ആഴമുള്ളതും ഉത്കണ്ഠയോടുകൂടിയതും വേദനാജനകവുമായ ശബ്ദത്തില്‍ നമ്മുടെ പൂര്‍വികര്‍ നമ്മോടു സംസാരിക്കുന്നത് ആ കുളങ്ങളുടെയും കിണറുകളുടെയും ആഴങ്ങളില്‍ നമുക്കു കണ്ടെത്താം
ബെംഗളൂരുവിലെ പൈപ്പ് തുറക്കുന്ന ഓരോരുത്തരും ആ ജലപ്രവാഹത്തിന് വയനാടന്‍ മലനിരകള്‍ക്കു നന്ദിപറയണം. കാരണം, വയനാടന്‍ വനങ്ങളില്‍നിന്നുദ്ഭവിച്ച് പിന്നീട് കാവേരിയില്‍ച്ചേരുന്ന കബനീനദിയിലെ ജലമാണത്. അര്‍ക്കാവതിനദി വറ്റിവരണ്ടതില്‍പ്പിന്നെ ബെംഗളൂരുവിന്റെ പ്രധാന ജലസ്രോതസ്സ് കബനീനദിയാണ്.

സിന്ധുനദീതടസംസ്‌കാരംമുതല്‍തന്നെ ഇന്ത്യക്കാര്‍ കിണര്‍വെള്ളമുപയോഗിച്ചുവരുന്നു. ലോത്തല്‍ മുതല്‍ സാരാനാഥ് വരെ ഇതിനുള്ള തെളിവുകള്‍ കാണാന്‍സാധിക്കും. ഒരുകാലത്ത് മഴവെള്ളസംഭരണികളോമറ്റോ ആയിരുന്ന ആ മനോഹരനിര്‍മിതികള്‍ ഇന്ന് കമിതാക്കളുടെ സംഗമസ്ഥലങ്ങളോ ഒളിസങ്കേതങ്ങളോ മാത്രമായിമാറിയിരിക്കുന്നു. അശോകചക്രവര്‍ത്തി വൃക്ഷങ്ങള്‍ നടുന്നതിലും കിണറുകള്‍ കുഴിക്കുന്നതിലും നിതാന്തജാഗ്രത പുലര്‍ത്തിയിരുന്നു. ഇന്ത്യയിലാകെയുള്ള 30 ദശലക്ഷം കിണറുകളില്‍ 6.6 ദശലക്ഷത്തോളം നമ്മുടെ കേരളത്തിലാണ്.

എസ്. വിശ്വനാഥ് (ഡയറക്ടര്‍ ഓഫ് ബയോം) പറഞ്ഞതുപോലെ, കിണറുകള്‍ പൈപ്പുകളില്‍നിന്നു വ്യത്യസ്തമായി നമ്മോടു സംസാരിക്കുകയും ആശയവിനിമയംനടത്തുകയും ചെയ്യും. വിശ്വനാഥനെ ഇന്ന് ലോകമറിയുന്ന ഒരാളാക്കിമാറ്റിയത് ജലത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ്.

ഓരോ കിണറ്റിലെ വെള്ളവും നമ്മെ നൂറ്റാണ്ടുകള്‍ പിന്നോട്ടുനടത്തും. അതേ, കിണര്‍ നമ്മോടു സംസാരിക്കും. രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തില്‍ 22 കിണറുകളാണുള്ളത്. അതിലെ ഓരോ കിണറ്റിലെ വെള്ളത്തിനും ഓരോ രുചിയും ഊഷ്മാവുമാണുള്ളത്. ശ്രീരാമന്‍ അമ്പെയ്തുണ്ടാക്കിയതാണാ കിണറുകളെന്നാണ് ഐതിഹ്യം.

എന്റെ കുട്ടിക്കാലത്ത് മധ്യവേനലവധിക്കാലമെന്നാല്‍, രണ്ടുമാസം, കൊല്ലത്തുള്ള അമ്മൂമ്മയുടെ വീട്ടിലെ കിണറ്റില്‍നിന്നു വെള്ളംകോരലെന്നായിരുന്നു അര്‍ഥം. ആ കിണര്‍വെള്ളം കുടിക്കലും അതില്‍ കുളിക്കലും കളിക്കലുംതന്നെ. ഇളംനീലനിറത്തിലുള്ള ശുദ്ധമായ വെള്ളം. ഇപ്പോഴുമെനിക്കോര്‍മയുണ്ട്

എഴുപതുകളുടെ മധ്യംവരെയും കൊല്ലത്തെവീട്ടില്‍ പൈപ്പെത്തിയിരുന്നില്ല. എല്ലാ ബന്ധുക്കളുടെ വീട്ടിലും കിണറുകള്‍. ആ കിണറുകളിലേക്കെത്തിനോക്കി ഒച്ചയുണ്ടാക്കലും അതിന്റെ പ്രതിധ്വനികേട്ടാനന്ദിക്കലും എന്റെ ഒഴിവുകാലവിനോദങ്ങളിലൊന്നായിരുന്നു.

'ഹരിജന്‍' എന്നെഴുതിവെച്ച ഒരു കിണറും കണ്ടതായോര്‍ക്കുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കകാലങ്ങളില്‍ ഗാന്ധിജിയുടെ കേരളസന്ദര്‍ശനവേളയിലെപ്പോഴോ അദ്ദേഹം ആ കിണറ്റില്‍നിന്നു വെള്ളംകോരിക്കുടിച്ചിട്ടുണ്ട്.

നമ്മുടെ ക്ഷേത്രങ്ങളിലെയും ചുറ്റുപാടുകളിലെയും വെള്ളത്തിന്റെ കഥ പരിശുദ്ധിയുടെയും മലിനീകരണത്തിന്റെയും മറ്റൊരു കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇകോളി ബാക്ടീരിയകളും ഡിറ്റര്‍ജന്റുകളുംമൂലമുള്ള മലിനീകരണമല്ല ഇവിടെയുദ്ദേശിച്ചത്; ആത്മീയമായ ഒന്ന്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഒരു മുങ്ങിക്കുളിയിലൂടെയാണൊരാള്‍ സ്വയം ശുദ്ധമാകുന്നത്.

എല്ലാവരെയുമിതിനനുവദിക്കുമോ; പണക്കാരെയും പാവപ്പെട്ടവരെയും, ഉച്ചനീച ജാതിക്കാരെ, ആരോഗ്യവാനെയും അനാരോഗ്യവാനെയും, പുരുഷനെയും സ്ത്രീയെയും? ക്ഷേത്രക്കുളത്തില്‍ മുങ്ങുന്നതിനൊപ്പം ഈ വ്യത്യാസങ്ങളും നമ്മളുപേക്ഷിക്കുമോ? ഇന്ന് ഏതെങ്കിലുമൊരു കമ്യൂണിറ്റിക്കുവേണ്ടിയോ പുരോഹിതന്മാര്‍ക്കുവേണ്ടിയോമാത്രം ഒരു കിണറുണ്ടാക്കാന്‍ കഴിയില്ല.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരുപക്ഷേ, നമുക്ക് ഈ കിണറുകളും കുളങ്ങളും സകലരുടെയും സമ്മേളനസ്ഥലമായി സങ്കല്പിക്കാനാവും. നീലനിറത്തിലെ തെളിഞ്ഞ ജലം. എല്ലാത്തരത്തിലുള്ള നീര്‍പ്പക്ഷികളുടെയും മതവാദികളുടെയും മതനിരപേക്ഷരരുടെയും സംഗമസ്ഥലം.

ആഴമുള്ളതും ഉത്കണ്ഠയോടുകൂടിയതും വേദനാജനകവുമായ ശബ്ദത്തില്‍ നമ്മുടെ പൂര്‍വികര്‍ നമ്മോടു സംസാരിക്കുന്നത് ആ കുളങ്ങളുടെയും കിണറുകളുടെയും ആഴങ്ങളില്‍ നമുക്കു കണ്ടെത്താം. (ചിത്രം കടപ്പാട്: വിക്കിപീഡിയ)


(ന്യൂറോ സയന്റിസ്റ്റും ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവുമാണ് ലേഖിക)