മഹാരാഷ്ട്രയിലെ സത്താര ജില്ലയിലുള്ള ഒരു ഗ്രാമമാണ് വേലു. ഇവിടെ ആകെയുള്ളത് 324 കുടുംബങ്ങൾ. ജനസംഖ്യ 1511. കേരളത്തിൽ ഒരു വർഷം ശരാശരി 2500 മില്ലിമീറ്റർ മഴ കിട്ടുമ്പോൾ ഇവിടെ കിട്ടുന്നത് 275 മില്ലിമീറ്റർമാത്രം. കടുത്ത വേനലിൽ കിണറുകളും ജലാശയങ്ങളും വറ്റുന്നത് ഇവിടെ തുടർക്കഥ. കൃഷിപ്പിഴയും പതിവ്. കുടിക്കാൻ ആശ്രയം ടാങ്കറുകളിലെത്തിക്കുന്ന വെള്ളം.

ഇക്കൊല്ലവും മഴ 275 മില്ലിമീറ്റർമാത്രം. പക്ഷേ, വേലുഗ്രാമം ടാങ്കറുകളെ പറഞ്ഞുവിട്ടു. അവിടത്തെ കിണറുകളും ജലാശയങ്ങളും ഇത്തവണത്തെ വേനലിൽ വറ്റിയില്ല. ഇത് ‘പാനി ഫൗണ്ടേഷൻ’ മാജിക്. നടൻ ആമിർഖാന് നന്ദി. ‘വരൾച്ചരഹിത മഹാരാഷ്ട്ര’ എന്ന മുദ്രാവാക്യവുമായി 2016-ൽ ആമിർഖാനും കിരൺറാവുവും ചേർന്ന്‌ തുടങ്ങിയതാണ് പാനി ഫൗണ്ടേഷൻ. അവരുടെ കഴിഞ്ഞകൊല്ലത്തെ പ്രവർത്തനമാണ് വേലുവിന്റെ ദാഹമകറ്റിയത്.

പ്രവർത്തനം ലളിതം. മലയോര പ്രദേശമായ ഗ്രാമത്തിൽ രണ്ടടി താഴ്ചയിൽ  കുന്നിനെ ചുറ്റി താഴേക്കുവെട്ടുന്ന ആഴമുള്ള ഓടകൾ, കല്ലുകൂട്ടിെവച്ചുള്ള തടയണകൾ, മൺപുതകൾ എന്നിവയുണ്ടാക്കി വെള്ളത്തെ മണ്ണിലേക്കിറക്കാനുള്ള വിദ്യകളാണ് ചെയ്യുക. ഗ്രാമത്തിലെ  ജലാശയങ്ങളെ ഇതിലൂടെ  റീച്ചാർജ്്‌ചെയ്യും.  ഗ്രാമത്തിലെ അഞ്ചുപേർക്ക്‌ പരിശീലനംനൽകിയാണ് ഇത്‌  നടപ്പാക്കുന്നത്. പാനി ഫൗണ്ടേഷന്റെ സാങ്കേതിക-സാമൂഹിക ഉപദേശകർ ഇവരെ സഹായിക്കും. 45 ദിവസം നീളുന്ന ഗ്രാമീണരുടെ ശ്രമദാനമാണ് ഇതിൽ പ്രധാനം. ജനങ്ങളിൽ ബോധവത്‌കരണവും ഐക്യവും വളർത്തുകയാണ് ശ്രമദാനത്തിന്റെ ലക്ഷ്യം. പദ്ധതിനടത്തിപ്പ് ഗ്രാമങ്ങൾക്ക്  മത്സരമാണ്. ശ്രമദാനം അതുകൊണ്ടുതന്നെ ഉത്സവമാണ്. യഥാക്രമം 50 ലക്ഷം, 30 ലക്ഷം, 20 ലക്ഷം രൂപ വീതമാണ് വിജയികൾക്ക് സമ്മാനം. കഴിഞ്ഞവർഷം ഒന്നാംസ്ഥനം വേലു ഗ്രാമത്തിനായിരുന്നു.

ഇത്തവണ അവിടെ മുളകും സവാളയും ഇഞ്ചിയുമൊന്നും കൃഷിപ്പിഴമൂലം നശിച്ചില്ല. കുടിവെള്ളത്തിനും പ്രയാസപ്പെട്ടില്ല. വെള്ളത്തിന്റെ വിലയറിഞ്ഞവരാണ്. കക്കൂസിലേതൊഴികെയുള്ള വെള്ളമെല്ലാം അവർ പുനരുപയോഗം നടത്തുകയാണ്. അവിടെ കിട്ടുന്നതിന്റെ ആറിരട്ടി മഴ കിട്ടുന്നുണ്ട് കേരളത്തിൽ. പിന്നെ നാമെന്തിന് വെള്ളത്തിന്റെ കാര്യത്തിൽ ദാരിദ്ര്യം പറയണം? (തുടരും)