പട്ടാമ്പി : നഗരസഭയിലെ കുടിവെള്ളക്ഷാമ പരിഹാരത്തിനായി ഭാരതപ്പുഴയില്‍ കിണര്‍നിര്‍മാണം. ഭാരതപ്പുഴ വറ്റിവരണ്ടതോടെ നഗരസഭയുടെ രണ്ട് മേജര്‍ കുടിവെള്ളപദ്ധതിയുടെയും പമ്പിങ് നിലച്ചിരുന്നു.

കുടിവെള്ളവിതരണത്തിന് ബദല്‍സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെ നേതൃത്വത്തില്‍ പുഴയില്‍ കിണര്‍ നിര്‍മിക്കുന്നത്. നഗരസഭയുടെ മിക്ക വാര്‍ഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പുഴയില്‍ കിണര്‍നിര്‍മാണം നടക്കുന്നത്. പട്ടാമ്പിപാലത്തിന് സമീപത്തെ കുടിവെള്ളപദ്ധതിക്ക് സമീപത്താണ് കിണര്‍ നിര്‍മിക്കുന്നത്. രണ്ട് കിണറുകള്‍ ഇവിടെ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.

ജെ.സി.ബി. ഉപയോഗിച്ചാണ് കുഴിയെടുക്കുന്നത്. കുടിവെള്ളപദ്ധതിയുടെ മേട്ടോര്‍ കിണറിലേക്ക് ഇറക്കിവെച്ച് പമ്പിങ് നടത്താനാണ് തിരുമാനം. അടുത്തദിവസം ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

മുമ്പെങ്ങും കാണാത്തതരത്തിലുള്ള വരള്‍ച്ചയെയാണ് ഇത്തവണ പട്ടാമ്പി അഭിമുഖീകരിക്കുന്നത്. വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ വന്നതിനുശേഷം ആദ്യമായാണ് ഈ വേനലില്‍ പുഴ വറ്റിവരണ്ടത്. നഗരസഭയുടെ നേതൃത്വത്തില്‍ പുഴയില്‍ താത്കാലിക തടയണ നിര്‍മിച്ചെങ്കിലും പരിഹാരമുണ്ടായില്ല. മലമ്പുഴഡാം തുറന്നത് മാത്രമായിരുന്നു അല്പം ആശ്വാസം പകര്‍ന്നത്. അതേസമയം, നഗരസഭയുടെ നേതൃത്വത്തില്‍ ടാങ്കറുകളില്‍ കുടിവെള്ളവിതരണം നടത്താനുള്ള നടപടിയും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെയാണ് പുഴയില്‍ കിണര്‍നിര്‍മിച്ച് കുടിവെള്ളത്തിനുവേണ്ടിയുള്ള മറ്റൊരു പരിശ്രമംകൂടി നടത്തുന്നത്. മലമ്പുഴ അണക്കെട്ടില്‍നിന്നുള്ള വെള്ളം മൂന്നാമതും തുറന്നിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം ലഭിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും.