റിയാന്‍


പതിനേഴ് വര്‍ഷം മുമ്പ് കാനഡയിലെ ഒരു സ്‌കൂളില്‍ നടന്ന സംഭവമാണ്.

ഒന്നാം ക്ലാസ്സില്‍ ടീച്ചര്‍ ആഫ്രിക്കയിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ വിവരിക്കുകയായിരുന്നു: 'നിങ്ങള്‍ക്കറിയാമോ, ആഫ്രിക്കയില്‍ പലയിടത്തും കുടിവെള്ളം കിട്ടാനേയില്ല. 20 കിലോമീറ്റര്‍ വരെ ചിലപ്പോള്‍ വെള്ളം തിരഞ്ഞ് പോകേണ്ടി വരും. കിട്ടിയാല്‍ തന്നെ മലിന ജലം. ഇത് കുടിച്ചാല്‍ രോഗം ഉറപ്പ്. എത്ര കുട്ടികളാണവിടെ നല്ല വെള്ളം കിട്ടാതെ മരിക്കുന്നത്!'

ടീച്ചറുടെ വിവരണം കേട്ടപ്പോള്‍ റിയാന്‍ എന്ന കുട്ടി ചിന്തിച്ചു: 'ദൈവമേ, ദിവസവും എത്ര വെള്ളമാണ് എന്റെ വീട്ടില്‍ പാഴാക്കിക്കളയുന്നത്. ഉദ്യാനത്തിലും നീന്തല്‍ക്കുളത്തിലും വെള്ളത്തിന്റെ ആര്‍ഭാടം!'

അവന്റെ മനസ്സില്‍ വെള്ളം കിട്ടാതെ കരയുന്ന നൂറുനൂറുകുട്ടികളുടെ നിലവിളികള്‍ ഉച്ചത്തില്‍ മുഴങ്ങി.

'ടീച്ചറേ, എന്തുകൊണ്ടാണവര്‍ക്ക് വെള്ളത്തിനിത്ര ബുദ്ധിമുട്ട്?', അവന്‍ ചോദിച്ചു.

'ആഫ്രിക്ക ഉഷ്ണമേഖലാ രാജ്യമാണ്. അവിടെ ആഴത്തില്‍ കിണര്‍ കുഴിച്ചാലേ ഭൂഗര്‍ഭജലം പോലും കിട്ടൂ.അതിനാകട്ടെ വലിയ ചെലവു വരും. ഒരു കിണര്‍ കുഴിക്കാന്‍ തന്നെ എഴുപത് ഡോളര്‍ വരും!'

ആ മറുപടിയില്‍ അവന്റെ മുഖം വാടി. അവന്‍ സങ്കടത്തോടെ വീട്ടിലേക്ക് നടന്നു.

അച്ഛനുമമ്മയും വൈകീട്ട് ജോലി കഴിഞ്ഞെത്തിയതും റിയാന്‍ അവരോട് ചോദിച്ചു: 'നിങ്ങളെനിക്ക് ഒരു എഴുപത് ഡോളര്‍ തരുമോ?'

'എന്തിനാ നിനക്ക് ഇത്രയധികം പണം?'

'ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ്!', ഇതൊരു തമാശയാണെന്നേ അവര്‍ കരുതിയുള്ളൂ.

എന്നാല്‍ റിയാന്‍ 'സീരിയസ്സാ'യിരുന്നു. രാത്രിയില്‍ അവന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. വെറുതേ പണം തരില്ല, വീട്ടിലെ ജോലികള്‍ ചെയ്താല്‍ പണം കൊടുക്കാമെന്നായി അച്ഛനമ്മമാര്‍.

അവനത് സമ്മതിച്ചു. വീട് വൃത്തിയാക്കുന്നതടക്കമുള്ള പല ജോലികളും ചെയ്ത് ദിവസവും അവന്‍ കുറച്ച് കുറച്ച് പണം നേടി തന്റെ ബിസ്‌ക്കറ്റ് ടിന്നിലിട്ടു. നാലു മാസം കൊണ്ട് റിയാന്‍ എഴുപത് ഡോളര്‍ സമ്പാദിച്ചു.

ഇനി ഈ പണം ആഫ്രിക്കയിലെത്തിച്ച് അവിടെ കിണര്‍ കുഴിക്കണ്ടേ?

റിയാന്‍ ഇതിനായി അമ്മയുടെ സഹായത്തോടെ വാട്ടര്‍ക്യാന്‍ എന്ന സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ടപ്പോഴാണ് അക്കാര്യമറിയുന്നത്-ആഫ്രിക്കയില്‍ ഒരു കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ചുരുങ്ങിയത് രണ്ടായിരം ഡോളര്‍ വേണ്ടിവരും.

റിയാന്‍ നിരാശപ്പെട്ടില്ല. അവന്‍ വീണ്ടും പണം സ്വരൂപിക്കാന്‍ തുടങ്ങി.

ഇതിനിടയില്‍ കുഞ്ഞുറിയാന്റെ ഈ വലിയ പ്രവൃത്തിയെപ്പറ്റി പത്രത്തില്‍ ഒരു വാര്‍ത്ത വന്നു. അതോടെ സംഭാവനകളുടെ പ്രവാഹമായി.

രണ്ടായിരം ഡോളര്‍ സമാഹരിച്ചപ്പോള്‍ മറ്റൊരു പ്രശ്‌നം-ആളുകള്‍ ഭൂമി തുരന്ന് കുഴല്‍ക്കിണര്‍ കുഴിക്കുമ്പോള്‍ വളരെ കാലതാമസം വരും. ഒരു ഡ്രില്ലിങ് യന്ത്രമുണ്ടെങ്കില്‍ സംഗതി എളുപ്പമാകും. അതിന് 25000 ഡോളര്‍ വേണ്ടി വരും.


റിയാന്‍ വീട്ടുജോലിചെയ്തും പൊതുരംഗത്ത് സമാഹരണയജ്ഞങ്ങള്‍ നടത്തിയും കുറച്ചുസമയം കൊണ്ട് ആ പണവും കണ്ടെത്തി. അങ്ങനെ P.F.R. എന്ന സംഘടനയുടെ സഹായത്തോടെ ആഫ്രിക്കയിലെ അംഗോളോ പ്രൈമറി സ്‌കൂളിനടുത്ത് ഒരു കുഴല്‍ക്കിണര്‍ കുഴിച്ചു.

റിയാന്‍ ഹ്രെല്‍ജാക്ക് എന്ന ആ ഒന്നാം ക്ലാസ്സുകാരന്‍ ഇന്ന് 22 വയസ്സുള്ള ഒരു ബിരുദധാരിയാണ്. റിയാന്റെ നേതൃത്വത്തിലുള്ള റിയാന്‍സ് വെല്‍ഫൗണ്ടേഷന്‍ കുടിവെള്ളമെത്തിക്കുന്നതുള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പല തരം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ഇപ്പോള്‍.

റിയാന്റെ ജീവിതകഥ മാതൃഭൂമി ബുക്‌സ് മലയാളത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. അബ്ദുള്ളക്കുട്ടി എടവണ്ണയാണ് 'റിയാന്റെ കിണര്‍' എന്ന പുസ്തകത്തിന്റെ രചയിതാവ്.