സുസ്ഥിര വികസനമെന്ന് ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ജലദിനം കടന്നുവരുന്നത്. ജലസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് സുസ്ഥിര വികസനത്തിലൂടെ പരിഹാരം കണ്ടെത്താനാകണം.
സുസ്ഥിര വികസനത്തിന്റെ ഭാഗമായി 'സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് ' ( CWRDM ) ഇത്തവണ 'സേവ് പമ്പ, സേവ് വേമ്പനാട്' എന്ന ക്യാംപയിനാണ് തുടക്കമിടുന്നത്. അന്താരാഷ്ട്ര പ്രാധാന്യമുളള വേമ്പനാട് തണ്ണീര്‍ത്തടത്തിന്റെ സംരക്ഷണമാണ് ഈ ക്യാംപയിനിന്റെ ലക്ഷ്യം.

പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ തുടങ്ങി അഞ്ചു നദികളെ ആശ്രയിച്ചാണ് വേമ്പനാട് തണ്ണീര്‍ത്തടത്തിന്റെ നിലനില്‍പ്. അതില്‍ ഏറ്റവും പ്രധാനം പമ്പയാണ്. വേമ്പനാടിന്റെ ജൈവവൈവിദ്ധ്യവും മത്സ്യസമ്പത്തും മുഖ്യമായും പമ്പയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ പമ്പയുടെ സംരക്ഷണത്തിലൂടെ മാത്രമേ വേമ്പനാടിയേയും സംരക്ഷിക്കാനാവൂ.

'സേവ് പമ്പ സേവ് വേമ്പനാട്'എന്ന ക്യാംപെയിന് മുമ്പേ തന്നെ പമ്പയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സി.ഡബ്ല്യൂ.ആര്‍.ഡി.എം. നടപ്പിലാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന്റേയും പി ഡബ്ല്യൂ ആര്‍ഡിയുടേയും സഹകരണത്തോടെയായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുമുണ്ട്.

പമ്പ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യമാണ്. ഒരു സമഗ്രമായ വീക്ഷണത്തിലൂടെ മാത്രമേ അത് മറികടക്കാന്‍ സാധിക്കൂകയുള്ളൂവെന്ന്, സി.ഡബ്ല്യൂ.ആര്‍.ഡി.എം. വാട്ടര്‍ ക്വാളിറ്റി ഡിവിഷന്‍ തലവന്‍ പി.എസ്.ഹരികുമാര്‍ പറയുന്നു. അതിന് എല്ലാ വാട്ടര്‍ റിസോഴ്‌സുകളുടേയും ഒന്നിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്.

മാലിന്യം അടിഞ്ഞു കൂടുന്നത് ഒരു നദിയുടെ ഒഴുക്കിനെ ആശ്രയിച്ചാണ്. നല്ല ഒഴുക്കുള്ള സമയമാണെങ്കില്‍ മാലിന്യം അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ കുറയും. എന്നാല്‍ ശബരിമല സീസണ്‍ പമ്പയിലെ ഒഴുക്ക് കുറയുന്ന സമയമാണ്. അത് മറികടക്കാന്‍ ജലസംഭരണികളുടെ സേവനം ലഭ്യമാക്കിയേ കഴിയൂ. കക്കി റിസര്‍വോയറിലും മറ്റും ജലത്തിന്റെ പ്രൊഡക്ഷന്‍ കപ്പാസിറ്റി കൂട്ടിയാല്‍ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനും അതുവഴി മാലിന്യം അടിഞ്ഞ് കൂടുന്നത് തടയുന്നതിനും സാധിക്കും - ഹരികുമാര്‍ ചൂണ്ടിക്കാട്ടി.

ട്രീറ്റ്‌മെന്റ് സിസ്റ്റം കൂടി നടപ്പിലാക്കാന്‍ സാധിക്കുകയാണെങ്കില്‍ ക്രമേണ പമ്പ മാലിന്യവിമുക്തമാകുക തന്നെ ചെയ്യും. ശബരിമലക്കും പമ്പക്കുമിടയില്‍ ഒരു ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അതിനുപുറമേ പഞ്ചായത്തുകളുടേയും മറ്റു ലോക്കല്‍ ബോഡികളുടേയും സഹായത്തോടെ അവിടെയുള്ള വെള്ളം ട്രീറ്റ് ചെയ്ത് വിടാന്‍ സാധിച്ചാല്‍ പമ്പയെ കുറേക്കൂടി സംരക്ഷിക്കാന്‍ പറ്റുമെന്നാണ് കരുതുന്നതെന്നും ജലശാസ്ത്രജ്ഞനായ ഹരികുമാര്‍ പറയുന്നു. ഇതിന് പുറമേ പമ്പ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പഞ്ചായത്ത് ലോക്കല്‍ ബോഡി തലത്തില്‍ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കാനും സി.ഡബ്ല്യൂ.ആര്‍.ഡി.എം.ശ്രമിക്കുന്നുണ്ട്.

മണലൂറ്റാണ് പമ്പ നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നം. അതില്ലാതാക്കാന്‍ പൂര്‍ണ്ണമായും കഴിയില്ല അതുകൊണ്ട് അതിനായി ശാസ്ത്രീയമായ വഴി സ്വീകരിക്കണം. അതിനുള്ള പഠനങ്ങള്‍ ആരംഭിക്കണം. പമ്പയില്‍ നിന്നു തുടങ്ങി കേരളത്തിലെ മുഴുവന്‍ നദികളേയും സംരക്ഷിക്കുകയും മാലിന്യവിമുക്തമാക്കുകയും ചെയ്യുന്ന ഒരു സുസ്ഥിര വികസനമാണ് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. കേരളത്തിലെ നദികളെ കുറിച്ച് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് പഠനം തുടങ്ങിക്കഴിഞ്ഞതായും ഹരികുമാര്‍ അറിയിച്ചു.

നദികള്‍ ഇല്ലെങ്കില്‍ മനുഷ്യര്‍ ഇല്ല. നമ്മുടെ ശരീരത്തിലെ ഞരമ്പുകള്‍ പോലയാണ് നദികളും. നദികള്‍ ജീവനാഡികളാണ്. രക്തയോട്ടം ഇല്ലതായാല്‍ നമ്മള്‍ക്ക് ജീവിക്കാനാകുമോ അതുപോലെയാണ് നദികള്‍ ഇല്ലാതായാലും.

തയ്യാറാക്കിയത്: രമ്യ ഹരികുമാര്‍