ചീയപ്പാറ (ഇടുക്കി): കൊച്ചി-മൂന്നാര്‍ ദേശീയപാതയില്‍ ചീയപ്പാറയില്‍ മലയിടിഞ്ഞുണ്ടായ ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനവുമായി സൈന്യമെത്തി. ആര്‍ക്കോണത്തുനിന്ന് ദുരന്തനിവാരണ സേനയും തിരുവനന്തപുരം പാങ്ങോട് ക്യാമ്പില്‍നിന്ന് മദ്രാസ് റജിമെന്റിലെ പട്ടാളക്കാരും കൊച്ചിയില്‍നിന്ന് നാവികസേനയും എത്തിയതോടെ റോഡിന് താഴെയുള്ള കൊക്കയില്‍ പരിശോധന ശക്തമാക്കി.

വടംകെട്ടിയിറങ്ങിയ സേനാംഗങ്ങള്‍ 200 അടി താഴ്ചയില്‍ പുഴയോടുചേര്‍ന്നുള്ള മണ്‍കൂനയില്‍ നടത്തിയ തിരച്ചിലില്‍ കാണാതായ വാഹനങ്ങള്‍ കണ്ടെടുത്തു. ആദ്യം ഒരു ബൈക്കാണ് മണ്ണിനടിയില്‍നിന്ന് കണ്ടെടുത്തത്. പിന്നാലെ ജീപ്പും പുറത്തെടുത്തു. റോഡില്‍ ക്രെയിന്‍നിര്‍ത്തി വാഹനങ്ങള്‍ പൊക്കിയെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

ദുരന്തനിവാരണ സേനയുടെ 150 അംഗ സംഘമാണ് സ്ഥലത്തെത്തിയത്. അതില്‍ 40 പേരുള്ള ഒരു യൂണിറ്റാണ് ചൊവ്വാഴ്ച രാവിലെ ചീയപ്പാറയില്‍ എത്തിയത്. 140 പട്ടാളക്കാരും എത്തി. കൊച്ചിയില്‍നിന്ന് നാവികസേനയുടെ ദുരന്തനിവാരണ സംഘത്തിലെ ഒരു യൂണിറ്റും രാവിലെതന്നെ എത്തിയിരുന്നു.

ദേവിയാര്‍ പുഴയിലാണ് സേന ആദ്യം തിരച്ചില്‍ നടത്തിയത്. റോഡിലെ മണ്‍കൂന തിങ്കളാഴ്ച രാത്രിയോടെതന്നെ നീക്കിയിരുന്നു. സൈന്യം എത്തി വടംകെട്ടി കൊക്കയിലേക്കിറങ്ങി. കുത്തിയൊലിച്ച മണ്ണ് ആദ്യം നീക്കംചെയ്തു. രാവിലെമുതല്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലാണ് ബൈക്ക് കണ്ടത്.

ചീയപ്പാറയില്‍ തിങ്കളാഴ്ച ഉണ്ടായ മലയിടിച്ചിലില്‍ മൂന്നുപേരാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവസമയം നിരവധി വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിരുന്നു. ഇതില്‍പ്പെട്ട വണ്ടികളാണ് താഴെ കൊക്കയിലേക്ക് തെറിച്ചുവീണത്. അഞ്ച് വാഹനങ്ങള്‍ കൊക്കയിലേക്ക് പതിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ വണ്ടികള്‍ കാണാതായെന്നും നാട്ടുകാര്‍ പറയുന്നു. സൈന്യത്തിന്റെ തിരച്ചില്‍ കഴിഞ്ഞാല്‍ മാത്രമേ വ്യക്തതവരൂ.