തിരുവനന്തപുരം: വരുന്ന രണ്ടാഴ്ച ചൂട് കൂടുതലായിരിക്കുമെന്ന്  കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വേനൽമഴ തീരെ കുറയുമെന്നതിനാൽ തെക്കൻജില്ലകളിൽ ചൂട് ഇനിയും കൂടും. വടക്കൻ ജില്ലകളിൽ ഇപ്പോൾത്തന്നെ ശരാശരി ചൂട് 39 ഡിഗ്രിയാണ്. ഇത് തുടരാനാണ് സാധ്യത. 29 മുതൽ വടക്കൻ ജില്ലകളിൽ ചൂട് ഇനിയും കൂടാം. 

 26, 27, 28 തീയതികളിൽ തെക്കൻജില്ലകളിലെ ചൂട് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ. കെ. സന്തോഷ് പറഞ്ഞു. ഈ ദിവസങ്ങളിൽ 
പതിവുള്ളതിനെക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുതലായിരിക്കും. 29 മുതൽ വടക്കൻ ജില്ലകളിൽ പൊതുെവയും മലയോരപ്രദേശങ്ങളിലും ചൂട് കടുക്കും. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. വേനൽമഴ ഇപ്പോൾത്തന്നെ 53 ശതമാനം കുറവാണ്. 

വടക്കുപടിഞ്ഞാറുനിന്നുള്ള കാറ്റാണ് ഇപ്പോൾ കേരളത്തിൽ വീശുന്നത്. തീരത്തിന് സമാന്തരമായി വീശുന്നഈ വരണ്ട കാറ്റ് അറബിക്കടലിൽനിന്ന് തണുത്ത കാറ്റ് കരയിലേെക്കത്തുന്നതിന് തടസ്സമാണ്. കടുത്ത ചൂട് തുടരാൻ ഇതും കാരണമാണ്.  കഴിഞ്ഞ 30 വർഷത്തെ ഏറ്റവും കൂടിയ ചൂടാണ് അനുഭവപ്പെടുന്നതെങ്കിലും കേരളം വരൾച്ചബാധിതമായി പ്രഖ്യാപിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ വിലയിരുത്തൽ. കാലവർഷത്തിന്റെ കുറവ് കണക്കിലെടുത്താണ് വരൾച്ച പ്രഖ്യാപിക്കുക. ഇതിനുള്ള മാനദണ്ഡങ്ങളിൽ ഉയർന്ന ചൂട് പരിഗണിക്കപ്പെടുന്നില്ല. 

വരൾച്ച പ്രഖ്യാപിക്കാൻ കാലവർഷത്തിൽ 26 ശതമാനത്തിലേറെ കുറവ്‌ വേണം. മഴക്കാലത്തിനുശേഷം ജനവരിയിൽ ജലസ്രോതസ്സുകളിലെ ജലലഭ്യതയിൽ 20 ശതമാനം കുറവുണ്ടായിരിക്കണം. ജനവരി, ഫിബ്രവരി മാസങ്ങളിൽ കാർഷികവിളകൾക്ക് വൻതോതിൽ നാശമുണ്ടാകണം. എന്നാൽ, ഇതൊന്നും ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല. 2016 ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ വർഷമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പും അമേരിക്കയിലെ നാഷണൽ ഒാഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനും(എൻ.ഒ.ഒ.എ.) പ്രവചിച്ചിട്ടുണ്ട്.  ഇന്ത്യയിൽ ശനിയാഴ്ച ഏറ്റവും കൂടുതൽ ചൂട്‌ രേഖപ്പെടുത്തിയത്‌ നാഗ്‌പുരിലാണ്. 45 ഡിഗ്രി.