പന്തല്ലൂര്‍: ഗൂഡല്ലൂര്‍ വനം ഡിവിഷനില്‍ രണ്ടുദിവസത്തിനിടെ മൂന്ന് കാട്ടാനകള്‍കൂടി ചരിഞ്ഞു. ചേരമ്പാടി, തെപ്പക്കാട് വന റേഞ്ചുകളില്‍ ഇരുപത്തിനാലും ഇരുപത്തിയെട്ടും വയസ്സുള്ള രണ്ട് പിടിയാനകളും കാര്‍ഗുഡി വനഭാഗത്ത് എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയാനയുമാണ് ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ചരിഞ്ഞത്. ഇതോടെ ഈ വേനല്‍ക്കാലത്ത് ഇതുവരെ ഏഴ് ആനകളുടെ ജീവനാണ് പൊലിഞ്ഞത്. വേനല്‍ കനത്തതോടെ കാടുകളില്‍ തീറ്റയും വെള്ളവുമില്ലാതെ ആനകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ചത്തൊടുങ്ങുകയാണ്.

ഞായറാഴ്ച കാലത്ത് കണ്ണന്‍വയല്‍ എസ്റ്റേറ്റ് തേയിലത്തോട്ടത്തില്‍ രോഗം മൂര്‍ച്ഛിച്ച് വീണുകിടക്കുന്നതുകണ്ട ആനയ്ക് മൃഗസംരക്ഷണവകുപ്പ് ചികിത്സ നല്‍കിയെങ്കിലും തിങ്കളാഴ്ച ചരിഞ്ഞു. ഞായറാഴ്ച കാലത്താണ് എസ്റ്റേറ്റിലെ പാടിനിവാസികള്‍ ആനയെ കണ്ടത്. വിവരമറിഞ്ഞ് റേഞ്ചര്‍ മനോഹരന്റെ നേതൃത്വത്തില്‍ വനപാലകസംഘം സ്ഥലത്തെത്തി. മൃഗഡോക്ടര്‍ പ്രഭുവിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍സംഘം ചികിത്സ നല്കിയിരുന്നു. തിങ്കളാഴ്ചയും ചികിത്സ തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല.

മുതുമല വന്യജീവി സങ്കേതത്തിന്റെ പരിധിയിലെ തെപ്പക്കാട് റേഞ്ച് ഒന്നാറട്ടി വനഭാഗത്ത് കണ്ടെത്തിയ 24 വയസ്സുള്ള പിടിയാനയുടെ ജഡം തിങ്കളാഴ്ച മൃതദേഹപരിശോധന നടത്തി. പിന്‍ഭാഗത്ത് കടുവ കടിച്ച മുറിവ് കണ്ടെത്തിയെങ്കിലും മരണകാരണം സ്ഥിരീകരിക്കാനായില്ല. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചതായി മുതുമല വെറ്ററിനറി ഡോക്ടര്‍മാരായ ഇ. വിജയരാഘവന്‍, ഡോ. പ്രഭു എന്നിവര്‍ പറഞ്ഞു.