ഇന്ന് ലോകജലദിനം. 'ജലവും സുസ്ഥിരവികസനവും' എന്നതാണ് ഇത്തവണത്തെ ലോകജലദിന സന്ദേശം. വരാന്‍ പോകുന്ന കൊടിയ ജലക്ഷാമത്തെ നേരിടാന്‍ വെള്ളത്തിന്റെ സുസ്ഥിര ഉപയോഗത്തിലൂടെയേ കഴിയൂ എന്ന് ഓര്‍മിപ്പിക്കുകയാണ് ഈ ദിനം
ഭക്ഷണമില്ലാതെ കുറേനാള്‍ ജീവിക്കാം. എന്നാല്‍ വെള്ളമില്ലാതെ അധികനാള്‍ ജീവിക്കാന്‍ കഴിയില്ല. കുടിക്കാനും കുളിക്കാനും കൃഷിക്കും വ്യവസായത്തിനുമെല്ലാം വെള്ളം വേണം. കുടിവെള്ളത്തിന് ആവശ്യം കൂടുന്തോറും അത് മലിനമായിക്കൊണ്ടിരിക്കുകയാണ്. കടുത്ത കുടിവെള്ള ക്ഷാമമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

മഴയില്‍ മണ്ണിലേക്ക് താഴുന്നതിന്റെ ഇരട്ടി വെള്ളമാണ് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും ഭൂമിയില്‍നിന്ന് വലിച്ചെടുക്കുന്നത്. അമിത ജലചൂഷണം, മലിനീകരണം, ഉപ്പുവെള്ളം കയറല്‍ എന്നിവ മൂലം കുടിവെള്ള സ്രോതസ്സുകള്‍ കുറയുകയും മലിനപ്പെടുകയും ചെയ്യുന്നു.

പാത്രം കഴുകാനും അലക്കാനും ഉപയോഗിക്കുന്ന കാരം മുതല്‍ രാസവളങ്ങളും കീടനാശിനികളും ഫാക്ടറി മാലിന്യങ്ങളുമടക്കം വന്‍തോതിലുള്ള വിഷവസ്തുക്കളാണ് നാം ചുറ്റുപാടും ഒഴുക്കിവിടുന്നത്. ഇതെല്ലാം വെള്ളത്തെ വിഷമയമാക്കുന്നു.

ഓരോ മിനിട്ടിലും പുണ്യനദിയായ ഗംഗയിലേക്ക് 11 ലക്ഷം ലിറ്റര്‍ മലിനജലം ഒഴുക്കി വിടുന്നുവെന്നാണ് വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം പറയുന്നത്.


തൊണ്ട വരളും കാലം


വേനലില്‍ യാത്ര പോകുമ്പോഴാണ് വെള്ളത്തിന്റെ വില മനസിലാകുന്നത്. 20 രൂപ കൊടുത്ത് കുപ്പിവെള്ളം വാങ്ങാന്‍ നമുക്ക് യാതൊരു മടിയുമില്ല.

കുപ്പിവെള്ളം വരുന്നു എന്നു കേട്ടപ്പോള്‍ മുമ്പ് പുച്ഛിച്ച് തള്ളിയവരുണ്ട്. എന്നാല്‍ ഇപ്പോള്‍ കുപ്പിവെള്ളമില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുന്നു.

കാലം മാറുകയാണ്. കാലാവസ്ഥാ വ്യതിയാനവും സംഭവിക്കുന്നു. കുടിവെള്ളമില്ലാത്ത കാലത്തേക്കാണ് നാം നീങ്ങുന്നത്.

ദക്ഷിണാഫ്രിക്കയിലെ ഗ്രാമങ്ങളില്‍ ചെന്ന് പത്ത് ലിറ്റര്‍ കുടിവെള്ളം വേണോ അതോ ഒരു പവന്‍ സ്വര്‍ണ്ണം വേണോ എന്നു ചോദിച്ചാല്‍ അവര്‍ ചാടിവീണ് പറയും 'കുടിവെള്ളം മതി'. ശുദ്ധജലക്ഷാമം അത്രക്ക് രൂക്ഷമാണവിടെ.

സൗദി അറേബ്യയില്‍ എവിടെ കുഴിച്ചാലും എണ്ണ കിട്ടും, കുടിവെള്ളം കിട്ടില്ല. കേരളത്തില്‍ പ്രതിവര്‍ഷം 3000 മില്ലിമീറ്റര്‍ മഴ കിട്ടുമ്പോള്‍ സൗദിയില്‍ കിട്ടുന്നത് 75 മില്ലിമീറ്റര്‍ മാത്രം. അതത്രയും അണക്കെട്ടുകളില്‍ പിടിച്ചു നിര്‍ത്തിയാണ് അവിടെ കുടിവെള്ളമായി ഉപയോഗിക്കുന്നത്. കനത്ത മഴ കിട്ടിയാലും ഗുണമില്ല ആ മരുപ്രദേശത്ത്. കടുത്ത ചൂടില്‍ എല്ലാം ആവിയായിപ്പോകും. കടല്‍ വെള്ളം ശുദ്ധീകരിച്ചും മറ്റുമാണ് ആ രാജ്യം വെള്ളത്തിന്റെ ആവശ്യം നിറവേറ്റുന്നത്.

ചൈനയിലെ 617 നഗരങ്ങളില്‍ 300 നഗരങ്ങളും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. ഗ്രാമങ്ങളിലെ നദികളില്‍നിന്ന് നഗരത്തിന്റെ ദാഹം തീര്‍ക്കാന്‍ കുടിവെള്ളം പമ്പുചെയ്യുന്നതിനാല്‍ അവിടെ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.

അമിതജലചൂഷണം മൂലം വടക്കന്‍ ചൈനയിലെ ഭൂജലവിതാനം ഒന്നരമീറ്ററോളം താഴ്ന്നതായാണ് റിപ്പോര്‍ട്ട്. ഗ്രാമങ്ങളിലെ നദികളില്‍ വെള്ളം കുറഞ്ഞു കിണറുകള്‍ പലതും വറ്റിവരണ്ടു. ചൈനയുടെ ഉല്പാദനത്തിന്റെ 40 ശതമാനം ധാന്യങ്ങളും വിളയുന്ന പ്രദേശത്താണ് ഈ 'ജലദുരന്തം'.


ലോകത്ത് ഉപയോഗിക്കുന്ന വെള്ളത്തിന്റെ 66 ശതമാനവും ചെലവാകുന്നത് കൃഷിക്കാണ്. വ്യവസായത്തിന് 20 ശതമാനം വെള്ളം വേണ്ടിവരുമ്പോള്‍ വീട്ടാവശ്യത്തിന് 10 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. നാല് ശതമാനം ബാഷ്പീകരണത്തിലൂടെ നഷ്ടമാകുന്നു.

മലിനീകരണം, വ്യവസായവല്‍ക്കരണം, ജലനഷ്ടം വരുത്തുന്ന കൃഷിരീതികള്‍, കാലാവസ്ഥാവ്യതിയാനം എന്നിവയെല്ലാം കുടിവെള്ളം മുട്ടിക്കുകയാണ്. വികസ്വര രാജ്യങ്ങളില്‍ 80 ശതമാനം ഓവുചാലുകളും തുറന്നുവെച്ചിരിക്കുന്നത് കുടിവെള്ളസ്‌ത്രോതസുകളായ നദികളിലേക്കും തടാകങ്ങളിലേക്കുമാണ് അതുകൊണ്ടുതന്നെ ശുദ്ധജലം കിട്ടാക്കനിയാവുന്ന കാലം വിദൂരമല്ല.

ലോകത്ത് ഒമ്പതില്‍ ഒരാള്‍ക്ക് ഇന്ന് ശുദ്ധജലം കിട്ടാത്ത അവസ്ഥയാണ് 2025 ആകുമ്പോഴേക്കും മൂന്നില്‍ രണ്ടുഭാഗം ജനങ്ങള്‍ ജലക്ഷാമത്തിന്റെ പിടിയിലകപ്പെടുമെന്നാണ് ഐക്യരാഷ്ട്ര സംഘടനകളുടെ കണ്ടെത്തല്‍.

നഗരവല്‍ക്കരണവും മലിനീകരണവും മൂലം കുടിവെള്ള സ്‌ത്രോതസ്സുകള്‍ വിഷമയമാകുന്നത് രോഗങ്ങളും ക്ഷണിച്ചു വരുത്തുന്നു. ജലമലിനീകരണം മൂലമുള്ള രോഗങ്ങള്‍ പിടിപെട്ടുകഴിയുന്നവര്‍ കോടിക്കണക്കിന് വരും. ലോകരാജ്യങ്ങളിലെ ആസ്പത്രി കിടക്കകളില്‍ പകുതിയും ഇത്തരക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന്് ലോകാരോഗ്യസംഘടന പറയുന്നു.

മലിനജലത്തിലൂടെ വ്യാപിക്കുന്ന രോഗങ്ങള്‍ മൂലം ലോകത്ത് ദിവസം 2300 പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്. ശിശുമരണമാണ് കൂടുതല്‍. 15 സെക്കന്റില്‍ ഒരു കുട്ടി മരിക്കുന്നു.

2020 ആകുമ്പോഴേക്കും ഇന്ത്യയിലെ ജനങ്ങളില്‍ പകുതിയും നഗരവാസികളായി മാറുമെന്നാണ് കരുതപ്പെടുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന കാലം വരാന്‍ പോകുന്നു.

ജലക്ഷാമം രൂക്ഷമായ ഏഷ്യയിലെ 27 നഗരങ്ങളില്‍ ഡല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ ഉള്‍പ്പെടുമെന്ന് ലോകബാങ്ക് പഠനം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഭൂജലവിതാനം താഴ്ന്നു വരുന്നതായി അടുത്ത കാലത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കിണറുകളും കുഴല്‍ കിണറുകളും വഴിയുള്ള അമിത ജലചൂഷണം മൂലമാണിത്. മഴ യഥേഷ്ടമുണ്ടെങ്കിലും മഴവെള്ളം മണ്ണില്‍ താഴാതെ കടലിലേക്ക് ഒലിച്ചുപോകുകയാണ്. ഭൂമി വലിച്ചെടുക്കുന്ന മഴവെള്ളത്തിന്റെ ഇരട്ടി കുഴല്‍ കിണറുകളിലൂടെ ഊറ്റിയെടുക്കുന്നതോടെ ആ പ്രദേശം ജലക്ഷാമത്തിലാകും.

ഗുജറാത്തിലെ സൗരാഷ്ട്ര - കച്ച് മേഖലയില്‍ 1200 അടി കുഴിച്ചാല്‍പ്പോലും കുഴല്‍ കിണറുകളില്‍ വെള്ളം കിട്ടാത്ത അവസ്ഥയാണ്. ഗുജറാത്തിലെ രണ്ടരക്കോടി ജനങ്ങള്‍ ആവശ്യത്തിന് വെള്ളം കിട്ടാതെ വലയുകയാണ്.

രാജസ്ഥാനിലെ പാലിയിലേക്ക് ജോധ്പൂരില്‍ നിന്ന് തീവണ്ടി ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. 60 ലക്ഷം ലിറ്റര്‍ വെള്ളവുമായി ഇത്തരത്തിലുള്ള നാല് തീവണ്ടികളാണ് ദിവസവും പാലിയിലിലേക്ക് പോകുന്നത്. തീവണ്ടി വന്നില്ലെങ്കില്‍ ഒരു പ്രദേശത്തെത്തന്നെ കുടിവെള്ളം മുട്ടുന്ന അവസ്ഥയാണ്.

മഴക്കാലത്ത് വെള്ളപ്പൊക്കം വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമം കേരളത്തിന്റെ ദുരവസ്ഥമാറ്റമില്ലാതെ തുടരുകയാണ്. വേനലില്‍ കുടിവെള്ളത്തിനായി ആളുകള്‍ കളക്ടറേറ്റ് ധര്‍ണ നടത്തുമെന്നല്ലാതെ മഴക്കാലത്ത് ജലസംരക്ഷണ പ്രവര്‍ത്തനം നടത്താന്‍ ആളില്ല.

44 നദികളും ഒട്ടേറെ കായലുകളും ചതുരശ്ര കിലോമീറ്ററില്‍ 250 കിണറുകളുമുള്ള കേരളത്തിലെ ജലക്ഷാമം ആസൂത്രണ വൈകല്യത്തിന്റെ ന്യൂനതയായാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

മഴവെള്ളം മണ്ണിലേക്ക് താഴ്ന്നിറങ്ങാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ കേരളത്തിന് ജലക്ഷാമത്തില്‍ നിന്ന് കരകയറാന്‍ കഴിയൂ. മഴവെള്ളം ചാലുകീറി ഒഴുക്കി വിടാതെ പറമ്പില്‍ തന്നെ തങ്ങാന്‍ അനുവദിക്കണം. മഴവെള്ളം വീഴുന്നിടത്തു തന്നെ അതിനെ സംരക്ഷിച്ചു നിര്‍ത്തണം. മഴവെള്ളത്തെ ഇതിലൂടെ കുടിവെള്ളമാക്കാം.