കൂരാച്ചുണ്ട്: കക്കയം ജലവൈദ്യുതപദ്ധതിയുടെ പ്രധാന ജലസ്രോതസ്സായ വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നത് വൈദ്യുതി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. ബാണാസുരയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. 208 ദശലക്ഷം ക്യുബിക് മീറ്റര്‍ സംഭണശേഷിയുള്ള ബാണാസുരയില്‍ 53.5 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് ഇപ്പോഴുള്ളത്. ഇവിടെനിന്ന് ടണല്‍ വഴി പ്രതിദിനം 1.2 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് കക്കയം ഡാമിലെത്തുന്നത്. കക്കയം ഡാമിലെ നിലവിലെ ജലനിരപ്പ് 2447.9 അടിയാണ്. വരുംദിവസങ്ങളിലും ഇത് കുറയാനാണ് സാധ്യത.

34 ദശലക്ഷം ക്യുബിക് മീറ്റര്‍ സംഭരണശേഷിയുള്ള കക്കയം ഡാമില്‍ 26.68 ശതമാനം ജലമാണ് ഇപ്പോഴുള്ളത്. ദിവസേന 1.75 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കക്കയത്ത് ഉത്പാദിപ്പിക്കുന്നത്. കക്കയം ഡാമിലെ നിലവിലുള്ള വെള്ളമുപയോഗിച്ച് 12.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും.ബാണാസുരഡാമില്‍ ഇപ്പോഴുള്ള വെള്ളംകൂടി കണക്കിലെടുത്താല്‍ 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് വൈദ്യുതിവകുപ്പിന്റെ പ്രതീക്ഷ.

കഴിഞ്ഞദിവസങ്ങളിലെ വേനല്‍മഴയില്‍ 0.95 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം കക്കയം ഡാമിലേക്കൊഴുകിയെത്തിയിട്ടുണ്ട്. കക്കയം ജലവൈദ്യുതപദ്ധതിയുടെ സ്ഥാപിതശേഷി 225 മെഗാവാട്ടാണ്. ആറു ടര്‍ബൈനുകള്‍ ഉപയോഗിച്ചാണ് ഉത്പാദനം. 50 മെഗാവാട്ടിന്റെ ഒരു ടര്‍ബൈന്‍ വാര്‍ഷിക അറ്റകുറ്റപ്പണിയിലാണ്.

കക്കയം പദ്ധതിയില്‍നിന്ന് പ്രതിവര്‍ഷം 676 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന വൈദ്യുതിവകുപ്പിന്റെ ലക്ഷ്യം 2014-നുശേഷം നേടാന്‍സാധിച്ചില്ല. ഡാമില്‍ ലഭ്യമാക്കുന്ന വെള്ളം പാഴാക്കാതെ പരമാവധി വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു. കക്കയത്ത് കഴിഞ്ഞവര്‍ഷത്തെപോലെ ഇപ്പോഴും വെള്ളമുണ്ടെങ്കിലും ബാണാസുരയില്‍നിന്നുള്ള വെള്ളം കുറഞ്ഞാല്‍ പക്ഷേ, ഉത്പാദനം കുറഞ്ഞേക്കും.

കക്കയത്ത് വൈദ്യുതി ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം പെരുവണ്ണാമൂഴി ഡാമിലേക്കാണെത്തുന്നത്. പെരുവണ്ണാമൂഴി ഡാമാണ് ജപ്പാന്‍സഹായ കുടിവെള്ളപദ്ധതിയുടെയും ജലസ്രോതസ്സ്. പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് കഴിഞ്ഞദിവസം 39.23 മീറ്ററാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 41.79 മീറ്റര്‍ ജലമുണ്ടായിരുന്നു.

ബാണാസുര, കക്കയം ഡാമുകളിലെ വെള്ളം കുറഞ്ഞാല്‍ പെരുവണ്ണാമൂഴിഡാമിലും ജലം കുറയും. പെരുവണ്ണാമൂഴി ഡാമില്‍ നിലവിലുള്ള ജലം കുടിവെള്ള, ജലസേചനപദ്ധതികള്‍ക്ക് മതിയാകുമെന്ന് ജലസേചനവകുപ്പധികൃതര്‍ അറിയിച്ചു.