മഴക്കാലം - നമ്മുടെ മണ്‍സൂണ്‍ മഴ കൊയ്യേണ്ട കാലമാണ്. പേമാരിയായി പെയ്ത് കടലിലേക്ക് ഒഴുകുന്ന വെള്ളത്തെപിടിച്ചു നിര്‍ത്തി വേനലിലെ കുടിവെള്ള ക്ഷാമമകറ്റാം. മഴ വെള്ളത്തെ മണ്ണിലിറക്കിയാല്‍ വേനലില്‍ ഭൂജലവിതാനം കൂടുതല്‍ താഴില്ല. മഴ കൊയ്യാന്‍ വീട്ടില്‍ പല പദ്ധതികളും ആവിഷ്‌കരിക്കാം. മഴവെള്ളം ശേഖരിച്ച് ഉപയോഗിച്ചാല്‍ വീട്ടിലെ വൈദ്യുതി ചെലവും കുറയ്ക്കാം.1. വീടുപറമ്പിലെ മഴവെള്ളം അവിടെത്തന്നെ കെട്ടി നില്‍ക്കട്ടെ. ചാലുകീറി മറ്റു പറമ്പുകളിലേക്ക് വിടരുത്. ഭൂമി വെള്ളം കുടിച്ചാല്‍ കിണറില്‍ ജലനിരപ്പ് ഉയരും.
2. ടെറസിലെ മഴവെള്ളം പലഭാഗങ്ങളിലായി പൈപ്പിട്ട് താഴോട്ട് ഒഴുക്കി ഭൂമിയില്‍ താഴാന്‍ അനുവദിക്കുക. ഒറ്റപൈപ്പിലൂടെ വെള്ളം ഒന്നിച്ച് പുറത്തേക്ക് ഒഴുക്കിയാല്‍ ഭൂമിക്ക് കുടിക്കാന്‍ സാവകാശം കിട്ടില്ല.
3. വീട്ടില്‍ എവിടെയെങ്കിലും പൊട്ടക്കിണറോ വലിയ കുഴികളോ ഉണ്ടെങ്കില്‍ മഴവെള്ളത്തെ അതിലേക്ക് ഒഴുക്കുക.
4. വീട്ടുമുറ്റം സിമന്റിട്ട് ഉറപ്പിക്കരുത്. മഴവെള്ളം മണ്ണില്‍ താഴില്ല. ഇന്റര്‍ലോക്ക് ഇഷ്ടികകള്‍ മുറ്റത്ത് പാകിയാല്‍ വെള്ളം മണ്ണില്‍ താഴും. മുറ്റം സിമന്റിടുകയാണെങ്കില്‍ ചെറിയ ഭാഗം മാത്രം സിമന്റിട്ട് ബാക്കി പൂന്തോട്ടമാക്കി മാറ്റുക.
5. വീടിനു മുന്നിലെ പൂന്തോട്ടം മഴവെള്ളത്തെ മണ്ണിലാഴ്ത്തും. പൂന്തോട്ടം വീടിനു ഭംഗി വരുത്തുകയും ചെയ്യും.
6. മഴക്കാലത്ത് പൂന്തോട്ടത്തിലെ മണ്ണ് കിളച്ചിടണം. ചെടിച്ചട്ടികളുടെ എണ്ണം കുറച്ച് ചെടികള്‍ മണ്ണില്‍ത്തന്നെ നടാന്‍ ശ്രമിക്കണം.
7. വീടുനു പിന്നിലെ അടുക്കളത്തോട്ടം മഴവെള്ളത്തെ മണ്ണിലാഴ്ത്തും.
8. വൃക്ഷങ്ങള്‍ മഴവെള്ളത്തെ ഭൂമിയിലേക്ക് ഇറക്കും. പറമ്പില്‍ കഴിയുന്നത്ര വൃക്ഷങ്ങള്‍ നടാം. ഔഷധസസ്യങ്ങളുമാകാം.
9. വീട്ടില്‍ കുളമുണ്ടെങ്കില്‍ മഴവെള്ളത്തെ കുളത്തിലേക്ക് തുറന്നിടുക.
10. ടെറസിലെ വെള്ളം പൈപ്പിട്ട് കിണറിലേക്ക് വിടാം. ചെങ്കല്ല്, ഇഷ്ടികക്കഷ്ണങ്ങള്‍, കരിങ്കല്‍ കഷ്ണങ്ങള്‍ എന്നിവ പാകി മുകളില്‍ മണല്‍ വിരിച്ച ശുചീകരണ ടാങ്കിലേക്ക് മഴവെള്ളം കടത്തിവിട്ട് ഇതില്‍ നിന്ന് കിണറിലേക്ക് ഒഴുക്കണം. രണ്ടോ മൂന്നോ അടി നീളത്തിലും വീതിയിലുമുള്ള കുഴിയെടുത്ത് ശുചീകരണ ടാങ്ക് ഉണ്ടാക്കാം.
11. ചെറിയ സ്ഥലത്താണ് വീടെങ്കില്‍ ടെറസിലെ വെള്ളം ദൂരേക്ക് ഒഴുക്കിക്കളയാതെ പൈപ്പിട്ട് താഴെ മണല്‍ വിരിച്ച കുഴിയിലേക്ക് വിടുക.
12. തീരപ്രദേശങ്ങളില്‍ പുരപ്പുറത്തെ വെള്ളം വീടിനു ചുറ്റും അകലെ ചാലുണ്ടാക്കി അതിലേക്ക് വിടുക. പറമ്പിലെ ഉപ്പുവെള്ളത്തിന്റെ വ്യാപ്തി കുറക്കാന്‍ കഴിയും.
13. പറമ്പില്‍ ചതുരങ്ങളായി വരമ്പിട്ട് വെള്ളം കെട്ടി നിര്‍ത്തി ഭൂമിയിലേക്ക് ഇറങ്ങാന്‍ അനുവദിക്കുക.
14. ഭൂജല നിരപ്പ് ഉയരും. കിണറിലെ ജലവിതാനവും കൂടും.
15. കിണറിന് ചുറ്റും ആവശ്യമായ വീതിയില്‍ ചാലുകീറി ചെങ്കല്‍, കരിങ്കല്‍ കഷ്ണങ്ങള്‍ നിറച്ച് മുകളില്‍ മണലിട്ട് മഴവെള്ളം ഇതിലേക്ക് വിടുക.
16. കുഴല്‍ കിണറിനു ചുറ്റും ചാലുകീറി വെള്ളത്തെ മണ്ണിലാഴ്ത്തുക.
17. ചെറിയ കുന്നിന്‍ മുകളിലാണ് വീട് സ്ഥിതിചെയ്യുന്നതെങ്കില്‍ പറമ്പിനു ചുറ്റും കയ്യാല പണിത് ചെടികള്‍ നട്ടുപിടിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടയാം. ചരിവിനെ തട്ടുകളാക്കി മാറ്റുകയും ചെയ്താല്‍ മഴവെള്ളം മണ്ണില്‍ താഴും.
18. മുറ്റത്ത് ആവശ്യമായ വലുപ്പത്തില്‍ ഫെറോ സിമന്റ് ടാങ്ക് നിര്‍മ്മിച്ച് പുരപ്പുറത്തെ മഴവെള്ളത്തെ കുടിവെള്ളമാക്കി മാറ്റാം. തീരദേശങ്ങളില്‍ ഇത് കുടിവെള്ള ക്ഷാമം അകറ്റും.
19. പറമ്പിലും തോട്ടത്തിലും അരമീറ്ററോ ഒരു മീറ്ററോ നീളത്തിലും വീതിയിലും കുഴിയെടുത്ത് മഴവെള്ളം മണ്ണിലിറക്കാം. ഇത്തരം മഴക്കുഴികള്‍ ഭൂജലവിതാനം ഉയര്‍ത്തും.
20. ഏറ്റവും കൂടുതല്‍ മഴവെള്ള സംഭരണം നടത്താന്‍ കഴിയുന്ന സ്ഥലമാണ് ഫ്ലൂറ്റ്. ഫ്ലൂറ്റിലെ ഓരോ നിലയോടും ബന്ധപ്പെട്ട് ടാങ്ക് പണിത് ടെറസിലെ വെള്ളം ടാങ്കില്‍ ശേഖരിക്കാം. ഇത് വീടുകളില്‍ ഉപയോഗിക്കാം.
21. വീടിനു മുന്നില്‍ ടാപ്പ് ഘടിപ്പിച്ച് പ്ലാസ്റ്റിക് ബാരല്‍ വെച്ച് ഇതില്‍ പുരപ്പുറത്തെ വെള്ളം ശേഖരിക്കാം. വെള്ളം ഒരു അരിപ്പയിലൂടെ കടത്തിവിട്ടശേഷം വേണം ബാരലില്‍ സംഭരിക്കാന്‍. ബാരലിനു ചുറ്റും പൂച്ചട്ടികളും മറ്റും സജ്ജീകരിച്ച് ഭംഗിയാക്കാം. കാല്‍കഴുകാനും തറ തുടക്കാനും ഈ വെള്ളം ഉപയോഗിക്കാം.
22. ടെറസിലെ വെള്ളം ബാരലിലാക്കി അലക്കാനും തറതുടക്കാനും കക്കൂസ് കഴുകാനും മറ്റും ഉപയോഗിക്കാം. വെള്ളം ടാങ്കിലേക്ക് പമ്പു ചെയ്യുന്നതിനുള്ള വൈദ്യുതിയും ലാഭിക്കാം.
23. വീടിന്റെ ചുറ്റുമതിലിനടുത്തായി തണല്‍ മരം നടാം. മരങ്ങള്‍ മഴവെള്ളത്തെ വന്‍തോതില്‍ മണ്ണിലിറക്കും.
24. വീട്ടില്‍ വലിയൊരു സിമന്റ് ജലഭരണി വാങ്ങിസൂക്ഷിക്കാം മുറ്റത്ത് വെച്ചാല്‍ ഇതില്‍ മഴവെള്ളം സംഭരിച്ച് പുറത്തെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
25. ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികളും ചെങ്കല്‍ ക്വാറികളും കുടിവെള്ള സംഭരണികളാക്കി മാറ്റാം. ചുറ്റും വേലികെട്ടി ഭദ്രമാക്കിയാല്‍ ഇത് നല്ല കുടിവെള്ള സംഭരണികളായി ഉപയോഗിക്കാം.

തയ്യാറാക്കിയത്: ശശിധരന്‍ മങ്കത്തില്‍