മാന്നാര്‍: എഴുന്നൂറോളം തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസങ്ങള്‍ നീണ്ട അശ്രാന്തപരിശ്രമത്തിനൊടുവില്‍ കുട്ടമ്പേരൂര്‍ ആറ്് പുനര്‍ജനിച്ചു. കാടുമൂടി, ഒഴുക്കുനിലച്ച് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കിടക്കുകയായയിരുന്നു ഈ നദി. ഇപ്പോള്‍ തെളിഞ്ഞവെള്ളം ഒഴുകുന്ന വെടിപ്പുള്ള നദിയായി മാറി. പമ്പ-അച്ചന്‍കോവില്‍ നദികളുടെ കൈവഴിയാണ് 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുട്ടമ്പേരൂര്‍ ആറ്.

പമ്പയിലെ ജലനിരപ്പ് ഉയരുമ്പോള്‍ തെക്കോട്ടും അച്ചന്‍കോവിലാറ്റിലെ ജലനിരപ്പുയരുമ്പോള്‍ വടക്കോട്ടും ഒഴുകിയിരുന്നു ഈ നദി. കായംകുളം വാള്‍, ഇരുതലമൂരി എന്നിങ്ങനെയും ഈ നദിയെ കളിയാക്കിയിരുന്നതായി പഴമക്കാര്‍ പറയുന്നു.  70മുതല്‍ 120വരെ മീറ്റര്‍ വീതിയുണ്ടായിരുന്ന ഈ നദി ഒരുകാലത്ത് ബുധനൂര്‍ പഞ്ചായത്തിന്റെയും മാന്നാറിന്റെ കിഴക്കന്‍ മേഖലയുടെയും കാര്‍ഷികാഭിവൃദ്ധിക്ക് കാരണമായിരുന്നു.

എന്നാല്‍, കാലാകാലങ്ങളിലുള്ള കൈയേറ്റംമൂലം നദിയുടെവീതി നന്നേകുറഞ്ഞു. അശാസ്ത്രീയമായ നാല് പാലങ്ങള്‍കൂടി വന്നതോടെ ഒഴുക്കുനിലച്ചു. ജലനിരപ്പ് താഴ്ന്ന് കാടുമൂടുകയും ചെയ്തു. ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ പങ്കെടുക്കാന്‍ ചെന്നിത്തല പള്ളിയോടം പോകുന്നത് ഈ നദിയിലൂടെയാണ്. കാടുകയറിക്കിടന്ന നദിയുടെ പള്ളിയോടത്തിന്റെ യാത്രയും ദുഷ്‌കരമായി. നദിയുടെ ഈ അവസ്ഥമൂലം സമീപപ്രദേശങ്ങളിലെ കിണറുകളില്‍പോലും വെള്ളം കിട്ടാതായി.

2012ല്‍ നദിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും സര്‍വേപോലും പൂര്‍ത്തീകരിക്കാനാവാതെ നിര്‍ത്തി വച്ചു. തുടര്‍ന്ന് ബുധനൂര്‍ പഞ്ചായത്ത് തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി നദി വൃത്തിയാക്കിയെങ്കിലും അല്‍പ്പകാലംകൊണ്ട് വീണ്ടും പഴയപടിയായി.

മാന്നാര്‍ ശ്രീഭുവനേശ്വരി ഹൈസ്‌കൂള്‍, കുട്ടമ്പേരൂര്‍ എസ്.കെ.വി. സ്‌കൂള്‍, ചെന്നിത്തല മോഡല്‍ യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ ഈ നദിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നവീകരണ പ്രവര്‍ത്തനമാണ് നടന്നത്. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘം 30,000 തൊഴില്‍ദിനങ്ങളാണ് ചെലവഴിച്ചത്. ഏറെ ക്ലേശം സഹിച്ചാണ് തൊഴിലാളികള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇതു തീര്‍ത്തതെന്ന് ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭരപ്പണിക്കര്‍ പറഞ്ഞു.

നവീകരിച്ച നദിയുടെ സമര്‍പ്പണം ഞായറാഴ്ച രാവിലെ എട്ടിന് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. ബുധനൂരിലെ ഹരിതകേരളം പദ്ധതിയുടെ രണ്ടാംഘട്ടമായ ജൈവകൃഷിയുടെ ഉദ്ഘാടനച്ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നിര്‍വഹിക്കും. കെ.കെ.രാമചന്ദ്രന്‍നായര്‍ അധ്യക്ഷനാകും.