ഒരു കിലോ അരി നമ്മുടെ വീട്ടിലെത്താന്‍ ആയിരം ലിറ്റര്‍ വെള്ളം അതിന്റെ ഓരോ ഘട്ടത്തിലും ഉപയോഗിക്കണം. പക്ഷേ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്മാരല്ല. ജലത്തിന്റെ മൂല്യം നമുക്കറിയില്ല എന്നതാണ് വാസ്തവം. മൂല്യമറിയാമെങ്കില്‍, അറിഞ്ഞോ അറിയാതെയോ ജലം മലിനമാക്കാന്‍ നമ്മള്‍ കൂട്ടുനില്‍ക്കില്ല. ജലമാഫിയകള്‍ക്ക് നിലയുറപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാകില്ല. കുട്ടിക്കാലം മുതല്‍ തന്നെ ജലത്തെ സ്‌നേഹിക്കാന്‍ പഠിക്കണം. പൊതുജനങ്ങളെ ജലസാക്ഷരരാക്കണം. ജലം അമൂല്യമാണെന്നും അത് മലീനമാക്കപ്പെടേണ്ടതല്ലെന്നും തിരിച്ചറിയണം. ജലസംരക്ഷണത്തിനായി ഒരു വാട്ടര്‍ സ്‌ക്വാഡ് രൂപീകരിക്കുകയാണെങ്കില്‍, ജലമലിനീകരണത്തിന് വലിയൊരളവില്‍ കുറവുണ്ടാകും. അത്തരം സ്‌ക്വാഡുകള്‍ക്ക് നമ്മുടെ ജലസ്രോതസ്സുകളുടെ കാവല്‍ക്കാരാകാന്‍ കഴിയും
'ദൈവത്തിന്റെ സ്വന്തം നാട്' ഇതാണോ എന്ന് തോന്നിപ്പിക്കും വിധം ചപ്പുചവറുകളും മാലിന്യങ്ങളും കേരളത്തിലെ റോഡുകളിലും ജലസ്രോതസ്സുകളിലും അനുദിനം കുമിഞ്ഞുകൂടുന്ന ഒരവസ്ഥയാണ് നമുക്ക് മുന്നിലുള്ളത്. നമ്മുടെ ഭരണകൂടവും സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഇതിനെതിരെ ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതൊന്നും കാര്യമായി ഫലം കാണുന്നില്ല.

രാത്രിയുടെ മറവില്‍ കോഴിയുടെ അവശിഷ്ടങ്ങളും കല്യാണവീടുകളിലെ അവശിഷ്ടങ്ങളുമൊക്കെ ഭാണ്ഡങ്ങളിലാക്കി നദികളിലും മറ്റും തള്ളുന്ന കാഴ്ച സര്‍വസാധാരണമാണ്. ജലത്തിന്റെ പ്രാധാന്യത്തെപറ്റിയോ അതിന്റെ ഗുണനിലവാരത്തെ പറ്റിയോ യാതൊരു അവബോധവുമില്ലാത്തവരാണ് ഈ ചെയ്തിക്ക് പലരും കൂട്ടുനില്‍ക്കുന്നത്. ഇത്തരം ആളുകളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നാലും നാളെ അവര്‍ വീണ്ടും ഈ പ്രവര്‍ത്തി ആവര്‍ത്തിച്ചെന്നിരിക്കും. ഇതിനൊരു പോംവഴി എന്താണെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

നമുക്ക് ഓരോരുത്തര്‍ക്കും ജലം കാത്തുപരിപാലിക്കേണ്ട ബാധ്യതയുണ്ട്. നമ്മുടെ കുട്ടികളേയും വിദ്യാര്‍ത്ഥികളേയും അക്കാര്യം ബോധ്യപ്പെടുത്തണം. ജലത്തിന്റെ മഹാത്മ്യം ഓരോ വ്യക്തിയും മനസ്സിലാക്കിയേ തീരൂ.

നദികളും കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. അതിന് ഉത്തരവാദികള്‍ നാം ഓരോരുത്തരും തന്നെയല്ലേ? ആരുടേയെങ്കിലും ചുമലില്‍ ആ കുറ്റം ആരോപിച്ച് നമുക്ക് രക്ഷപ്പെടാനാകില്ല.

ഇവിടെയാണ് വാട്ടര്‍ സ്‌ക്വാഡിന്റെ പ്രാധാന്യവും മഹത്വവും നാം അറിയേണ്ടത്. നമ്മുടെ ജലസ്രോതസ്സുകളെ മാലിന്യമിട്ട് നശിപ്പിക്കുന്നത് തടയാനുള്ള കാവല്‍ക്കാരായി വാട്ടര്‍ സ്‌ക്വാഡ് മാറണം.

കേരളത്തിന്റെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോര്‍പ്പറേഷനുകളിലും വാട്ടര്‍ സ്‌ക്വാഡ് രൂപീകരിക്കാം. വെള്ളത്തെകുറിച്ച് സാധാരണ ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും വാട്ടര്‍ സ്‌ക്വാഡിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കണം.

ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡില്‍ നിന്നും ജലവിഷയങ്ങളില്‍ താല്പര്യമുളള രണ്ടുപേരെ വീതം ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ഈ ഗ്രൂപ്പില്‍ തന്നെ പഞ്ചായത്തിന് കീഴില്‍ വരുന്ന വിവിധ സന്നദ്ധസംഘടനകളിലേയും ക്ലബ്ബുകളിലേയും തല്‍പരരായ വ്യക്തികളെയും ഉള്‍പ്പെടുത്തണം.

ഗ്രൂപ്പില്‍ അംഗങ്ങളുടെ എണ്ണം പരമാവധി അന്‍പതില്‍ കൂടുതലാകാന്‍ പാടില്ല. ഈ ഗ്രൂപ്പ് ആയിരിക്കും വാട്ടര്‍ സ്‌ക്വാഡ് എന്ന് അറിയപ്പെടുക. വാട്ടര്‍ സ്‌കവാഡിന്റെ കണ്‍വീനറായി പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാവുന്നതാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടെ കീഴിലുള്ള കുടിവെള്ള സ്രേതസ്സുകളായ പുഴകള്‍, നദികള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ സംരക്ഷണമായിരിക്കണം സ്‌ക്വാഡിന്റെ ലക്ഷ്യം.

രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സേവന മനോഭാവമുള്ള ഒരു കൂട്ടം ആള്‍ക്കാരുടെ സംഘമായിരിക്കണം വാട്ടര്‍ സ്‌ക്വാഡ്. 50 പേരടങ്ങിയ ഈ സംഘം വീണ്ടും പത്ത്‌പേര്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിക്കാവുന്നതാണ്.

ഇവര്‍ രാത്രികാലങ്ങളില്‍ മാലിന്യങ്ങളുമായി വരുന്ന വണ്ടികള്‍ നിരീക്ഷിക്കുകയും മാലിന്യങ്ങള്‍ തള്ളാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റോന്തുചുറ്റുകും ചെയ്യണം. പറ്റുമെങ്കില്‍ വണ്ടിയിലെ ആളുകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയും ബോധവല്‍ക്കരണത്തിലൂടെ നേരായ വഴിക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യാവുന്നതാണ്. ഇതൊന്നും ഏല്‍ക്കാതെ വന്നാല്‍ അവരെ പോലീസില്‍ ഏല്‍പ്പിക്കണം.

കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും ഇത്തരം വാട്ടര്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സാമൂഹ്യദ്രോഹികള്‍ മനസ്സിലാക്കിയാല്‍ ഒരാള്‍ക്കും തന്നെ നമ്മുടെ കുടിവെള്ള സ്രോതസ്സുകളെ മലീമസമാക്കാന്‍ കഴിയില്ല. വാട്ടര്‍ സ്‌ക്വാഡ് എന്ന കൂട്ടായ്മയിലൂടെ ാെരോരുത്തരും ജാഗരൂഗരായിരുന്നാല്‍ നമ്മുടെ പരിസരവും കുടിവെള്ള സ്രോതസ്സുകളും വൃത്തിയായിരിക്കുമെന്നതില്‍ സംശയം വേണ്ട.
(കോഴിക്കോട് സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞനാണ് ലേഖകന്‍)