പേരിന്റെ ഞെട്ടറ്റത്തുള്ള പാരിസ് എന്നത് മോഹൻകുമാറിന് അലങ്കാരത്തിന്റെ ഗോപുരശൃംഗമോ അഹങ്കാരത്തിന്റെ ആഭരണത്തൂക്കമോ അല്ല. കാലങ്ങളായുള്ള ദേശാടനത്തിനിടെ എങ്ങനെയോ പാദത്തിൽ പറ്റിച്ചേർന്നുപോയ ഒരു മണൽത്തരിയോളം നിസ്സാരമാണ് ഈ ചിത്രകാരനത്. കാൻവാസിൽ അശ്രദ്ധമായി വീണുപോയ ഒരു മഷിത്തുള്ളി. ‘അത് ങ്ങള് പത്രക്കാരിട്ടുതന്ന പേരാ...കുറേക്കാലം പാരിസിലുണ്ടായിരുന്നതുകൊണ്ട് സുഹൃത്തുക്കളായ പത്രക്കാര് അതേ പേര് വിളിച്ചു. പിന്നെ എല്ലാരും അതുതന്നെ വിളിച്ചുതുടങ്ങി.’ ഇപ്പോൾ ഫോർട്ടുകൊച്ചിയിൽ നങ്കൂരമിട്ടുനിൽക്കുന്ന വിഖ്യാതനായ മലയാളി പറയുന്നു.

അതുകൊണ്ടുതന്നെ പാരിസിലല്ല മോഹൻകുമാറിന്റെ നിറങ്ങളും സങ്കൽപ്പങ്ങളും പാർക്കുന്നത്. അത് വയനാടിന്റെ വനനീലിമയിൽ തറഞ്ഞുനിൽക്കുന്നു. വർഷങ്ങളായി വയനാടിനുവേണ്ടിയാണ് ഇദ്ദേഹം വരയ്ക്കുന്നതും ജീവിക്കുന്നതും. ഇപ്പോൾ ഫോർട്ടുകൊച്ചിയിൽ ചിത്രങ്ങളുമായി എത്തിയിരിക്കുന്നതും കാടിനുള്ളിലെ മനുഷ്യർക്കുവേണ്ടിത്തന്നെ.
 മോഹൻകുമാറിനെ കാണുമ്പോൾ അപ്പൂപ്പൻതാടിയെ ഓർമവരും. സർവത്ര വെള്ള. ഒന്ന് ഊതിയാൽ പറന്നുപോകുമെന്ന് തോന്നും. ഏതാണ്ട് അതേ പോലുള്ള ജീവിതമാണ് യുനെസ്കോയുടെ അംഗീകാരംവരെ നേടിയ കലാകാരന്റേത്. പലപല ആകാശങ്ങൾ കണ്ട യാത്രക്കിടെ എപ്പോഴോ മോഹൻകുമാർ വയനാടിന്റെ ചില്ലയിൽ തങ്ങി. അവിടെയിരുന്നുകൊണ്ട് കർണാടകയുടെയും തമിഴ്നാടിന്റെയും കാടകങ്ങൾ കണ്ടു. അവിടത്തെ മനുഷ്യരെ അറിഞ്ഞു. 

പ്രകൃതി പച്ചനിറത്തിൽ മുന്നിൽ നിവർത്തിയിട്ട വലിയ ചിത്രപടത്തിലെ കിളികളും പുഴകളും മരക്കൂട്ടങ്ങളും ഉള്ളിലെ ചിത്രകാരനെയല്ല ഉണർത്തിയത്; ജൈവികതയെയാണ്. പുഴയിലേക്കിറങ്ങുംപോലെയും മഴയിലേക്ക് കൈകൾ വിടർത്തുംപോലെയും മോഹൻകുമാർ വയനാടൻ കാടുകളിലേക്കിറങ്ങി. അവിടത്തെ മനുഷ്യരിൽ കാട്ടുകൊള്ളക്കാർ വരെയുണ്ടായിരുന്നു. അരുതെന്ന് പറഞ്ഞപ്പോൾ കാട്ടാളന്മാർ ആദ്യം ചെവിക്കൊണ്ടില്ല. ഒരുപാട് ഉരുവിട്ടപ്പോൾ മൗനത്തിന്റെ ചിതൽപ്പുറ്റിലേക്കുറഞ്ഞു, ചിലർ. ഒടുവിൽ അവരിൽ സന്ന്യാസസമാനമായ മാറ്റം സംഭവിച്ചു.

അങ്ങനെ പടംവരയ്ക്കുന്ന ഒരു വയോധികൻ, കോടാലിയാൽ ആനയുടെ മസ്തകവും മരങ്ങളുടെ ഹൃദയവും പിളർക്കുന്നവരെക്കൊണ്ട് വിത്തെറിയിപ്പിച്ചു, വിയർപ്പൊഴുക്കിച്ചു, വിളവെടുപ്പിച്ചു. നിറങ്ങളൊന്നും ഒഴുക്കാതെയുള്ള നിശ്ശബ്ദമായ ഒരു പരിണാമരചനയായിരുന്നു അത്.  കാട് കാണാൻ മാത്രമുള്ളതല്ല, അറിയാൻകൂടിയുള്ളതാണെന്ന ബോധ്യത്തോടെ അതിന്റെ അക്ഷയമായ ഖനികളെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തുകയും അതിന്റെ പ്രതിഫലം യഥാർഥ ഉടമകൾക്ക് പങ്കുവച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു മോഹൻകുമാറിന്റെ അടുത്ത ലക്ഷ്യം. 

പക്ഷേ പുതിയ കാലത്ത് പണമില്ലാതെ ഒന്നും നടക്കില്ലെന്ന് െെകയിൽ നയാപൈസ തികച്ചില്ലാത്തയാൾക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ പ്രതിഭയിൽ ധനികനായ അദ്ദേഹം വെറുതെയിരിക്കാൻ ഒരുക്കമല്ലായിരുന്നുതാനും. അധികാരികൾ എപ്പോഴും മറന്നുകളയുകയും കാട്ടുതീയുണ്ടാകുമ്പോൾ മാത്രം പൊള്ളിയുണർന്ന് വെള്ളംതളിക്കുകയും ചെയ്യുന്ന വനസ്ഥലികൾക്കും അവിടത്തെ ജീവജാലങ്ങൾക്കും വേണ്ടി തന്റെ ബ്രഷും തോൾസഞ്ചിയുമായി മോഹൻകുമാർ തെക്കോട്ട് യാത്രതിരിച്ചു. 
 വന്നുചേർന്നത് ഫോർട്ടുകൊച്ചിയിലാണ്. പടംവരച്ച് വിൽക്കാനെത്തിയ ഒരു പഴഞ്ചൻ എന്നേ ആരും കരുതിയുള്ളൂ. അത്തരം തത്സമയ ജാലവിദ്യകൾ ദിനംപ്രതി പലതുകാണുന്ന കടലോരം ഈ വെളുത്ത മനുഷ്യനെനോക്കി അതിനേക്കാൾ വെളുത്തുചിരിച്ചു. അത് പരിഹാസധ്വനിയോടെ പ്രതിധ്വനിച്ചത് അയാളുടെ ഉദ്ദേശ്യം അറിഞ്ഞപ്പോഴാണ്; കാട്ടിലുള്ളവരുടെ രക്ഷയ്ക്കുവേണ്ടി കാശുണ്ടാക്കാൻ വന്ന ഒരുവൻ!

പക്ഷേ ഒരാൾ മോഹൻകുമാറിന്റെ മനസ്സുവായിച്ചു. അത് സി.ജി.എച്ച്. എർത്ത് ഗ്രൂപ്പ് മേധാവി ജോസ് ഡൊമിനിക്കായിരുന്നു. അമ്പതിനായിരം രൂപ െെകയിൽവച്ചുകൊടുത്തുകൊണ്ട് അദ്ദേഹം കൊച്ചിയെന്ന വലിയ പ്രതലത്തിലേക്ക് വിരൽചൂണ്ടി. 102 ചിത്രങ്ങൾ മോഹൻകുമാർ വരച്ചു. അത് പ്രദർശിപ്പിക്കാൻ അവസരമൊരുക്കിയതും ജോസ് ഡൊമിനിക് തന്നെ. അങ്ങനെ ഡേവിഡ് ഹാളിന്റെ പ്രൗഢിയിൽ പാരീസ് മോഹൻകുമാറിന്റെ ചിത്രങ്ങൾ നിരന്നു. വയനാടൻ തേനിൽ മുക്കി വരച്ചതെന്നോണം, ഫോർട്ടുകൊച്ചി കാണാനെത്തിയ വിദേശികൾ മുതൽ നഗരത്തിലെ ധനാഢ്യർവരെ അതിലേക്ക് ആകർഷിക്കപ്പെട്ടു. എല്ലാ ചിത്രങ്ങളും വിറ്റുപോയി. 

ഒരുവർഷം മുമ്പായിരുന്നു ഇത്. കിട്ടിയ പണവുമായി മോഹൻകുമാർ കാടുകയറി. അതുപയോഗിച്ച് അദ്ദേഹം വീണ്ടും കുറെയേറെ ജീവിതങ്ങൾ മാറ്റിവരച്ചു; ആരൊക്കയോ ചേർന്ന് വൃത്തികേടാക്കിയതിനെ സൂക്ഷ്മമായി, എന്നാൽ അങ്ങേയറ്റം കലാപരതയോടെ. കാടിന്റെ മക്കളുടെ വിദ്യാഭ്യാസം മുതൽ കാട്ടറിവുകളുടെ സംരക്ഷണംവരെ നീളുന്ന ദൗത്യം.   ഇപ്പോൾ രണ്ടാംവട്ടം അദ്ദേഹം കൊച്ചിയിലെത്തിയിരിക്കുകയാണ്. നേപിയർ സ്ട്രീറ്റിലെ വൈൽഡ് സ്പേസ് എന്ന ഗാലറിയിൽ പേരിനെ ശരിവച്ചുകൊണ്ട് വന്യതയ്ക്കായുള്ള 54 ചിത്രങ്ങൾ, ആറു ശില്പങ്ങൾ. ‘ലാസ്റ്റ് ട്രീ’ എന്ന മൂർച്ചയുള്ള ശില്പമാണ് സ്വാഗതം ചെയ്യുന്നത്. ഒരു വേരിൽ ആഞ്ഞുതറച്ചിരിക്കുന്ന കോടാലികൾ. അതിനുതാഴെയുള്ള വാചകം പ്രകൃതിയോട് ഒരിറ്റ് കനിവുള്ളവരെ പോറലേൽപ്പിക്കും. ‘കോടാലികൾ ഉറങ്ങുന്നില്ല, അത് അവസാനമരത്തെയും കാത്തിരിക്കുന്നു.. അതിനുപിന്നിലെ കൈകൾ അത്രയും ശക്തവും നികൃഷ്ടവുമാണ്..’

 വൈൽഡ് സ്പേസിലെ മൂന്ന് മുറികളിലായുള്ള ചിത്രങ്ങളിൽ മോഹൻകുമാറിലെ ചിത്രകാരൻ നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയും സ്ത്രീയും ഒരേ അർഥതലങ്ങളിൽ വിരിയുന്നു. പ്രധാനമുറിയുടെ കോണിലായി ഒരു കളിവണ്ടി. ബാല്യത്തിന്റെ എല്ലാ നിഷ്കളങ്കതകളും നിറയുന്ന മരശില്പം. സിനുബേബി എന്ന വയനാടൻ ബാലൻ ഉണ്ടാക്കിയതാണത്. കൂട്ടുകാർക്കും തനിക്കുമായി അവൻ പണിതെടുത്ത കളിപ്പാട്ടം. കാടും കടന്ന് വളരുന്ന ഭാവനാലോകങ്ങളിലേക്കുള്ള സഞ്ചാരം. ഒരിടത്തേക്കും പോകാത്ത വണ്ടി (എ വെഹിക്കിൾ ടു ഗോ നോ വേർ) എന്നാണ് ഇതിന് മോഹൻകുമാർ പേരുനൽകിയിരിക്കുന്നത്. പക്ഷേ അത് കാഴ്ചക്കാരനെ ഒരുപാടിടങ്ങളിലേക്ക് കൊണ്ടുപോകുന്നു. മരത്തടിയെ ബസായി സങ്കൽപ്പിച്ച് മനസ്സിനെ പായിച്ച കുട്ടിക്കാലത്തേക്ക് മുതൽ അതിവേഗമോടുന്ന നാഗരികജീവിതത്തിന്റെ വ്യർഥതയിലേക്ക് വരെ... 

ഇവിടെ അമ്പതുരൂപയുടെ പോസ്റ്ററുകൾ മുതൽ അമ്പതിനായിരത്തിലധികം വിലയുള്ള ചിത്രങ്ങൾവരെയുണ്ട്. ചില ചിത്രങ്ങൾക്കൊക്കെ ആവശ്യക്കാരായിക്കഴിഞ്ഞു. ഈ നിറങ്ങളിൽ നിന്ന് എന്തെങ്കിലുമൊന്ന് വാങ്ങുമ്പോൾ അങ്ങകലെ കാട്ടിൽ ഒരുപാട് മഴവില്ലുകളുണ്ടാകുന്നുണ്ട്. കാടുപൂക്കുന്നുണ്ട്.. വയനാട്ടിൽ നിന്നുള്ള കാനനവിഭവങ്ങളെ കൊച്ചിക്ക് പരിചയപ്പെടുത്താനും അവിടത്തെ വൈദ്യന്മാരുൾപ്പെടെയുള്ളവരുടെ സേവനം ഇവിടെ ലഭ്യമാക്കാനുമുള്ള ശ്രമങ്ങൾക്കും മോഹൻകുമാർ തുടക്കമിട്ടുകഴിഞ്ഞു. ‘എന്തുകൊണ്ട് കാടിനോടും അവിടത്തെ ജീവിതത്തോടും ഇത്ര ഇഷ്ടം’ എന്നുചോദിച്ചാൽ അദ്ദേഹം, ‘കാട്ടിൽ’ എന്ന വീട്ടുപേരിലേക്കുമുതൽ ജന്മദേശമായ മാഹിയുടെ ചരിത്രത്തോളംനീളുന്ന പൗരാണികമായ വനപാതകളിലേക്ക് വരെ പോകും. അതിന്റെ ഒരു ഘട്ടത്തിൽ അപ്പൂപ്പൻതാടി കാഴ്ചയ്ക്കുമപ്പുറത്തേക്ക് മറയും പോലെ സ്വയം നഷ്ടപ്പെടുന്നതും കാണാനാകും..
 ഇത്രയും വായിച്ചിട്ടും, ഈ മനുഷ്യൻ കാശൊക്കെ കാട്ടിലുള്ളവർക്ക് വേണ്ടി ചെലവഴിക്കുന്നു എന്നതിന് എന്താണുറപ്പ് എന്ന് സംശയിക്കുന്നവർക്കുവേണ്ടി:

 നാളെ നേരിട്ട് കാണാൻ വരാമെന്ന് പറഞ്ഞ മോഹൻകുമാർ പിറ്റേന്ന് രാവിലെ ക്ഷമാപണത്തോടെ സന്ദേശമയച്ചു: ‘ഇന്നുവരാനാകില്ല...എനിക്ക് ആകെയുള്ള കുപ്പായം കഴുകാനിട്ടുപോയി.. അതുണങ്ങാൻ നേരമെടുക്കും...’
 വൈൽഡ് സ്പേസിൽനിന്ന് യാത്രപറയുന്പോൾ നിങ്ങൾക്കെന്റെ വയനാട്ടിലെ വീടുകാണണ്ടേയെന്ന് ചോദിച്ച് അദ്ദേഹം ഏറ്റവും ഒടുവിലത്തെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ഒരു ചിത്രം എടുത്തുതന്നു. നാലു മരക്കമ്പുകളിൽ വലിച്ചുകെട്ടിയ ഒരു കീറപ്പായ.....