ്ങിനെയും നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്നു. 

പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ഇവയ്‌ക്കൊപ്പം ചെലവിടുമ്പോള്‍ സമയം പോകുന്നതും അറിയുന്നില്ല. കാഴ്ചക്കുല തോട്ടവും ഒന്നാന്തരം മത്സ്യക്കുളവും ഇവിടെയുണ്ട്. എല്ലാം പരിസ്ഥിതിയെ നോവിക്കാത്തവിധം മുന്നോട്ട് നടത്തുന്നു. ഒട്ടേറെ ജൈവൈവിധ്യങ്ങളുള്ള പൊഴുതന പഞ്ചായത്തിന്റെ ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കുന്നതിലും ഈ പ്രകൃതി സ്‌നേഹി മുന്നിട്ടിറങ്ങിയിട്ടുണ്ട്.കേരളസിംഹം പഴശ്ശിരാജയടക്കം വന്നു തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു പൊഴുതനയിടം. 

കോട്ടയം രാജവംശത്തിന്റെ പോര്‍ക്കലിദേവിയുടെ ക്ഷേത്രവും ഈ നാട്ടിലുണ്ടായിരുന്നു. ഇതിനെ ചുറ്റി നില്‍ക്കുന്ന കാവുകളും അത് സംരക്ഷിക്കാന്‍ മുന്‍തലമുറകാണിച്ച കൃത്യതയും എടുത്തുപറയാനുണ്ട്. ഇവയ്‌ക്കെല്ലാം കാവല്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒപ്പം ഇതെല്ലാം വരുകാലത്തിനുവേണ്ടി ആര് ഏറ്റെടുക്കും എന്ന ചോദ്യവും അവശേഷിക്കുന്നു. ഇതുവരെയും പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന വേഷം കെട്ടി നടന്നിട്ടില്ല. അതിലുപരി അതിനുവേണ്ടി അര്‍പ്പണബോധത്തോടെ ഇറങ്ങി തിരിച്ചിട്ടുണ്ട്. അതിനുളളതെല്ലാം പ്രകൃതി തന്നെ അനുഗ്രഹിച്ച് നല്‍കി. ഇതുമാത്രമാണ് ആഗ്രഹിച്ചതെന്നും ഈ പരിസ്ഥിതി സ്‌നേഹി പറയും.