തെന്മല: വരണ്ട കുന്നുകളും സമീപ വനപ്രദേശവുമെല്ലാം തെന്മല ഡാമിനുള്ളിലേക്ക് ഒലിച്ചിറങ്ങുന്നു. ഓരോ മഴയും തീരത്ത് മണ്ണൊലിപ്പിന്റെ ൈകയൊപ്പുചാര്‍ത്തി കടന്നുപോയതോടെ വേഗത്തില്‍ നികന്ന ഡാമായി മാറുകയാണ്.

1986ല്‍ കമ്മിഷന്‍ ചെയ്ത ഡാമിന്റെ നാല്‍പ്പത് ശതമാനവും നികന്നതായി ഉപഗ്രഹസഹായ പഠനത്തില്‍ പത്തുവര്‍ഷംമുമ്പ് കണ്ടെത്തി. 2009ല്‍ നടന്ന ഹൈഡ്രോളജിക്കല്‍ സര്‍വേയും ഇത് ശരിവച്ചു. മഴക്കാലത്ത് വേഗം നിറയുകയും വേനല്‍ക്കാലത്ത് അതിലേറെ വേഗത്തില്‍ വരളുകയും ചെയ്യുന്നു. സംഭരണശേഷി കുറഞ്ഞതോടെ കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിക്ക് ഈ ഡാം കൊണ്ട് കാര്യമായ പ്രയോജനമില്ല.

മണ്ണൊലിപ്പ് എന്നൊന്നില്ലെന്ന മനോഭാവത്തിലാണ് അധികൃതര്‍. എന്നാലിപ്പോള്‍ തീരത്തുകൂടി നടക്കുന്നവര്‍ക്കെല്ലാം ദൃശ്യം കണ്‍മുന്നില്‍ കാണാം. വളരെക്കുറച്ച് വേനല്‍മഴയാണ് ഇക്കുറി ലഭിച്ചത്. എന്നിട്ടുകൂടിയും കുന്നുകള്‍ക്കിടയില്‍ മണ്ണ് കുത്തിത്തോണ്ടിയിറങ്ങിയ വലിയ ചാലുകള്‍. ഡാമിന് നടുവില്‍ ഉയര്‍ന്ന കുന്നുകളിലെല്ലാം ഇത്തരത്തില്‍ നൂറുകണക്കിന് ചാലുകള്‍. സമീപത്തെ വനമേഖലയിലും ഇതുണ്ട്. \
 
നിരന്തരമായി മണ്ണൊലിച്ചിറങ്ങി ഡാമിന്റെ അഞ്ച് കിലോമീറ്റര്‍ ജലാശയം ഉമയാറില്‍ കരയായി മാറി. 21 കിലോമീറ്റര്‍ നേര്‍നീളമുണ്ടായിരുന്നത് 16 കിലോമീറ്ററായി ചുരുങ്ങി. ഡാമില്‍ പുതിയ കുന്നുകള്‍ ഉയരുന്നതും വളരുകയും ചുരുങ്ങുകയും ചെയ്യുന്നതുമെല്ലാം ഒരോ വേനലിലെയും കാഴ്ച.

ഡാമില്‍ അറുന്നൂറുകോടിയുടെ മണല്‍നിക്ഷേപമുള്ളതായി പത്തുവര്‍ഷംമുമ്പ് കണക്കാക്കിയിരുന്നു. ഇപ്പോഴത് ആയിരം കോടി കവിയും. മണലും എക്കലും നീക്കംചെയ്യുന്നതിന്റെ നടപടികള്‍ക്കായി കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക്ക് ഡാമിലെത്തിയിരുന്നു. പിന്നീട് നടപടികളുണ്ടായില്ല.
 
ഡാം ജലാശയം ചെന്തുരുണി വന്യജീവി സങ്കേതത്തിന് നടുവിലൂടെയാണ്. ഇവിടന്ന് മണലും എക്കലും നീക്കംചെയ്യുന്നതിന് വനം വകുപ്പ് അംഗീകാരം നല്‍കാത്തതാണ് പ്രശ്‌നമാകുന്നത്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡാം പൂര്‍ണമായും നികരും.