മുംബൈ: രാജ്യത്തെ ഭൂഗര്‍ഭ ജലലഭ്യത ആശങ്ക ഉയര്‍ത്തുംവിധം കുറയുന്നു. ജല മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1951-ല്‍ 14,180 ലിറ്ററായിരുന്നു പ്രതിശീര്‍ഷ ഭൂഗര്‍ഭ ജല ലഭ്യത. 1991 ആയപ്പോഴേക്കും ഇത് പകുതിയില്‍ താഴെയായി കുറഞ്ഞു. 2025 ആകുമ്പോഴേക്കും ഇത് 25 ശതമാനത്തില്‍ താഴെയായി കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2050 ആകുമ്പോഴേക്കും ഭൂഗര്‍ഭ ജലലഭ്യത വന്‍തോതില്‍ കുറയും. ഇതോടെ കുടിവെള്ളം ഇറക്കുമതി ചെയ്യേണ്ട സാഹചര്യമുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

മഴവെള്ളം ശരിയായ രീതിയില്‍ സംഭരിക്കാന്‍ കഴിയാതെ പോയതാണ് ഭൂഗര്‍ഭജലത്തിന്റെ അളവില്‍ ഇത്രവലിയ കുറവുവരാന്‍ കാരണം. വികസന പ്രവര്‍ത്തനങ്ങള്‍ക്കും നഗരവത്കരണത്തിനും വലിയതോതില്‍ ഭൂഗര്‍ഭജലം ഉപയോഗിച്ചതും തിരിച്ചടിയായി. കൃഷി കുറഞ്ഞു, കുളങ്ങളും നീര്‍ത്തടങ്ങളും നികത്തി, നദികള്‍ വറ്റിവരണ്ടു. ഇവയെല്ലാം ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയാന്‍ കാരണമായി. നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന ജനസംഖ്യ ജല ഉപയോഗം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഈ സാഹചര്യങ്ങളാണ് കുടിവെള്ളം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്നത്.