ജലസംരക്ഷണത്തിന് ‘അമല’ ഒരു പാഠമാണ്. വെള്ളത്തിന് നാട് ഓടുമ്പോൾ മലിനജലത്തെപ്പോലും ശുദ്ധമാക്കുന്ന പാഠം. ജലം അപൂർവസമ്പത്തായി മാറിക്കൊണ്ടിരിക്കുമ്പോൾ അഴുക്കുവെള്ളം പോലും പുറത്തുകളയാതെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പഠിപ്പിക്കുകയാണ് തൃശ്ശൂർ അമല മെഡിക്കൽ കോളേജ് ആസ്പത്രി.
  മഴവെള്ളം എങ്ങനെയും സംരക്ഷിക്കാം. എന്നാൽ മലിനജലത്തെ ശുദ്ധജലമാക്കുക ഇത്തിരി പ്രയാസവും ചെലവേറിയതുമാണ്. ഇതുരണ്ടിനും തുല്യപ്രാധാന്യം നൽകിയാണ് ഇവിടത്തെ ജലസംരക്ഷണം. 

നാൽപ്പത് ഏക്കറിലാണ് ആസ്പത്രിയും അനുബന്ധ സ്ഥാപനങ്ങളും. ഇതിൽ ഒന്നര ഏക്കറിലേറെ സ്ഥലത്താണ് മാലിന്യനിർമാർജന, ജലശുദ്ധീകരണ പ്ലാന്റുകൾ. ഈ പ്ലാന്റുകൾ 2011, 14, 15 വർഷങ്ങളിലെ മലിനീകരണ നിയന്ത്രണബോർഡിന്റെ അവാർഡ് നേടിയിരുന്നു. അമല മോഡലിനുള്ള അംഗീകാരമാണ് ഈ അവാർഡുകൾ.

അഴുക്കുവെള്ളത്തിൽനിന്ന്  ശുദ്ധവെള്ളം, പാചകവാതകം

കക്കൂസുകളിലെയും കുളിമുറികളിലെയും മാലിന്യം നിറഞ്ഞ വെള്ളത്തെ എങ്ങനെ ഉപയോഗിക്കാമെന്നായിരുന്നു അധികൃതരുടെ ആദ്യചിന്ത. ആസ്പത്രി നിൽക്കുന്നത് പഞ്ചായത്ത് പരിധിയിലായതിനാൽ സർക്കാർതലത്തിൽ മികച്ച ഡ്രെയിനേജ് സൗകര്യം കുറവാണ്. മലിനജലം റോഡിലേക്കൊഴുക്കാൻ എന്തായാലും പറ്റില്ല. സർക്കാരിനെ കളിപ്പിക്കാൻ തട്ടിക്കൂട്ടിയൊരു പ്ലാന്റ് ഒരുക്കാൻ അമല തയ്യാറായില്ല.

കാമ്പസിലെ കക്കൂസ് മാലിന്യമുള്ള വെള്ളം ഒഴുക്കി നൈറ്റ്‌സോയിൽ-ബയോഗ്യാസ് പ്ലാന്റിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. ഇവിടത്തെ ട്രീറ്റ്‌മെന്റിൽ പാചകവാതകം വേർതിരിക്കുന്നു. കവിഞ്ഞൊഴുകുന്ന വെള്ളം ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ച്‌ ഓവർഹെഡ് ടാങ്കിലെത്തിക്കും. അവിടന്ന് കക്കൂസ്‌ ഉപയോഗത്തിനും. കുളിമുറികളിലെയും രോഗികൾക്കുള്ള മുറികളിലെയും കാന്റീനിലെയുമൊക്കെ അഴുക്കുവെള്ളം ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് എത്തിച്ച് ശുദ്ധമാക്കി പുനരുപയോഗിക്കുന്നു. ഫ്ളഷ്‌ ചെയ്യാൻ മാത്രം മൂന്ന്‌ ലക്ഷം ലിറ്റർ വേണം. ഉപയോഗിക്കുന്നതിന്റെ 80 ശതമാനവും പുനരുപയോഗിക്കുന്ന ജലസംരക്ഷണമാണിവിടെ. അതിനാൽ മലിനജലം ഒഴുക്കിയെന്ന പരാതി അമലയ്ക്കെതിരേ ഒരിക്കലും ഉയരുന്നില്ല.

കാമ്പസിലെ പൂന്തോട്ടങ്ങളും പച്ചമരുന്നുകളുടെ തോട്ടങ്ങളും കൃഷിത്തോട്ടങ്ങളും നനയ്ക്കുന്നത് ഈ വെള്ളമാണ്. തോട്ടങ്ങളിലെല്ലാം ചെറുകിടജലസേചന പദ്ധതികൾക്ക് പൈപ്പും വാൽവുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ദിക്കിൽനിന്നും കുഴലുകൾ വാഹനപാർക്കിങ് ഗ്രൗണ്ടിനടുത്തുള്ള ശുദ്ധീകരണപ്ലാന്റുകളിലേക്ക് വരെ           നീളുന്നു. അമലയിൽ എവിടെനോക്കിയാലും കുഴലുകളാണ്. ഭൂമിക്കടിയിലാണെങ്കിൽ പറയുകയും വേണ്ട. ഒരുതുള്ളി വെള്ളവും ഇവിടെ പാഴാക്കുന്നില്ല. പത്തുമുതൽ 12 ലക്ഷം ലിറ്റർ വെള്ളമാണ് ഒരു ദിവസത്തെ ഉപയോഗത്തിനാവശ്യമെന്ന് അമല ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് മെഡിക്കൽ സയൻസസ് ജോയിന്റ് ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ പറയുന്നു.
ദിവസവും പത്ത് ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാവുന്നതാണ് ഇവിടത്തെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റെന്ന് പബ്ലിക്‌ റിലേഷൻസ് ഓഫീസർ ജോസഫ് വർഗീസും വിശദീകരിച്ചു.

വസ്ത്രങ്ങൾ അലക്കിയ വെള്ളം നേരിട്ട് ശുദ്ധീകരണ പ്ലാന്റിൽ എത്തിക്കില്ല. പ്രത്യേക സംഭരണിയിൽ ഡിറ്റർജന്റുകൾ വേർപെടുത്തിയ ശേഷമേ പ്ലാന്റിലെത്തിക്കൂ. ശുദ്ധീകരണ ചേമ്പറിൽ എത്തിക്കുന്നതടക്കം ഏഴ് ഘട്ടങ്ങളിലായാണ് ജലശുദ്ധീകരണമെന്ന് പദ്ധതികളുടെ ചുക്കാൻ പിടിക്കുന്ന സിവിൽ ആൻഡ് എൻവയോൺമെന്റൽ എൻജിനിയർ ടി. ജിജോ ലാസറസ് പറഞ്ഞു.  ഇവിടത്തെ മലിനീകരണ സംവിധാനം പഠിക്കാൻ വിവിധ സ്ഥാപനങ്ങളിൽനിന്ന് വിദ്യാർഥികളും എത്തുന്നു.

ഇനി മഴവെള്ളസംരക്ഷണം

ഇത്തവണത്തെ കടുത്ത വേനലിലും വറ്റാത്ത വലിയൊരു കുളമുണ്ട് കാമ്പസിൽ. സമീപത്തെ കെട്ടിടങ്ങളിൽനിന്ന് മഴവെള്ളം ഇവിടേക്കൊഴുകുന്നു. അത് ഇനിയും തുടരും.
 എന്നാൽ മഴവേട്ടയ്ക്ക് വലിയൊരു പദ്ധതി ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുകയാണ് ജിജോയുടെ നേതൃത്വത്തിൽ. 11 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിക്കാനാണ് ലക്ഷ്യം. പ്രധാന കെട്ടിടങ്ങളിൽനിന്നെല്ലാം വലിയ പൈപ്പുകളിലൂടെ മഴവെള്ളം കാമ്പസ് വളപ്പിലെ സംഭരണികളിൽ ശുദ്ധീകരിച്ചെത്തിക്കുന്നതാണ് പദ്ധതി.

പ്രധാനകവാടം കഴിഞ്ഞ് ഇടത്തോട്ടു തിരിഞ്ഞ് പൂർത്തിയാക്കുന്ന ലൈബ്രറി സമുച്ചയത്തിനടുത്താണ് ഇതിനുള്ള പ്ലാന്റും സംഭരണിയും. മഴവെള്ളമായതിനാൽ വേണമെങ്കിൽ വലിയ ശുദ്ധീകരണമില്ലാതെ ഉപയോഗിക്കാമെങ്കിലും അതിന് അമല തയ്യാറല്ല. അരക്കോടിയിലേറെ രൂപയാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനടക്കം ചെലവാക്കിയത്. 

തുണിയലക്കാനും മറ്റും ഈ വെള്ളം ഉപയോഗിക്കും. ഒരുലക്ഷം ലിറ്ററാണ് ഇതിന് ഒരു ദിവസം വേണ്ടത്.  ഇത്തവണത്തെ വേനലിൽ ദിവസവും ശരാശരി ഒന്നരലക്ഷം രൂപയാണ് വെള്ളം വിലയ്ക്ക് വാങ്ങാൻ ചെലവിട്ടത്. മഴവെള്ള സംഭരണികൂടിയാകുന്നതോടെ വരുംകാലത്ത് ജലക്ഷാമം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് ഫാ.ലൂയിസ് വ്യക്തമാക്കി.