ആര്‍ഭാടക്കുളിയും വിസ്തരിച്ചുള്ള അലക്കും ഉപേക്ഷിക്കേണ്ട കാലം വന്നിരിക്കുന്നു. വെള്ളത്തിന് വിലയേറുകയാണ്
കുളിമുറിയില്‍ കയറിയാല്‍ എത്ര വെള്ളമാണ് നാം പാഴാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വേണ്ടത്ര പൈപ്പ് വെള്ളം കിട്ടാത്ത ദിവസമാണെങ്കില്‍ വെറും ഒരു ബക്കറ്റ് വെള്ളംകൊണ്ട് കുളിക്കാന്‍ നമുക്ക് കഴിയും. അതായത് 10 ലിറ്റര്‍ വെള്ളം. യഥേഷ്ടം വെള്ളമുണ്ടെങ്കില്‍ സോപ്പുതേച്ച് പതപ്പിച്ച് നാലുബക്കറ്റ് വെള്ളമായിരിക്കും ഉപയോഗിക്കുക. 40 ലിറ്റര്‍. തോര്‍ത്ത് അലക്കാനും മറ്റും ഒരു ബക്കറ്റ് വെള്ളം കൂടി വേണ്ടിവരും. ആകെ 50 ലിറ്റര്‍!

നഗരങ്ങളില്‍ പൈപ്പുവെള്ളം തന്നെയാണ് കുടിക്കുന്നത്. ലിറ്ററിന് 10 രൂപ തോതില്‍ കുപ്പിയിലാക്കിവരുന്ന വെള്ളത്തിനും ഇതിനപ്പുറം ശുദ്ധിയൊന്നും അവകാശപ്പെടാനില്ല. അങ്ങനെയാണെങ്കില്‍ ഒരാള്‍ കുളിക്കുന്ന വെള്ളത്തിന്റെ വില 500 രൂപ!

കുളിമുറിയില്‍ ഷവറാണെങ്കില്‍ കുളിക്കാന്‍ തുടങ്ങുന്നതു മുതല്‍ അത് തുറന്നിടും. സോപ്പു തേക്കുമ്പോഴും ജലധാരയായിരിക്കും. കുളി കഴിയുമ്പോഴേ ഷവര്‍ നിര്‍ത്തൂ. ഇത്തരം ഒരു കുളി സമാപിക്കുമ്പോള്‍ ചുരുങ്ങിയത് 100 ലിറ്റര്‍ വെള്ളമാണ് ചെലവാക്കുന്നത്. ആധുനിക കുളിമുറികളില്‍ ബാത്ത്ടബ്ബിലെ നീരാട്ട് വന്‍തോതിലുള്ള ജലനഷ്ടമാണ് വരുത്തിവെക്കുന്നത്. ഇത്തരത്തില്‍ വീടുകളില്‍ വെള്ളത്തിന്റെ 75 ശതമാനം കുളിമുറിയിലാണ് ഉപയോഗിക്കുന്നത്.

മിക്ക വീടുകളിലും കക്കൂസില്‍ പഴയ ഫ് ളഷ് ടാങ്കുകളായിരിക്കും. ഇതിന്റെ സ്വിച്ച് ഒന്ന് അമര്‍ത്തിയാല്‍ കക്കൂസിലേക്ക് തള്ളുന്നത് 10-12 ലിറ്റര്‍ വെള്ളമാണ്. രണ്ടോ മൂന്നോ ലിറ്റര്‍ കൊണ്ട് കക്കൂസ് വൃത്തിയാക്കാം. ഫ് ളഷ് ടാങ്കിന്റെ അകത്തെ വ്യാപ്തി കുറയ്ക്കാനായി രണ്ടോ മൂന്നോ വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ ഇതിനകത്ത് ഇറക്കിവെക്കാം. ഇതുമൂലം അകത്ത് നിറയുന്ന വെള്ളത്തിന്റെ അളവ് കുറയും.

ഇത്തരത്തില്‍ ഒരു കക്കൂസില്‍ ദിവസം 15 ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ കഴിഞ്ഞാല്‍ പ്രതിവര്‍ഷം 5000 ലിറ്ററിലധികം വെള്ളം ലാഭിക്കാം.

ഉപയോഗിച്ച വസ്ത്രങ്ങള്‍ കൂട്ടിവെച്ച് ആഴ്ചയില്‍ ഒരു ദിവസം മാത്രം അലക്കിയാല്‍ വെള്ളം ലാഭിക്കാം. എന്നും അലക്കുമ്പോള്‍ വളരെക്കൂടുതല്‍ വെള്ളം ചിലവാകും. വാഷിങ്‌മെഷീനും മറ്റും വെള്ളത്തിന്റെ ചെലവ് കൂട്ടും. സോപ്പുപൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ നുരപോകാന്‍ കൂടുതല്‍ വെള്ളം വേണ്ടിവരും.

പൈപ്പ് തുറന്നിട്ട് ഷേവുചെയ്താല്‍ രണ്ടുമിനിട്ട് സമയത്തേക്ക് 12 ലിറ്റര്‍ വെള്ളം ചെലവാകും. കപ്പിലെടുത്താല്‍ അരലിറ്റര്‍ മതി. എന്തിനേറെ കൈകഴുകാന്‍ രണ്ടുകപ്പ് വെള്ളം മതി.

അടുക്കളയില്‍ പൈപ്പ് തുറന്നിട്ട് പാത്രങ്ങളും പച്ചക്കറിയും കഴുകുന്നതിനുപകരം ബക്കറ്റില്‍ വെള്ളമെടുത്ത് കോരി ഒഴിച്ച് കഴുകിയാല്‍ വെള്ളം ലാഭിക്കാം. പൂന്തോട്ടം അതിരാവിലെയോ വൈകുന്നേരമോ നനച്ചാല്‍ ബാഷ്പീകരണം വഴിയുള്ള ജലനഷ്ടം കുറയ്ക്കാം. കാര്‍ കഴുകുന്നതും വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതും വീടിനു മുന്നിലെ പുല്‍ത്തകിടിയില്‍വെച്ചായാല്‍ പുല്‍ത്തകിടിയും നനഞ്ഞുകിട്ടും.

വീടിനകത്തെയും പുറത്തേയും പൈപ്പുകള്‍ ലീക്ക് ചെയ്യുന്നുണ്ടോയെന്നും എപ്പോഴും നന്നായി അടച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്.

വീട്ടില്‍ കുട്ടികളെ ജലസംരക്ഷണത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കുന്നതോടൊപ്പം ദിവസവും ഒരാളോട് വീതം ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്താല്‍ ബോധവത്കരണവുമായി.