മറയൂര്‍: മഴ കാത്തിരിക്കുന്ന വേഴാമ്പലുകളെപ്പോലെയാണ് ശീതകാല പച്ചക്കറി കര്‍ഷകര്‍. മഴയെത്തുമെന്ന പ്രതീക്ഷയില്‍ കൃഷിയിടങ്ങള്‍ കിളച്ചൊരുക്കുന്ന തിരക്കിലാണവര്‍. കിളച്ചിട്ടസ്ഥലം ഉറച്ച് കാടുകയറുന്നഅവസ്ഥയാണ് പലേടത്തും.
 
ഓണത്തിന് വിളവെടുക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ശീതകാലപച്ചക്കറി കര്‍ഷകര്‍ വിത്ത് വിതയ്ക്കുന്നതിന് ഒരുങ്ങുന്നത്. വിഷു സീസണില്‍ അപ്രതീക്ഷിത മഴയും കടുത്ത വേനലുംമൂലം കര്‍ഷകര്‍ക്ക് നാലിലൊന്നുവിളപോലും ലഭിച്ചില്ല. ഇതിനൊപ്പമായിരുന്നു അണുബാധയും. നല്ലവില ലഭിക്കുന്ന സമയത്ത് വിള നാലിലൊന്നായി കുറഞ്ഞത് കര്‍ഷകരെ കടക്കെണിയിലാക്കി.

പല കര്‍ഷകരും സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വന്നതോടെ പലര്‍ക്കും കിട്ടുന്നവിലയ്ക്ക് വില്‍ക്കേണ്ടിവന്നു. അപ്രതീക്ഷിത മഴയില്‍ ബട്ടര്‍ ബീന്‍സും കാരറ്റും ചീഞ്ഞളിഞ്ഞു. ചീഞ്ഞളിഞ്ഞ കാരറ്റ് കൃഷിയിടത്തില്‍ കര്‍ഷകര്‍ക്ക് ഉപേക്ഷികേണ്ടിയുംവന്നു.

ഇത്തവണ കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. മഴ താമസിച്ചാല്‍ ഓണക്കാലത്ത് കാന്തല്ലൂര്‍ പച്ചക്കറി കേരളവിപണിയില്‍ എത്തുകയില്ല.