കല്ലിശ്ശേരി : വരട്ടാറില്‍ വെള്ളംനിറയുന്നതും വീണ്ടുമൊഴുകുന്നതും സ്വപ്‌നം കാണുന്നവര്‍ക്ക് ഒരുസന്തോഷവാര്‍ത്ത. ധനമന്ത്രി ഡോ. തോമസ് ഐസക് പറയുന്നു വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുമെന്ന്. തിങ്കളാഴ്ച അദ്ദേഹം വരട്ടാറിന്റെ ഉത്ഭവസ്ഥാനം സന്ദര്‍ശിച്ചു.

ആദിപമ്പയില്‍നിന്ന് വരട്ടാര്‍ തുടങ്ങന്നയിടവും താഴെ ചപ്പാത്തുകെട്ടി നീരൊഴുക്ക് തടസ്സപ്പെടുത്തിയതും അദ്ദേഹം പരിശോധിച്ചു. വരട്ടാറിന്റേത് മനുഷ്യനിര്‍മിത ദുരന്തമാണെന്ന് അദ്ദേഹം പറഞ്ഞു. പമ്പ കര്‍മസമിതിപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയപ്രതാപത്തിലേക്ക് വരട്ടാറിനെ തിരികെക്കൊണ്ടുവരാം. പദ്ധതി സമര്‍പ്പിച്ചാല്‍ പണത്തിനുതടസ്സമില്ല.

ദീര്‍ഘവീക്ഷണമില്ലാതെ നടത്തിയ റോഡു വികസനമാണ് വരട്ടാറിനെ ഇന്നത്തെ നിലയിലാക്കിയത്. ഇത്തവണത്തെ വരള്‍ച്ച ഇത്തരം നീര്‍ത്തടങ്ങള്‍ പുരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വരട്ടാറിന്റെ ഇന്നത്തെഅവസ്ഥ നിരവധിപാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നദിയെ പഴയനിലയിലെത്തിക്കുക മാത്രമാണ് പരിഹാരം. ഒമ്പതു കിലോമീറ്റര്‍ നീളത്തില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ അതിരിട്ടാണ് വരട്ടാറിന്റെ കിടപ്പ്. അതുകൊണ്ടുതന്നെ ഇതിന്റെ ഏകോപനത്തിന് പ്രത്യേക സംവിധാനം വേണമെന്ന് നിര്‍ദേശമുയര്‍ന്നു.

തിരുവന്‍വണ്ടൂര്‍, കുറ്റൂര്‍, ഇരവിപേരൂര്‍, കോയിപ്രം പഞ്ചായത്തുകള്‍, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലൂടെയാണ് വരട്ടാറിന്റെ യാത്ര. ജലവിഭവ വകുപ്പാണ് ഇതുനടപ്പാക്കേണ്ടത്. ജലവിഭവമന്ത്രി മാത്യു ടി. തോമസുമായി സംസാരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ഈ മേഖലയിലെ ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിച്ചുവേണം കര്‍മപരിപാടി ആവിഷ്‌കരിക്കാന്‍. വീണ ജോര്‍ജ് എം.എല്‍.എ. , മുന്‍ എം.പി. ടി.എന്‍.സീമ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വരട്ടാര്‍ പുനരുജ്ജീവന കര്‍മസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.