എണ്ണമറ്റ ജലസ്രോതസ്സുകളും തണ്ണീര്‍ത്തടങ്ങളുമുള്ള നാടായിട്ടും കേരളീയര്‍ക്ക് കുടിവെള്ളമെന്നത് കിട്ടാക്കനിയായി മാറുകയാണ്
ചില കണക്കുകള്‍ കാണുക. 44 നദികള്‍, അവയുടെ 900 കൈവഴികള്‍, പ്രതിവര്‍ഷം 3000 മില്ലിമീറ്ററിലേറെ മഴ, 50 ലക്ഷത്തിലേറെ കിണറുകള്‍, 373 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ശാസ്താംകോട്ട ശുദ്ധജല തടാകം, 61,400 ഹെക്ടറുള്ള അഷ്ടമുടി, 1,51,250 ഹെക്ടര്‍ .വിസ്തീര്‍ണ്ണമുള്ള വേമ്പനാട്, കോള്‍നിലങ്ങള്‍, സമൃദ്ധമായ നിത്യഹരിത വനസമ്പത്ത്, കാലാവസ്ഥയുടെ കാവല്‍ക്കാരനായ പശ്ചിമഘട്ട മലനിരകള്‍, എണ്ണിയാലൊടുങ്ങാത്ത കുളങ്ങള്‍, ചാലുകള്‍, 29 ശുദ്ധജല തടാകങ്ങള്‍, അനവധി കൊച്ചു തണ്ണീര്‍തടങ്ങള്‍...ജലസ്രോതസ്സുകളുടെ എണ്ണം തീരുന്നില്ല.

തീര്‍ച്ചയായും, സമൃദ്ധവും അനുഗ്രഹഹീതയുമാണ് കേരളം. എന്നിട്ടും നമ്മുടെ നാട് എന്തേ ജലദരിദ്രയായത്? കുടിവെള്ളമെന്ന കിട്ടാക്കനിക്കായി എന്തേ കേരള ജനത കാത്തിരിക്കുന്നത്?

ദേശീയ ശരാശരിയെക്കാള്‍ 2.6 ഇരട്ടി മഴയാണ് കേരളത്തില്‍ ലഭിച്ചിരുന്നത്. 1905ല്‍ നമ്മുടെ വനവിസ്തൃതി 44 ശതമാനമായിരുന്നത് ഇന്ന് വെറും 11 ശതമാനമായി. നമ്മുടെ സകല തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും ഇന്ന് വറ്റിവരളുന്നു. കേരളത്തിലെ പുഴകളെല്ലാം അകാലമൃത്യു വരിച്ചുകൊണ്ടിരിക്കുന്നു. ഭാരതപ്പുഴയും ചാലിയാറും പമ്പയും ഇപ്പോള്‍ ദയനീയസ്ഥിതിയിലാണ്. വയനാടിന് കുളിര്‍മയും പച്ചപ്പും സമ്മാനിച്ച് കിഴക്കോട്ടൊഴുകുന്ന കബനീ നദിയുടെ തടങ്ങള്‍ പോലും വറ്റിവരണ്ടിരിക്കുന്നു.

ജലസമൃദ്ധമായിരുന്ന കേരളത്തിലെ നദികളുടെ മജ്ജയും മാംസവുമായിരുന്നു മണല്‍ത്തിട്ടകള്‍. 10 മുതല്‍ 15 അടിവരെ അതിനു കനമുണ്ടായിരുന്നു. ജലജീവികളുടെ പ്രജനകേന്ദ്രങ്ങള്‍ അവിടെയായിരുന്നു. സ്വാഭാവികവും പ്രകൃതിദത്തവുമായ തടയണകള്‍ നദികളിലെ മണലായിരുന്നു. ഒഴുക്കിന്റെ നിയന്ത്രണവും അത് അനുസ്യൂതം നടത്തിപ്പോന്നു. ഓര്‍ക്കുക നൂറ്റാണ്ടുകള്‍ കൊണ്ടുണ്ടായതാണ് ഓരോ പിടി മണലും.


ജലമാണ് ജീവന്‍


ഭൂമിയില്‍ ജീവന്റെ തുടക്കം ജലത്തിലായിരുന്നു. അതുകൊണ്ടു തന്നെ അതിന്റെ തുടര്‍ച്ചയും ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദേശഭേദമെന്യെ ജലം ഒരു സുപ്രധാന ഘടകമാണ്. മാനത്തു മഴവില്ലു തീര്‍ക്കുന്നതും മഴയായും മഞ്ഞായും പെയ്തിറങ്ങുന്നതും ഈ ജലം തന്നെ. മനുഷ്യശരീരത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ജലമാണ്. നവജാതശിശുവിന്റെ ശരീരത്തില്‍ 77 ശതമാനം ജലമാണ്. പ്രായപൂര്‍ത്തിയായ പുരുഷന്റെ ശരീരത്തില്‍ 65 ശതമാനവു സ്ത്രീയില്‍ 58 ശതമാനവും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രാണവായുവും (ഓക്‌സിജന്‍) പോഷകഘടകങ്ങളും എത്തിക്കുന്നത് ജലമാണ് (രക്തത്തിന്റെ ഭാഗമാണ് ജലം). അമ്മയുടെ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ ഗര്‍ഭാശയത്തിലെ സമൃദ്ധമായ ജലത്തിലാണ് നാം കിടന്നിരുന്നത്. ജനനശേഷം മുലപ്പാലാകുന്ന ജലം കുടിച്ചാണ് നാം വളരുന്നത്.

ജലമില്ലെങ്കില്‍ ജീവനില്ല. ജലമാണ് ജീവന്‍. ജലാശയത്തിലാദ്യമാരംഭിച്ച ജീവന്റെ തുടിപ്പുകള്‍ കരകളിലേക്ക് കയറിപ്പോയതാണ്. ആദ്യഘട്ടത്തില്‍ മത്സ്യവും, പിന്നീട് കൂര്‍മ്മ-വരാഹങ്ങളുമുണ്ടായിരുന്നു.

അമേരിക്കന്‍ തത്വചിന്തകനും എഴുത്തുകാരനുമായ ഹെന്‍ട്രി ഡേവിഡ് തോറൂയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. 'Water is the only drink for a wise man'.

പ്രാണവായു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം ജലമാണ് എന്നുള്ള വസ്തുത നമുക്കറിയാവുന്നതാണ്. ജലാധിഷ്ഠിതമായ ഒരു ആവാസ വ്യവസ്ഥയാണ് ഭൂമിക്കുള്ളത്. ചെറുതും വലുതുമായ ജീവനുള്ള പ്രകൃതിയിലെ എല്ലാം ഈ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, വായു, സസ്യങ്ങള്‍, ജന്തുക്കള്‍, പറവകള്‍, സൂക്ഷ്മ ജീവികള്‍ എന്നിവയുടെയെല്ലാം നിലനില്‍പ്പ് വെള്ളവുമായി ബന്ധപ്പെട്ടതാണ്. പ്രകൃതി സംവിധാനത്തില്‍ മൂലകങ്ങളുടെ ജൈവരാസ ചാക്രിക സംഗതികളിലും നിര്‍ണ്ണായകമാണ്. കാലാവസ്ഥ നിര്‍ണ്ണയത്തിലും പ്രകൃതി സംവിധാനത്തിലും വെള്ളം അത്യാവശ്യമാണെന്നര്‍ത്ഥം.

നല്ല സ്വഭാവമുള്ളവനായിത്തീരുവാനും സന്തോഷത്തോടെയിരിക്കുവാനും സ്വസ്ഥതയോടുകൂടി ജീവിക്കുവാനും നാം കുടിക്കുന്ന ശുദ്ധജലവും മലിനരഹിതമായ രക്തവും നമ്മെ സഹായിക്കുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.

ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് അനുദിനം കുറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വരാനിരിക്കുന്ന നാളുകള്‍ ജലയുദ്ധത്തിന്റെതാവുമെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ നിരീക്ഷിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്ത് ജലത്തെപ്പറ്റി നടത്തിയിട്ടുള്ള പഠനങ്ങളും നിരീക്ഷണങ്ങളും വിനാശമാണ് പ്രവചിക്കുന്നത്.

1993 കളില്‍ ആരംഭിച്ച ശുദ്ധജല ദൗര്‍ലഭ്യം 2015 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ നാലിലൊന്ന് ആളുകള്‍ക്ക് ശുദ്ധജലം കിട്ടാത്തത്ര ഭീകരമായ ജലക്ഷാമമുണ്ടാകുമെന്ന് ''ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടി''ന്റെ പഠനം വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ 50 രാഷ്ട്രങ്ങളിലായി ലോകത്ത് ഏതാണ്ട് 320 കോടി ജനങ്ങളെ ഇത് ബാധിക്കുമെന്നും പറയുന്നു. 2050ല്‍ ലോകജനസംഖ്യയില്‍ പകുതിയോളം ആളുകള്‍ കുടിവെള്ള ക്ഷാമത്തിനിരയാകുമെന്നും പ്രവചിക്കപ്പെടുന്നു. ഇന്ന് ലോകജനതയില്‍ 110 കോടി ആളുകള്‍ക്ക് ശുദ്ധജലം കിട്ടുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. ചില രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 10 ശതമാനവും കുടിവെള്ളത്തിനുവേണ്ടി ചിലവഴിക്കുന്നു.


ജലം അപൂര്‍വ വസ്തുവാകുന്നു


ജലം ഒരപൂര്‍വ്വ വസ്തുവാകുന്ന ഭയാനകമായ സ്ഥിതിയിലേക്ക് ലോകം നടന്നടുത്തുകൊണ്ടിരിക്കുകയാണ്. 2002 ല്‍ ജലത്തിന്റെ ആഗോള പ്രതിശീര്‍ഷ ലഭ്യത 3500 ഘനമീറ്ററായിരുന്നു. ഓരോ വര്‍ഷവും 5 ശതമാനം കണ്ട് ഇത് കുറഞ്ഞുവരുന്നു. 500 ഘനമീറ്ററില്‍ ലഭ്യത കുറഞ്ഞാല്‍ ജീവിതം അസാധ്യമാകും.

യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാം (യു.എന്‍.ഇ.പി) മുന്നറിയിപ്പു നല്‍കുന്നത് മാനവരാശി അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നം ഒന്നാമത്തേത് ജലദൗര്‍ലഭ്യവും, രണ്ടാമത്തേത് ആഗോള താപനവുമാണെന്നാണ്. ലഭ്യമാകുന്ന ശുദ്ധജലത്തിന്റെ അളവ് 20 കൊല്ലം കൊണ്ട് മൂന്നിലൊന്നായി ചുരുങ്ങുകയും ഉപഭോഗം ഇരട്ടിയാവുകയും ചെയ്യുന്നു.

10 വര്‍ഷം മുമ്പ് ജലക്ഷാമത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയാതിരുന്ന പല രാജ്യങ്ങളിലും ഇപ്പോള്‍ രൂക്ഷമായ ജലക്ഷാമമുണ്ട്. 2025 ല്‍ ലോകത്തിലെ 500 കോടി മനുഷ്യര്‍ നഗരവാസികളായി മാറുമ്പോള്‍ വര്‍ദ്ധിച്ച ജലത്തിന്റെ ആവശ്യകത എങ്ങനെ പരിഹരിക്കുമെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോള്‍ തന്നെ ലോക ജനസംഖ്യയുടെ 40 ശതമാനം താമസിക്കുന്ന 80 രാജ്യങ്ങളില്‍ ശുദ്ധജലക്ഷാമം നേരിടുന്നു. ലോകത്തെ ആദ്യ ജലകമ്മി രാജ്യങ്ങളില്‍ പത്തും ഏഷ്യയിലാണ്. തണ്ണീര്‍ത്തടങ്ങള്‍, പാടങ്ങള്‍, ചതിപ്പുനിലങ്ങള്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസ്സുകളെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നിരവധി റഷ്യന്‍- ആര്‍ട്ടിക്- കനേഡിയന്‍ നദികള്‍ നാശത്തിന് വിധേയമായതായി അമേരിക്കല്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റീസ് ജേണല്‍ ഓഫ് ക്ലൈമറ്റ് പറയുന്നു.

2015 ഓടുകൂടി എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം എന്ന ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ വികസന ലക്ഷ്യം 50 ലധികം രാജ്യങ്ങള്‍ക്ക് ഇന്നത്തെ നിലയില്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് പഠനങ്ങള്‍ പറയുന്നു. തണ്ണീര്‍ത്തടങ്ങളും വനങ്ങളും ലോകത്ത് പകുതിയിലധികം നശിച്ചുകഴിഞ്ഞതായി വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നു. നാസയുടെ ഉപഗ്രഹ പഠനം അനുസരിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ആഗോള വ്യാപകമായിത്തന്നെ അപകടകരമായ രീതിയില്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്.

ഭൂപടം നോക്കിയാല്‍ ഒരുവശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിത്താണുകിടക്കുന്ന പ്രദേശമാണ് കേരളം. കാണുന്നിടത്തെല്ലാം പുഴകളും കിണറുകളും കുളങ്ങളും. പക്ഷെ അതിലൊന്നും കുടിക്കാനുള്ള വെള്ളമില്ല. ആംഗലേയ കാല്പനിക കവിയായ സാമുവേല്‍ ടെയിലര്‍ കോളറിഡ്ജ് തന്റെ 'ദി റൈം ഓഫ് ദി എന്‍ഷെന്‍റ് മാറിനര്‍' എന്ന കവിതയില്‍ സൂചിപ്പിക്കുന്നതുപോലെ 'Water water everywhere, not a drop to drink' എന്നതാണ് ഇന്നത്തെ നമ്മുടേയും അവസ്ഥ. ഒക്കെ നമ്മള്‍ പലതിനെയും പാട്ടത്തിനു കൊടുത്തതുപോലെ തീറെഴുതിയതിന്റെ ഫലമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട ജലം സ്വകാര്യവത്കരിച്ച് വന്‍ ലാഭം കൊയ്യാനുള്ള തത്രപ്പാടിലാണ് ഒട്ടനവധി ബഹുരാഷ്ട്ര കമ്പനികള്‍. ആഗോള മൂലധന ശക്തികളും അവരെ സഹായിക്കുന്ന ലോകബാങ്കും ലോകവ്യാപാര സംഘടനയും മറ്റും അതിന് കൂട്ടുനില്‍ക്കുന്ന സാഹചര്യമാണിന്നുള്ളത്. ബിവന്റി, ബൈവാട്ടര്‍, മൊണ്‍സാന്റോ, കൊക്കക്കോള, പെപ്‌സി . . . തുടങ്ങി നൂറുകണക്കിന് ബഹുരാഷ്ട്ര ഭീമന്‍മാര്‍ ജലവ്യാപാരമെന്ന പുതിയ രത്‌നഖനിയില്‍ കണ്ണുംനട്ട് മുന്നേറുകയാണ്. വന്‍കിട ചൂഷകരോടൊപ്പം ചെറുകിട വെള്ളവാണിഭക്കാര്‍ വരെ വെള്ളം ശേഖരിച്ച് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ കേരളീയര്‍ ഒരു കൂസലും കൂടാതെ വിലകൊടുത്തു വെള്ളം വാങ്ങി കുടിക്കുന്നു. ഇവിടെയാണ് മലയാളിക്ക് തെറ്റുപറ്റുന്നത്. ഇത്രയും മനോഹരമായ കാലാവസ്ഥയുള്ള, ധാരാളം മഴ കിട്ടുന്ന ഈ നാട്ടില്‍ വെള്ളം കൃത്യമായി ഉപയോഗിക്കാന്‍ അറിയാത്തവരാണ് നമ്മള്‍ മലയാളികള്‍ എന്നുപറയുന്നതില്‍ ഒട്ടും തെറ്റില്ല.


കുടിവെള്ള മാഫിയ


നമ്മളൊന്നു മനസ്സുവച്ചാല്‍, മഴക്കാലത്ത് നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തും പെയ്തിറങ്ങുന്ന മഴവെള്ളം പരമാവധി നേരത്തെ തന്നെ ചാലുകീറി, കുഴികുത്തി ഭൂമിയിലേക്കിറക്കിവിടാനുള്ള മഴക്കുഴികളോ ജലസംഭരണികളോ ഉണ്ടാക്കാന്‍ മനസ്സുവച്ചാല്‍ ജലക്ഷാമമുണ്ടാകുമോ? ജലം ഭൂമിയിലേക്കിറങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ മുറ്റം ടൈല്‍സ് ചെയ്യാതിരിക്കാന്‍ നമുക്ക് ശ്രദ്ധിച്ചാല്‍ ജലക്ഷാമം നേരിടുമോ? മഴക്കാലത്ത് അധികമായി പെയ്തിറങ്ങുന്ന മഴവെള്ളം പറമ്പിലെ മഴക്കുഴികളില്‍ ശേഖരിക്കുക വഴി ഗ്രാമീണ മേഖലയിലെ കിണറുകള്‍ ജലസമൃദ്ധമാകട്ടെ. അങ്ങനെ നാട്ടില്‍ കിട്ടുന്ന വെള്ളം ശുദ്ധമല്ലെന്ന് പ്രഖ്യാപിച്ച് കുപ്പിവെള്ളം കുടിപ്പിക്കുന്ന കുടിവെള്ള മാഫിയകളെ ഇല്ലാതാക്കാന്‍ നമുക്കു കഴിയില്ലേ?

ഇന്നു നാം നേരിടുന്ന ജലദൗര്‍ലഭ്യത്തിന് കാരണം നാം താലോലിക്കുന്ന വികസനരൂപങ്ങളാണ്. നമ്മുടെ ഓരോ ഹെക്ടര്‍ നെല്‍പ്പാടവും നമുക്ക് അരിയാഹാരവും തൊഴിലും മാത്രമല്ല നല്‍കുന്നത്. നമ്മുടെ ജലസുരക്ഷ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഹെക്ടര്‍ വനഭൂമി ഇല്ലാതായാല്‍ അഞ്ചുലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ സ്റ്റോറേജാണ് ഇല്ലാതാകുന്നത്. ഒരടി നീളവും വീതിയും ഉയരവുമുള്ള ഒരൊറ്റ ചെങ്കല്ലിനുള്ളില്‍ രണ്ട് ലിറ്ററിലേറെ ജലമാണ് നിമജ്ഞനം ചെയ്യപ്പെടുക.

ഭൂമാഫിയകള്‍ ഒരു ചെങ്കല്‍ കുന്നിടിച്ചുതാഴ്ത്തുമ്പോള്‍, ഒരു പാറമട തുരന്നെടുക്കുമ്പോള്‍ നഷ്ടമാകുന്ന ജനസംഭരണം എത്ര വലുതെന്നു നാം ചിന്തിച്ചിട്ടുണ്ടോ? ഈ പ്രപഞ്ചത്തിന്റെ തന്നെ വരദാനമായ പുഴയുടെ കരള്‍ മാന്തി മണലെടുക്കുന്ന മണല്‍ മാഫിയയുടെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ നാം കാണുന്നില്ലേ?

കാടുകള്‍ വെട്ടിയും, തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തിയും മാഫിയകള്‍ സംഹാരതാണ്ഡവം തുടരുന്നതും നാം കാണുന്നില്ലേ? ഇതെല്ലാം അനിവാര്യമാക്കുന്ന വികസനമാണ് നാം ആഗ്രഹിക്കുന്നത് എങ്കില്‍ ജലക്ഷാമം ഒരു തുടര്‍ക്കഥയായി തന്നെ തുടരും.

ഇത്തവണ കേരളത്തില്‍ പതിവിലും നേരത്തെ ആരംഭിച്ച വേനല്‍ച്ചൂടില്‍ വെള്ളത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലും അലമുറയും ആരംഭിച്ചു. തീരദേശ ജനതയെയാണ് വരള്‍ച്ച ഇത്തവണ ആദ്യം ആരംഭിച്ചത്. ശുദ്ധജലം നേരത്തെ തന്നെ അവിടെനിന്ന് പിന്‍വാങ്ങി. ഒപ്പം ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും. വരള്‍ച്ചയുടെ രൗദ്രത അതിവേഗം ഇടനാട്ടിലേക്കും മലനാട്ടിലേക്കും വ്യാപിച്ചു. ഇനിയും രണ്ടു മാസം ഭൂമിയുടെ ഈ ദാഹം അതിന്റെ പരകോടിയിലെത്തും!

ജലം അമൂല്യമായ ഒരനുഗ്രഹമാണെന്ന് മനസ്സിലാക്കി ജലത്തിന്റെ സുസ്ഥിര വിനിയോഗവും നമ്മുടെ ജലസ്രോതസ്സുകളുടെ സംരക്ഷണവുമൊക്കെ ശീലമാക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്ന സത്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുമുള്ള ആഹ്വാനമാകട്ടെ ഈ ദിനാചരണം. മഴവെള്ളം ശേഖരിക്കാം, ഭാവിക്കായി കരുതിവയ്ക്കാം. ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ഒരുമിച്ചു നില്‍ക്കാം. ഓരോ തുള്ളി വെള്ളവും അതിന്റെ വിലയറിഞ്ഞ് ചെലവഴിക്കാം.