തെന്മല: കൂളറും എ.സി.യുമെല്ലാമൊരുക്കി നാട് കടുത്ത ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കാട്ടില്‍ കഴിയുന്ന പാവം ആദിവാസികള്‍ വീടുതന്നെ ഉപേക്ഷിച്ച് മരച്ചുവടുകളില്‍ അഭയം തേടുകയാണ്. കനത്ത ചൂടാണ് ഉള്‍ക്കാടുകളില്‍ കഴിയുന്ന ആദിവാസികളെ വീടിന് പുറത്താക്കിയത്.

നൂറോളം ആദിവാസികളാണ് അച്ചന്‍കോവില്‍ കാട്ടിനുള്ളില്‍കഴിയുന്നത്. വിഭവശേഖരണത്തിന് വീടുകള്‍വച്ച് താത്കാലികമായി കഴിയുന്നവര്‍മുതല്‍ സ്ഥിരമായി കഴിയുന്നവര്‍വരെയുണ്ട്. ടാര്‍പ്പോളിനും മുളയും കൊണ്ടാണ് മിക്കവീടുകളും പണിതിരിക്കുന്നത്. വെന്തുരുകുന്ന ചൂടില്‍ ടാര്‍പ്പോളിന്‍ ചൂട് ഇരട്ടിയാക്കി. ഒരുനിമിഷംപോലും കൂരയില്‍ കഴിയാനാകുന്നില്ലെന്ന് ആദിവാസി സ്ത്രീ ആനന്ദവല്ലി പറയുന്നു.

ആദിവാസികള്‍ വനത്തില്‍ നിര്‍മിച്ചിരിക്കുന്ന ഒരു വീട്ടിലും ഇപ്പോള്‍ ആളില്ല. പരിസരത്തെ മരച്ചുവടുകളിലാണ് എല്ലാവരും ഊണും ഉറക്കവുമെല്ലാം. ഇലപൊഴിച്ച് കരിഞ്ഞുണങ്ങി നില്‍ക്കുന്ന കാട്ടില്‍ കടുത്ത ജലക്ഷാമംകൂടി ആയതോടെ ആദിവാസികളുടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലായി.

വീടുപേക്ഷിച്ച് മരച്ചുവടുകളിലുള്ള താമസം ജീവന് ഭീഷണിയാണെന്നും ആദിവാസികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ ആനയും കാട്ടുപോത്തും പുലിയുമെല്ലാം മരച്ചുവടുകളിലൂടെ സഞ്ചരിക്കുന്നു. വീടുകള്‍ക്ക് നേരെ ഇവ സാധാരണ അക്രമം കാട്ടാറില്ല. മുതലത്തോട്ടില്‍മാത്രം ഇത്തരത്തിലുള്ള പതിനഞ്ച് കുടുംബങ്ങളുണ്ട്. ചിറ്റാര്‍, വാഴപ്പെരിയാര്‍, മുടിവെട്ടിത്തോട്, പുലിക്കയം എന്നിവിടങ്ങളിലും ആദിവാസികള്‍ കഴിയുന്നുണ്ട്. പാറക്കെട്ടുകളില്‍ താമസിച്ചിരുന്നവരും ചൂടുകാരണം മരച്ചുവടുകളിലേക്ക് മാറി.