പൊരിവെയിലിൽ വലയുകയാണ്‌ തൃശ്ശൂർ. 38 ഡിഗ്രി ചൂടിൽ ഉരുകുമ്പോൾ ജില്ലയിലെ പ്രധാന ജലാശയങ്ങളും കുളങ്ങളും ഡാമുകളും വരെ വറ്റിവരണ്ടു കഴിഞ്ഞിരിക്കുന്നു.
കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നു. ഭൂഗർഭജലത്തിന്റെ അളവും വൻതോതിൽ താഴുന്നത്‌ കടുത്ത ജലപ്രതിസന്ധിയിലേക്കാണ്‌ വഴിതുറക്കുന്നത്‌. കാർഷികമേഖലയിലെ പ്രതിസന്ധി അതിലുമേറെ.

കൃഷി ഉപേക്ഷിക്കുകയും വേനൽക്കാലവിളകൾ കൃഷിയിറക്കാൻ മടിച്ചും ആശങ്കയോടെ കർഷകരും. ജില്ലയിലെ ചില പ്രദേശങ്ങളിലെ വരൾച്ചക്കാഴ്ചകളിലൂടെ... 1996ൽ തുറന്ന തൃശ്ശൂർ ജില്ലയിലെ വലിയ ഡാമാണ്‌ ചിമ്മിനി. 200 വർഷങ്ങൾക്കു മുമ്പ്‌ നിബിഡവനമായിരുന്ന പ്രദേശം.

20 മീറ്റർ ആഴത്തിൽ 10 സ്‌ക്വയർകിലോമീറ്ററുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകത്തിന്‌ ജില്ലയിലെ കൃഷി ആവശ്യത്തിനുള്ള ജലമെത്തിക്കുന്നതിൽ പ്രധാന പങ്കാണുള്ളത്‌.
2016 ജനുവരി 30ൽ 70.031 മീറ്റർ ക്യൂബ്‌ ആയിരുന്നു ജലനിരപ്പെങ്കിൽ  2017 ജനുവരി 30ൽ 57.88 മീറ്റർ ക്യൂബായി കുറഞ്ഞു. ഇടക്കാല മഴ ലഭിക്കാഞ്ഞതും അറ്റകുറ്റപ്പണികളെ മുൻനിർത്തി കൂടുതൽ ജലം തുറന്നുവിട്ടതും ചിമ്മിനി ഡാമിൽ ജലം കുറയുന്നതിന്‌ കാരണമായി.

മാമോതി പറഞ്ഞത്‌: മക്കൾക്ക്‌ കൂലിപ്പണിയാണ്‌. വെള്ളം കാത്തിരുന്നാൽ അരിക്കാശ്‌ മുട്ടും. പണിക്കുപോയാൽ വെള്ളംകുടി മുട്ടും. രണ്ടും മുട്ടാതിരിക്കാൻ മക്കൾ പണിക്കുപോയപ്പോൾ പൈപ്പിൽ വെള്ളമെത്തുന്നതും കാത്തിരുന്ന്‌ ശേഖരിച്ചുവെയ്ക്കുകയാണ്‌ പങ്ങാരപ്പള്ളി മാമോതി എന്ന 75-കാരി. രൂക്ഷമായ ജലക്ഷാമമുള്ള  ചേലക്കര പങ്ങാരപ്പള്ളി പ്രദേശത്ത്‌ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു മുമ്പ്‌ ജലവിതരണം. വേനൽ കടുത്തതോടെ അത്‌ നാലു ദിവസത്തിലൊരിക്കലായി. അതും 11 മുതൽ രണ്ടുമണിവരെ. ഇത്‌ മാമോതിയുടെ മാത്രം അവസ്ഥയല്ല; ഒരുപാട്‌ കുടുംബങ്ങളുടെ കാത്തിരിപ്പിന്റെ അവസ്ഥയാണ്‌.