തിരുവനന്തപുരം: ഈ മാസം 18 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ ദിവസങ്ങളില്‍ ചൂട് ഒന്ന് മുതല്‍ രണ്ട് ഡിഗ്രി വരെ കുറയാം. ഉച്ചയ്ക്കുശേഷം ഇടിവെട്ടി മഴപെയ്യും. വോട്ടെടുപ്പുദിവസമായ 16നും പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ചൂട് കുറഞ്ഞുതുടങ്ങിയതിനാല്‍ സംസ്ഥാനത്തിപ്പോള്‍ ഉഷ്ണതരംഗമില്ല.

തിങ്കളാഴ്ച മുതല്‍ വേനല്‍മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ രൂപപ്പെടുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രതീക്ഷിച്ചിരുന്നത്. എന്നാലിത് രണ്ടുദിവസം വൈകി. കനത്ത ചൂടുണ്ടായിരുന്ന കണ്ണൂരില്‍ അടക്കം ബുധനാഴ്ച മഴ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച അമ്പത് ശതമാനം കേന്ദ്രങ്ങളില്‍ മഴപെയ്യും. ആറ് മുതല്‍ എട്ട് വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 16, 17 തീയതികളില്‍ പരക്കെ മഴ പെയ്യുമെന്നും കരുതുന്നു.

രണ്ട് സാഹചര്യങ്ങളാണ് ഇപ്പോള്‍ വേനല്‍മഴയ്ക്ക് അനുകൂലമായിട്ടുള്ളത്. കര്‍ണാടകത്തിന്റെ വടക്ക് മുതല്‍ തെക്ക് കേരളതീരം വരെ അന്തരീക്ഷത്തില്‍ ഒന്നരക്കിലോമീറ്റര്‍ വരെ ഉയരത്തില്‍ കിഴക്കും പടിഞ്ഞാറുംനിന്നുള്ള കാറ്റിന്റെ സംഗമം ഉണ്ട്. ഉപദ്വീപിന്റെ തെക്ക് അന്തരീക്ഷമര്‍ദ്ദത്തിലും കുറവുണ്ട്. കര്‍ണാടകത്തിന്റെ വടക്ക് മുതല്‍ കന്യാകുമാരി വരെയുള്ള ഈ ന്യൂനമര്‍ദപാത്തിയും മഴയ്ക്ക് അനുകൂലമാണ്.

സാധാരണ ഏപ്രില്‍ മാസത്തിലാണ് വേനല്‍മഴയ്ക്ക് അനുകൂലമായ ഈ സാഹചര്യങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍, ഇത്തവണ എല്‍-നിനോയുടെ പ്രഭാവം കാരണം ഈ അന്തരീക്ഷമാറ്റങ്ങള്‍ വൈകിയതാണ് ചൂട് കൂടാനും കേരളം ഉഷ്ണതരംഗത്തിലാവാനും കാരണമായത്.

മഴ പെയ്യുന്ന സമയം അനുസരിച്ചിരിക്കും ചൂടിന്റെ ഏറ്റക്കുറച്ചില്‍. പകല്‍ 12 മുതല്‍ മൂന്നര വരെയാണ് ചൂട് ഏറ്റവും ഉയരുന്നത്. അപ്പോള്‍ മഴ പെയ്താല്‍ രണ്ട് ഡിഗ്രി വരെ ചൂട് കുറയാം. എന്നാല്‍,വൈകുന്നേരമാണ് മഴയെങ്കില്‍ പകല്‍ച്ചൂടിന്റെ ദുരിതം കുറയില്ല. പകരം രാത്രിയിലെ ചൂടില്‍ ഒരു ഡിഗ്രി വരെ കുറവുണ്ടാകും.