അമ്പലവയല്‍: നാണയവും സ്റ്റാമ്പും പാട്ടുകളുമെല്ലാം ശേഖരിക്കുന്നവരുടെ ഇടയില്‍ ജലശേഖരത്തിലൂടെ വ്യത്യസ്തനാവുകയാണ് 'സായിസദന'ത്തില്‍ ദാമോദരന്‍ നായര്‍.

നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ കോളിയാടി മാതളക്കരയിലെ വീട്ടില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രധാന നദികളിലേയും ജലാശയങ്ങളിലേയും വെള്ളത്തിന്റെ അപൂര്‍വ ശേഖരമാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.

വൈവിധ്യമാര്‍ന്നതാണ് ഈ ശേഖരം. ഗംഗ, ബ്രഹ്മപുത്ര, യമുന, നര്‍മദ, കാവേരി, ഗോദാവരി, ഭാരതപ്പുഴ, പമ്പ തുടങ്ങി എഴുപതോളം നദികളിലെ ജലം ഇവിടെയുണ്ട്. കുടജാദ്രിയില്‍നിന്നുള്ള ശങ്കരതീര്‍ഥം, ഇസ്രായേലിലെ ചാവുകടലിലെ വെള്ളം, ശിവന്‍ പാര്‍വതിക്ക് ദാനംനല്‍കിയെന്ന് വിശ്വാസമുള്ള മാനസസരോവറിലെ തീര്‍ഥം, രാമേശ്വരത്തെ 21 കുളങ്ങളിലെ തീര്‍ഥം, യേശു ജ്ഞാനസ്‌നാനം സ്വീകരിച്ച ജോര്‍ദാന്‍ നദിയിലെ വെള്ളം, മക്കയിലെ സംസം ജലം, കോളിയാടി വിഷ്ണുക്ഷേത്രത്തിലെ ബ്രഹ്മകലശ തീര്‍ഥം തുടങ്ങി വിശ്വാസത്തിന്റെ പരിവേഷമുള്ളവ വേറെയും.

അഞ്ചുവര്‍ഷം മുന്‍പാണ് ദാമോദരന്‍ നായര്‍ ജലശേഖരണം തുടങ്ങിയത്. ഇപ്പോള്‍ 120 കുപ്പികളിലെത്തിനില്‍ക്കുന്നു അദ്ദേഹത്തിന്റെ ശേഖരം. നദിയുടെ പേരും മറ്റുവിവരങ്ങളും കുപ്പികളില്‍ എഴുതിയാണ് സൂക്ഷിക്കുന്നത്. ഇതില്‍ കൂടുതലും സ്വയം ശേഖരിച്ചതാണ്. വിദേശത്തുനിന്നുള്ളവ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സുഹൃത്തുക്കളും ബന്ധുക്കളും എത്തിച്ചതും.

ലോകത്തെ പ്രധാനപ്പെട്ട നദികളിലെയെല്ലാം ജലം 'സായിസദന'ത്തിലെത്തിക്കാനാണ് ഈ ജലസ്‌നേഹിയുടെ തീരുമാനം.
ഭാര്യ നന്ദിനിയും മകനും സഹായത്തിന് ഒപ്പമുണ്ട്. ജലശേഖരണത്തിലൂടെ വിവിധ സംസ്‌കാരങ്ങളുടെ കൂട്ടായ്മയും ജലം എന്ന ഏകത്വത്തിന്റെ സന്ദേശവുമാണ് താന്‍ പങ്കുവെക്കുന്നതെന്ന് അദ്ദേഹം പറയുന്നു.